ബാലിശമാകുന്ന ബാലസംരക്ഷണം

0
509

മാതാപിതാക്കളുടെ കാഴ്ചപ്പാടിൽ കുട്ടികൾ അവരുടേതാണ്. എന്നാൽ രാഷ്ട്രത്തിന്റെ കാഴചപ്പാടിൽ കുട്ടികൾ രാഷ്ട്രത്തിന്റേതുകൂടിയാണ്. അതുകൊണ്ടാണ് കുട്ടികൾക്കുവേണ്ട പല ക്രമീകരണങ്ങളും രാഷ്ട്രം ചെയ്യുന്നത്. കേരളത്തിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ ആരോഗ്യ തലങ്ങളിൽ കുട്ടികൾക്കായി സർക്കാർ സാമാന്യം മികച്ച ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. ഇതിനുപുറമെ കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാരുകൾ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ, ചൈൽഡ് വെൽഫെയർ കമ്മറ്റി, ജൂവൈനൽ ജസ്റ്റീസ് ആക്ട്, ചൈൽഡ് ലൈൻ, പോക്‌സോ നിയമം തുടങ്ങി സംവിധാനങ്ങൾ നിരവധിയാണ്. എന്നാൽ ഇവയുടെയൊക്കെ പ്രവർത്തനങ്ങൾ കാണുമ്പോൾ ചക്കിനുവച്ചത് കൊക്കിനുകൊണ്ടു എന്ന പഴഞ്ചൊല്ലാണ് ഓർമ്മവരുന്നത്. ഈ സംവിധാനങ്ങൾ പലതും അവയുടെ യഥാർത്ഥ ലക്ഷ്യം സാധൂകരിക്കാൻ ശ്രമിക്കേണ്ടതിനു പകരം നിരുത്തരവാദപരവും രാഷ്ട്രീയ പ്രേരിതമായും വ്യക്തിതാല്പര്യങ്ങൾ മുൻനിർത്തിയുമാണ് പ്രവർത്തിക്കുന്നത്.

സ്‌കൂളുകളുടെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. അദ്ധ്യാപകർ കുട്ടികളെ ശാസിക്കാൻ പാടില്ല, ശിക്ഷിക്കാൻ പാടില്ല എന്നൊക്കെയുള്ള നിബന്ധനകൾ കുട്ടികളുടെ ഭാവിയെ വളരെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരം തകരുന്നതു മാത്രമല്ല പ്രശ്‌നം. കുട്ടികളിൽ അക്രമവാസന, ലഹരി ഉപയോഗം, അശ്ലീലത, അനാശാസ്യ പ്രവണത എന്നിവ മുൻകാലങ്ങളിലേതിനെക്കാൾ വർദ്ധിച്ചുവരുന്നു. അദ്ധ്യാപകർക്ക് നിസഹായരായി നോക്കി നിൽക്കേണ്ടിവരുന്നു. സമൂഹത്തിന്റെ നന്മ ആഗ്രഹിച്ച് പ്രതികരിക്കാൻ തയ്യാറാകുന്ന ആത്മാർത്ഥതയുള്ള അദ്ധ്യാപകരെ മാതാപിതാക്കളും മാധ്യമങ്ങളും തല്പരകക്ഷികളും ചേർന്ന് കൈകാര്യം
ചെയ്യുന്ന കാഴ്ച പലപ്രാവശ്യം കേരളം കണ്ടുകഴിഞ്ഞതാണ്. വിവേകമില്ലാതെ നിർമ്മിക്കപ്പെട്ട നിയമങ്ങളുടെ പിൻബലമാണ് ഈ ദുരവസ്ഥക്കു കാരണം. പെട്രോളൊഴിച്ച് പെൺകുട്ടികളെ കത്തിക്കുന്ന പതിനെട്ടിന്റെ പടിവാതിലിലുള്ള കാമുകന്മാർ ഈ അഭിനവ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉദാത്തമായ സംഭാവനയാണ്.

