ഈശോയുടെ പീഡാനുഭവവും മരണവും (ഒന്നാം ഭാഗം) (യോഹ 18,1-27)

0
810

അന്ത്യപ്രഭാഷണത്തെതുടർന്ന്യോഹന്നാൻസുവിശേഷകൻ 18-19 അദ്ധ്യായങ്ങളിലായി ഈശോയുടെ പീഡാനുഭവവും മരണവും വിവരിക്കുന്നു. സമാന്തര സുവിശേഷങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് യോഹന്നാന്റെ അവതരണം. ഈശോയെ എളിമപ്പെടുത്തുന്നതും പരിഹസിക്കുന്നതുമായ ചില ഭാഗങ്ങൾ യോഹന്നാൻ വിട്ടുകളയുകയും, അവിടുത്തെ രാജത്വവും ദൈവത്വവും ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുന്നു.
വിട്ടുകളഞ്ഞവ
ഗത്‌സേമനിയിലെപ്രാർത്ഥന,സാൻഹെദ്രീൻസംഘത്തിനു മുമ്പിലുള്ള വിചാരണ, പ്രധാനപുരോഹിതനു മുമ്പിലുള്ള വിചാരണ,ഹേറോദേസിനു മുമ്പിലുള്ള വിചാരണയും പരിഹാസവും,കുരിശിലെനിലവിളി,രണ്ടുകള്ളന്മാരെക്കുറിച്ചുള്ള വിവരണം, ഈശോയുടെ മരണസമയത്ത് പ്രകൃതിയിലുണ്ടായ സംഭവങ്ങൾ, യൂദാസിന്റെ മരണം.
കൂട്ടിച്ചേർത്തവ
ഈശോയെ ബന്ധിക്കുന്നത്, പീലാത്തോസിന്റെ മുമ്പിലുള്ള നീണ്ട വിചാരണ, കുരിശിന്റെ ശീർഷകത്തെ സംബന്ധിച്ച തർക്കം, ഈശോയുടെ വസ്ത്രം വിഭജിച്ചെടുക്കുന്നത്, കുരിശിൻ ചുവട്ടിൽ മറിയത്തിന്റെയും ഈശോ സ്‌നേഹിച്ച ശിഷ്യന്റെയും സാന്നിദ്ധ്യം, ഈശോയുടെ പാർശ്വം പിളർക്കപ്പെടുന്നതും രക്തവും വെള്ളവും പുറപ്പെടുന്നതും.
1.ഈശോയുടെസമയം:ദൈവത്തിന്റെരക്ഷാകരപ്രവർത്തനത്തിന്റെ നിർണ്ണായക സമയം, അന്ത്യാത്മക സമയം, സമാന്തര സുവിശേഷങ്ങളിലെ അന്ത്യാത്മക പ്രഭാഷണങ്ങളിൽ സൂചിപ്പിക്കപ്പെടുന്ന സമയം, യോഹന്നാന്റെ സുവിശേഷത്തിൽ ഈശോയുടെ സമയമായിത്തീരുന്നു. ഈശോയുടെ ഈ സമയം അവി
ടുത്തെ പീഡാനുഭവ, മരണ, ഉത്ഥാനത്തിലൂടെയുള്ള മഹത്ത്വീകരണത്തിന്റെ സമയമാണ്.
2. മനുഷ്യപുത്രന്റെ ഉയർത്തപ്പെടൽ: സമാന്തര സുവിശേഷങ്ങളിലെ മൂന്നു പീഡാനുഭവ പ്രവചനങ്ങൾ (മത്താ 16,21; 17,22-23; 20,17-19) യോഹന്നാൻശ്ലീഹായുടെ സുവിശേഷത്തിൽ ഈശോയുടെ ഉയർത്തപ്പെടലിനെക്കുറിച്ചുള്ള പ്രസ്താവനകളായി മാറുന്നു (യോഹ 3,14; 8,28; 12,31-34). ഈ വിഷയത്തിന്റെ ഉത്ഭവം സഹനദാസനെപ്പറ്റിയുള്ള ഏശയ്യാ പ്രവാചകന്റെ നാലാം കീർത്തനമാണ് (ഏശ 52,13). സഹനദാസന്റെ ഉയർത്തപ്പെടൽ,
ഈശോയുടെ ഉത്ഥാനത്തിലും സ്വർഗ്ഗാരോഹണത്തിലും പൂർത്തീകരിക്കപ്പെടുന്നു (ശ്ലീഹ 2,33; 5,31). ഈ ഉയർത്തപ്പെടൽ കുരിശിൽ യാഥാർത്ഥ്യമായതായി യോഹന്നാൻ സുവിശേഷകൻ അവതരിപ്പിക്കുന്നു (12,32-33).
