പന്തക്കുസ്തായ്ക്കായി കേഴുന്ന വിദ്യാഭ്യാസരംഗം

പന്തക്കുസ്താത്തിരുനാൾ കൊണ്ടാടുന്ന ഈ ജൂൺമാസം വിശ്വാസ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും നമ്മൾ സമാരംഭം കുറിക്കുകയാണ്. ചങ്ങനാശേരി അതിരൂപത ഇത് വിശ്വാസപരിശീലനയജ്ഞ മാസമായി ക്രമീകരിക്കുകയാണ്. മക്കളെ ഏറ്റവും നല്ല സ്‌കൂളുകളിലും കോച്ചിംഗ് സെന്ററുകളിലും ഏറ്റവും മികച്ച പരിശീലകരുടെ അടുത്തും എത്തിക്കാൻ മാതാപിതാക്കൾ നെട്ടോട്ടമോടുന്ന അവസരം കൂടിയാണ് ഇത്. ഒരു നല്ല വിദ്യാഭ്യാസ സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടിയാൽ തങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമായി എന്നു കരുതുന്ന മാതാപിതാക്കളും അവരെക്കൊണ്ട് അപ്രകാരം ചിന്തിപ്പിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകരും താഴെപ്പറയുന്ന കാര്യങ്ങൾ ഒരു വട്ടംമനസ്സിരുത്തി വായിക്കാൻ ഉള്ള ക്ഷമ കാണിക്കണം.

അടിസ്ഥാന പ്രശ്‌നങ്ങൾ

വിദ്യാഭ്യാസത്തെയും, നമ്മുടെ ജീവിതശൈലിയെയും ഒരുപോലെ ബാധിച്ചിരിക്കുന്ന രണ്ട് അടിസ്ഥാന പ്രശ്‌നങ്ങൾ താഴെ പറയുന്നവയാണ്;

  1. വിദ്യാഭ്യാസ വ്യഗ്രത

ഇന്ന് കുടുംബങ്ങളെ, പ്രത്യേകിച്ച് ക്രിസ്തീയ കുടുംബങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒരു ദുർഭൂതമാണ് വിദ്യാഭ്യാസ വ്യഗ്രത. പഠിക്കണം = പണമുണ്ടാക്കണം = സുഖിക്കണം എന്നത്  പര്യായപദമോ, ആപ്തവാക്യമോ പോലെ ആയിരിക്കുകയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മുഴുവൻ ലക്ഷ്യവും ഇതാണെന്ന അപകടകരമായ ചിന്തയിൽ വരെ എത്തിനിൽക്കുന്നു കാര്യങ്ങൾ. വിദ്യാഭ്യാസ പുരോഗതിക്ക് വഴിമരുന്നിട്ട സഭ കുടം തുറന്നുവിട്ട ഭൂതത്തെ പിടിച്ചുകെട്ടാനാകാതെ പകച്ചുനിൽക്കുന്നു. വിദ്യാഭ്യാസപുരോഗതി കൊണ്ട് മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കാം എന്ന ചിന്ത എത്ര മൗഢ്യമാണെന്ന് കാലഘട്ടത്തിലേക്ക് നോക്കുന്ന ആർക്കും മനസ്സിലാകും. വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ ദേശമെങ്ങും പെരുകുന്ന അസ്വസ്ഥത, അധാർമ്മികത, തകർച്ചകൾ എന്നിവയുടെ കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമല്ല മറിച്ച് നമുക്ക് എവിടെയോ പാളിച്ച പറ്റിയിട്ടുണ്ട് എന്നതിന്റെ കാതലായ തെളിവാണ്. അത് തിരിച്ചറിഞ്ഞ് തിരുത്താൻ ഉള്ള മുറവിളി ഉയരേണ്ടിയിരിക്കുന്നു.

  1. വിദ്യാഭ്യാസത്തിന്റെ വിഗ്രഹ വൽക്കരണം

മനുഷ്യന്റെ എല്ലാ തകർച്ചകളുടെയും അടിസ്ഥാനകാരണം വിഗ്രഹവൽക്കരണമാണ്. ദൈവത്തിന്റെ സ്ഥാനവും പ്രാധാന്യവും മറ്റെന്തിനെങ്കിലും നൽകാനുള്ള മാനുഷിക ചോദനയാണ് വിഗ്രഹവൽക്കരണം. ഹൗവ്വാ അത് ഒരു പഴത്തിന് നൽകി. സോദോംഗൊമോറ നിവാസികൾ സുഖത്തിന് നൽകി.രാജാക്കന്മാർ അത് അധികാരത്തിനുംഅശ്വമേധത്തിനും നൽകി. യഹൂദർ അതുപാരമ്പര്യങ്ങൾക്കും ഗ്രീക്കുകാർ വിജ്ഞാനത്തിനും നൽകി. അറിഞ്ഞോ അറിയാതെയോ നമ്മൾ ഇന്ന് അത് വിദ്യാഭ്യാസത്തിന് നൽകുകയാണ്. വിശ്വാസത്തെ വിദ്യാഭ്യാസംകൊണ്ട് പകരം വയ്ക്കാം എന്ന വ്യർത്ഥ ചിന്ത ഇന്നത്തെ സകല തകർച്ചകളുടെയും മൂലകാരണം ആണ്. അടിസ്ഥാനപരമായ ഈപിഴവ് പരിഹരിക്കാതെ നിലവിലുള്ള തകർച്ചക്ക് ഒരു പോംവഴിയും ഇല്ല.

