ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ തന്ത്രമാണ്. വിവിധ ജാതി മതങ്ങളെ തമ്മിലടിപ്പിച്ച് അവർ സുഗമമായി നാടു ഭരിച്ചു. അതിന്റെ അലയൊലികളും പൊട്ടിത്തെറികളും ഈ ദിവസങ്ങളിലും രാജ്യത്തെ നടുക്കിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ഇടതുപക്ഷ സർക്കാരും ഇതേ നയം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു വ്യത്യാസം മാത്രമുണ്ട്; ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുകയല്ല വിശ്വാസികളെ തമ്മിലടിപ്പിക്കുകയാണ്.
മതങ്ങളെയും വിശ്വാസങ്ങളെയും ഇല്ലാതാക്കുക എന്നത് കമ്യൂണിസ്റ്റ് അജൻഡയുടെ ഭാഗമാണ്. റഷ്യയിലും ക്യൂബയിലും ചൈനയിലുമെല്ലാം ഇതു ലോകം ദർശിച്ചതാണ്. അവിടെയൊക്കെ അക്രമങ്ങളും പീഡനങ്ങളും അടിച്ചമർത്തലുകളുമാണെങ്കിൽ ഇവിടെ അടവുനയങ്ങളാണ് എന്ന വ്യത്യാസം മാത്രം. ശബരിമലയിൽ നമ്മൾ അതു കണ്ടതാണ്. സ്ത്രീപ്രവേശന വിഷയത്തിൽ വാദപ്രതിവാദങ്ങൾക്കുള്ള സാഹചര്യം സൃഷ്ടിച്ച് ഇവിടുത്തെ ഹൈന്ദവ സമൂഹത്തെ രണ്ടു ചേരിയിലാക്കുന്നതിൽ അവർ വിജയിച്ചു. തുടർന്ന് ഇവിടുത്തെ ക്രൈസ്തവ സമൂഹത്തെ വീണ്ടും ലക്ഷ്യംവെച്ചിരിക്കുകയാണ്. ഈ ഉന്നംെവയ്ക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരള സംസ്ഥാനത്തിന്റെ രൂപീകരണം മുതൽ ആരംഭിച്ചതാണ്. ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് മുണ്ടശേരി ക്രൈസ്തവ വിദ്യാലയങ്ങൾ പിടിച്ചെടുക്കാൻ ഒരു ശ്രമം നടത്തി. അതു വിമോചനസമരത്തിൽ കലാശിച്ചു. പിന്നീട് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് എം.എ ബേബി ഒരു ശ്രമം കൂടി നടത്തി പരാജയത്തിന്റെ ചരിത്രം ആവർത്തിച്ചു. എന്നാൽ ഇനി കളം മാറി കളിക്കാം എന്ന ചിന്തയോടുകൂടി അടുത്ത ആയുധവുമായി രംഗത്തെത്തി – ”കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റിയൂഷൻ ട്രസ്റ്റ് ബിൽ” – ജസ്റ്റീസ് വി. ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഈ ബിൽ ഭരണഘടനയിലെ 26-ാം വകുപ്പ് പ്രകാരമുള്ള ന്യൂനപക്ഷ അവകാശങ്ങൾക്കു വിരുദ്ധമാണ് എന്ന കാരണത്താൽ കോടതി റദ്ദാക്കി. ദീർഘനാൾ ആവനാഴിയിൽ ഒളിപ്പിച്ചുവച്ചിരുന്ന ഈ ആയുധം ഇപ്പോൾ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്.
ഈ ആയുധം വളരെ ആസൂത്രിതമായിട്ടാണ് പ്രയോഗിക്കാൻ ഒരുങ്ങുന്നത്. ഇനി ഒരു പരാജയം ഉണ്ടാകാൻ പാടില്ലല്ലോ. ഇതിനു വേണ്ട ഗ്രൗണ്ട് വർക്കുകൾ ഒരുപരിധിവരെ ചെയ്തു കഴിഞ്ഞു. വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ചും സമരപന്തലുകളിൽ കുത്തിയിരുന്നും പ്ലക്കാർഡുകളിൽ എഴുതി പ്രദർശിപ്പിച്ചും ചർച്ച് ആക്ട് നടപ്പിലാക്കേണ്ടത് എന്തോ അടിയന്തിര ആവശ്യമാണെന്നു പൊതുസമൂഹത്തിലും ഏതാനും വിശ്വാസികളുടെ ഇടയിലും ചിന്തയുണ്ടാക്കാൻ കഠിനമായ പരിശ്രമം നടന്നു. ഈ പരിശ്രമങ്ങളുടെ മധ്യത്തിലാണ് തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിവാരിയിടാൻ കരടു ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്.
