ബൈബിൾ വിവർത്തനങ്ങൾ

അച്ചാ, ബൈബിൾ ആദ്യം ഏത് ഭാഷയിലാണ് എഴുതപ്പെട്ടത്? ഏതൊക്കെ ഭാഷകൾ ബൈബിൾ രചനയിൽ കടന്നുവന്നിട്ടുണ്ടെന്ന് പറഞ്ഞുതരാമോ?

ഹീബ്രു ബൈബിൾ (Tanak)
യഹൂദരുടെ വിശുദ്ധഗ്രന്ഥമായ പഴയനിയമം ഹീബ്രു ഭാഷയിൽ എഴുതപ്പെട്ടതാണ്. അതു മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു.
1. തോറാ (Torah) = നിയമം (Ta)
2. നബിയിം (Nabiim) = പ്രവാചകന്മാർ (Na)
3. കെത്തുബീം (Ketubim) = ലിഖിതങ്ങൾ (K)
ഇവ മൂന്നിന്റെയും ചുരുക്കപേരു ചേർത്ത് യഹൂദർ അവരുടെ വി. ഗ്രന്ഥത്തെ തനാക് (Tanak) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. യഹൂദ ബൈബിളിൽ ആകെ 24 പുസ്തകങ്ങളാണുള്ളത്. നിയമപുസ്തകങ്ങൾ 5; പ്രവാചകഗ്രന്ഥങ്ങൾ 8; ലിഖിതങ്ങൾ 11.

ഹീബ്രു ബൈബിളിന്റെ ഗ്രീക്ക് പരിഭാഷ
ഹീബ്രു ബൈബിളിന്റെ ഗ്രീക്കു പരിഭാഷ സപ്തതി അഥവാ സെപ്ത്വജിന്ത്(Septuagint) എന്നാണ് അറിയപ്പെടുന്നത്. 70 പണ്ഡിതർ 70 ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കിയ വിവർത്തനമായതുകൊണ്ടാണ് സപ്തതി (എഴുപത്) എന്നു പേരു വന്നത്. ഹീബ്രു ബൈബിളിലെ 24 പുസ്തകങ്ങൾ ഗ്രീക്കു വിവർത്തനത്തിൽ 39 പുസ്തകങ്ങളായി വിഭജിച്ചു. അപ്രകാരം സാമുവലിന്റെ പുസ്തകം, രാജാക്കന്മാരുടെ പുസ്തകം, ദിനവൃത്താന്തം എന്നിവ ഒന്നും രണ്ടും പുസ്തകങ്ങളെന്നും 12 ചെറിയ പ്രവാചകന്മാർ ഉൾപ്പെടുന്ന ഒറ്റഗ്രന്ഥത്തെ അവരവരുടെ പേരിൽ 12 പുസ്തകങ്ങളായും എസ്രാ-നെഹമിയ എന്ന ഒറ്റ ഗ്രന്ഥത്തെ രണ്ടു പുസ്തകങ്ങളാക്കിയും വിഭജിച്ചു. ഇപ്രകാരമുള്ള വിഭജനത്തിലൂടെ ഉണ്ടായ 15 പുസ്തകങ്ങൾ പൂർവ്വ കാനോനിക ഗ്രന്ഥങ്ങൾ (Proto – Canonical Books) എന്ന് അറിയപ്പെടുന്നു. ഹീബ്രു ബൈബിളിൽ ഇല്ലാതിരുന്നതും ഗ്രീക്കു ഭാഷയിൽ ഉണ്ടായിരുന്നതും വിശ്വാസികളുടെ ഉപയോഗത്തിലുണ്ടായിരുന്നതുമായ 7ഗ്രന്ഥങ്ങൾകൂടി ഗ്രീക്കു വിവർത്തകർ സപ്തതിയിൽ ഉൾപ്പെടുത്തി. തോബിത്, യൂദിത്ത്,ഒന്നും രണ്ടും മക്കബായർ, പ്രഭാഷകൻ,ജ്ഞാനം, ബാറൂക്ക് എന്നിവയാണ് ഈഗ്രന്ഥങ്ങൾ. ഈ ഏഴു പുസ്തകങ്ങളെ യഹൂദർ പൊതുവേ അംഗീകരിക്കുന്നില്ല.
കത്തോലിക്കാ സഭയിൽ ഇവ ഉത്തരകാനോനിക ഗ്രന്ഥങ്ങൾ അഥവാ Deutro-Canonical Books എന്നറിയപ്പെടുന്നു. അങ്ങനെ സപ്തതി അടിസ്ഥാനമാക്കിയുള്ള 46 പുസ്തകങ്ങൾ (39+7) കത്തോലിക്കാസഭ പ്രാമാണിക ഗ്രന്ഥങ്ങളായി അംഗീകരിച്ചു.

