വിവാഹ സമ്മതവും വന്ധ്യതയും

സമൂഹജീവിതത്തിലെ ഭാഗധേയത്വത്തിൽ രണ്ട് വ്യക്തികളുടെ കൂട്ടായ്മയുടെ പങ്കുചേരൽ ആണ് വിവാഹം എന്ന കൂദാശ. സ്വാഭാവികമായി വിവാഹം ലക്ഷ്യമാക്കുന്ന ചില ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ട്. ദമ്പതികളുടെ നന്മ, സന്താനങ്ങളുടെ ഉത്പാദനം, സന്താനങ്ങളുടെ വിദ്യാഭ്യാസം, എന്നിവയാണ് അവ. ദമ്പതികളുടെ ഇച്ഛാശക്തിയിൽനിന്നും (will) ഉദ്ദേശ്യത്തിൽ (Intention) നിന്നും സ്വതന്ത്രമായി നിൽക്കുന്നതാണ് വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ. അതിനാൽ വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഒരുവന്റെ ഇച്ഛാശക്തികൊണ്ടോ ഉദ്ദേശങ്ങൾ കൊണ്ടോ നിയന്ത്രിക്കുവാനോ പരിമിതപ്പെടുത്തുവാനോ പരിപൂർണമായി ഒഴിവാക്കുവാനോ പാടില്ല.

വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പ്രാപിക്കുക എന്നത് ദമ്പതികളുടെ കഴിവിനെ ആശ്രയിച്ചല്ല അതിനാൽ ഉദ്ദേശ ലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെടുന്നത് വിവാഹത്തിന്റെ സാധുതയെ ദോഷകരമായി ബാധിക്കുന്നില്ല ഉദാഹരണമായി സന്താനോൽപാദനം വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യം ആണെങ്കിലും സ്വാഭാവികമായി സന്താനോൽപാദനം നടക്കാത്ത സാഹചര്യം വിവാഹത്തിന്റെ സാധുതയെ ബാധിക്കുന്നില്ല.

ക്രൈസ്തവ വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ സഭ ആധുനികയുഗത്തിൽ എന്ന പ്രമാണ രേഖയിലൂടെ ( നമ്പർ 48) പഠിപ്പിച്ചു. മേൽപ്പറഞ്ഞ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രഥമമായ, ദമ്പതികളുടെ നന്മയെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ, ദമ്പതികൾ പരസ്പരമുള്ള സ്‌നേഹത്തിൽ നിന്നും ആർജ്ജിക്കേണ്ട സന്താന ഉൽപാദനത്തിന് വേണ്ടിയുള്ള ദമ്പതികളുടെ പരസ്പര അർപ്പണം, ദാമ്പത്യ വിശ്വസ്തത, ദാമ്പത്യ അഭിവാജ്യത, എന്നിവ വിവാഹത്തിന്റെ സാധുതയ്ക്ക് അവശ്യം വേണ്ട ഘടകങ്ങളാണെന്ന് സഭ പഠിപ്പിക്കുന്നു. വിവാഹത്തിന്റെ സത്ത എന്ന് പറയുന്നത് ദാമ്പത്യ സ്‌നേഹം, സന്താന ഉൽപാദനത്തിനുള്ള ദമ്പതിമാരുടെ സ്വയം ദാനം, ദാമ്പത്യ വിശ്വസ്തത, ദാമ്പത്യ കൗദാശികത എന്നീ ഗുണവിശേഷങ്ങൾ ആണ്. പൗരസ്ത്യ സഭകൾക്കുള്ള കാനൻ നിയമം 824 ഉം ലത്തീൻ സഭയ്ക്ക് ഉള്ള നിയമം 1101 ഉം ഇത് വ്യക്തമാക്കുന്നുണ്ട്. കൂടാതെ 1965, 1970 ,1976, 1982, 1989 എന്നീ വർഷങ്ങളിൽ റോമൻ റോട്ട നൽകിയ വിവിധ വിധികളും മേൽപ്പറഞ്ഞ സാരവത്തായ ഗുണവിശേഷങ്ങളെ ഒഴിവാക്കി നടത്തുന്ന വിവാഹം അസാധു ആയിരിക്കും എന്ന് വ്യക്തമാക്കുന്നു. ചുരുക്കത്തിൽ വിവാഹത്തിന്റെ ഏതെങ്കിലും ഗുണ വിശേഷത്തെ ഒഴിവാക്കി നടത്തുന്ന വിവാഹം അതിൽതന്നെ അസാധുവായി തീരുന്നു.

സന്താനോല്പാദനത്തിന് ഉള്ള ദമ്പതികളുടെ സ്വയം ദാനം എന്ന ഘടകം നാല് ഗുണവിശേഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ സന്താനോല്പാദനത്തിന് പലപ്പോഴും തടസമാകുന്ന വന്ധ്യത വിവാഹസമ്മതത്തെ പൊതുവായി അസാധുവാക്കുന്നില്ല. വന്ധ്യത വിവാഹത്തെ അസാധുവാക്കാൻ കാരണം ആകാത്തത് എന്തുകൊണ്ട് എന്ന് ചുരുക്കമായി ചുവടെ പ്രതിപാദിക്കുന്നു.

