”നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ”

പരിശുദ്ധാത്മാവിന്റെ സഹവാസവും
ഈ ആശംസയുടെ അവസാനഭാഗത്താണ് പരിശുദ്ധാത്മാവിന്റെ സഹവാസത്തെക്കുറിച്ച് പറയുന്നത്. ‘സവ്ത്താപൂസാ’ എന്ന വാക്കാണ് സഹവാസത്തെ സൂചിപ്പിക്കാൻ സുറിയാനിയിൽ ഉപയോഗിക്കുന്നത്. ”കൂടെ വസിക്കുക” എന്നാണ് ഇതിന്റെ വാച്യാർത്ഥം. എന്നാൽ ഇതിന്റെ ആഴമേറിയ അർത്ഥതലങ്ങളിലേക്കു കടക്കുമ്പോൾ ഏറ്റവും ഉൾച്ചേർന്ന ബന്ധം എന്ന സൂചനയാണ് നമുക്ക് ലഭിക്കുന്നത്.

മനുഷ്യസാധ്യമായ ഏറ്റവും ആഴമേറിയ ബന്ധം ദാമ്പത്യജീവിതത്തിലെ സ്‌നേഹത്തിന്റെ പരമപ്രകാശനമായി മാറുന്ന ലൈംഗികതയാണ്. എന്നാൽ ‘സവ്ത്താപൂസ’ ഇതിലും ആഴമേറിയ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ലൈംഗീകതയിലെ പങ്കാളികൾ വേർപിരിയുന്നു. എന്നാൽ ഈ ബന്ധത്തിലെ പങ്കാളികൾ ഒരിക്കലും വേർപിരിയുന്നില്ല. ഒരു ശക്തിക്കും ഇവരെ വേർപിരിക്കാൻ സാധിക്കുകയില്ല. അവർക്ക് വേർപിരിയാൻ താല്പര്യവുമില്ല. അങ്ങനെ നിത്യമായ ബന്ധമാണ് ‘സവ്ത്താപൂസ’.

ഈ ബന്ധം ഉളവാക്കുന്നതിനുവേണ്ടിയാണ് ഈശോ നമുക്ക് പരിശുദ്ധാത്മാവിനെ നൽകിയത്. പരിശുദ്ധാത്മാവുമായി ഉള്ള നമ്മുടെ ബന്ധം ആരംഭിക്കുന്നത് മാമ്മോദീസായിൽ ആണ്. അതിനാൽ കൃപയും സ്‌നേഹവും സഹവാസവും നമ്മോടുകൂടി ഉണ്ടായിരിക്കട്ടെ എന്ന് പരി. കുർബാനയിൽ കാർമ്മികൻ ആശംസിക്കുമ്പോൾ അതിന്റെ അർത്ഥം ഇവ പുതുതായി ഉണ്ടാകട്ടെ എന്നല്ല പകരം നിലവിലുള്ളത് അതുപോലെ തുടരട്ടെ, മാമ്മോദീസായിലൂടെ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ഈ വരങ്ങൾ നിങ്ങളിൽ നിന്ന് നഷ്ടപ്പെടാതിരിക്കട്ടെ എന്നാണ്.

മാമ്മോദീസ മുതൽ പരിശുദ്ധാത്മാവ് നമ്മോട് സഹവസിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഈ ആശംസയിലൂടെ വൈദികൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

മിശിഹാ നമുക്ക് എന്നേയ്ക്കുമായിട്ടാണ് സഹായകനായ പരിശുദ്ധാത്മാവിനെ നൽകിയിട്ടു പോയത്. അതിനാൽ പരിശുദ്ധാത്മാവ് നമ്മളെ ഒരിക്കലും വിട്ടുപിരിയുകയില്ല. പക്ഷേ നമ്മളാണ് പലപ്പോഴം നമ്മുടെ ജീവിതസാഹചര്യങ്ങളും ബലഹീനതകളും മൂലം പരിശുദ്ധാത്മാവിൽ നിന്ന് വേർപിരിയുന്നത്. ഇപ്രകാരം വേർപിരിഞ്ഞു പോയിട്ടുണ്ടെങ്കിൽ തിരികെവന്ന് പരിശുദ്ധാത്മാവിനോട് സഹവസിക്കണം എന്ന് ഈ ആശംസ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതു നമ്മൾ നിർബന്ധത്താൽ ചെയ്യേണ്ടതല്ല, പകരം സ്‌നേഹത്തിൽ നിന്ന് ഉളവാകേണ്ടതാണ്. ആമ്മേൻ എന്നു മറുപടി പറഞ്ഞുകൊണ്ട് നമ്മൾ ഈ സഹവാസത്തിൽ തുടരാം എന്ന് സമ്മതം അറിയിക്കുകയാണ് ചെയ്യുന്നത്.