പരിഹാരം: റൂഹായുടെ ശിക്ഷണം

മനുഷ്യന്റെ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം റൂഹായുടെ ആലയമായ സഭയിൽ വിശ്വാസാർത്ഥികൾ ആയി മാറുക എന്നതാണ്. സഭ സ്വഭാവത്താലേ വിശ്വാസ പ്രഘോഷകയും വിശ്വാസ പരിശീലകയുമാണ്. സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്. അല്ലാതെ ഇതിൽ നിന്ന് വിഭിന്നമായ ഒരു ദൗത്യമല്ല. വിശ്വാസവുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു ദൗത്യവും മിശിഹാ സഭയെ ഏൽപ്പിച്ചിട്ടില്ല. ഈ ബോധ്യം നേതൃത്വത്തിൽ നിന്ന് താഴെത്തട്ടിലേക്ക് ഒഴുകി ഇറങ്ങണം. ‘ഞങ്ങൾ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചു കൊള്ളാം’ (ശ്ലീഹ. നട. 6:4) ഇതാണ് ശ്ലൈഹിക മനോഭാവം. ഇത് സഭയിൽ കൂടുതൽ വിളങ്ങണം.

വെറും ഭൗതികാധിഷ്ഠിതമായ ജീവിതം തികഞ്ഞ  നഷ്ടക്കച്ചവടം ആണെന്ന സത്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞ് മക്കൾക്ക് പറഞ്ഞും പകർന്നും കൊടുക്കണം. ഓരോ ക്രൈസ്തവനും ഏകവഴി ഈശോയും ലക്ഷ്യം സ്വർഗ്ഗവും ആണ്. അതിന് സഹായകമാകുന്ന കാര്യങ്ങൾ നന്മയും തടസ്സമാകുന്ന കാര്യങ്ങൾ തിന്മയും ആണെന്ന രീതിയിൽ നന്മതിന്മകളെ ലളിതമായി വ്യാഖ്യാനിച്ച് വിശദീകരിക്കണം. വിദ്യാഭ്യാസം കവർന്നെടുത്ത സ്ഥാനം വിശ്വാസത്തിന് തിരികെ പിടിച്ചുകൊടുക്കണം. മക്കളുടെ വിദ്യാഭ്യാസത്തിനും വിശ്വാസ പരിശീലനത്തിനുംപ്രാഥമിക ചുമതലയുള്ള  മാതാപിതാക്കൾ തങ്ങൾ സഭയുടെ കരങ്ങളിലെ ഉപകരണങ്ങളാണെന്ന് ബോധ്യത്തോടുകൂടി ഇവ രണ്ടും വിശ്വസ്തതയോടെ നിർവ്വഹിക്കണം.

വിദ്യാലയങ്ങൾ റൂഹാലയങ്ങൾ

ക്രൈസ്തവർക്ക് വിദ്യാലയങ്ങൾ സരസ്വതി ക്ഷേത്രങ്ങൾ അല്ല റൂഹായുടെ ആലയങ്ങളാണ് എന്ന ബോധ്യം സഭയിലെ വിദ്യാഭ്യാസ പ്രവർത്തകർക്ക് ഉണ്ടാകണം.മതേതരത്വത്തിന്റെ പേര് പറഞ്ഞ് ക്രിസ്തീയമായവയെല്ലാം മറച്ചുവെക്കാൻ മത്സരിക്കുന്ന സഭാസ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവിടെ റൂഹാദ്ക്കുദ്ശയ്ക്ക് സ്ഥാനമൊന്നുമില്ല. മിശിഹായുടെ നാമത്തിൽ പ്രാർത്ഥിക്കാത്തിടത്ത് റൂഹായ്ക്ക് എന്ത് കാര്യം? ഭാരതത്തിൽ ന്യൂനപക്ഷമായ ക്രൈസ്തവരുടെ വിശ്വാസവും, സംസ്‌കാരവും സംരക്ഷിക്കാൻ വേണ്ടിയാണ് ഭരണഘടന നമുക്ക് ന്യൂനപക്ഷാവകാശങ്ങൾ നൽകിയിരിക്കുന്നത് എന്ന കാര്യം നാം മറന്നു കൂടാ. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പ്രധാന തിരുനാളുകളിലും ഒക്കെസർക്കാരിന്റെ അവധികളെ പോലും അവഗണിച്ച് കോച്ചിങ്ങുകൾക്കും ട്രെയിനിങ്ങുകൾക്കുമായി കുട്ടികളെ വിളിച്ചുവരുത്തുന്നുണ്ടെങ്കിൽ വിശ്വാസം പ്രഘോഷിക്കാനും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ളഉപാധി എന്ന നിലയിൽ സഭ രൂപീകരിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ ക്രൈസ്തവ വിരുദ്ധ സാക്ഷ്യം നൽകുകയാണ്. ഇവിടെ റൂഹായുടെ ആലയം ആകേണ്ട സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെറും ലൗകിക പരിശീലന കേന്ദ്രങ്ങൾ മാത്രമായി അധ:പതിക്കുന്നു.

