തിരുനാൾ: ജൂൺ 8
ദൈവത്തിന്റെ നാടായ കേരളത്തിൽ നിന്ന് ഈ വർഷാവസാനം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന നാലാമത്തെ സുറിയാനി സഭാംഗമാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. മർത്ത മറിയം ത്രേസ്യ ചിറമേൽ മങ്കിടിയാൻ (Marth Mariam Thresia Chiramel Mankidiyan) എന്നാണ് പൂർണ്ണ നാമം. ഈ പുണ്യചരിത സീറോ മലബാർ സഭാംഗമായ ഒരു സന്ന്യാസിനിയും തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്റെ (Congregation of the Holy Family) സ്ഥാപകയുമാണ്.
ജനനം, ബാല്യം, ദൈവവിളി
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ 1876 ഏപ്രിൽ 26-ാം തീയതി തൃശൂർ ജില്ലയിലുള്ള പുത്തൻചിറ എന്ന സ്ഥലത്ത് ജനിച്ചു. ചെറുപ്പം മുതലേ അവൾക്ക് തുടർച്ചയായി ദർശനങ്ങളും ആത്മീയമായ ആനന്ദമൂർച്ഛകളും (Visions and ecstasies) ലഭിച്ചിരുന്നു. എന്നല്ല മിശിഹായുടെ പഞ്ചക്ഷതങ്ങളും (stigmata) അവളിൽ പതിഞ്ഞിരുന്നു. അവൾ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയും ജീവിതകാലം മുഴുവൻ പ്രേഷിതവേലയിൽ ഏർപ്പെടുകയും ചെയ്തു. വ്രതബദ്ധയായ അവൾ സന്ന്യാസിനികൾക്ക് ഉത്തമമാതൃകയായി ജീവിച്ച് വിശുദ്ധിയിൽ മുന്നേറി.
ചിറമേൽ കുടുംബത്തിലെ തോമ്മാ – താണ്ടമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ മൂന്നാമത്തെ സന്താനമായിരുന്നു അവൾ. അവൾക്ക് രണ്ടു സഹോദരിമാരും രണ്ടു സഹോദരന്മാരും ഉണ്ടായിരുന്നു. അവരുടെ പേരുകൾ ക്രമത്തിന് പൊറിഞ്ചു, മറിയംകുട്ടി, ഔസേപ്പ്, ഇട്ടിയന്നം എന്നിങ്ങനെയായിരുന്നു. മറിയംകുട്ടിയുടെയും ഔസേപ്പിന്റെയും ഇടയ്ക്കായിരുന്നു അവളുടെ ജനനം. 1875 മെയ് 3-ാം തീയതി പുത്തൻചിറ സെന്റ് മേരീസ് പള്ളിയിൽവച്ച് അവൾ ജ്ഞാനസ്‌നാനം സ്വീകരിച്ചു. ചിറമേൽ മങ്കിടിയാൻ ആന്റണിയും അദ്ദേഹത്തിന്റെ ഭാര്യ അന്നയുമായിരുന്നു അവളുടെ തലതൊട്ടപ്പനും (Godfather) തലതൊട്ടമ്മയും (Godmother). ആവിലായിലെ അമ്മത്രേസ്യാ പുണ്യവതിയുടെ ബഹുമാനത്തിനായി ”തെരേസ” (ത്രേസ്യാ) എന്ന പേരാണ് അവൾക്കു നൽകപ്പെട്ടത്.
അവളുടെ കുടുംബം ഒരുകാലത്ത് സമ്പന്നമായിരുന്നെങ്കിലും ത്രേസ്യ ജനിക്കുമ്പോൾ അവർ ദരിദ്രരായിരുന്നു. ഏഴു പെൺമക്കളെ കെട്ടിച്ചയയ്ക്കാൻ അവളുടെ പിതാമഹൻ സ്ത്രീധനമുണ്ടാക്കാൻ വേണ്ടി കുടുംബത്തിന്റെ ഭൂസ്വത്ത് വിൽക്കേണ്ടിവന്നതാണ് ദാരിദ്ര്യത്തിനു കാരണമായത്. ഇതോടെ അവളുടെ അപ്പനും സഹാദരന്മാരും മദ്യപാനത്തിലേക്കു നീങ്ങി, എങ്കിലും കുടുംബത്തിലെ വിശ്വാസവും ക്രൈസ്തവമൂല്യങ്ങളും മുഴുവനായും നഷ്ടപ്പെടാനിടയായില്ല.
