മുല്ലപ്പൂവിന് പച്ചനിറമോ?

0
511

തുർക്കിയിലെ ഖലിഫയെ ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കിയതിൽ പ്രതിഷേധിച്ച് മലബാറിൽ നടന്ന മാപ്പിള ലഹള എന്ന വർഗ്ഗീയലഹളയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി മഹത്ത്വവൽക്കരിക്കുകയും ചരിത്രപുസ്തകങ്ങളിൽ പാഠ്യവിഷയമാക്കുകയും ചെയ്തിരിക്കുന്ന നാടാണ് ഇത്. ഇന്നും ഇതുപോലെ ഏത് നീച പ്രവൃത്തിയെയും ഐതിഹാസികമായി ചിത്രീകരിക്കുവാൻ ഇവിടത്തെ മാധ്യമങ്ങൾക്കും ബുദ്ധിജീവികൾക്കും ഉള്ള കഴിവ് അപാരം തന്നെയാണ്. അതിന്റെ ഉത്തമ ഉദാഹരണമാണ് ആതുര സേവന രംഗത്ത് ഉണ്ടായ പ്രശ്‌നങ്ങൾ.
കേരളത്തിലെ നഴ്‌സുമാർ പല പ്രതിസന്ധികളിലൂടെയും കടന്നു പോകുന്നുണ്ട് എന്നത് വാസ്തവമാണ്. വിദേശ ജോലിയും ഉയർന്ന ശമ്പളവും സ്വപ്നം കണ്ട് ലക്ഷങ്ങൾ ലോണെടുത്ത് അന്യസംസ്ഥാനങ്ങളിൽ പോയി പഠിച്ച പലർക്കും തങ്ങളുടെ ഉദ്ദേശങ്ങൾ സാധിക്കാതെ നാട്ടിലെ ഹോസ്പിറ്റലുകളിൽ ജോലിക്ക് കയറേണ്ടിവന്നു. അതോടൊപ്പം സാധാരണഗതിയിൽ ലഭിക്കേണ്ട തൊഴിലവസരങ്ങൾ പോലും വിദേശങ്ങളിൽ പല കാരണങ്ങളാൽ കുറഞ്ഞു. നാട്ടിലെ ഹോസ്പിറ്റലുകളിൽ നേഴ്‌സുമാരുടെ തള്ളിക്കയറ്റം തന്നെ ഉണ്ടായി. എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിനു വേണ്ടി പലരും ശമ്പളമില്ലാതെ തന്നെ ജോലി ചെയ്യുവാൻ തയ്യാറായി. ലോണെടുത്ത് പഠിച്ച പലരുടെയും കുടുംബങ്ങളിലെ സാമ്പത്തിക അവസ്ഥ തന്നെ താറുമാറായി. വിദേശ ജോലിക്ക് വേണ്ടി മുതൽ മുടക്കിയവർക്ക് നാട്ടിലെ ശമ്പളം എങ്ങനെ മതിവരാനാണ്. അങ്ങനെയിരിക്കുന്ന അവസരത്തിലാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ ബീന ബേബി എന്ന മലയാളി നേഴ്‌സ് മുംബൈയിലെ ഒരു ഹോസ്പിറ്റലിൽ ആത്മഹത്യ ചെയ്യുന്നത്. തുടർന്ന് എല്ലാവരുടെയും ശ്രദ്ധ നേഴ്‌സുമാരുടെ പ്രശ്‌നങ്ങളിലേക്ക് തിരിഞ്ഞു. വിദേശ ജോലിക്ക് വേണ്ടി വരുത്തിവച്ച കടബാധ്യതയുടെ ഉത്തരവാദികൾ നാട്ടിലെ ഹോസ്പിറ്റലുകൾ ആയി. പലരും സമരങ്ങൾ ആരംഭിച്ചു. അതിൽ ഒരു നഴ്‌സസ് അസോസിയേഷൻ വളരെ പ്രബലമായി.

സമരങ്ങൾക്ക് വൻ ജനപിന്തുണയുണ്ടെന്നും വിജയ സാധ്യതയുണ്ടെന്നും അണികളിൽ കൂടുതലും ക്രിസ്ത്യൻ പെൺകുട്ടികളാണെന്നും കഴുകൻ കണ്ണുകൾ കൊണ്ട് നോക്കി കണ്ട ചില തീവ്ര ശക്തികൾ ഈ സംഘടനയെയും ഇതിന്റെ സമരങ്ങളെയും ഹൈജാക്ക് ചെയ്യുന്നതാണ് സമരത്തിന്റെ തുടർഘട്ടങ്ങളിൽ നാം കാണുന്നത്. ഇത്തരം തീവ്ര ശക്തികളുടെ സ്വാധീനഫലമായി അതുവരെ പൊതുവായ രീതിയിൽ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്ന സമരം ചില പ്രത്യേക ആശുപത്രികളെ മാത്രം കേന്ദ്രീകരിച്ചായി. അവ ക്രിസ്ത്യൻ, ഹിന്ദു, മറ്റ് സ്വകാര്യ മാനേജ്‌മെന്റുകൾ എന്നിവയുടെതാണെന്നു എടുത്തു പറയേണ്ടതില്ലല്ലോ. തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലും എറണാകുളം ലിസി ഹോസ്പിറ്റലും ഒക്കെ ഇതിന്റെ ആദ്യ ഇരകളാണ്. ആതുരസേവനരംഗത്ത് മറ്റു മാനേജ്‌മെന്റുകളെ തകർത്ത് തങ്ങളുടെ കുത്തക സ്ഥാപിക്കുക ഈ ശക്തികളുടെ പ്രധാന ലക്ഷ്യമായിരുന്നു. വൈദികരും കന്യാസ്ത്രീകളും കൊള്ളക്കാർ ആണെന്ന ധാരണ സമൂഹത്തിൽ പരത്താൻ ശ്രമിച്ചു. നഴ്‌സുമാരായ പെൺകുട്ടികളെ വീഴ്ത്താൻ പലതരം വലകൾ വിരിച്ചു. വിദേശ റിക്രൂട്ട്‌മെൻറ് എന്ന പേരിൽ ഈ സംഘടനയുടെ പിണിയാളുകൾ ഫോൺവിളികളിലൂടെയും മെസ്സേജ്കളിലൂടെയും കെണിയിൽപ്പെടുത്തിയവർ പലരാണ്. സംഘടനയുടെ ആഭിമുഖ്യത്തിൽ മാസിക ഇറക്കി ക്രിസ്ത്യൻ കുടുംബങ്ങളിൽ തങ്ങളുടെ മതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുക ഇവരുടെ മറ്റൊരു തന്ത്രമാണ്.