വന്ധ്യതയും വിവാഹ സമ്മതവും
ലൈംഗിക ശേഷി കുറവും വന്ധ്യതയും തമ്മിലുള്ള വ്യത്യാസം ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സന്താനോല്പാദനത്തിന് സഹായമാകുന്ന ലൈംഗികസംയോഗം നടത്താനുള്ള കഴിവില്ലായ്മയാണ് ലൈംഗികശേഷിക്കുറവ് (impotance). പുരുഷന്റെ ഭാഗത്തുനിന്നുള്ള ഉദ്ദീപന ശേഷി, സംഭോഗ ശേഷി, സ്ഖലന ശേഷി എന്നിവയിലേതെങ്കിലുമോ, മൊത്തത്തിലോ ഉള്ള അഭാവമാണ് ലൈംഗികശേഷിക്കുറവ് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീയുടെ ഭാഗത്തുനിന്നും, ലൈംഗികബന്ധത്തിന് ഉതകുന്ന ലൈംഗിക അവയവങ്ങളുടെ അഭാവം വന്ധ്യത ആയി പരിഗണിക്കുന്നു. വിവാഹത്തിന് മുമ്പുള്ളതും ചികിത്സിച്ചുമാറ്റാൻ കഴിയാത്തതുമായ ഘട്ടത്തിലാണ് ലൈംഗികശേഷിക്കുറവ് വിവാഹത്തിന്റെ അസാധുതക്ക് കാരണമായിത്തീരുന്നത്.

വന്ധ്യത ദാമ്പത്യ സംയോഗത്തിന് തടസ്സമല്ല. എന്നാൽ വന്ധ്യത മൂലം സന്താനോൽപാദനം നടക്കുകയില്ല. ഏതൊരു വിവാഹത്തിലൂടെയും സന്താനോല്പാദനത്തിന് ഉതകുന്ന ലൈംഗിക സംയോഗമാണ് നടക്കേണ്ടത്. കുട്ടികൾ ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ എന്നല്ല സ്വാഭാവികമായ ലൈംഗിക ബന്ധം ഉണ്ടോ ഇല്ലയോ എന്നതാണ് പ്രധാനം. സ്വാഭാവികമായ ലൈംഗിക ബന്ധം വിവാഹത്തിന്റെ ഗുണവിശേഷങ്ങളിൽ ഒന്നായസന്താനോല്പാദനത്തിന് ഉള്ള ദമ്പതിമാരുടെ സ്വയം ദാനത്തിന്റെ ഭാഗമായിരിക്കും. വേറൊരു അർത്ഥത്തിൽ പറഞ്ഞാൽ സന്താന ഉൽപാദനത്തിലേക്ക് നയിക്കുന്ന ലൈംഗികബന്ധമാണ് ദമ്പതികളിൽ ഉണ്ടാകേണ്ടത്. പൗരസ്ത്യ സഭാ നിയമം 776 പ്രകാരം സന്താനോൽപാദന ലക്ഷ്യത്തോടെയുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നത്, വിവാഹ ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിന് എതിരായ പ്രവൃത്തിയാണ്.

വന്ധ്യത മുൻകൂട്ടി അറിയാവുന്നവർക്ക് വിവാഹിതരാകാമോ?
സന്താനോല്പാദനത്തിന് ഉള്ള ദമ്പതിമാരുടെ സ്വയം ദാനം വിവാഹത്തിന് ഗുണവിശേഷങ്ങളിൽ ഒന്നാണെങ്കിലും ഉൽപാദന പ്രക്രിയയിൽ ദമ്പതികൾ പരാജയപ്പെടുന്നത് കൊണ്ട് അവരുടെ വിവാഹ സമ്മതം അസാധുവാക്കപ്പെടുകയില്ല കാരണം ലൈംഗികബന്ധത്തിൽ എന്തെങ്കിലും കുറവുകൊണ്ടല്ല അവർക്ക് സന്താനഭാഗ്യം ഇല്ലാതെപോകുന്നത് നേരെമറിച്ച് തന്റെ വന്ധ്യതാ മുൻകൂട്ടി അറിയാവുന്ന വ്യക്തി അക്കാര്യം മറച്ചുവച്ച് വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ ചതി അഥവാ വഞ്ചന എന്ന് നിയമപരിധിയിൽ വരികയും അത് വിവാഹം അസാധുവാക്കുന്ന കാരണമായിത്തീരുകയും ചെയ്യുന്നു (CC 800/821).
കപടത എന്ന വിവാഹ തടസ്സത്തെ കുറിച്ചുള്ള സഭാനിയമം ഇപ്രകാരമാണ്. മനസ്സിന്റെ നിയതമായ നിശ്ചയത്തിലൂടെ വിവാഹത്തെ തന്നെയോ അതിന്റെ കാതലായ ഘടകങ്ങളെയൊ ഗുണങ്ങളെയൊ ഒഴിച്ച് നിർത്തുന്നത് വിവാഹം അസാധുവാക്കും. സന്താന ഉല്പാദനം അല്ലെങ്കിൽ അതിന്റെ ലക്ഷ്യത്തിലേക്കുള്ള പരിശ്രമം ഒരുവന്റെ ഇച്ഛാശക്തിയുടെ നിശ്ചയത്തിലൂടെ ആന്തരികമായി നിഷേധിക്കുന്നത് കപടത നിറഞ്ഞ വിവാഹ സമ്മതത്തിന് കാരണമാകും. ഇത്തരുണത്തിൽ താഴെപറയുന്ന നിലപാടുകളും പ്രവൃത്തികളും വിവാഹത്തിന് സാധുതയെ ബാധിക്കുന്ന കാരണങ്ങളായി നിൽക്കുന്നു.