ത്രേസ്യായുടെ ഭക്തജീവിതത്തിന് ഇതൊന്നും തടസ്സമായില്ല. പ്രാർത്ഥനയും ഉപവാസവും ജാഗരണവും നന്നേ ചെറുപ്പം മുതൽ അവൾ അഭ്യസിച്ചു പോന്നു. ദൈവത്തിന്റെ വഴികൾ മനുഷ്യബുദ്ധിക്ക് അഗ്രാഹ്യങ്ങളാണല്ലോ. ദൈവമാതാവിനോടുള്ള ഭക്തിയുടെ അടയാളമായി ‘മറിയം’ എന്ന പേരുകൂടി അവളുടെ നാമത്തോടു ചേർക്കപ്പെട്ടു. അങ്ങനെ അവൾ മറിയം ത്രേസ്യയായി. കുട്ടിയായിരുക്കുമ്പോൾ തന്നെ അവൾ രഹസ്യമായി കന്യാവ്രതം നേർന്നു. ഒരു സന്ന്യാസിനിയായി ജീവിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം.
ജീവിതം തുടരുന്നു
തന്റെ പ്രിയപ്പെട്ട മകളെ കടുത്ത ഉപവാസങ്ങളിൽ നിന്നും രാത്രികാലത്തെ ജാഗരണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ അമ്മ ഒരു വിഫല ശ്രമം നടത്തി. 1888 മാർച്ച് 2-ാം തീയതി അമ്മ ദിവംഗതയായി. തന്റെ മരണശയ്യയ്ക്കു സമീപം ഒരുമിച്ചു കൂടിയ മക്കളെ ആ അമ്മ ആശീർവദിച്ചു. തന്റെ പ്രിയ മാതാവിന്റെ മരണത്തോടെ ത്രേസ്യായുടെ പഠനം അവസാനിച്ചു. തന്റെ ഇടവകപ്പള്ളയിൽ ധ്യാനവും പ്രാർത്ഥനയുമായി അവൾ മുന്നോട്ടു നീങ്ങി. 1886-ൽ കന്യാവ്രതം നേർന്ന അവൾ വീടിനടുത്തുള്ള കുന്നുകളിൽ പ്രാർത്ഥനയും പ്രായശ്ചിത്തവുമായി ജീവിതം നയിക്കാൻ ഒരു പദ്ധതി തയ്യാറാക്കിയെങ്കിലും അതിൽ നിന്നു പിൻമാറി വീട്ടിലേക്കു മടങ്ങി.
1904-ൽ പരിശുദ്ധ കന്യകയുടെ ഒരു ദർശനം തനിക്കുണ്ടായെന്ന വിശ്വാസത്തിൽ അവൾ തന്റെ പേരിനോടൊപ്പം മറിയം എന്ന പേരുകൂടി ചേർത്തു. 1902 മുതൽ 1905 വരെ സ്ഥലത്തെ ബിഷപ്പിന്റെ കല്പന പ്രകാരം അവൾ പല പ്രാവശ്യം ഭൂതോച്ചാടന പ്രാർത്ഥനകൾക്കു വിധേയയാക്കപ്പെട്ടു. ധന്യനായ ഫാദർ ജോസഫ് വിതയത്തിലായിരുന്നു 1902 മുതൽ അവളുടെ ആദ്ധ്യാത്മിക ഉപദേഷ്ടാവ്. അദ്ദേഹമാണ് ഈ ഭൂതോച്ചാടനപ്രാർത്ഥനകൾ നടത്തിയത്.
