മാർ നെസ്‌തോറിയസിന്റെ കൂദാശ:

0
646

വിശ്വാസാനുഭവത്തിൽവളരുന്ന സഭയുടെ
പ്രാർത്ഥനക്രമം 4   –  പെസഹാരഹസ്യത്തിൽ വിശ്വാസിയുടെ പങ്കുചേരൽ
ദിവ്യരഹസ്യങ്ങളുമായുള്ള ഒന്നായിത്തീരലിനെക്കുറിച്ച് പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലെ കുർബാന പ്രാർത്ഥനകൾ വ്യക്തമായ ധാരണ പുലർത്തുന്നു.
മൂന്നാമത്തെ കൂദാശയുടെ അഞ്ചാം ഗ്ഹാന്തയിൽ ദിവ്യരഹസ്യങ്ങളുമായുള്ള കൂട്ടായ്മയ്ക്കുവേണ്ടി വ്യക്തമായി പ്രാർത്ഥിക്കുന്നുണ്ട്. ”അങ്ങയുടെ അഭിഷിക്തന്റെ ശരീരത്തോടും രക്തത്തോടും ഐക്യപ്പെടാൻ ഞങ്ങൾ യോഗ്യരായിത്തീരട്ടെ” (മൂന്നാമത്തെകൂദാശക്രമം, 42). രണ്ടാമത്തെ കൂദാശക്രമത്തിന്റെ ഒന്നാം ഗ്ഹാന്തയിലും സമാനമായ
പ്രാർത്ഥനയുണ്ട്: ”ഈ ദിവ്യരഹസ്യങ്ങളെ
അറിയുന്നതിനും സമീപിക്കുന്നതിനും
പൂർത്തീകരിക്കുന്നതിനും സ്വീകരിക്കുന്നതിനും ഇവയോട് ഏകീഭവിക്കുന്നതിനും ഞങ്ങളെ അങ്ങ് യോഗ്യരാക്കി” (രണ്ടാമത്തെ കൂദാശക്രമം, 14). സീറോ മലബാർ കുർബാനയിൽ അനുരഞ്ജന കാറോസൂസയുടെ സമയത്തുള്ള കാർമ്മികന്റെ കൂശാപ്പയിലും ദിവ്യരഹസ്യങ്ങളുമായുള്ള ഐക്യപ്പെടലിനെ ആസ്പദമാക്കി പ്രാർത്ഥിക്കുന്നുണ്ട്: ”മിശിഹായുടെ ശരീര രക്തങ്ങളോട് ഐക്യപ്പെടുന്ന ഞങ്ങൾ അവിടുത്തെ മഹത്ത്വപൂർണ്ണമായ പ്രത്യാഗമനത്തിൽ സകല വിശുദ്ധരോടുംകൂടെ പ്രശോഭിക്കുമാറാകട്ടെ” (സീറോ മലബാർ കുർബാന, 108). മൂന്നാമത്തെ കൂദാശയുടെ മൂന്നാം ഗ്ഹാന്തയിൽ സത്യവിശ്വാസത്തോടെ ദിവ്യരഹസ്യങ്ങളെ സമീപിച്ച് കൈക്കൊള്ളുന്നവരെക്കുറിച്ച് പരാമർശമുണ്ട്. ദിവ്യരഹസ്യങ്ങളെ സമീപിച്ച്കൈക്കൊള്ളുക എന്നാൽ കേവലം കൗദാശികമായി കുർബാന സ്വീകരിക്കുക എന്നു മാത്രമല്ല ആ ദിവ്യരഹസ്യങ്ങളുമായി ഒന്നായിത്തീരുക എന്നും അർത്ഥമുണ്ട്. നമുക്കുവേണ്ടി മുറിക്കപ്പെട്ട കർത്താവിനെപ്പോലെ മറ്റുള്ളവർക്കുവേണ്ടി നാം മുറിക്കപ്പെടുമ്പോഴാണ് ഈ ഒന്നായിത്തീരൽ അർത്ഥവത്താകുന്നത്.
