ചോദ്യം: സുവിശേഷത്തിൽ, മാതാവിനെ ഈശോ രണ്ടു പ്രാവശ്യം ‘സ്ത്രീയെ’ എന്ന് സംബോധന ചെയ്യുന്നു. ഇത് മാതാവിനോടുള്ള ബഹുമാനക്കുറവ് ഈശോ പ്രകടിപ്പിക്കുന്നതാണെന്നും അതിനാൽ മാതാവിനെ ബഹുമാനിക്കേണ്ടതില്ല എന്നും പെന്തക്കോസ്തുകാർ നടത്തുന്ന വാദങ്ങൾക്ക് ഉചിതമായ മറുപടി നൽകുമോ?
ഷിജോ മുട്ടുംപുറം, കിഴക്കേമിത്രക്കരി
ഉത്തരം: ഇവരുടെയൊക്കെ ബാലിശമായ വാദങ്ങൾ കേട്ടാൽ മാതാപിതാക്കളെ ബഹുമാനിക്കണമെന്ന കൽപന തന്ന ദൈവം തന്നെ എതിർ സാക്ഷ്യത്തിലൂടെ നമ്മെ കബളിപ്പിച്ചുവെന്നു തോന്നിപ്പോകും. ഈശോയെ അനുകരിക്കുവാനാണ് അവിടുന്ന് നമ്മോടു കല്പിച്ചിട്ടുള്ളത്. അവിടുന്ന് തന്റെ മാതാവിനെ അനാദരിച്ചുവെന്ന് വരുത്തിത്തീർക്കേണ്ടത് സാത്താന്റെ ആവശ്യമായിരുന്നു. ഈ ആവശ്യനിർവ്വഹണത്തിനായി അവൻ പ്രചരിപ്പിച്ച നുണസന്ദേശമായിരുന്നു ഈശോയും മാതാവുമായുള്ള രംഗങ്ങളിലെ വാക്കുകൾ വളച്ചൊടിച്ചുകൊണ്ട് നടത്തിയത്. ഈശോ എല്ലാ സമയത്തും മറിയത്തോട് അനാദരവു കാട്ടുന്ന വ്യക്തിയായിരുന്നെങ്കിൽ ജനക്കൂട്ടത്തിൽവച്ച് ഈ അപമാനം ഏല്ക്കാൻ മറിയം അവിടെ വരില്ലായിരുന്നു. മറിയത്തിനും ജോസഫിനും വിധേയപ്പെട്ടാണ് ഈശോ ജീവിച്ചതെന്നു വ്യക്തമാക്കുന്ന ബൈബിൾ വാക്യങ്ങൾ നിലനില്ക്കുമ്പോൾ, അതിനെ അവഗണിച്ചുകൊണ്ടുള്ള പ്രചരണം മഹിമയണിഞ്ഞവരെ ദുഷിക്കുന്ന അശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്!
ഈശോയുടെ ബാല്യകാലത്ത് മാതാപിതാക്കളോടൊപ്പം തിരുനാളിൽ പങ്കെടുക്കാൻ പോകുന്ന സംഭവം ബൈബിളിൽ വിവരിക്കുന്നുണ്ട്. ആ വിവരണം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു” (ലൂക്കാ. 2,51). മാതാപിതാക്കൾക്കു വിധേയപ്പെടുക എന്നതിന്റെ അർത്ഥമെന്താണെന്നെങ്കിലും ഗ്രഹിക്കുന്നത് നല്ലതാണ്. ഒരുകാര്യം മറക്കാതിരിക്കുക: യഹൂദനിയമങ്ങൾ കൃത്യതയോടെ പാലിക്കാൻ ഈശോ അതീവജാഗ്രത കാട്ടിയിരുന്നു. കാരണം, അവിടുത്തേയ്‌ക്കെതിരെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ പുരോഹിതന്മാരുടെയും ഫരിസേയരുടെയും ‘ഇന്റലിജൻസ്’ എല്ലായിടത്തും പിന്തുടരുന്നുണ്ടായിരുന്നു. അപ്പോൾ, ‘സ്ത്രീയേ’ എന്ന സംബോധന യഹൂദരുടെയിടയിൽ അനാദരവായിരുന്നുവെങ്കിൽ ഈശോയ്‌ക്കെതിരെയുള്ള കുറ്റാരോപണങ്ങളിൽ അതും ഉൾപ്പെടുത്തുമായിരുന്നു. ഒന്നോർക്കുക; ”അറിവുണ്ടെന്നു ഭാവിക്കുന്നവൻ അറിയേണ്ടത് അറിയുന്നില്ല” (1 കോറി. 8,2).