സഭയും വിദ്യാഭ്യാസവും

സഭ വിദ്യാഭ്യാസത്തിന്റെ ചുമതല നിർവഹിക്കുന്നത് എന്തിനുവേണ്ടിയാണ്? രണ്ടാം വത്തിക്കാൻ കൗൺസിൽ ഇതിന് വ്യക്തമായ ഉത്തരം നൽകുന്നുണ്ട്; ‘സവിശേഷമായ കാരണത്താൽ വിദ്യാഭ്യാസം നൽകേണ്ട ചുമതല സഭയുടെതാണ്…. സർവോപരി രക്ഷയുടെ മാർഗ്ഗം എല്ലാ മനുഷ്യർക്കും  പ്രഘോഷിക്കുവാനും വിശ്വസിക്കുന്നവർക്ക് മിശിഹായുടെ ജീവൻ പകർന്നു കൊടുക്കാനും ഈ ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് എത്തി ച്ചേരാൻ അവർക്ക് കഴിയും വിധം അവരെ നിരന്തരമായ താൽപര്യത്തോടെ സഹായി ക്കാനും അവൾക്ക് ചുമതല ഉള്ളതുകൊണ്ടുമാണ്’ (വിദ്യാഭ്യാസം, 3)

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ  പ്രഖ്യാപന പ്രകാരം സഭ വിദ്യാഭ്യാസം നൽകുന്നത് സഭാംഗങ്ങൾ അല്ലാത്തവരോട് വിശ്വാസം പ്രഘോഷിക്കുവാനും സഭാംഗങ്ങളെ വിശ്വാസത്തിൽ വളർത്താനും വേണ്ടിയിട്ടാണ്. ഈ ലക്ഷ്യം മറന്നു കൊണ്ട് നമ്മുടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ അവിടെ തലമറന്ന് എണ്ണ തേക്കുകയാണ്. തല മിശിഹയാണ് എന്ന് വചനം നമുക്ക് പറഞ്ഞു തരുന്നുണ്ടല്ലോ. കുട്ടികളെയും മാതാപിതാക്കളെയും വിദ്യാഭ്യാസ വ്യഗ്രത യിലേക്കും വിദ്യാഭ്യാസ വിഗ്രഹവൽക്കരണ ത്തിലേക്കും തള്ളിവിടാതെ  റൂഹായുടെ ശിക്ഷണത്തിന് വിധേയപ്പെടുത്തുവാൻ സഭയുടെ സ്ഥാപനങ്ങൾക്ക് ഗൗരവപൂർണ്ണമായ കടമയുണ്ട്.

ഉപസംഹാരം

വിശ്വാസമില്ല എന്ന് പറയുന്നത് പരിഷ്കൃതവും വിദ്യാഭ്യാസം ഇല്ല എന്ന് പറയുന്നത് അപരിഷ്‌കൃതവും ആണ് എന്ന തലതിരിഞ്ഞ സിദ്ധാന്തം തച്ചുടയ്ക്കാൻ സഭ നേതൃത്വം നൽകണം. അല്ലെങ്കിൽ മുക്കുവനെ മത്സ്യം വിഴുങ്ങിയത് പോലെ ആകും കാര്യങ്ങൾ. ഈലോക ജീവിതത്തിനു വേണ്ടി മാത്രം മിശിഹായിൽ പ്രത്യാശ വെച്ചിട്ടുള്ളവരാണെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യരാണ് (1 കൊറി 15:19). ഭൂമിയിൽ ദൈവരാജ്യ പ്രഘോഷണമാണ് സഭയുടെ സ്ഥാപകലക്ഷ്യം. അതിനുള്ള വഴി നിരന്തരമായ വിശ്വാസ പ്രഘോഷണവും വിശ്വാസപരിശീലനവും ആണ്. വിദ്യാഭ്യാസം അതിനുള്ള ഒരു ഉപാധി മാത്രമാണ്. ഈയൊരു ബോധ്യം സഭയുടെ വിദ്യാഭ്യാസ പ്രവർത്തകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകണം. അപ്പോൾ നമ്മൾ റൂഹായുടെ കോച്ചിംഗ് സെന്ററിൽ ശിക്ഷണം നേടുന്നവർ ആകും. ഈ പന്തക്കുസ്താത്തിരുനാൾ വിശ്വാസ പരിശീലനവും വിദ്യാഭ്യാസവും ഉൾച്ചേർത്ത് കൊണ്ടുപോകുവാൻ നമുക്ക് ഏവർക്കും സഹായകമാകട്ടെ, പ്രചോദനമാകട്ടെ.