ലത്തീൻ വിവർത്തനം
നാലാം നൂറ്റാണ്ടോടുകൂടി ബൈബിളിന്റെ വിവിധ കയ്യെഴുത്തുപ്രതികൾ പാശ്ചാത്യലോകത്തു പ്രചരിച്ചു. ഈ പശ്ചാത്തലത്തിൽ ആരാധനക്രമത്തിലെ ഉപയോഗത്തിനായി മൂലഗ്രന്ഥത്തോടു വിശ്വസ്തത പുലർത്തുന്ന ഒരു വിവർത്തനം തയ്യാറാക്കാൻ ഡമാസൂസ് ഒന്നാമൻ പാപ്പാ(366-384) വി. ജറോമിനോട് ആവശ്യപ്പെട്ടു. ലത്തീൻ, ഗ്രീക്ക്, ഹീബ്രു എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്ന ജറോം അനേക വർഷങ്ങൾകൊണ്ട് തയ്യാറാക്കിയ ലത്തീൻ വിവർത്തനം വുൾഗാത്ത (Vulgata) എന്നറിയപ്പെടുന്നു. സാധാരണം, ജനകീയം എന്നൊക്കെയാണ് ഈ പദത്തിനർത്ഥം. 1546 -ൽ തെന്ത്രോസ് സൂനഹദോസ് പാശ്ചാത്യസഭയിലെ ഔദ്യോഗിക ബൈബിളായി വുൾഗാത്തയെ അംഗീകരിച്ചു. വുൾഗാത്തയുടെ ഒരു പുതിയ പതിപ്പ് 1979-ൽ പുറത്തിറക്കി. നവീന വുൾഗാത്ത (New Vulgata) എന്നാണിതറിയപ്പെടുന്നത്.