സഭയിലെ സാമ്പത്തികകാര്യങ്ങൾ ഒന്നും സുതാര്യമല്ല, അതിനാൽ ഞങ്ങൾ എല്ലാം സുതാര്യമാക്കാൻ പോകുന്നു എന്നാണല്ലോ ഈ ബില്ലുവഴി സർക്കാർ ജനങ്ങളോട് പറയുന്നത്. സമ്പത്തു മുഴുവൻ വൈദികരാണ് കൈകാര്യം ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ പരത്തി അൽമായരെയും വൈദികരെയും തമ്മിൽ ഭിന്നിപ്പിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണ്? എല്ലാ ഇടവകകളിലും പൊതുയോഗവും നൂറിനുമുകളിൽ വീടുകൾ ഉള്ള ഇടവകകളിൽ പാരീഷ് കൗൺസിലുകളും ഉണ്ട്. ഇവ തെരഞ്ഞെടുത്ത് അംഗീകരിക്കുന്ന കൈക്കാരന്മാർ വികാരിയോടൊപ്പം കൂട്ടുത്തരവാദിത്തത്തോടെയാണ് പള്ളിയുടെ സാമ്പത്തികകാര്യങ്ങൾ നിർവ്വഹിക്കുന്നത്. കണക്കുകൾ ഇന്റേണൽ ഓഡിറ്റിങ്ങ് നടത്തി നിശ്ചിത കാലയളവുകളിൽ പ്രസ്തുത സമിതകളിൽ അവതരിപ്പിക്കുന്നുണ്ട്. ഇതു കൂടാതെ കേന്ദ്ര സർക്കാരിന്റെ പുതിയ സാമ്പത്തിക അച്ചടക്ക നടപടികൾ പ്രകാരം എല്ലാ പള്ളികളും പാൻകാർഡ് എടുക്കുകയും 12A രജിസ്‌ട്രേഷനു വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുകയുമാണ്. ഈ ഇൻകം ടാക്‌സ് നിബന്ധനകൾ പ്രകാരം ചാർട്ടേഡ് അകൗണ്ടന്റിനെ (ഇഅ)കൊണ്ട് വർഷാവർഷം ഓഡിറ്റിങ്ങ് നടത്തി റിട്ടേൺ സമർപ്പിക്കേണ്ടതുമാണ്. രൂപതകളിലും, ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടുവരുന്ന പാസ്റ്ററൽ കൗൺസിലും അതിന്റെ ഫിനാൻസ് കമ്മറ്റിയും ഉണ്ട്. കൂടാതെ മുകളിൽ പറഞ്ഞ എല്ലാ ഗവൺമെന്റ് നടപടികളും വളരെ ക്കാലം മുതലേ ഉണ്ട്. സഭയുടെ സ്ഥാപനങ്ങളെല്ലാം ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്ത് ആ നിയമപ്രകാരമാണ് പ്രവർത്തിച്ചുവരുന്നത്. കണക്കുകളിൽ സംശയമുണ്ടെങ്കിൽ പൊതുയോഗത്തിൽ ഉന്നയിക്കാനും കോടതിയിൽ പരാതിപ്പെടാനും നിലവിലെ നിയമങ്ങളിൽ തന്നെ അവസരം ഉണ്ടല്ലോ. ഇതിൽ കൂടുതൽ എന്തു സുതാര്യതയാണ് കൊണ്ടുവരാനായിട്ടുള്ളത്.
പുതിയ സംവിധാനങ്ങളുടെ ആവശ്യകത സഭയ്‌ക്കോ വിശ്വാസികൾക്കോ അല്ല പ്രത്യയശാസ്ത്രക്കാർക്കാണ്. വിശ്വാസികളുടെ ഇടയിൽ വിഭാഗീയത ഉളവാക്കണം, സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറണം, സഭയുടെ സമ്പത്തിന്റെ നിയന്ത്രണം തങ്ങളുടെ കയ്യിൽ കൊണ്ടുവരണം തുടങ്ങിയ വ്യാമോഹങ്ങളാണ് ഇതിനുപിന്നിൽ. എന്നാൽ ഇതേ സുതാര്യത എന്തുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നടപ്പാക്കപ്പെടുന്നില്ല. ബക്കറ്റു പിരുവുകളും കൂപ്പൺ പിരുവകളും പാർട്ടി അംഗങ്ങളല്ലാത്തവരോടുപോലും നിർബ്ബന്ധിച്ചു വാങ്ങാറുള്ളതാണ്. ഇവയ്‌ക്കൊക്കെ കണക്കോ ഓഡിറ്റിങ്ങോ ഉണ്ടോ? പാർട്ടി അംഗങ്ങൾക്കെങ്കിലും ഇത് അറിയാനുള്ള അവകാശമുണ്ടോ? ഇതും പൊതുജനത്തിന്റെ പണംതന്നെയല്ലേ. ഇതു കൃത്യമായി ചെലവഴിച്ചില്ല എന്നു തോന്നിയാൽ പരാതിപ്പെടാൻ ഒരു സംവിധാനം ആവശ്യമല്ലേ? രാഷ്ട്രീയ പാർട്ടികൾുള്ള സംഭാവനകൾ ബാങ്കുകൾ വഴിയാക്കണം എന്ന നിർദ്ദേശത്തെ ഒരു പാർട്ടിയും സ്വീകരിക്കാത്തത് എന്തുകൊണ്ട്? സുതാര്യമായ ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടാക്കിയെടുക്കാനാണ് ഇവിടുത്തെ രാഷ്ട്രീയക്കാർ ആദ്യം ശ്രമിക്കേണ്ടത്. അതോടൊപ്പം നിലവിൽ സുതാര്യമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയും വേണം. ”ആദ്യം സ്വന്തം കണ്ണിൽ നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ചതെളിയും” (മത്താ 7,5) എന്നു മാത്രമാണ് കരടുബില്ലുമായി നടക്കുന്നവരോടു പറയാനുള്ളത്.