നമുക്കുവേണ്ടി മുറിക്കപ്പെട്ടവനായ മിശിഹായാണ് അപ്പം മുറിക്കലിന്റെ ശുശ്രൂഷയായ കുർബാന നമ്മെ ഭരമേല്പിച്ചതെന്ന് മൂന്നാമത്തെ കൂദാശയിൽ ഉദ്‌ഘോഷിക്കുന്നു (മൂന്നാമത്തെ കൂദാശക്രമം, 25). പെസഹാരഹസ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നവർക്കും മുറിക്കപ്പെടാനുള്ള
നിയോഗമുണ്ടെന്ന് പ്രാർത്ഥന നമ്മെ അനുസ്മരിപ്പിക്കുന്നു.
മിശിഹാ വിജ്ഞാനീയവും റൂഹാ വിജ്ഞാനീയവും
മൂന്നാമത്തെ കൂദാശയുടെ മിശിഹാവിജ്ഞാനീയവും റൂഹാവിജ്ഞാനീയവും ശ്രദ്ധയർഹിക്കുന്നതാണ്. പൗരസ്ത്യ സുറിയാനി മിശിഹാവിജ്ഞാനീയത്തിന്റെ തനതായ സവിശേഷതകൾ മൂന്നാമത്തെ കൂദാശയിൽ പ്രകാശിതമായിട്ടുണ്ട്. ഈശോമിശിഹാ പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമാണെന്ന് കൂദാശയിലെ പ്രാർത്ഥനകൾ ഊന്നിപ്പറയുന്നു.പൗലോസ്ശ്ലീഹായുടെ,ശൂന്യവത്കരണത്തിന് ഊന്നൽ നല്കുന്ന മിശിഹാവിജ്ഞാനീയം മൂന്നാം കൂദാശയിൽ പ്രകടമായി കാണാം. മിശിഹാ നിർവ്വഹിച്ച രക്ഷാശുശ്രൂഷയുടെ വിശദമായ തലങ്ങ
ളേവയെന്ന് മൂന്നാമത്തെ കൂദാശ സൂചിപ്പി
ക്കുന്നുണ്ട്. ”നഷ്ടപ്പെട്ടുപോയവരെ കണ്ടെത്തുകയും ചിതറിപ്പോയവരെ ഒരുമിപ്പിക്കുകയും അകന്നുപോയവരെ അടുപ്പിക്കുകയും വഴിതെറ്റിയവരെ സത്യത്തിന്റെ അറിവിലേക്കുതിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന കർത്താവേ, നിന്നെ ഞാൻ സ്തുതിക്കുന്നു” (മൂന്നാമത്തെ കൂദാശ, 13). മൂന്നാമത്തെ
കൂദാശയുടെ രണ്ടാം ഗ്ഹാന്തയിൽ മിശിഹായുടെ രക്ഷാശുശ്രൂഷയെ കുറേക്കൂടി ആഴത്തിൽ അവതരിപ്പിക്കുന്നു. ”അങ്ങ് ഞങ്ങളെ ഇല്ലായ്മയിൽനിന്ന് അസ്തിത്വത്തിലേക്കാനയിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ ഇടറി വീഴുകയും ക്ഷയിക്കുകയും ചെയ്തപ്പോൾ അങ്ങു ഞങ്ങളെ എഴുന്നേല്പിക്കുകയും നവീകരിക്കുകയും വീണ്ടെടുക്കുകയും ചെയ്തു. അങ്ങയുടെ കരുണയാൽ ഞങ്ങളെ സ്വർഗ്ഗത്തിലേക്കുയർത്തുകയും വരുവാനുള്ള രാജ്യം ഞങ്ങൾക്ക് നല്കുകയുംചെയ്തു” (മൂന്നാമത്തെ കൂദാശക്രമം, 20). ഒന്നാമത്തെ കൂദാശയിൽ നിന്ന് വളരെ വ്യത്യസ്തമായ നിലയിൽ വളർച്ച പ്രാപിച്ച ഒരു റൂഹാവിജ്ഞാനീയമാണ് മൂന്നാമത്തെ കൂദാശയിലുള്ളത്. ”ജീവിക്കുന്നവനും ജീവി
