തിരുവിതാംകൂർ രാജ്യത്തിലെ ആലങ്ങാട് ഇടവകയിൽ കരിയാറ്റി കുടുംബത്തിൽ 1742 മെയ് 6-ാം തീയതിയാണ് കരിയാറ്റിൽ ജോസഫ് ഭൂജാതനായത്. 13-ാമത്തെ വയസ്സിൽ സെമിനാരി പഠനത്തിനായി കർമ്മലീത്താ മിഷനറിമാർ അദ്ദേഹത്തെ റോമിലെ പ്രൊപ്പഗാന്ത കോളേജിലേയ്ക്കയച്ചു, 1755 മുതൽ 1766 വരെ റോമിൽ പഠിച്ചു. 1766 ഫെബ്രുവരി 25-ന് അവിടെവച്ചുതന്നെ
പൗരോഹിത്യം സ്വീകരിച്ചു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ഡോക്ടറേറ്റ് ബിരുദം നേടി മലബാറിൽ തിരിച്ചെത്തിയ ജോസഫച്ചൻ ആലങ്ങാട്ട് സെമിനാരിയിൽ സുറിയാനി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാർ തോമ്മാ ആറാമൻ (ദിവന്ന്യാസിയോസ് ഒന്നാമൻ) കത്തോലിക്കാസഭയുമായി പുന
രൈക്യപ്പെടുക എന്ന ലക്ഷ്യത്തോടെ കരിയാറ്റി ജോസഫ് മല്പാനെ സമീപിക്കു
ന്നത്. തന്റെ ജീവൻ പണയംവച്ചും പുനരൈക്യ
ത്തിനായി പരിശ്രമിക്കുമെന്നും പ്രസ്തുത ലക്ഷ്യപ്രാപ്തിക്കായി റോമിലേയ്ക്ക് വീണ്ടും പോകാൻ തയ്യാറാണെന്നും കരിയാറ്റി മാർ
തോമ്മാ ആറാമനെ അറിയിച്ചു. മാർ തോമ്മാ
ആറാമനെ കത്തോലിക്കാ സഭയിലേക്ക് ചേർ
ക്കുന്നതിനുള്ള അനുവാദം മാർപ്പാപ്പായിൽ നീന്നും ലഭിക്കുന്നതിനായി കരിയാറ്റിയച്ചനും
കടനാട് സ്വദേശിയായ പാറേമ്മാക്കൽ തോമ്മാ
കത്തനാരുംകൂടി 1778 ഒക്‌ടോബർ 14-ന് കപ്പൽ മാർഗ്ഗം റോമിലേയ്ക്കു യാത്രതിരിച്ചു. 1779 ഓഗസ്റ്റിൽ അവർ പോർട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിച്ചേർന്നു. അവിടെ പോർട്ടുഗൽ രാജ്ഞിയെ കണ്ട് മാർ തോമ്മാ ആറാമന്റെ പുനരൈക്യം സാധിക്കുന്നതിനുവേണ്ട അപേക്ഷകൾ സമർപ്പിച്ചു. മാർപ്പാപ്പായുടെ അനുവാദം ലഭിക്കാൻ 1780 ജനുവരി 3-ന് കരിയാറ്റിയും പാറേമ്മാക്കലും റോമിൽ എത്തി. റോമായാത്രയുടെ വിവരണം പാറേമ്മാക്കൽ എഴുതിയ വർത്തമാന
പുസ്തകത്തിൽ ലഭ്യമാണ്. പ്രൊപ്പഗാന്ത കോൺഗ്രിഗേഷന്റെ അധികാരികളെയും മാർപ്പാപ്പായെയും കണ്ട് നിവേദനങ്ങൾ സമർ
പ്പിച്ചു. വർത്തമാനപുസ്തകത്തിൽ പ്രതിപാദി
ക്കുന്നതനുസരിച്ച് അവിടെ അവർക്ക് അനുകൂലമായ പ്രതികരണങ്ങളൊന്നും ലഭിച്ചില്ല.
അവഗണന ഉണ്ടാവുകയും ചെയ്തു. എങ്കിലും
പ്രത്യാശ കൈവെടിയാതെ പോർട്ടുഗലി
ലേയ്ക്ക് അവർ മടങ്ങി പരിശ്രമങ്ങൾ തുടർന്നു
കൊണ്ടേയിരുന്നു.
