സഭ ഇടവകയിൽ

സഭ ഒറ്റയാന്മാരുടെ ഒരു സംഘമല്ല, സഭ ആഴമായ ഒരു കൂട്ടായ്മയാണ്, ഈശോയോടുളള കുട്ടായ്മ. സഭയെ മിശിഹായുടെ ശരീരമാണെന്നാണല്ലോ നാം വിശേഷിപ്പിക്കുക. ശരീരത്തിലെ അവയവങ്ങൾ പോലെ നാം മിശിഹായോടു ഐക്യപ്പെട്ടിരിക്കുകയാണ് വേണ്ടത്. ഈശോ മറ്റൊരു കാര്യംകൂടി പറഞ്ഞുവച്ചു; ‘ഞാനും പിതാവും ഒന്നായിരിക്കുന്നതുപ്പോലെ നിങ്ങളും ഒന്നായിരിക്കണമെന്ന്.’ ത്രിത്വത്തിലെ ഐക്യമാണ് ഈശോ നമുക്ക് മാതൃകയായി കാട്ടിതന്നത്. ഈ ഐക്യബോധം ജീവിതത്തിന്റെ ഏല്ലാ തലങ്ങളിലും പ്രകടമാകേണ്ടതാണ്. കുടുംബങ്ങളിലെ തകർച്ചകൾ ഇന്ന് പലപ്പോഴും പത്രവാർത്തകൾ ആകുന്നുണ്ട്. ഹിംസയും ആത്മഹത്യയും പല കുടുംബങ്ങളെയും തകർക്കുന്നു.

നമുക്ക് ഇടവകകളിലേക്ക് കടക്കാം. ഇടവകകൾ ഏപ്പോഴും ജനശ്രദ്ധയിൽ നിലകൊളളുന്നതാണ്. ഇടവകയിലെ ഐക്യ നിലവാരം പെട്ടന്ന് പൊതുജനശ്രദ്ധയിൽ എത്തുന്നു. അതേസമയം ഇടവകകളിലെ ഐക്യം സഭയുടെ കെട്ടുറപ്പു ശക്തമാക്കുന്നു. അങ്ങനയുളള ഇടവകകൾ നമുക്കുണ്ട് എന്നത് സഭയ്ക്ക് അഭിമാനകരമാണ്. പക്ഷേ ഏല്ലാ ഇടവകകളും അങ്ങനെയാണോ? പല ഇടവകകളിലും ഭിന്നതകൾ നിലനിൽക്കുന്നു എന്ന വസ്തുത നമ്മുക്കു അവഗണിക്കാൻ ആവില്ല. ഇടവകവികാരിമാരും രൂപതാദ്ധ്യക്ഷന്മാരും എത്ര ശ്രമിച്ചിട്ടും ഒതുങ്ങാത്ത ഭിന്നതകൾ പല ഇടങ്ങളിലും നിലനിൽക്കുന്നു, അത് കണ്ടില്ലെന്ന് വയ്ക്കാനാവില്ല. വിഭജനങ്ങളെ മനസ്സിലാക്കി ഐക്യത്തിലേക്ക് ഏല്ലാവരെയും നയിക്കുന്നതിനായിരിക്കണം നമ്മുടെ പരിശ്രമം.