ഇവയൊക്കെ കൂടാതെയാണ് സംഘടനയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പുകൾ. മെമ്പർഷിപ്പ് ഫീസ് 500 രൂപ, മാസവരി 100 രൂപ എന്ന നിരക്കിൽ എണ്ണായിരത്തിൽ പരം നേഴ്‌സുമാർ നിന്നും വർഷംതോറും ഭീഷണിപ്പെടുത്തിയും അല്ലാതെയും പിരിക്കുന്ന തുക ഒരു കോടിക്ക് മുകളിലാണ്. നാട്ടിലെ നേഴ്‌സുമാരെ സഹായിക്കാനെന്ന പേരിൽ വിദേശ ജോലിയുള്ള നഴ്‌സുമാരിൽ നിന്ന് സഹതാപമുയർത്തി പിരിച്ചെടുത്ത തുകയ്ക്ക് കണക്ക് ഒന്നുമില്ല. സംഘടന സ്വന്തമായി ഹോസ്പിറ്റൽ പണിയാൻ പോകുന്നു എന്ന് പറഞ്ഞ് അംഗങ്ങളിൽ നിന്ന് നിർബന്ധിത പിരിവ് നടത്തിയിട്ട് ഇപ്പോൾ ആശുപത്രിയുമില്ല കെട്ടിടവുമില്ല. ഇതുകൂടാതെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക അടയ്ക്കാതെ വഞ്ചന കാട്ടിയത്. നിപ്പ വൈറസ് ബാധിച്ച് മരിച്ച നേഴ്‌സ് ലിനിക്കുവേണ്ടി പിരിച്ച തുക ഉൾപ്പെടെ വലിയ സാമ്പത്തിക തട്ടിപ്പുകൾ ഇനിയും പുറത്തുവരാനിരിക്കുന്നു. സംഘടനാ നേതാവ് ഭാര്യയുടെ പേരിൽ കാർ വാങ്ങി വൻതുക സംഘടനയിൽ നിന്ന് തന്നെ ഇ എം ഐ അടച്ച് ഭാരവാഹി എന്ന നിലയിൽ സ്വന്തമായി ഉപയോഗിക്കുന്നുവെന്ന് ചാനൽ ചർച്ചയിൽ അദ്ദേഹത്തിന് തുറന്നു സമ്മതിക്കേണ്ടിവന്ന കാര്യമാണ്. അനേകരുടെ കണ്ണീര് പിഴിഞ്ഞു ഉണ്ടാക്കിയ കാശിന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഗവൺമെൻറിന് മൈക്രോ ഫിനാൻസ് അന്വേഷണം പോലെയാകാതെ ഇച്ഛാശക്തി ഉണ്ടായാൽ നന്ന്.
ഇതൊക്കെ കണ്ടിട്ടും സംഘടനയിലെ പല അംഗങ്ങൾക്കും നേരം വെളുക്കുന്നില്ല എന്നത് വളരെ കഷ്ടമാണ്. നഴ്‌സുമാരെ ചൂഷണം ചെയ്യുന്ന വ്യക്തികേന്ദ്രീകൃത സംഘടനകളെ പുറന്തള്ളി ജനാധിപത്യ സ്വഭാവമുള്ള സംഘടനകളിൽ അംഗങ്ങൾ ആവുകയോ അപ്രകാരമുള്ളവ രൂപീകരിക്കുകയോ ചെയ്യുക നഴ്‌സുമാരുടെ തന്നെ ആവശ്യമാണ്. നാട്ടിലെ നേഴ്‌സുമാരുടെ കാര്യത്തിൽ ആത്മാർത്ഥതയുള്ള വിദേശ ജോലി ചെയ്യുന്ന നേഴ്‌സുമാർ ഇത്തരം തട്ടിപ്പ് സംഘടനകൾക്ക് പിരിവ് നൽകുകയല്ല ചെയ്യേണ്ടത് പകരം നേരിട്ട് അറിയാവുന്നവരെ സാമ്പത്തികമായി സഹായിക്കുകയോ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ജോലി ശരിയാക്കി കൊടുക്കുകയോ ആണ് ചെയ്യേണ്ടത്. ഉണ്ടക്കണ്ണുകളും പുഞ്ചിരിയുമായി വന്നാലും ഈ മുല്ലപ്പൂവിനു വെള്ള നിറമല്ല എന്നകാര്യം ഓർത്തിരിക്കുക.