സുറിയാനി വിവർത്തനം
വിപ്രവാസത്തിനു ശേഷം പാലസ്തീനായിൽ തിരിച്ചെത്തിയ യഹൂദർക്കു ഹീബ്രു സംസാരിക്കാൻ സാധിച്ചില്ല. പേർഷ്യൻ സാമ്രാജ്യത്തിലെ ഭാഷയായിരുന്ന അറമായ ആണ് അവർ സംസാരിച്ചിരുന്നത്. ഈശോയുടെ കാലഘട്ടത്തിലും പാലസ്തീനായിലെ സംസാരഭാഷ അറമായ ആയിരുന്നു. ബൈബിളിന്റെ അറമായ വിവർത്തനം താർഗും (Targum) എന്നറിയപ്പെടുന്നു.
എ.ഡി. ഒന്നാം നൂറ്റാണ്ടിൽ അറമായ ഭാഷയിൽനിന്നും രൂപം കൊണ്ടതാണ് സുറിയാനി. ഇന്നത്തെ തുർക്കി രാജ്യത്തിന്റെ തെക്കു കിഴക്കായി കിടക്കുന്ന ഉർഫാ പട്ടണത്തിലാണ് (അക്കാലത്തെ എദേസ്സ) ഈ ഭാഷയുടെ തുടക്കം. ഹീബ്രുവിൽനിന്ന് സുറിയാനിയിലേക്കുള്ള പ്രഥമ പരിഭാഷയാണ് പ്ശീത്താ (Peshita). സരളമായ, ശുദ്ധമായ എന്നൊക്കെയാണ് ഈ പദത്തിനർത്ഥം. പിന്നീട് പുതിയനിയമവും ഇതിന്റെകൂടെ വിവർത്തനം ചെയ്യപ്പെട്ടു. പാശ്ചാത്യ-പൗരസ്ത്യ സുറിയാനി സഭകളുടെയും മാറോനീത്താ സഭയുടെയും ഔദ്യോഗിക ബൈബിളാണ് പ്ശീത്താ. സഭാ പിതാക്കന്മാരായ വി. അപ്രേം, അഫ്രഹാത്ത്, എദ്ദേസ്സായിലെ യാക്കോബ് എന്നിവർ തങ്ങളുടെഗ്രന്ഥങ്ങളിൽ പ്ശീത്താ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. കാലക്രമത്തിൽ പൗരസ്ത്യ സുറിയാനി ഭാഷയും ആരാധനക്രമവും പ്ശീത്താ ബൈബിളും മാർത്തോമ്മാനസ്രാണി പൈതൃകത്തിന്റെ ഭാഗമായി.

സി. റോസ്‌ലിൻ എം. റ്റി. എസ് പ്ശീത്താ ബൈബിളിന്റെ സമ്പന്നതയെയും അത് നമ്മുടെ ആരാധനക്രമത്തിലും ജീവിതത്തിലും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് പറയുന്നത് ശ്രദ്ധേയമാണ്. പ്ശീത്ത’ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ സാധാരണ ജനങ്ങൾക്ക് ദുർഗ്രഹവും അവ്യക്തവുമായ വിശുദ്ധഗ്രന്ഥഭാഗങ്ങൾ പ്ശീത്തയിൽ കുറെക്കൂടി സരളവും ഗ്രാഹ്യവുമായി അവതരിപ്പിക്കാനുള്ള പരിശ്രമം നടന്നിട്ടുണ്ട്.

പ്ശീത്തായ്ക്കു പുറമെ വേദപുസ്തകത്തിന്റെ പലസുറിയാനി വിവർത്തനങ്ങളും പ്രാബല്യത്തിലുണ്ടായിരുന്നെങ്കിലും അവയ്‌ക്കൊന്നും പ്ശീത്തായുടെ സൗകുമാര്യം കൈവന്നിട്ടില്ലാതിരുന്നതിനാൽ സുറിയാനി സഭകളുടെ ഔദ്യോഗിക വിശുദ്ധഗ്രന്ഥമായി ഇന്നും തുടരുന്നത് പ്ശീത്തായാണ്.
പ്ശീത്തായിൽ പഴയനിയമവും പുതിയനിയമവും ഉൾപ്പെടുന്നു. പഴയനിയമപ്ശീത്തായുടെ രൂപീകരണത്തിനുപിന്നിൽ ചരിത്രപരമായ ഒരു കാരണമുണ്ട്. നമുക്കറിയാവുന്നതുപോലെ പഴയനിയമഗ്രന്ഥങ്ങളിൽ ഉത്തരകാനോനിക ഗ്രന്ഥങ്ങളൊഴികെയുള്ള പുസ്തകങ്ങളെല്ലാം തന്നെ ഹീബ്രുവിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ബാബേൽ വിപ്രവാസത്തിനുശേഷം തിരിച്ചെത്തിയ ഇസ്രായേൽ ജനത്തിന് തങ്ങളുടെ മാതൃഭാഷയും പഴയനിയമത്തിന്റെ മൂലഭാഷയുമായിരുന്ന ഹീബ്രു അഗ്രാഹ്യമായിതീർന്നു. വിപ്രവാസകാലത്തെ അവരുടെ സംസാരഭാഷ അറമായ (സുറിയാനി) യായിരുന്നല്ലോ. തന്മൂലം അറമായ സംസാരിക്കുന്ന സാധാരണ ജനത്തിന്റെ ഉപയോഗത്തിനായി വിശുദ്ധഗ്രന്ഥത്തിന്റെ വിവർത്തനം ആവശ്യമായി വന്നു. അപ്രകാരം നിലവിൽ വന്ന തർജ്ജമകളാണ്
താർഗുമും പ്ശീത്തായും. താർഗും വിശുദ്ധഗ്രന്ഥത്തിന്റെ വിവർത്തനമെന്നതിനേക്കാൾ ഒരു പ്രബോധനാത്മകമായ വ്യാഖ്യാനമാണ്. എന്നാൽ പ്ശീത്തയാകട്ടെ ഹീബ്രുവിലുള്ള മൂലഗ്രന്ഥത്തിന്റെ അറമായയിലുള്ള പദാനുപദ തർജ്ജിമയാണ്.