കുടുംബങ്ങൾ തമ്മിലുളള പകയാണ് ഇടവകയിലെ പല വിഭജനങ്ങൾക്കും അടിസ്ഥാനം. എന്റെ കുടുംബക്കാരാണ് വലിയവർ എന്ന ചിന്തയാണ് പല പളളികളിലും ഓരോ കാര്യങ്ങൾ ചർച്ചചെയ്യുമ്പോൾ സ്വഭാവികമായും മുമ്പിലേക്ക് വരിക. പല ഇടവകകളിലും വിവിധ വിഷയങ്ങളിലും വിഭജനങ്ങൾ ഊണ്ടാകുന്നത് കുടുംബബന്ധിയാണ്. പല വിഷയങ്ങളിലും വിയോജിപ്പുണ്ടാകുവാൻ ഈ കുടുംബ മത്സരങ്ങളാണ് ചാലകശക്തി. ഇതു മനസ്സിലാക്കി കുടുംബബന്ധങ്ങളിലെ വിളളലുകൾ നീക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസങ്ങൾ ചില ഇടവകളിലെങ്കിലും ഭിന്നതകൾക്ക് കാരണമാകാറുണ്ട്. നമ്മുടെയിടയിൽ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ പാർട്ടികൾ പോലും ശ്രമിക്കുന്നുണ്ടു എന്നതാണ് വസ്തുത. എന്നാൽ വൈരുദ്ധ്യാത്മക ഭൗതികവാദവും ദൈവവിശ്വാസവും തമ്മിൽ ഒരു ബന്ധത്തിനും അടിസ്ഥാനമില്ല. മതം മനുഷ്യനെ മയക്കുന്ന മരുന്നാണെന്നു പറയുന്നവർ അടിസ്ഥാനപരമായി മതവിശ്വാസത്തിനെതിരാണ്. പക്ഷേ, മത ബന്ധങ്ങളെ തകർക്കാൻ രാഷ്ട്രീയധികാരം കൂടിയേ തീരു. അതിനുളള അടവുനയമാണ് അധികാരത്തിലേറുന്നതിനുവേണ്ടിയുളള അനുനയഭാവവും അടവുനയങ്ങളും മറ്റും. സഭാവേദികളിൽ ഇവർ കടന്നു കയറുന്നുണ്ടെന്ന യാഥാർത്ഥ്യം സഭാമക്കൾക്ക് ഉൾക്കൊളളാൻ ആകില്ല.

സഭയുടെ നിലപാടുകൾ മനസ്സിലാക്കുന്നവരുടെയും അവയെ തെറ്റിദ്ധരിക്കുന്നവരുടെ സാന്നിദ്ധ്യവും ഇടവകകളിലെ വിഭജന കാരണമാകുന്നുണ്ട്. സ്ലീവായെക്കുറിച്ചുളള അനേകരുടെ തെറ്റിദ്ധാരണകൾ ഇതിന് ഉദാഹരണമാണ്. അതിന്റെ പേരിൽ സഭാധികാരികളെപ്പോലും തളളിപ്പറയുക നമ്മുടെ നാട്ടിൽ പലയിടങ്ങളിലും നിലവിലുണ്ടല്ലോ. ലത്തീൻ സഭയിൽ ക്രൂശിതരൂപമാണ് നിലനിർത്തിയിരിക്കുന്നത്. പക്ഷേ, സുറിയാനി സഭകൾ ക്രൂശിതരൂപമല്ല, കുരിശുമാത്രമാണ് ഉപയോഗിക്കുക. എങ്കിലും റോമിലേ സിസ്റ്റയിൻ ചാപ്പലിലെ ചിത്രീകരണങ്ങളിൽ ക്രൂശിതരൂപം കാണാനില്ല എന്ന വസ്തുത ശ്രദ്ധയമാണ്. അതുകൊണ്ട് ക്രൂശിതരൂപം മാത്രമെ ആകാവൂ എന്ന വാദം അപ്പാടെ സ്വീകാര്യമല്ല. എന്നാൽ സ്ലീവാമാത്രമാണ് പൗരസ്ത്യ സഭകളിലെല്ലാം ഉപയോഗിക്കുന്നു എന്നത് ശ്രദ്ധയമാണ്. ഇങ്ങനെ സഭയുടെ ഐക്യം പലവിധത്തിലും ശിഥിലമാക്കപ്പെടുന്നുണ്ട്. ഇതിനെയെല്ലാം മറികടന്ന് ഐക്യത്തിന്റെ ശക്തമായ അടയാളമായി ഇടവകകൾ നിലനില്ക്കട്ടെ. അതിനായി നമുക്ക് പ്രാര്ത്ഥിക്കാം.