പ്പിക്കുന്നവനും” എന്നാണ് ഒന്നാം ഗ്ഹാന്തയിൽ പരിശുദ്ധാത്മാവിനെ വിശേഷിപ്പിച്ചിരിക്കുന്നത് (മൂന്നാമത്തെ കൂദാശക്രമം, 14). അങ്ങിൽ നിന്നു പുറപ്പെടുന്നവനും അങ്ങയുടെ ദൈവത്വത്തിന്റെ അദൃശ്യസ്വഭാവംഉള്ളവനുമായപരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ജ്ഞാനം മിശിഹാ വഴി ഞങ്ങൾ പ്രാപിച്ചു”
(മൂന്നാമത്തെ കൂദാശക്രമം, 20). രണ്ടാമത്തെ കൂദാശക്രമത്തിലെന്നപോലെ മൂന്നാമത്തെ
കൂദാശക്രമത്തിലും റൂഹാക്ഷണപ്രാർത്ഥനയിൽ റൂഹാ എഴുന്നള്ളിവരട്ടെ എന്നതിനു പകരം റൂഹായുടെ കൃപ എഴുന്നള്ളി വരട്ടെ എന്ന് കാണാം. പരിശുദ്ധാത്മാവ് നിർവ്വഹിക്കുന്ന പവിത്രീകരണത്തിന്റെ രണ്ടു വശങ്ങളും ഈ റൂഹാക്ഷണ പ്രാർത്ഥനയിൽ സ്പഷ്ടമായി വേർതിരിക്കുന്നുണ്ട്. ഒന്നാമത്തെ കൂദാശയുടെ റൂഹാക്ഷണ പ്രാർത്ഥനയിൽ പരിശുദ്ധാത്മാവ് കുർബാനയിൽ ആവസിച്ച്, അതിനെ ആശീർവദിച്ച് പവിത്രീകരിക്കട്ടെ എന്ന് വളരെ പൊതുവായി പറഞ്ഞിട്ടു
ള്ളിടത്ത് മൂന്നാമത്തെ കൂദാശയുടെ റൂഹാക്ഷണപ്രാർത്ഥന വളരെ സൂക്ഷ്മമായ രീതി
യിൽ ”ഈ അപ്പത്തെയും കാസയെയും വാഴ്ത്തി വിശുദ്ധീകരിച്ച്ഞങ്ങളുടെകർത്താവീശോമിശിഹായുടെ ശരീരവും രക്തവുമാക്കി പൂർത്തീകരിക്കുകയും ചെയ്യണമേ” (മൂന്നാമത്തെ കൂദാശക്രമം, 41) എന്നാണുള്ളത്. റൂഹാക്ഷണപ്രാർത്ഥനയുടെ ഒടുവിൽ പരിശുദ്ധാത്മാവ് ഉളവാക്കുന്ന വലിയ ഐക്യമാണ് സൂചിതമായിരിക്കുന്നത്. ”ഏക പ്രത്യാശയിൽ ഞങ്ങൾ വിളിക്കപ്പെട്ടിരിക്കുന്ന പ്രകാരംഏകശരീരവുംഏകആത്മാവുമായിത്തീരാൻ തക്കവിധം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ബന്ധത്താൽ ഞങ്ങളെ അന്യോന്യം യോജിപ്പിക്കണമേ” (മൂന്നാമത്തെ കൂദാശക്രമം, 41). വി. കുർബാനയിലൂടെ ഏകശരീരമെന്ന യാഥാർത്ഥ്യത്തിലേക്ക് വളരേണ്ട ആവശ്യകത രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസ്സഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റിയൂഷ
നിൽ വ്യക്തമാക്കുന്നു: ”ദിവ്യകാരുണ്യയപ്പ
ത്തിന്റെ കൂദാശ മിശിഹായിൽ ഏകശരീരമായിത്തീരുന്ന വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്യുന്നു” (തിരുസ്സഭ, 3).