1903-ൽ, ഒരു ധ്യാനമന്ദിരം പണികഴിപ്പിക്കണമെന്ന് അവൾ അന്നത്തെ തൃശൂർ മെത്രാപ്പോലീത്തയായിരുന്ന മാർ ജോൺ മേനാച്ചേരിയോട് അപേക്ഷിച്ചു. ഇതിനകം അവൾ ഏതാനും കൂട്ടുകാരോടൊപ്പം ഒരു പ്രാർത്ഥനാഗ്രൂപ്പ് രൂപീകരിക്കുകയും, അവർ പാവപ്പെട്ട കുടുംബങ്ങളിൽ പ്രേഷിതവേല ആരംഭിക്കുകയും ചെയ്തിരുന്നു. മാർ മേനാച്ചേരി അവളുടെ അപേക്ഷ സ്വീകരിച്ചില്ലെന്നു മാത്രമല്ല, അവളോട് ഏതെങ്കിലും സന്ന്യാസിനീ സമൂഹത്തിൽ ചേരാൻ നിർദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് അവൾ പുതുതായി ആരംഭിച്ചിരുന്ന ഫ്രാൻസിസ്‌കൻ ക്ലാരസഭയിൽ ചേർന്നെങ്കിലും താമസിയാതെ അവിടെ നിന്നു പോന്നു. ആ സമൂഹം തന്റെ പ്രേഷിതചൈതന്യത്തിനു പറ്റിയതല്ലെന്നു കണ്ടാണ് അവൾ പോന്നത്. പിന്നീട്, അവൾ 1912-ൽ ഒല്ലൂരുള്ള കർമ്മലീത്താ മഠത്തിൽ ചേർന്നെങ്കിലും 1913-ൽ അവിടെ നിന്നും പോന്നു. 1913-ൽ അവൾ പുത്തൻചിറയിൽ ഒരു ഭവനം തുടങ്ങി. 1934-ൽ അവൾ തിരുക്കുടുംബ സന്ന്യാസിനീ സമൂഹം (Congregation of the Holy Family) സ്ഥാപിച്ചു. ആ സഭയിൽ അവൾ വ്രതവാഗദാനം നടത്തി; സഭാവസ്ത്രവും സ്വീകരിച്ചു. ഈ സഭയുടെ ആദ്യത്തെ സുപ്പീരിയർ അവൾ തന്നെയായിരുന്നു.
അവളുടെ ആത്മീയാനുഭവങ്ങൾ നിരവധിയാണ്. 1905-ൽ ഈശോയുടെ പഞ്ചക്ഷതങ്ങൾ (stigmata) അവളിൽ പതിഞ്ഞു. ആദ്യം അവൾ അത് രഹസ്യമായി സൂക്ഷിച്ചെങ്കിലും 1909-ൽ അത് കൂടുതൽ വ്യക്തമായി കാണപ്പെട്ടു. നിരവധിയായ പൈശാചിക ആക്രമണങ്ങളും അവൾക്കു സഹിക്കേണ്ടിവന്നു.
1926-ൽ ഏതോ ഒരു വസ്തു അവളുടെ കാലിന്മേൽ വീണു; ആ മുറിവ് വ്രണമായിത്തീർന്നു. സ്ഥലത്തെ ആശുപത്രിയിൽ അവളെ എത്തിച്ചെങ്കിലും ഡോക്ടർമാർ അവളെ ഒരു കാളവണ്ടിയിൽ തിരിയെ മഠത്തിലേക്ക് അയച്ചു. അവളുടെ മരണം ആസന്നമായെന്ന് അവർ കരുതിയിരിക്കണം. 1926 ജൂൺ 7-ാം തീയതി അവൾ അന്ത്യകൂദാശകളും തിരുപാഥേയവും (viaticum) സ്വീകരിച്ചു. ”ഈശോ, മറിയം, യൗസേപ്പ്” എന്ന മധുരനാമങ്ങളായിരുന്നു അവളുടെ അന്ത്യവചസ്സുകൾ. 1926 ജൂൺ 8-ാം തീയതി രാത്രി 10-മണിക്ക് ആ പുണ്യചരിത ദിവംഗതയായി. അവളുടെ ആദ്ധ്യാത്മികഗുരുവും സഹസന്ന്യാസിനിമാരും സമീപത്ത് ഉണ്ടായിരുന്നു. 9-ാം തീയതി ശവസംസ്‌കാരം അനാഡംബരമായി നടന്നു. കുഴിക്കാട്ടുശേരി ഇന്ന് മറിയം ത്രേസ്യ തീർത്ഥാടനകേന്ദ്രമാണ്
നാമകരണം (canonization)
വിശുദ്ധരുടെ കാര്യങ്ങൾക്കു വേണ്ടിയുള്ള തിരുസംഘം (congregation for the causes of Saints-C.C.S) മറിയം ത്രേസ്യയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 1982 ജൂലൈ 12-ന്, അവളെ വാഴ്ത്തപ്പെട്ടവൾ എന്നു വിളിക്കാനുള്ള നടപടികൾ ഇരിഞ്ഞാലക്കുടയിൽ ആരംഭിച്ചു.