1. ബോധപൂർവ്വം പ്രത്യുത്പാദനപരമായ ദാമ്പത്യബന്ധങ്ങൾ വിവാഹസമയം പാടെ ഒഴിവാക്കുന്ന രീതിയിലുള്ള മനസ്സിന്റെ നിശ്ചയത്തോടെ വിവാഹത്തിൽ ഏർപ്പെടുക
2. തനിക്ക് സന്താനഭാഗ്യം ഇല്ലെന്ന് മുൻകൂട്ടി അറിയാവുന്ന വ്യക്തിയോട് ഇതര പങ്കാളി അത് അംഗീകരിച്ച് പരസ്പരധാരണയോടെ വിവാഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുക.

മേൽപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളിലും അവർ നടത്തുന്ന വിവാഹ സമ്മതം കപടതനിറഞ്ഞ വിവാഹ സമ്മതം ആവുകയും അത് വിവാഹത്തിന്റെ സാരവത്തായ ഗുണവിശേഷങ്ങൾ ബോധപൂർവ്വം ഒഴിവാക്കി കൊണ്ടും ഉള്ളതായി പരിഗണിക്കപ്പെടുകയും ചെയ്യും. വിവാഹത്തിന്റെ കാതലായ ഏതെങ്കിലും ഘടകത്തെ ഒഴിവാക്കി നടത്തുന്ന വിവാഹം സാധുവായ വിവാഹമല്ല. വിവാഹത്തിന് രൂപകാരണമായ ഉഭയസമ്മതം ദുർബലപ്പെടുത്താൻ പാടില്ല. രണ്ടുപേരുംകൂടി സഭയുടെ വിവാഹത്തെ സംബന്ധിച്ച് ഉള്ള ലക്ഷ്യപൂർത്തീകരണത്തിന് വേണ്ടിയാണ് വിവാഹ സമ്മതം കൈമാറുന്നത്.

വിവാഹ കർമ്മത്തിൽ പങ്കാളികൾ പുറമേ പ്രകടിപ്പിക്കുന്ന സമ്മതവും അവരുടെ ആന്തരികമായ നിലപാടും ഒന്നിച്ചു പോകണം. എന്നാൽ പുറമേയുള്ള നിലപാട് ആന്തരികമായ അവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായി നിൽക്കുമ്പോൾ അത് കപട ഭാവം എന്ന് വിവാഹതടസത്തിന്റെ പരിധിയിൽ വരും. ആകയാൽ ദമ്പതികളിൽ രണ്ടു പേരോ അല്ലെങ്കിൽ ഏതെങ്കിലും ഒരാളോ കുട്ടികൾ വേണ്ട എന്ന ചിന്തയോടെ വിവാഹ ബന്ധത്തിലേർപ്പെടുന്നു എങ്കിൽ ആ വിവാഹം അസാധു ആയിരിക്കും (CCEO 776).

സഭ വിവക്ഷിക്കുന്ന രീതിയിൽ വിവാഹം എന്ന കൂദാശയുടെ സ്വഭാവത്തെ അപഗ്രഥിക്കുവാൻ ശ്രമിക്കാതെ തങ്ങളുടെ ഇച്ഛകൾക്ക് അനുസരണം വിവാഹത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശകലനം ചെയ്യുമ്പോഴാണ് കാതലായ പിശക് സംഭവിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പ്രബോധനം അനുസ്മരിച്ചുകൊണ്ട് ഈ ലേഖനം ചുരുക്കുന്നു. ‘ദമ്പതികളുടെയും സന്താനങ്ങളുടെയും സമൂഹത്തിന് നന്മ ലക്ഷ്യമാക്കിയുള്ള ഈ പവിത്രബന്ധം മാനുഷിക നിശ്ചയത്തിൽ അധിഷ്ഠിതമല്ല’ (GS, 48)