വിശുദ്ധഗ്രന്ഥത്തിന്റെയും സഭയുടെയും പിള്ളത്തൊട്ടിലായ സെമിറ്റിക്ക് ലോകത്തിലെ ഒരു ഭാഷയായ സുറിയാനിയിലുള്ള പുരാതനമായ വിവർത്തനമെന്ന നിലയിൽ ബൈബിൾ പണ്ഡിതർക്ക് പ്ശീത്താ ഏറെ പ്രിയപ്പെട്ടതാണ്. പഴയനിയമത്തിന്റെ ഏറ്റവും സുന്ദരമായ തർജ്ജിമ ഒരുപക്ഷേ പ്ശീത്താ തന്നെയാണ്. ചില അവസരങ്ങളിൽ മൂലത്തേക്കാൾ കൂടുതൽ, വാചികമായ വിശ്വാസപാരമ്പര്യങ്ങൾ വ്യക്തമായി പ്രതിഫലിപ്പിക്കുന്നത് പ്ശീത്തായാണോ എന്നുപോലും തോന്നിപ്പോകും.ഉദാഹരണമായി ഹീബ്രുമൂലത്തിൽ സൃഷ്ടിയുടെ പുസ്തകം 2:2 – ൽ ദൈവം തന്റെ ജോലി ഏഴാം ദിവസം പൂർത്തിയാക്കി അന്ന് വിശ്രമിച്ചുവെന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പ്ശീത്തായിലാകട്ടെ ആറാം ദിവസം ദൈവം തന്റെ ജോലി പൂർത്തിയാക്കി, ഏഴാം ദിവസം വിശ്രമിച്ചുവെന്ന് പ്രതിപാദിച്ചിരിക്കുന്നു. യഹൂദരുടെ സാബത്തുദിനാചരണത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോൾ പ്ശീത്തായിലെ വിവരണമാകണം യഹൂദപാരമ്പര്യത്തോടു കൂടുതൽ ചേർന്നുപോകുന്നത്.