പരി. കുർബാനയിലുള്ള പങ്കുചേരൽ യഥാർത്ഥത്തിൽ സ്വർഗ്ഗീയാരാധനയിലുള്ള പങ്കുചേരലാണെന്ന് മൂന്നാമത്തെ കൂദാശയിലെ പ്രാർത്ഥനകൾ സ്പഷ്ടമാക്കി തരുന്നുണ്ട്. സ്വർഗ്ഗീയാരാധനയിൽ പങ്കുചേരാനുള്ള വ്യക്തമായ ക്ഷണം ഭാഷണകാനോനയിലുണ്ട്. ”ക്രോവേന്മാരും സ്രാപ്പേന്മാരും പരിശുദ്ധൻ, പരിശുദ്ധൻ എന്ന് നിരന്തരം പ്രകീർത്തിക്കുന്ന ഭയഭക്തിജനകവും മഹത്ത്വപൂർണ്ണവുമായ ഉന്നതങ്ങളിലേക്ക് നിങ്ങളുടെ വിചാരങ്ങൾ ഉയർത്തുവിൻ” (മൂന്നാമത്തെ കൂദാശ
ക്രമം, 17). രണ്ടാം ഗ്ഹാന്തയുടെ കാനോനയും
സ്വർഗ്ഗീയാരാധനയെ പ്രതിപാദിക്കുന്ന
താണ്. ”എന്റെ കർത്താവേ, അങ്ങയുടെ ത്രിത്വ
ത്തിന്റെ മുമ്പാകെ സ്വർഗ്ഗവാസികളുടെ ആയിര
ങ്ങളും മാലാഖമാരുടെ പതിനായിരങ്ങളും ഒരുമിച്ച് നിരന്തരം സ്തുതിയും സ്‌തോത്രവുമർപ്പിച്ചുകൊണ്ട് ഒന്നുചേർന്നുദ്‌ഘോഷിക്കുന്നു” (മൂന്നാമത്തെ കൂദാശക്രമം, 21). കാർമ്മികന്റെ അഞ്ചാം കൂശാപ്പയിൽ ക്രോവേന്മാരുടെയും സ്രാപ്പേന്മാരുടെയും മറ്റു ദൂതന്മാരുടെയും പ്രാർത്ഥനകൾ കാർമ്മികൻ യാചിക്കുന്നു: ”നിന്നെ ബഹുമാനിക്കുന്ന ഭൂവാസികളായ മനുഷ്യരുടെയും നിന്നെ മഹത്ത്വപ്പെടുത്തുന്ന ക്രോവേന്മാരുടെയും സ്രാപ്പേന്മാരുടെയും നിന്നെ പാടിസ്തുതിക്കുന്ന ദൂതന്മാരുടെയും പ്രാർത്ഥനകൾവഴി പാപിയായ എന്റെമേൽ നിന്റെ കാരുണ്യധാര ഒഴുക്കണമേ” (മൂന്നാമത്തെ കൂദാശക്രമം, 38).
ദൈവശാസ്ത്രവീക്ഷണങ്ങളുടെയും പ്രാർത്ഥനാനുഭവങ്ങളുടെയും കാര്യത്തിൽ ആദ്യനൂറ്റാണ്ടുകളിൽ പൗരസ്ത്യ സുറിയാനി സഭകൾക്കു കൈവന്ന വളർച്ചയുടെ നേർസാക്ഷ്യമാണ് മാർ നെസ്‌തോറിയസിന്റെ പേരിലറിയപ്പെടുന്ന മൂന്നാമത്തെ കൂദാശ. ഈ കൂദാശ ഉപയോഗിച്ചുള്ള കുർബാനയർപ്പണങ്ങൾ വിശ്വാസികളുടെ പ്രാർത്ഥനാനുഭവങ്ങൾക്ക് പുത്തൻ മുതൽക്കൂട്ടായിത്തീരട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അവസാനിച്ചു