നോമ്പ് :പ്രലോഭനങ്ങളിലെ പടച്ചട്ട

0
635

ക്രൈസ്തവ ജീവിതത്തിൽ ആത്മീയ നവീകരണത്തിന് ഏറ്റവും ശ്രദ്ധ നല്കുന്ന വലിയനോമ്പിലേയ്ക്കു നമ്മൾ പ്രവേശിക്കുകയാണ്. അരൂപിയാൽ അഭിഷിക്തനായ മിശിഹായുടെ മരുഭൂമിയിലെ പരീക്ഷയാണ് നോമ്പിലേയ്ക്കുള്ള വചനവാതിൽ. ഈ പരീക്ഷ അവന്റെ ജീവിത കാലഘട്ടം മുഴുവന്റെയും ഒരു നേർക്കാഴ്ചയാണ്. എന്നാൽ ഈശോയുടെ പരസ്യ
ജീവിതകാലത്തിന്റെ അനുഭവങ്ങളിൽ നിന്ന് അകലങ്ങളിലായിരിക്കുന്ന നമുക്ക് എങ്ങനെ ഈ നേർക്കാഴ്ച ദർശിച്ച് നോമ്പുകാലം പരിവർത്തനത്തിന്റേതാക്കാൻ സാധിക്കും. ഈശോ നേരിട്ട പ്രലോഭനങ്ങളെക്കുറിച്ചുള്ള വിചിന്തനം നമ്മളെ ജീവിത നവീകരണത്തിന് പ്രാപ്തമാക്കും. പ്രത്യക്ഷത്തിൽ മൂന്ന് എന്നു തോന്നുമെങ്കിലും പല തരത്തിലുള്ള പ്രലോഭനങ്ങളെയാണ് ഈശോ അഭിമുഖീകരിച്ചത്.
പ്രകോപനത്തിന്റെ പ്രലോഭനം
”നീ ദൈവപുത്രനാണെങ്കിൽ” എന്ന വെല്ലുവിളിയുടെ സ്വരം ഉയർത്തിക്കൊണ്ടാണ് ഒന്നും രണ്ടും പ്രലോഭനങ്ങൾ ആരംഭിക്കുന്നത്. പ്രലോഭകൻ അവനെ പ്രകോപിതനാക്കാൻപരിശ്രമിക്കുന്നു.പ്രകോപനത്തിന്റെ വാക്കുകൾ നമ്മെയും വളരെയധികം പ്രലോഭിപ്പിക്കും. നമ്മളെ തന്നെ മികച്ചവരും കഴിവുകൂടിയവരും മാറ്റിനിർത്തപ്പെടാത്തവരുമായി അവതരിപ്പിക്കാനുള്ള പ്രലോഭനം നമുക്ക് ഉണ്ടാകും. ഇതു നാം പ്രധാനമായും നേരിടുന്നത് ഭൗതിക വസ്തുക്കളുടെയും പ്രശസ്തിയുടെയും സമ്പത്തിന്റെയും അപ്പത്തിനുവേണ്ടിയുള്ള അധ്വാനത്തിന്റെയും മേഖലകളിലാണ്. ആർഭാടങ്ങളും പൊങ്ങച്ചങ്ങളുമൊക്കെ ഈ പ്രലോഭനത്തിന്റെ പരിണിതഫലങ്ങളാണ്. നാം ജീവിക്കുന്ന സമൂഹം നമ്മെ നിരന്തരംകഴിവുംമികവുംതെളിയിക്കാൻപ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നു.
അസംതൃപ്തിയുടെ പ്രലോഭനം
കല്ലുകളെ അപ്പമാക്കാനുള്ള വെല്ലുവിളിയിൽ പ്രലോഭകൻ പറയുന്നത് അനവധി ആവശ്യങ്ങളുടെ മേഖലകളിൽ സംതൃപ്തിക്കായി അലയുവാനാണ്. അത്യാവശ്യവും ആവശ്യവും അനാവശ്യവും തമ്മിൽ വേർതിരിക്കാനാവാത്ത നമ്മുടെ ജീവിതക്രമം ഇവിടെ വിശകലനവിധേയമാക്കണം. ആവശ്യങ്ങളായി ചിത്രീകരിക്കപ്പെടുന്ന കാര്യങ്ങളുടെ നീണ്ട നിര അല്പമൊന്നുമല്ലനമ്മുടെജീവിതത്തെഅസ്വസ്ഥമാക്കുന്നത്. ദൈവത്തിനു നൽകേണ്ട സമയങ്ങളും സാഹചര്യങ്ങളും ഇല്ലാതാക്കാൻ അസംതൃപ്തിയുടെ പ്രലോഭനം നമ്മെ പ്രേരിപ്പിക്കുന്നു.