ദൈവപുത്രനായ ഈശോയും ശിഷ്യരും സംസാരിച്ചിരുന്ന ഭാഷയിൽ രചിക്കപ്പെട്ട പ്ശീത്താ, സുറിയാനിസഭാമക്കൾ മാർ തോമ്മായിൽ നിന്ന് തങ്ങൾ സ്വീകരിച്ച അമൂല്യമായ വിശ്വാസ പൈതൃകത്തിന്റെ ഭാഗമായി പരിഗണിച്ച് വിലമതിക്കുന്നു. ആരംഭകാലംതൊട്ട് അവരുടെ വിശ്വാസത്തിന്റെയും ആരാധനക്രമങ്ങളുടെയും ആദ്ധ്യാത്മികതയുടെയും അടിസ്ഥാനമായി നിലകൊള്ളുന്നത് പ്ശീത്തായാണ്. പുതിയനിയമഗ്രന്ഥങ്ങൾ ഗ്രീക്കിൽ എഴുതപ്പെട്ടെങ്കിലും ഗ്രന്ഥകർത്താക്കളിൽ മിക്കവരും സുറിയാനി ഭാഷ സംസാരിച്ചിരുന്നവരായിരുന്നതിനാൽ അവയിൽ സുറിയാനി ഭാഷാശൈലിയുടെയും പാരമ്പര്യങ്ങളുടെയും സ്വാധീനം ഏറെയാണ്. പുതിയനിയമത്തിലെ ചില ഗ്രീക്ക് പ്രയോഗങ്ങൾ മൂലഗ്രന്ഥത്തേക്കാൾ പ്ശീത്തായിലാണ് സ്പഷ്ടമായിരിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ചില ബൈബിൾ പണ്ഡിതരുടെ വീക്ഷണത്തിൽ പുതിയനിയമപ്ശീത്താ, ഗ്രീക്ക് മൂലത്തെക്കാൾ സുഗ്രഹമാണ്. അതുകൊണ്ടായിരിക്കണം ബൈബിളിന്റെ ഏറ്റവും സുന്ദരമായ പരിഭാഷ പ്ശീത്തായാണെന്ന് വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നതും നിരവധി ഭാഷകളിലേക്ക് അത് തർജ്ജിമ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. പാശ്ചാത്യ-പൗരസ്ത്യ സഭകളിൽ നിന്നുള്ള അനേകർ പ്ശീത്തായെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെടുന്നുണ്ട്. സുറിയാനി പാരമ്പര്യത്തിൽ പ്പെട്ട ഭാരതത്തിലെ മാർതോമ്മാനസ്രാണികളുടെ വിശ്വാസദർശനങ്ങളിലും ആദ്ധ്യാത്മികതയിലും പൗരാണികകാലം മുതൽ പ്ശീത്തായുടെ സ്വാധീനമുണ്ടെന്നുള്ളത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.

പാശ്ചാത്യവത്ക്കരിക്കപ്പെട്ട നമ്മുടെ സഭയിൽ നിന്ന് ഇടക്കാലത്ത് പ്ശീത്തായുടെ ഉപയോഗം അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ നമ്മുടെ ആരാധനാരീതികളുടെയും ദൈവശാസ്ത്രത്തിന്റെയും തനതാത്മകത മനസ്സിലാക്കാനും, നമ്മുടെ സഭകളുടെ സ്വന്തമായ ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും പടുത്തുയർത്തുവാനും പ്ശീത്തായുടെ ഉപയോഗം ലിറ്റർജിയിലും സഭയുടെ മറ്റ് ഔദ്യോഗികവേദികളിലും പുനഃസ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു. പ്ശീത്തായുടെ പൂർണ്ണവും ഭാഗികവുമായ ചില മലയാള തർജ്ജിമകൾ നമുക്കുണ്ടെന്നുള്ളത് ആശ്വാസകരമാണ്. എന്നാൽ അവയും കൂടുതൽ പൂർണ്ണതയ്ക്കായി പരിഷ്‌ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു. പ്ശീത്തായുടെ സമ്പൂർണ്ണ മലയാള വിവർത്തനം നിർവ്വഹിച്ച യശഃശരീരനായ ബഹു. മാത്യു ഉപ്പാണി അച്ചന്റെ വാക്കുകൾ നമുക്ക് പ്രചോദകമാകണം: ‘പ്ശീത്തായുടെ അർത്ഥമായ സാരള്യവും വ്യക്തതയും ഈശോ ദൈവവചനത്തിന് നല്കി. താൻ തന്നെ പ്ശീത്താ ആയിത്തീർന്നു എന്നു പറയാം. ഈശോയുടെ ഈ സാരള്യവും കൃത്യതയും ജീവിതത്തിൽ പകർത്തുന്നതിന് പ്ശീത്താ നമുക്കു പ്രേരകമാകുന്നു’.