3. യുഗാന്ത്യ സംഭവങ്ങളുടെ മുന്നാസ്വാദനം: യുഗാന്ത്യത്തിൽ പൂർത്തിയാകേണ്ട സംഭവങ്ങളെല്ലാം കുരിശിൽനടന്നതായിയോഹന്നാൻശ്ലീഹാപരിഗണിക്കുന്നു: രക്ഷ, ശിക്ഷ, ജീവൻ, വിധി തുടങ്ങിയവ. സുവിശേഷകനെ സംബന്ധിച്ചിടത്തോളം,
രക്ഷയും ശിക്ഷയും മിശിഹായുടെ മുമ്പിൽ ഓരോരുത്തരുമെടുക്കുന്ന വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ നിലപാടുകളെ ആശ്രയിച്ചാണിരിക്കുന്നത്. നിലപാടുകൾ എടുക്കുന്ന നിമിഷംതന്നെ വിധിയുടെ അനുഭവം അയാളിൽ യാഥാർത്ഥ്യമാവും (3,18). ഈശോ ജീവിച്ചിരുന്ന കാലത്തുതന്നെ ഇതു സംഭവിക്കുന്നു. അതിന്റെ നിർണ്ണായക നിമിഷമായിരുന്നല്ലോ കുരിശിലുള്ള ഉയർത്തപ്പെടൽ.
വിഭജനം
പീഡാനുഭവ വിവരണത്തെ അഞ്ചു ഭാഗങ്ങളായി തിരിക്കാം:
1. 18,1-11 ഈശോയെ ബന്ധിക്കുന്നു
2. 18,12-27 ഈശോ അന്നാസിന്റെ മുമ്പിൽ
3. 18,28-19,16മ ഈശോ പീലാത്തോസിന്റെ മുമ്പിൽ
4. 19,16യ-37 ഈശോ കാൽവരിയിൽ
5. 19,38-42 ഈശോയുടെ മൃതസംസ്‌കാരം
1. ഈശോയെ ബന്ധിക്കുന്നു (18,1-11): അന്ത്യ അത്താഴത്തെ തുടർന്ന് ഈശോ കെദ്രോൻ അരുവി കടന്ന് ഗത്‌സേമൻ തോട്ടത്തിൽ പ്രവേശിച്ചു. പതിവായി ഈശോ പ്രാർത്ഥനയ്ക്കായി പോയിരുന്ന സ്ഥലമായിരുന്നു ഒലിവുമലയുടെ അടിവാരത്തിലുള്ള ഗത്‌സേമൻ തോട്ടം. യൂദാസിന്റെ നേതൃത്വത്തിൽ ഒരു ഗണം പടയാളികളും സേവകരും അവിടെയെത്തുന്നു. ഈശോ മുന്നോട്ടുവന്ന് അവരോടു ചോദിച്ചു: ”നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” (18,4). ”അവർ പറഞ്ഞു: നസറായനായ ഈശോയെ. ഈശോ പറഞ്ഞു: അതു ഞാനാണ്….ഞാനാണ് എന്ന് അവൻ പറഞ്ഞപ്പോൾ അവർ പിൻവലിയുകയും നിലം പതിക്കുകയും ചെയ്തു” (18,5-6). ”ഞാൻ ആകുന്നു” എന്ന പ്രയോഗം യോഹന്നാന്റെ സുവിശേഷത്തിൽ ദൈവനാമത്തെ സൂചിപ്പിക്കുന്നതാണ്. ഈശോദൈവമാണ്,ദൈവത്തെവെളിപ്പെടുത്തുന്നവനാണ് എന്ന് ഇതു സൂചിപ്പിക്കുന്നു. ദൈവത്തെവെളിപ്പെടുത്തുക എന്ന തന്റെ ജോലി തന്റെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങളിലൂടെ സംഭവിക്കാൻ പോകുന്നു എന്ന് ഇതു സൂചിപ്പിക്കുന്നുണ്ട്. പടയാളികളുടെ പ്രതികരണം സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ മുമ്പിലുള്ള പ്രതികരണമാണ്.
ഈശോയുടെപൂർണ്ണഅറിവോടുംസമ്മതത്തോടുംകൂടെമാത്രമാണ് പടയാളികൾക്ക് അവിടുത്തെ ബന്ധിക്കാൻ കഴിഞ്ഞത്.
പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഈശോ തന്റെ മഹത്ത്വീകരണത്തിലേക്ക്പീഡാനുഭവമരണോത്ഥാനങ്ങളിലേക്ക്- പ്രവേശിക്കുന്നു എന്ന് ഇതു വ്യക്തമാക്കുന്നു. പത്രോസ് വാളെടുത്ത് പ്രധാനപുരോഹിതന്റെ ഭൃത്യനെ വെട്ടിയപ്പോൾ ഈശോ പറയുന്നു: ”പിതാവ് എനിക്കു നല്കിയ പാനപാത്രം ഞാൻ കുടിക്കേണ്ടയോ?” (18,11). പിതാവിന്റെ ഹിതപ്രകാരം താൻ സ്വതന്ത്രമായി ഏറ്റെടുക്കുന്ന ഒന്നാണ് തന്റെ പീഡാനുഭവവും മരണവുമെന്ന് ഇതു വ്യക്തമാക്കുന്നു.
2. ഈശോ അന്നാസിന്റെ മുമ്പിൽ (18,12-27): ആ വർഷത്തെ പ്രധാനാചാര്യനാ
യിരുന്ന കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്ന അന്നാസിന്റെ അടുത്തേയ്ക്കാണ് പടയാളികൾ ഈശോയെ ആദ്യം കൊണ്ടുപോയത്. അന്നാസിന്റെ വിചാരണയിൽ ഈശോയുടെ പ്രബോധനമാണ് പ്രധാന വിഷയമായത്. എല്ലാം പരസ്യമായി പഠിപ്പിച്ചിരുന്ന ഈശോ, ”എന്നോടു ചോദിക്കുന്നതെന്തിന്? ഞാൻ പറഞ്ഞതെന്താണെന്നു കേട്ടവരോടു ചോദിക്കുക. ഞാൻ എന്താണു പറഞ്ഞതെന്ന് അവർക്കറിയാം” (18,21) എന്ന മറുപടിയാണ് നല്കിയത്. ”ഞാൻ പറഞ്ഞത്” എന്നതിന് ഉപയോഗിക്കുന്ന ഗ്രീക്കു പദത്തിന് ദൈവിക വെളിപ്പെടുത്തലിന്റെ സൂചനയുണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽദൈവത്തെവെളിപ്പെടുത്തുന്നതിലൂടെയാണ് ഈശോ തന്റെ രക്ഷാകരപ്രവർത്തനം നിർവ്വഹിക്കുന്നത്. തന്റെ ഈ ദൗത്യം ഈശോ ന്യായാധിപസംഘത്തിനു മുമ്പിൽ പരസ്യമായി പ്രഖ്യാ
പിക്കുന്നു. യഹൂദരുടെ ഭാഗത്തുനിന്ന് ഈശോയ്ക്ക് നിഷേധാത്മകമായ മറുപടിയാണു ലഭിക്കുന്നത്. ”സേവകന്മാരിലൊരുവൻ, ഇങ്ങനെയാണോ പ്രധാന പുരോഹിതനോടു മറുപടി പറയുന്നത് എന്നു ചോദിച്ചു
കൊണ്ട് ഈശോയെ അടിച്ചു” (18,22).പത്രോസ് ഈശോയെ തള്ളിപ്പറയുന്നു (18,15-18.25-27): അന്നാസിന്റെ മുമ്പിലുള്ള വിചാരണയുടെ ഇടയിലാണ് പത്രോസ് ഈശോയെ തള്ളിപ്പറയുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. ഈശോ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ പന്ത്രണ്ടു ശ്ലീഹന്മാരിൽ പത്തു പേരും ഓടിയൊളിച്ചു. പത്രോസും യോഹന്നാനുംമാത്രം ഈശോയെ അനുഗമിച്ചു. ഈശോയോടുള്ള സ്‌നേഹമാണ് അതിന് അവരെ പ്രേരിപ്പിച്ചത്. യോഹന്നാൻ ഈശോയോടൊപ്പം കൊട്ടാരമുറ്റത്തു പ്രവേശിക്കുക മാത്രമല്ല, അവസാനംവരെ ഈശോയോടുകൂടെ ആയിരിക്കുകയും ചെയ്തു.
പത്രോസ് കൊട്ടാരമുറ്റത്തു കയറിയെങ്കിലും ഭൃത്യന്മാരോടുംസേവകരോടുമൊപ്പംതീകായുകയായിരുന്നു (18,15-18).