അതിവേഗത്തിന്റെ പ്രലോഭനം
പ്രലോഭകൻ കല്ലുകളെഅപ്പമാക്കാൻആവശ്യപ്പെടുമ്പോൾ മുമ്പോട്ടു വയ്ക്കുന്നത് അതിവേഗത്തിന്റെ പ്രലോഭനമാണ്.പ്രകൃതിയുടെസാധാരണക്രമംഅനുസരിച്ച് കല്ല് പൊടിഞ്ഞ് മണ്ണായി, മണ്ണ് വളക്കൂറുള്ളതായി ഒരുക്കപ്പെട്ട്, വിത്തെറിഞ്ഞ് വിളവായി, ധാന്യമായി അതു പൊടിഞ്ഞ് അപ്പമാകുവാനെടുക്കുന്ന സമയത്തെ വെട്ടിക്കുറയ്ക്കുവാനുള്ള പ്രലോഭനമാണ് ഇത്. ഇന്നിന്റെ ജീവിതശൈലികളിൽ നാം നേരിടുന്ന വലിയ ഒരു പ്രലോഭനമാണ് സമയമില്ലായ്മയുടെയും അതിവേഗത്തിന്റെയും. അതിവേഗം സമ്പന്നരാകാനുള്ള പ്രലോഭനം, അതിവേഗം പ്രശസ്തരാകാൻ, നവസമ്പർക്ക മാധ്യമങ്ങളിലെ താരമാകാൻ, വാർത്തകളുടെ സ്രഷ്ടാക്കളാകാൻ തുടങ്ങി ഈ നിര
നീളുകയാണ്. ഈ പ്രലോഭനം വിചിന്തനവിധേയമാക്കി മാനസാന്തരപ്പെടുക എന്നത് കുടുംബങ്ങളുടെ നിലനിൽപ്പിന് അനിവാര്യമാണ്. കുടുംബ ബന്ധത്തിന്റെ ഇഴയടുപ്പവുംസ്‌നേഹകൂട്ടായ്മയും കാറ്റിൽ പറത്തി ദൈവത്തെയും പ്രാർത്ഥനയും മറന്ന് കല്ലുകൾ അപ്പമാക്കി ഭൗതിക സമ്പത്തിൽ വളരുമ്പോൾ നാം ഈ പ്രലോഭനത്തിന്റെ ഇരകളായി മാറുന്നു.
അദ്ധ്വാനിക്കാതെ അതിവേഗം അപ്പമാക്കിയ കല്ലുകൾ ഭക്ഷിച്ച് കുടുംബങ്ങൾക്ക് ഇന്ന്ദഹന പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ദൈവത്തെകൂടാതെ വളർത്തിയ സമ്പാദ്യങ്ങൾ ആസ്വദിക്കുന്ന കുടുംബസാഹചര്യങ്ങളിൽ നമ്മൾ കല്ലു ഭക്ഷിച്ച മനുഷ്യരായി അസ്വസ്ഥതകൾ നേരിടുന്നുണ്ട്.ദൈവംകൊടുത്തമന്നആവശ്യത്തിലധികം സമ്പാദിച്ച ഇസ്രായേൽക്കാരെപ്പോലെ നാം മാറരുത്. പകരം വചനത്തിന്റെ വഴിയെ നടന്ന് പ്രലോഭകനെ തോൽപ്പിക്കണം.
നിസാരവൽക്കരണത്തിന്റെ പ്രലോഭനം
ആഹാരം വേണ്ടാത്തവന്റെയും ആഹരിച്ച്
തൃപ്തനായവന്റെയും മുമ്പിൽ ഒരുപോലെ സുവിശേഷത്തിലെ രണ്ടാം പ്രലോഭനം കടുന്നുവരുന്നു. വിനോദത്തന്റെ മൂടുപടം അണിഞ്ഞ് ഗൗരവമേറിയതിനെ തരംതാഴ്ത്താൻ പ്രലോഭകൻ ശ്രമിക്കുന്നു. ആഹാരം വേണ്ട പകരം ആത്മീയതയുടെ വചനമുണ്ട് എന്നു പറഞ്ഞ ഈശോയെ തരംതാഴ്ത്തി
സർക്കസുകാരനാക്കാൻ ശ്രമിക്കുന്നതാണ് ഈ പ്രലോഭനകഥ. നീ മുകളിൽ നിന്ന് താഴേക്കു ചാടുക, ”ദൂതന്മാർ നിന്നെ താങ്ങും”എന്ന വചനം വച്ച് തമാശ പറയുവാൻ ആത്മീയത പറഞ്ഞവന്റെ മുമ്പിൽ പിശാച് മുതിരുന്നു. വചനം മറന്നുപോവുകയും വിനോദത്തിന്റെ തമാശകളിൽ ആത്മീയതയുടെ ഗൗരവമേറിയ കാര്യങ്ങൾ ഒതുങ്ങി പോവുകയും ചെയ്യുന്ന വലിയ പ്രലോഭനമാണ് ഇത്. വചനം വിനോദമാക്കി വില കുറയ്ക്കാൻ നാം ശ്രമിക്കരുത്. സോദോം ഗോമോറയുടെ നാശത്തിൽ നിന്ന് രക്ഷപെടുവാൻ ലോത്ത് മരുമക്കളെ ഉപദേശിക്കുമ്പോൾ അവൻ തമാശ പറയുകയാണെന്നു കരുതി അവർ ചിരിച്ചു തള്ളി.അത്അവരുടെനാശത്തിനു കാരണമായി തീർന്നു. ആത്മീയ ഉപദേശങ്ങളെയും വചനത്തെയും ഗൗരവമായി കണ്ടെങ്കിലേ ആത്മീയ നവീകരണം ഈ നോമ്പുകാലത്ത് നമുക്കു സാധ്യമാകൂ.