പരി. കന്യകാമറിയത്തെ ഇകഴ്ത്തുവാനായി സാത്താൻ അവന്റെ അനുയായികളെ ഉപയോഗിച്ച് വചനത്തെ വളച്ചൊടിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആരും കരുതേണ്ടാ. കാരണം, സാത്താനും സ്ത്രീയും തമ്മിലുള്ള ശത്രുത ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഇതിന്റെ വ്യക്തമായ തെളിവാണ് ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തിയിൽ പ്രഖ്യാപിക്കപ്പെട്ട ഈ ശത്രുത അവസാനത്തെ പുസ്തകമായ വെളിപാടിലും തുടരുന്നത്! സ്ത്രീയെയും അതുവഴി മനുഷ്യരാശിയെയും വഞ്ചിച്ച പുരാതനസർപ്പത്തോട് കർത്താവു പറഞ്ഞു ”നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും. നീ അവന്റെ കുതികാലിൽ പരിക്കേല്പിക്കും” (ഉല്പ. 3,15). ലോകത്തുണ്ടാകാനിരിക്കുന്ന സകല സ്ത്രീകളെയും അവരുടെ സന്തതികളെയുമാണ് ഇവിടെ ഉദ്ദേശിച്ചിരുന്നതെങ്കിൽ ഇപ്രകാരമായിരുന്നില്ല പറയേണ്ടത്; മറിച്ച്, ‘സ്ത്രീകളും നീയും തമ്മിലും അവരുടെ സന്തതികളും നിന്റെ സന്തതികളും തമ്മിലും’ എന്നായിരുന്നു. ഇത് ദൈവത്തിനു നാവു പിഴച്ചതല്ല; അവിടുത്തേയ്ക്കു തെറ്റുപറ്റുകയുമില്ല. വരാനിരിക്കുന്ന രക്ഷകനെയും അവന്റെ അമ്മയെയും മാത്രം ഉദ്ദേശിച്ചുള്ള പ്രവചനമാണ് ഇവിടെ നൽകുന്നത്.
സാത്താനുമായി ശത്രുതയുള്ള സ്ത്രീയെ കൂടുതലായി മനസ്സിലാക്കണമെങ്കിൽ വെളിപാടിന്റെ പുസ്തകത്തിൽ പരിശോധിക്കണം.
ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉല്പത്തിയിൽ നല്കുന്ന സൂചനയെ അവസാനത്തെ പുസ്തകമായ വെളിപാടിൽ സ്ഥിരീകരിക്കുന്നത് അവിചാരിതമല്ല. ആരംഭത്തിലും അവസാനത്തിലും ഉറപ്പിച്ചിരിക്കുന്ന സത്യംകൊണ്ട് ഉള്ളടക്കത്തെ മുഴുവൻ മുദ്രയിട്ടിരിക്കുകയാണ്. യോഹന്നാനു ലഭിച്ച വെളിപാടിൽ ഇങ്ങനെ പറയുന്നു: ”ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാൻ സർപ്പം അവളുടെ മുമ്പിൽ കാത്തുനിന്നു. അവൾ ഒരാൺകുട്ടിയെ പ്രസവിച്ചു. സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവൻ” (വെളി. 12,4-5). വെളിപാടിലെ പന്ത്രണ്ടാമത്തെ അദ്ധ്യായത്തിന്റെ പേരുതന്നെ ‘സ്ത്രീയും ഉഗ്രസർപ്പവും’ എന്നാണ്. സാമാന്യബുദ്ധിയുള്ള ആർക്കും ഈ സ്ത്രീയും സർപ്പവും ഏതാണെന്നു ഗ്രഹിക്കാൻ പ്രയാസമുണ്ടാകില്ല.