ബാലാവകാശ കമ്മീഷൻ മറ്റൊരു പ്രഹേളികയാണ്. തികച്ചും പക്ഷപാതപരമായ നിലപാടുകൾ പല കാര്യങ്ങളിലും സ്വീകരിക്കുന്നു. സൺഡേസ്‌കൂളിന്റെ പരിശീലന പരിപാടിയായ വിശ്വാസോത്സവം ചൂടുകാരണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷൻ അടുത്തദവിസം തന്നെ CBSE സ്‌കൂളുകൾക്ക് പ്രവർത്തനാനുമതി നല്കി. കുട്ടികളെ ഉപയോഗിച്ച് പൊരിവെയിലത്ത് നടത്തുന്ന ജാഥകളോ പ്രകടനങ്ങളോ ഒന്നും കമ്മീഷന് ഒരു പ്രശ്‌നമല്ല. കുട്ടികൾക്ക് സംഘടിക്കാനുള്ള അവകാശം ഉണ്ടല്ലോ, പ്രത്യേകിച്ച് രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളിലാണെങ്കിൽ ഈ അവകാശം പൂർണ്ണമായും സംരക്ഷിക്കപ്പെടുകതന്നെ ചെയ്യും. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ഇത്തരം കുറെ ഇടപാടുകളല്ലാതെ കുട്ടികളുടെ പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ആറ്റിങ്ങളിലെ കുഞ്ഞിന്റെ കൊലപാതകം കഴിഞ്ഞ് തൊടുപുഴയിൽ ഒരെണ്ണം സംഭവിക്കുമായിരുന്നില്ല.

സ്‌കൂളുകളിൽ കൗൺസിലിംഗ് ഫലപ്രദമായി നടത്തപ്പെടുന്നില്ല. നിരന്തരമായി കൗൺസിലിംഗ് കുട്ടികൾക്കു നൽകണം. വീട്ടിൽ നിന്നും മറ്റുള്ളവരിൽനിന്നും ഉണ്ടാകുന്ന ഉപദ്രവങ്ങൾ തുറന്നുപറയാൻ അവർക്ക് അവസരം നൽകണം. ഇതു വഴിതെറ്റുന്ന കുട്ടികളെ നേർവഴി ഉപദേശിക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. ശിഥിലമാകുന്ന വിവാഹ ബന്ധങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ആവശ്യമാണ്. സ്വന്തം മാതാപിതാക്കൾ രണ്ടുപേരുടെയും കൂടെയല്ലാതെ താമസിക്കുന്ന കുട്ടികളുടെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കണം. കുടുംബശ്രീ, തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തണം. വ്യക്തിത്വ വൈകല്യ (personality disorder) മുള്ളവരോ, മദ്യപാനികളോ ആയ മാതാപിതാക്കളുടെകൂടെ കഴി
യുന്ന കുട്ടികളുടെ അവസ്ഥയും പരിതാപകരമാണ്. സാഡിസ്റ്റുകളായ ചില മാതാപിതാക്കൾ കുട്ടികളെ അതികഠിനമായി ഉപദ്രവിക്കാറുണ്ട്. ഇവയിൽനിന്നും കുട്ടികളെ സംരക്ഷി
ക്കാൻ സർക്കാർ ശരിയായ നടപടികൾ ഇതുവരെ സ്വീകരിച്ചതായി അറിവില്ല. കുട്ടികൾ വോട്ടുബാങ്ക് അല്ലാത്തതുകൊണ്ടാണോ ഇവരുടെ കാര്യത്തിൽ ശ്രദ്ധയില്ലാതെ പോകുന്നത്! ഉപരിപ്ലവമായ കുറെ നിയമങ്ങളും സംവിധാനങ്ങളുമല്ല, കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന ചിന്തയോടെ ആത്മാർത്ഥമായ സമീപനങ്ങളാണ് അടിയന്തിര ആവശ്യം.