എന്തുകൊണ്ട് കത്തോലിക്കർ വൈദികന്റെയടുക്കൽ പാപങ്ങൾ ഏറ്റുപറയുന്നു?

എന്തുകൊണ്ട് കത്തോലിക്കർ വൈദികന്റെയടുക്കൽ പാപങ്ങൾ ഏറ്റുപറയുന്നു എന്നതിന്റെ ഏറ്റവും ലളിതമായ ഉത്തരം അത് ദൈവത്തിന്റെ പദ്ധതിയാണ് എന്നതാണ്. യാക്കോബ് ശ്ലീഹായുടെ ലേഖനം 5,16-ൽ നാം വായിക്കുന്നു: ”നിങ്ങൾ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങൾ ഏറ്റുപറയുകയും പ്രാർത്ഥിക്കുകയും ചെയ്യുവിൻ.” സുവിശേഷത്തിൽ മനുഷ്യപുത്രനുള്ള പാപമോചനാധികാരത്തെക്കുറിച്ച് മത്തായി 9,6-ൽ കർത്താവ് അനുസ്മരിപ്പിക്കുന്നു. ശിഷ്യപ്രമുഖനായ പത്രോസിന്, കർത്താവ് ഭൂമിയിലും സ്വർഗ്ഗത്തിലും അഴിക്കുവാനും കെട്ടുവാനുമുള്ള അധികാരം നൽകി (മത്തായി 16,19). പാപമോചനാധികാരം തന്റെ ശിഷ്യർക്കു നൽകുന്ന കർത്താവിനെ യോഹ. 20,21-23-ൽ നാം കാണുന്നു. കർത്താവിന്റെ സഭയിൽ പൗരോഹിത്യാധികാരം ഉള്ളവരാണ് അവിടുത്തെ ശ്ലൈഹിക ദൗത്യം നിർവ്വഹിക്കുന്നത് (കാനൻ, 722). ത്രെന്തോസ്, വത്തിക്കാൻ സൂനഹദോസുകൾ മേൽ പറഞ്ഞ പ്രബോധനത്തെ വ്യക്തമായി പഠിപ്പിച്ചതാണ്. മിശിഹായുടെ പൗരോഹിത്യത്തിന്റെ പങ്കുകാർ പുരോഹിതരെന്നാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചത് (PO,5). സഭയുടെ മതബോധനഗ്രന്ഥം 1461, 1462 നമ്പരുകൾ ഇതേ സത്യം ആവർത്തിക്കുന്നു. ലേവ്യരുടെ പുസ്തകം 1,1-5-ൽ വിവരിച്ചിരിക്കുന്നതനുസരിച്ച് ദൈവത്തിന്റെ കൃപ മനുഷ്യനു നൽകാൻ വേർതിരിക്കപ്പെട്ടവനാണ് പുരോഹിതൻ.

ജനനം മുതൽ മരണംവരെ – ഓരോ ജീവിതാവസ്ഥയിലും മനുഷ്യന് ആത്മീയ ഉണർവ്വ് പ്രദാനം ചെയ്യുന്നതാണ് കൂദാശകൾ. ഒരു കൂദാശയും തനിയെ നിർവ്വഹിക്കപ്പെടുന്നില്ല. പ്രത്യുത, പുരോഹിതനെന്ന മദ്ധ്യവർത്തിയിലൂടെ ദൈവകൃപാവരം വർഷിക്കപ്പെടുന്നു. കുമ്പസാരക്കൂട്ടിലെ പുരോഹിതൻ മിശിഹായിൽ പ്രവർത്തിക്കുന്നവനാണ്. അതുകൊണ്ടാണ് അനുതാപി വൈദികനോടു സംസാരിക്കുമ്പോൾ ഈശോയാടാണ് സംസാരിക്കുന്നത് എന്നു പറയുന്നത്. ”നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് പുരോഹിതൻ പറയുമ്പോൾ, ഈശോയാണ് പാപങ്ങൾ മോചിക്കുന്നതെന്ന അടിസ്ഥാന വിശ്വാസമാണ് സഭയുടേത്. നമ്മുടെ പാപങ്ങൾ ദൈവത്തെ മാത്രമല്ല, സമൂഹത്തെയും വ്രണപ്പെടുത്തുന്നു. അനുതാപിയുടെ ഏറ്റുപറച്ചിൽവഴി, തന്നോടും ദൈവത്തോടും, സമൂഹത്തോടുമുള്ള പൊറുതിക്കായുള്ള അർത്ഥനയാണു നടക്കുന്നത്. ഓരോ കുമ്പസാരവും, അനുതാപിയുടെ ജീവിത സാഹചര്യത്തിന് അനുയോജ്യമായ ഉപദേശത്തിന് അവസരമൊരുക്കുന്നു. കുമ്പസാരത്തിൽ ലഭ്യമാകുന്ന പ്രായശ്ചിത്തം ആത്മീയ സൗഖ്യത്തിലേയ്ക്ക് അനുതാപിയെ നയിക്കുന്ന ഔഷധമാണ്.