ആരാധനക്കെതിരായ പ്രലോഭനം
മൂന്നാമത്തെ പ്രലോഭനം ഈശോ നേരിടുന്നത് ഒരു ഉയർന്ന മലയിലാണ്. ഉയർന്ന മല ദൈവാരാധനയുടെ ഇടമാണ്. ദൈവത്തെ ആരാധിക്കുന്നവന്റെ സമീപത്തു ചെന്ന് തന്നെ ആരാധിക്കാൻ പ്രലോഭകൻ ആവശ്യപ്പെടുന്നു. കൃത്യമായ പ്രതിഫ
ലവും വാഗ്ദാനം ചെയ്യുന്നു. ലോകത്തിന്റെ മഹത്ത്വവും പുകഴ്ചയും ലഭിക്കുന്ന പ്രലോഭനത്തിന്റെ മുമ്പിൽ നമ്മുടെ ദൈവാരാധന തകർന്നു പോകുന്നുണ്ടോ എന്നു പരിചിന്തനം നടത്തുവാൻ നമുക്കു കഴിയണം. ഏകാഗ്രതയോടെ ദൈവത്തെ ആരാധിക്കേണ്ട
ഉയർന്ന മലയായ നമ്മുടെ പ്രാർത്ഥനാ ഇടങ്ങളിൽ ഈ ലോകത്തിന്റെ ചിന്തകളും നേട്ടങ്ങളും നമ്മെ വഴിതെറ്റിക്കുന്നുണ്ടെങ്കിൽ നാം ഈ പ്രലോഭനത്തിന് ഇരകളാണ്.
ഈ നോമ്പുകാലം തീക്ഷ്ണമായ പ്രാർത്ഥനയുടെയും പരി. കുർബാനയിലുള്ള പങ്കുചേരലിന്റെയും അനുഭവമാക്കി മാറ്റി ഈ പ്രലോഭനത്തെ അതിജീവിക്കാൻ നമുക്കു പരിശ്രമിക്കാം.
ഉപസംഹാരം
നോമ്പ്, ജീവിതത്തിന്റെ ചിതറിക്കപ്പെട്ട അനുഭവങ്ങളുടെ മേഖലകളിൽ നിന്ന് സമഗ്രതയുടെ മനുഷ്യനാകാനുള്ള വിളിയാണ്. ജീവിതത്തിന്റെ ലഗിയോൻ അനുഭവങ്ങളുടെ, പ്രകോപനത്തിന്റെ, അസംതൃപ്തിയുടെ, ആർത്തിയുടെ, അതിവേഗത്തിന്റെ, നിസാരവൽക്കരണത്തിന്റെ, ആത്മീയ അലംഭാവത്തിന്റെ, ആത്മീയതയിൽനിന്ന് ആകറ്റുന്ന അന്യ ചിന്തകളുടെ മേഖലകളിൽ നിന്ന് സമഗ്രതയുടെ പന്ഥാവിലേക്ക് നടക്കാൻ നോമ്പ് നമ്മെ പ്രേരിപ്പിക്കുന്നു. ഞങ്ങൾ പലരാണ് എന്നു പറയുന്ന ജീവിതക്രമങ്ങളിൽനിന്ന്മെശയാനികഭാവത്തിലേയ്ക്കുള്ള ഏകോപനം ഈ നോമ്പ് നമുക്ക് നൽകുന്ന വെല്ലുവിളിയാണ്. പ്രലോഭകനെ ഈശോ തോൽപിച്ചത് വചനംകൊണ്ടാണ്. ആ ദൈവവചനം നമ്മുടെ ഹൃദയത്തിലും അധരത്തിലും സമീപസ്ഥമാകാൻ (നിയമ. 30-14) തീരുമാനമെടുക്കാം. നിയമത്തിന്റെ നിയമവും ചട്ടത്തിന്റെ ചട്ടവുമായ (ഏശയ്യ 28,13) വചനത്തെ ജീവിത വഴികളിൽ പ്രാവർത്തികമാക്കാം. നോമ്പ്അനുഗ്രഹമായിമാറട്ടെ,പ്രലോഭനങ്ങൾക്കെതിരായ പടച്ചട്ടയായി തീരട്ടെ.