പത്രോസ് പ്രലോഭനങ്ങൾക്കടിമപ്പെട്ട് മൂന്നു പ്രാവശ്യം ഗുരുവിനെ നിഷേധിച്ചു പറഞ്ഞു (18,25-27). ‘പത്രോസ് തീ കാഞ്ഞുകൊണ്ടിരുന്നു’ എന്ന് സുവിശേഷകൻ ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നുണ്ട് (18,18.25). അറസ്റ്റു ചെയ്യപ്പെട്ട് വിചാരണ ചെയ്യപ്പെടുന്ന ഗുരുവിനെപ്പറ്റിയുള്ള ചൂട് ഉള്ളിൽ അനുഭവപ്പെടാത്തതുകൊണ്ടാവണം
പത്രോസ് ബാഹ്യമായ ചൂട് തേടിപ്പോയത്. ഈശോയെ അനുഗമിക്കുക എന്നത് ശിഷ്യത്വത്തിന്റെ മുഖമുദ്രയാണ്. ഈശോയുമായി ശരിയായ സ്‌നേഹബന്ധം സ്ഥാപിക്കുക എന്നതാണ് ശിഷ്യത്വം ആവശ്യപ്പെടുന്നത്. ഇതു സാവകാശമാണ് സംഭവിക്കുന്നത്.അതുകൊണ്ട്പ്രലോഭനങ്ങളുണ്ടായപ്പോൾ പത്രോസ് അവയ്ക്ക് അടിമപ്പെട്ടു.
പത്രോസിന്റെ അനുതാപവും വളർച്ചയും: എന്നാൽ, മൂന്നാം പ്രാവശ്യം തള്ളിപ്പറഞ്ഞ ഉടനെ കോഴി കൂവി. ഈശോ മുൻകൂട്ടി നല്കിയ മുന്നറിയിപ്പ് (13,38) ഓർക്കുവാനും തന്റെ തെറ്റിനെക്കുറിച്ചു പശ്ചാത്തപി
ക്കുവാനും ഇതു പത്രോസിന് അവസരമൊരുക്കി. വി. ലൂക്കായുടെ സുവിശേഷം ഇതു വ്യക്തമായി പറയുന്നുണ്ട്: ”കർത്താവു പത്രോസിന്റെ നേരെ തിരിഞ്ഞ്അവനെനോക്കി.ഇന്നുകോഴികൂവുന്നതിനുമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കർത്താവു പറഞ്ഞ വചനം അപ്പോൾ പത്രോസ് ഓർമ്മിച്ചു. അവൻ പുറത്തുപോയിമനംനൊന്തു കരഞ്ഞു” (ലൂക്കാ 22,61-62). കർത്താവിന്റെ നോട്ടം പത്രോസിൽ അനുതാപം ഉളവാക്കി. കർത്താവിന്റെ സ്‌നേഹത്തെ അനുസ്മരിപ്പിക്കുന്ന ഒരു നോട്ടമായിരുന്നിരിക്കണം പത്രോസിനു ലഭിച്ചത്. സ്‌നേഹത്തിൽനിന്നുളവായ അനുതാപംപത്രോസിനെ ഈശോയുടെ സ്‌നേഹത്തിൽ
വളർത്തുകയും ഉറപ്പിക്കുകയും ചെയ്തു (യോഹ 21,15-19). വീഴ്ചകൾ നമ്മെ തളർത്താനിടയാക്കരുത്. പത്രോസിനെപ്പോലെ, വീഴ്ചകൾ നമുക്ക് ദൈവസ്‌നേഹത്തിൽ, ഈശോയോടുള്ള സ്‌നേഹത്തിൽ, വളരാനുള്ള ചവിട്ടുപടികളാവണം.
ചോദ്യങ്ങൾ
1. പീഡാനുഭവ വിവരണത്തിൽ യോഹന്നാൻശ്ലീഹാ വിട്ടുകളയുകയും കൂട്ടിച്ചേർക്കുകയും ചെയ്തവ ഏവ? എന്തുകൊണ്ട്?
2. വി. യോഹന്നാന്റെ സുവിശേഷത്തിലെ പീഡാനുഭവ വിവരണത്തിലെ മുഖ്യപ്രമേയങ്ങൾ ഏതെല്ലാം?
3. ഈശോയെ ബന്ധിക്കുന്നതിന്റെ വിവരണം അവിടുത്തെ വ്യക്തിത്വത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
4. പത്രോസിന്റെ തള്ളിപ്പറയലും അനുതാപവും നമ്മെ എന്തു പഠിപ്പിക്കുന്നു?