ഉല്പത്തിയിൽ സൂചിപ്പിക്കുന്ന സ്ത്രീയും വെളിപാടിലെ സ്ത്രീയും ഒന്നു തന്നെയാണെന്ന് വ്യക്തമാക്കുന്ന സൂചനകൾ വെറെയുമുണ്ട്. പരി. കന്യകാമറിയത്തോടുള്ള സാത്താന്റെ ശത്രുത വ്യക്തമാകണമെങ്കിൽ സഭയെ ഭിന്നിപ്പിക്കാൻ സാത്താൻ കൊണ്ടുവന്ന പെന്തക്കോസ്തുകാരെ നോക്കിയാൽ മതി. ഇവരുടെ പ്രസംഗങ്ങളിൽ ഏറിയപങ്കും മറിയത്തിനെതിരെയുള്ള ദൂഷണമായിരിക്കും. ഈ ഭൂമുഖത്തുള്ള ഏതൊരു സ്ത്രീയ്ക്കു നൽകുന്ന പരിഗണനപോലും ഈശോയുടെ അമ്മയായ മറിയത്തിനു നൽകാൻ തയ്യാറാകാത്തവരുടെ ഉള്ളിൽ കുടികൊള്ളുന്ന ആത്മാവ് ദൈവത്തിൽ നിന്നുള്ളതല്ല. സർപ്പവും സ്ത്രീയും തമ്മിലുള്ള ശത്രുതയുടെ ഉദാഹരണമാണ് പെന്തക്കോസ്തുകാർ.
വി. മോൺ ഫോർട്ട് പറയുന്നു: ”ഒരു ശത്രുതയെ മാത്രമെ ദൈവം ഉളവാക്കിയുള്ളു. അത് മറിയവും പിശാചും തമ്മിലും അവളുടെ സന്തതിയും ലൂസിഫറിന്റെ അനുയായികളും തമ്മിലുമാണ്. അത് അനുദിനം വളർന്നുകൊണ്ടിരിക്കും.”
ഈശോ തന്റെ അമ്മയായ മറിയത്തെ ‘സ്ത്രീ’ എന്നു സംബോധന ചെയ്തത് അപകീർത്തിയായി കാണുന്നവർ സ്വന്തം അജ്ഞതയെ പുരമുകളിൽ പ്രഘോഷിക്കുന്നവരാണ്. ‘സ്ത്രീ’ എന്ന സംബോധന ബഹുമാനിക്കലിന്റെ ഭാഗമാണെന്നു തിരിച്ചറിയാവുന്ന വിദേശികളായ പെന്തക്കോസ്തുകാർ ഈ വിവരക്കേട് വിളിച്ചു പറയാറില്ല. ഇന്ത്യയിലെ പെന്തക്കോസ്തുകാരാണ് ഇതുമായി കറങ്ങുന്നത്. ഈശോ സംസാരിച്ചത് ഇന്ത്യൻ ഭാഷകളിലോ, രക്ഷാകരചരിത്രം സംഭവിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിലോ അല്ല. തെക്കൻ കേരളത്തിലെ ഏതോ ഗ്രാമത്തിലായിരുന്നു ഈശോയുടെ പരസ്യജീവിതമെന്നു തോന്നിപ്പോകും ഇത്തരക്കാരുടെ വാദങ്ങൾ കോൾക്കുമ്പോൾ! കേരളത്തിലെ ജില്ലകളിൽ ബഹുമാനത്തോടെ ഉപയോഗിക്കുന്ന പദങ്ങൾ മറ്റു ചില ജില്ലകളിൽ അപമര്യാദയായി കണക്കാക്കാറുണ്ട്. ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. ‘നിങ്ങൾ’ എന്ന വാക്ക് മലയാളത്തിൽ ബഹുവചനത്തെ കുറിക്കുന്നതാണ്. ഒന്നിലധികം വ്യക്തികളെ അഭിവാദ്യം ചെയ്യുമ്പോൾ നിങ്ങൾ എന്ന് പറയാറുണ്ട്. എന്നാൽ, മലബാറിൽ, പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഈ വാക്ക് ഏകവചനത്തിലും ഉപയോഗിക്കുന്നു. അതായത്, അമ്മയെയോ അപ്പനെയോ മറ്റു ബഹുമാനിക്കപ്പെടേണ്ട വ്യക്തികളെയും നിങ്ങൾ എന്നു ചേർക്കുന്നത് അവരോടുള്ള ആദരവായി കണക്കാക്കുന്നു. നേരെമറിച്ച് തെക്കൻ കേരളത്തിലെ ഏതെങ്കിലും പ്രദേശങ്ങളിൽ ഇത്തരം സംബോധന അവമതിയായി ഗണിക്കും. ഇത് ഓരോ പ്രദേശങ്ങളിലെയും ഭാഷാസംസ്‌കാരത്തിന്റെ ഭാഗമാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ സ്ത്രീകളെ ആദരവോടെ വിളിക്കുമ്പോൾ അവരുടെ പേരിനുമുമ്പിൽ ‘സ്ത്രീ’ എന്നുകൂടി ചേർക്കാറുണ്ട്.ഒരു ഉദാഹരണം പറഞ്ഞാൽ, ജർമ്മൻ ഭാഷയിൽ സ്ത്രീ എന്നതിന്, ‘ഫ്രാവു’ (Frau) എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇത് ബഹുവചനത്തിൽ ‘ഫ്രാവെൻ’ (Frauen) എന്നാകും. ഇവിടെ സ്ത്രീകളെ പേരിനുമുമ്പിൽ ‘ഫ്രാവു’ (Frau) എന്നു ചേർത്താണ് സംബോധന ചെയ്യാറുള്ളത്. പേരറിയാത്ത വ്യക്തിയാണെങ്കിൽ അവരെ ‘ഫ്രാവു’ (Frau) എന്നു മാത്രം വിളിക്കുന്നതും ബഹുമതിയായി ഇവർ കണക്കാക്കും. ഇത് മലയാളത്തിലേയ്ക്കു ശുദ്ധമായി പരിഭാഷപ്പെടുത്തി ‘സ്ത്രീയേ’ എന്നു വിളിക്കുമ്പോൾ അതു നിന്ദയാകുമെങ്കിൽ, പകരം വയ്ക്കാൻ മറ്റേതു വാക്കാണുള്ളത്? ഓരോ നാടിന്റെയും സംസ്‌കാരത്തിന് യോജിച്ച വിധത്തിലുള്ള വാക്കുകൾ പരിഭാഷയിൽ ലഭിക്കണമെന്നില്ല. അതുകൊണ്ട് പരിശുദ്ധ കന്യകാമറിയ
ത്തോട് ‘സ്ത്രീയേ നിനക്കും എനിക്കും എന്ത്’ എന്ന് ഈശോ ചോദിക്കുന്നത്, ഇന്ത്യയ്ക്കു പുറത്ത് ജീവിക്കുന്നർക്കു ബഹുമാനമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ എവിടെയെങ്കിലും ആയിരുന്നില്ല ഈശോയും മറിയവും ജീവിച്ചതെന്ന് ആ നാട്ടിൽ ജീവിക്കുന്നവർ മനസ്സിലാക്കിയാൽ ഇത്തരം വാദങ്ങളുമായി നടക്കില്ല.