സ്വഭാവവൈഷിഷ്ട്യം പരിഗണിച്ച് ജോസഫ് കരിയാറ്റിയെ പോർട്ടുഗൽ രാജ്ഞി മരിയ ഫ്രാൻചേസ്‌ക്ക കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നാമ
നിർദ്ദേശം ചെയ്തു. മിഷനറിമാരുടെ എതിർ
പ്പുകളെയും ആരോപണങ്ങളെയും അതിജീവിച്ച് 1783 ഫെബ്രുവരി 17-ന് ലിസ്ബണിൽ അദ്ദേഹം മെത്രാപ്പോലീത്തയായി വാഴി
ക്കപ്പെട്ടു. അവിടെയായിരിക്കുമ്പോൾ മാർ തോമ്മാ ആറാമനെ കത്തോലിക്കാസഭയിലേയ്ക്കു സ്വീകരിക്കുവാനുള്ള അനുവാദവും
മാർപ്പാപ്പായിൽ നിന്നും കരിയാറ്റിക്കു ലഭിച്ചു.
മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിനു
ശേഷം 2 വർഷങ്ങൾ കൂടി കരിയാറ്റിക്ക് ലിസ്
ബണിൽ താമസിക്കേണ്ടിവന്നു. അന്ന് ഗോവയിലെ ഏതാനും വൈദികർ ലിസ്ബണിൽ താമസിക്കുന്നുണ്ടായിരുന്നു. കൊടുങ്ങല്ലൂർ അതിരൂപതയിൽ മെത്രാനാകാൻ അവരിൽ ചിലർ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കരിയാറ്റിയുടെ മടക്കയാത്രയ്ക്ക് ഇവർ വിഘ്‌നം വരുത്തി. 1785-ൽ കരിയാറ്റി മെത്രാപ്പോലീത്തയും പാറേമ്മാക്കൽ തോമ്മാക്കത്തനാരും മടക്കയാത്ര ആരംഭിച്ചു. മടക്കയാത്രയിൽ ഗോവയിലെത്തി പദ്രവാദോ അധികാരികളു
മായി ചർച്ച ചെയ്യണമെന്നായിരുന്നു വ്യവസ്ഥ.
1786 മെയ് ഒന്നിന് കരിയാറ്റി മെത്രാപ്പോലീത്തയും പാറേമ്മാക്കൽ തോമ്മാക്കത്തനാരും
ഗോവയിലെത്തി. കരിയാറ്റി മെത്രാപ്പോലീത്ത
രോഗാവസ്ഥയിലായി. 1786 സെപ്റ്റംബർ 10-ന് കരിയാറ്റി മെത്രാപ്പോലീത്ത ഗോവയിൽ വച്ച് ആകസ്മികമായി മരണപ്പെട്ടു. മരണകാരണം ഇന്നും വ്യക്തമല്ല. കരിയാറ്റി മെത്രാപ്പോലീത്തയുടെ ഈ അകാല ചരമം വിദേശമിഷനറിമാരുലുള്ള നസ്രാണികളുടെ അവിശ്വാസം വർദ്ധിപ്പിക്കുവാൻ കാരണമായി. കരിയാറ്റിയുടെ നിര്യാണത്തിലൂടെ സമുദായത്തെയും സഭയെയും ആത്മാർത്ഥമായി സ്‌നേഹിച്ച ഒരു സഭാ സ്‌നേഹിയെ സുറിയാനി സഭയ്ക്ക് നഷ്ടമായി, സഭൈക്യസംരംഭങ്ങൾക്ക് കനത്ത ആഘാതമേറ്റു. മാർ തോമ്മാ ആറാമനെ കത്തോലിക്കാസഭയിലേയ്ക്ക് പുനരൈക്യപ്പെടുത്താനുള്ള അനുവാദം കരിയാറ്റി മെത്രാപ്പോലീത്തയ്ക്കാണു നല്കിയിരുന്നത്. അദ്ദേഹത്തിന്റെ അകാല ചരമം മൂലം പുനരൈക്യശ്രമം താല്ക്കാലികമായി തടസ്സപ്പെട്ടു.
തുടരും…