ഈ സഹവാസം വിശ്വാസികൾക്കാണ് ആവശ്യമായിരിക്കുന്നത്. അതിനാൽ ആദ്യകാലത്ത് ഈ ആശീർവാദം ജനങ്ങളുടെമേൽ ഉള്ളതായിരുന്നു എന്ന് തിയഡോറും നർസായിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ ഇത് ബലിവസ്തുക്കളുടെമേൽ റൂശ്മ ചെയ്യുന്ന രീതിയിലേയ്ക്ക് മാറിയത് അബ്രാഹം ഒന്നാമൻ, എമ്മാനുവേൽ ഒന്നാമൻ എന്നീ പാത്രിയാർക്കീസുമാരുടെ കാലഘട്ടത്തിലാണ് എന്ന് തിമോത്തി രണ്ടാമൻ സാക്ഷ്യപ്പെടുത്തുന്നു. ഇതിനു കാരണം ബലിവസ്തുക്കളുടെമേൽ മൂന്നു പ്രാവശ്യം റൂശ്മ ചെയ്യണം എന്നുള്ളതുകൊണ്ടാണ്.

പരിശുദ്ധാത്മാവുമായിട്ടുള്ള സഹവാസത്തിന് ഏറ്റവും ഉത്തമമായ ഉദാഹരണം പരിശുദ്ധ അമ്മയാണ്. പരിശുദ്ധാത്മാവ് നിന്റെമേൽ വരും എന്ന ദൈവദൂതന്റെ ആശംസമുതൽ അവൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. പിന്നീട് ഒരിക്കലും പരി. അമ്മ പരിശുദ്ധാത്മാവിൽ നിന്ന് വേർപിരിഞ്ഞിട്ടില്ല. വി. ഗ്രന്ഥത്തിൽ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം കടന്നു വരുന്ന പന്തക്കുസ്തായുടെ സന്ദർഭത്തിൽ പരി. അമ്മയെയും നമ്മൾ കാണുന്നു. പരിശുദ്ധാത്മാവിന്റെ നിറവും സഹവാസവും ഏറ്റവും ഉദാത്തമായ രീതിയിൽ പുലർത്തിയത് പരി. അമ്മയാണ്.

മിശിഹായെയും സഭയെയും മണവാളനും മണവാട്ടിയുമായിട്ടാണ് അവതരിപ്പിക്കുന്നത്. മറ്റാർക്കും പകരം വയ്ക്കാനാവാത്ത സാന്നിദ്ധ്യമാണ് അവർക്ക് പരസ്പരമുള്ളത്. ഇതേ സഹവാസ അനുഭവമായിരിക്കണം നമുക്ക് പരിശുദ്ധാത്മാവുമായിട്ട് ഉണ്ടാകേണ്ടത്. മാമ്മോദീസയിൽ ആരംഭിച്ച ഈ ‘സവ്ത്താപൂസാ’യിൽ വളരാൻ അനുനിമിഷം നമുക്ക് സാധിക്കണം.
പൗലോസ് ശ്ലീഹായടെ ഈ ആശംസ നമ്മെ പരി. ത്രിത്വത്തോട് ഉൾച്ചേർക്കണം. മിശിഹായുടെ കൃപയും പിതാവിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിരന്തരം അനുഭവിക്കുന്ന ജീവിതമാണ് യഥാർത്ഥ ക്രിസ്തീയ ജീവിതം. ഇതാണ് യഥാർത്ഥ ആനന്ദം. ത്രിതൈ്വക കൂട്ടായമയിൽ ഉൾച്ചേർന്ന് ദൈവിക ആനന്ദത്തിൽ വളരാൻ നാം അർപ്പിക്കുന്ന ഓരോ പരി. കുർബാനയും നമുക്ക് ശക്തി പകരട്ടെ.