മാത്രവുമല്ല, ഉല്പത്തി പുസ്തകത്തിൽ ദൈവമായ കർത്താവു പറയുന്നതും യോഹന്നാനു ലഭിച്ച വെളിപാടിൽ അറിയിക്കുന്നതുമായ ‘സ്ത്രീ’ തന്റെ അമ്മയായ മറിയം തന്നെയാണെന്നു തെളിയിക്കേണ്ട ഉത്തരവാദിത്വം ഈശോയ്ക്കുണ്ടായിരുന്നു. അതുകൊണ്ട്, കാനായിലെ കല്യാണവീട്ടിൽവച്ചും കാൽവരിയിലെ കുരിശിൽ കിടന്നുകൊണ്ടും കർത്താവ് ഈ സത്യം വെളിപ്പെടുത്തി. പരിശുദ്ധാത്മാവിനെ സ്വീകരിച്ചിട്ടുള്ള യഥാർത്ഥ ക്രിസ്ത്യാനികൾക്കെല്ലാം അതു തിരിച്ചറിയാൻ കഴിയുന്നുമുണ്ട്.
കാനായിലെ വിവാഹവിരുന്ന് – ഈശോ അവളോടു പറഞ്ഞു: ”സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു; അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ” (യോഹ. 2,4-5). പഴയ സത്യവേദപുസ്തകത്തിൽ നിന്ന് ”സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്?” എന്ന വാക്യം എടുത്തു കാണിക്കുന്ന ചിലരെ കാണാറുണ്ട്. എന്നാൽ ഈ വാക്യത്തിലുള്ള ‘തമ്മിൽ’ കൃത്രിമമായി എഴുതിച്ചേർത്തതോ, തർജ്ജമപ്പിശകുമൂലം കടന്നു കൂടിയതോ ആയിരിക്കാമെന്ന് പിൽക്കാലത്ത് തെളിഞ്ഞു.
‘സ്ത്രീയേ’, ‘സമയം’ തുടങ്ങിയ പദങ്ങൾ പ്രതീകാത്മക അർത്ഥം ഉള്ളവയാണ്.ഈശോയും അമ്മയും തമ്മിലുള്ള രക്തബന്ധത്തെ അതിശയിക്കുന്ന രക്ഷാത്മക ബന്ധത്തെ ഉയർത്തി കാണിക്കുകയാണ് ലക്ഷ്യം. സർപ്പത്തോടു ദൈവമായ കർത്താവ് പറഞ്ഞു, ”നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിന്റെ തല തകർക്കും, നീ അവന്റെ കുതികാലിൽ പരിക്കേല്പിക്കും. ഉല്പത്തി പുസ്തകം 3,15-ലെ സർപ്പത്തിന്റെ തല ഈശോ പൂർണ്ണമായി തകർത്ത സമയം കുരിശിലെ പരിപൂർണ്ണമായ അനുസരണത്തിന്റെ അവസരത്തിലാണ്. അതിനാലാണ് കുരിശിൽ കിടന്നുകൊണ്ട് അമ്മയെ സ്ത്രീ എന്ന് ഈശോ അഭിസംബോധന ചെയ്തത്. ആദ്യ പാപത്തിനു പരിഹാരം ചെയ്യാനായി വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകൻ (സ്ത്രീയുടെ സന്തതി ഈശോയാണെന്ന പ്രഖ്യാപനമാണ് സ്ത്രീ എന്ന പ്രയോഗം കൊണ്ട് വ്യക്തമാക്കുന്നത്. അമ്മയെ അവഹേളിക്കുകയല്ല മറിച്ച് അമ്മയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് ഈശോ ഈ പ്രയോഗത്തിലൂടെ അർത്ഥമാക്കുന്നത്. അപ്പോൾ കാനായിൽവച്ച് ”സ്ത്രീയേ, എനിക്കും നിനക്കും എന്ത്?” എന്ന് ചോദിച്ചതിന്റെ അർത്ഥം വ്യക്തമാണ്. ”ഞാനും നിയും ഒന്ന്. നാം ഇവരിൽനിന്നും വേറിട്ട് നിൽക്കുന്നവർ, നമ്മുടെ ലക്ഷ്യവും ഒന്ന്, നമ്മുടെ രാജ്യം ഐഹികമല്ല. പിന്നെ നാമെന്തിന് ഇഹലോക കാര്യങ്ങളിൽ വ്യഗ്രതകാണിക്കുന്നു.