സന്യാസ ഭവനത്തിന് പുറത്ത് സന്യാസിക്ക് ജീവിക്കാമോ?

സന്ന്യാസ ജീവിതത്തിന്റെ സാരവത്തായ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് സാമൂഹികജീവിതം. ഒരേ ഭവനത്തിൽ ഒരേ അധികാരിക്ക് കീഴ്‌പ്പെട്ട് ജീവിതസൗകര്യങ്ങൾ പങ്കുവച്ച് ജീവിക്കുക എന്നതാണ് സാമൂഹിക ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സന്ന്യാസ സഭാംഗത്തിന് തന്റെ സന്ന്യാസ ഭവനത്തിന് പുറത്ത് അനുവദനീയമായ രീതിയിൽ താമസിക്കുവാൻ സാധിക്കാത്ത സാഹചര്യങ്ങളെക്കുറിച്ച് വിവരിക്കുകയാണിവിടെ

1. നിയമാനുസൃതമായ അസാന്നിധ്യം:
സന്ന്യാസസഭയുടെ മേജർ സുപ്പീരിയർ തന്റെ കൗൺസിലിന്റെ അംഗീകാരത്തോടുകൂടി, നിശ്ചിതകാലത്തേക്ക് സന്ന്യാസ ഭവനത്തിന് പുറത്ത് താമസിക്കുന്നതിന് നൽകുന്ന അനുവാദമാണിത്. ഇത്തരത്തിലുള്ള ജീവിത അവസ്ഥ നീണ്ടു നിൽക്കാത്തതും സന്ന്യാസ ജീവിതത്തിന്റെ സാമൂഹികജീവിത അവസ്ഥയിൽ നിന്നും അല്പകാലത്തേക്ക് ഉള്ള വിടുതലും ആണ്. സാധാരണ ഇത്തരം കാലയളവ് ഒരു വർഷമാണ്. എന്നാൽ പഠനം, രോഗം എന്നീ കാരണങ്ങൾ മൂലം അസാന്നിധ്യം നീണ്ടുപോകുന്ന സ്ഥിതി വരുമ്പോൾ സന്ന്യാസസഭ ഏത് അധികാരിക്ക് കീഴ്‌പെട്ടിരിക്കുന്നുവോ ആ അധികാരി അതിനുള്ള അനുവാദം കൊടുക്കണം.

2. ബഹിർവാസം (Exclaustration)
സന്യാസ നിയമങ്ങൾക്ക് അയവ് നൽകിക്കൊണ്ട് നിശ്ചിതകാലത്തേക്ക് സന്ന്യാസ ഭവനത്തിന് പുറത്ത് ജീവിക്കുന്നതിന് നിത്യവ്രതം നടത്തിയ ഒരാൾക്ക് നൽകുന്ന അനുവാദം ആണിത്. ഗൗരവമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരം ബഹിർവാസം അനുവദിക്കുകയുള്ളൂ. സന്ന്യാസ ജീവിതം നയിക്കുന്ന ആൾ ആവശ്യപ്പെടുന്നതനുസരിച്ചും സന്ന്യാസസഭ ആവശ്യപ്പെടുന്നതനുസരിച്ചും ഒരാൾക്ക് ബഹിർവാസം കൊടുക്കാവുന്നതാണ് സന്യാസം വൈദികന്റെ ബഹിർവാസത്തിന് സ്ഥലത്തെ മെത്രാന്റെ അനുവാദം ആവശ്യമാണ്. മേജർ സുപ്പീരിയർ തന്റെ കൗൺസിലിന്റെ സമ്മതത്തോടുകൂടി സന്ന്യാസസഭയുടെ പരമോന്നത അധികാരിക്കു നല്കുന്ന അപേക്ഷപ്രകാരം ബഹിർവാസം അനുവദിക്കുന്നു. രൂപതാമെത്രാൻ പരമാവധി മൂന്ന് വർഷത്തേക്കാണ് ബഹിർവാസം അനുവദിക്കുന്നത്. ബഹിർവാസ കാലാവധി കഴിഞ്ഞാൽ സന്ന്യാസ സഭാംഗം സന്ന്യാസസഭയിലേക്ക് തിരിച്ചു വരണം. ബഹിർവാസക്കാലത്ത് പൂർണ്ണമായും തന്നെ സന്ന്യാസസഭ ക്രമങ്ങളുമായി ചേർന്നു പോകാൻ ബുദ്ധിമുട്ടുകൾ ഉണ്ടെന്നതിനാൽ ചില പ്രത്യേക ജീവിത ക്രമങ്ങളിൽ നിന്നും വിടുതൽ കിട്ടുന്നു ഉദാ: സമൂഹജീവിതം ഇക്കാലയളവിൽ അനുഷ്ഠിക്കുന്നതിൽ നിന്ന് ഇളവ് ലഭിക്കുന്നു. പൗരസ്ത്യ നിയമപ്രകാരം സന്ന്യാസ വേഷം ധരിക്കുന്നതിൽ നിന്നും ഈ കാലയളവിൽ വിടുതൽ ലഭിക്കുന്നു. സന്ന്യാസ സഭയിലെ ഉദ്യോഗങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കുവാനും തെരഞ്ഞെടുക്കപ്പെടാനും ഉള്ള അവകാശം ഉണ്ടായിരിക്കുകയില്ല. ബഹിർവാസകാലത്ത് അതാത് രൂപതാധ്യക്ഷന്മാരോട് അനുസരണയിൽ വിധേയപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ബഹിർ വാസകാലത്ത് വ്യക്തികൾക്ക് സന്ന്യാസ അവസ്ഥ നഷ്ടമാകുന്നില്ല. ആയതിനാൽ സന്ന്യാസസഭയുടെ നിബന്ധനകൾ പാലിക്കുവാൻ കടപ്പെട്ടിരിക്കുന്നു