1999 ജൂൺ 28-ാം തീയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ അവളുടെ വീരോചിതമായ സുകൃതങ്ങളെ അംഗീകരിച്ചുകൊണ്ട്, അവളെ ധന്യ (venerable) യായി പ്രഖ്യാപിച്ചു. വളഞ്ഞ പാദങ്ങളുമായി ജനച്ച മാത്യു ഡി. പെല്ലിശ്ശേരിയുടെ (തൃശൂർ രൂപത) പാദങ്ങൾ നേരെയായതായിരുന്നു വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്യപ്പെടുന്നതിനുവേണ്ടി നടന്ന അത്ഭുതം. 14-ാം വയസ്സുവരെ ബുദ്ധിമുട്ടി ഞൊണ്ടിയാണ് അവൻ നടന്നിരുന്നത്. മറിയം ത്രേസ്യയുടെ സഹായം അർത്ഥിച്ചുകൊണ്ട് 33 ദിവസം കുട്ടിയുടെ കുടുംബം മുഴുവനും നടത്തിയ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ഫലമായി ഉറക്കത്തിൽ – സ്വപ്നത്തിൽ – അവന്റെ ഒരു പാദം നേരെയായി (1970 ഓഗസ്റ്റിൽ). ഇതേ തീക്ഷ്ണമായ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും അവസാനത്തിൽ രണ്ടാമത്തെ പാദവും നിവർന്നു (1971 ഓഗസ്റ്റിൽ). ഇപ്പോൾ അവൻ സാധാരണക്കാരെപ്പോലെ അനായാസം നടക്കുന്നു, ഓടുന്നു. ഈ സുഖപ്രാപ്തിക്ക് ശാസ്ത്രീയമായ ഒരു വിശദീകരണവുമില്ല. അതിനാൽ അത് അത്ഭുതമായി സ്ഥിരീകരിക്കപ്പെട്ടു. 2000 ഏപ്രിൽ 9-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രാഖ്യാപിച്ചപ്പോൾ മാത്യു പെല്ലിശ്ശേരി സെയിന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ സന്നിഹിതനായിരുന്നു.
വിശുദ്ധ പദപ്രഖ്യാപനത്തിനാവശ്യമായ രണ്ടാമത്തെ അത്ഭുതവും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ക്രിസ്റ്റഫർ എന്ന കുട്ടിക്കുണ്ടായ അത്ഭുതകരമായ ഈ രോഗശാന്തിയും ശാസ്ത്രീയമായ വിശദീകരണത്തിനപ്പുറമാണ്. 2019 ഫെബ്രുവരി 12-ന് ഫ്രാൻസിസ് മാർപ്പാപ്പാ ഈ അത്ഭുതത്തെ അംഗീകരിച്ചു. 2019 അന്ത്യത്തോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ മറിയം ത്രേസ്യായായിത്തീരും.
ഉപസംഹാരം
കേരളീയരായ നമുക്ക് ഈ പുണ്യവതിയെപ്പറ്റി അഭിമാനിക്കാം. ദൈവത്തിനു നന്ദി പറയുകയും അവളുടെ വിശുദ്ധ ജീവിതത്തെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യാം.