ആമുഖം
വിനയവും വിശുദ്ധിയും വിജ്ഞാനവും സംഗമിച്ച സുകൃത ജീവിതംകൊണ്ട് ആഗോളസഭയുടെ ഹൃദയത്തിൽ ഇടം നേടിയ മാർ അപ്രേം പിതാവിന്റെ ക്ലാസിക് ശൈലി പിൻതുടർന്ന് കേരള സഭയ്ക്കുവേണ്ടി ഉപയോഗിച്ച്തേഞ്ഞു തീർന്ന ഒരു ധന്യ ജീവിതത്തിന്റെ പേരാണ് ഫാ. മാത്യു നടയ്ക്കൽ. ഗഹനമായ വിശ്വാസ സത്യങ്ങൾ പാട്ടുപാടുന്ന ലാളിത്യത്തോടെ ദൈവജനത്തെ പാടി പഠിപ്പിച്ചു എന്നതാണ് ഇരുവരുടെയും വ്യക്തിത്വ സമാനത. അപ്രേം പിതാവിന്റെ ദൈവശാസ്ത്ര കാല്പനികതയും സഭാപിതാക്കന്മാരുടെ വിശ്വാസഗാംഭീര്യവും സത്യപ്രബോധകരുടെ പ്രേഷിത തീക്ഷ്ണതയും സമന്വയിച്ച വ്യക്തിത്വം ഉൾക്കരുത്താക്കി സത്യവിശ്വാസ പ്രചരണത്തിനായി നല്ല ഓട്ടം ഓടിയ ആത്മീയ പോരാളിയാണ്കേരളസഭാമതബോധനാചാര്യൻ എന്നറിയപ്പെടുന്ന മാത്യു നടയ്ക്കലച്ചൻ.
കാലത്തിനു മുമ്പേ കുതിച്ച ക്രാന്തദർശി
അവിഭക്ത ചങ്ങനാശേരി രൂപതയുടെ ഭാഗമായ മുട്ടുച്ചിറ ഇടവകയിൽ 1912 ഒക്‌ടോബർ 4-ാം തീയതി മത്തായിച്ചൻ ജനിച്ചു. ഇന്റർ മീഡിയേറ്റ് പാസായതിനു ശേഷം 1938-ൽ കോട്ടയം പെറ്റി സെമിനാരിയിൽ ചേർന്നു. ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ആലുവാ മംഗലപ്പുഴ സെമിനാരിയിൽ മാത്യു ശെമ്മാശൻ ജനറൽ പ്രീഫെക്ടായിരുന്നിട്ടുണ്ട്. 1947 മാർച്ച് 18-ന് ചങ്ങനാശേരി രൂപതാദ്ധ്യക്ഷൻ മാർ ജയിംസ് കാളാശേരി പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. കുടമാളൂർ, ചമ്പക്കുളം, അതിരമ്പുഴ, ആലപ്പുഴ, ചങ്ങനാശേരി കത്തീഡ്രൽ എന്നീ ഇടവകകളിൽ അസി. വികാരിയായി ശുശ്രൂഷ ചെയ്തു. ചങ്ങനാശേരി കത്തീഡ്രലിൽ അസി. വികാരിയായിരിക്കേ 1955 മെയ് 29-ന് പന്തക്കുസ്താ നാളിൽ മുതിർന്നവരുടെ മതബോധനം ലക്ഷ്യം വെച്ച് അദ്ദേഹം രൂപംനല്കിയ അദ്ധ്യയന മണ്ഡലം ഇന്ന് മാർ
ത്തോമ്മാ വിദ്യാനികേതനായി രൂപഭാവം പ്രാപി
ച്ചിരിക്കുന്നു. 1953-ൽ പാലാ രൂപത രൂപംകൊണ്ടപ്പോൾ നടയ്ക്കലച്ചൻ ചങ്ങനാശേരിഅതിരൂപതയിൽ തുടർന്നു. അദ്ദേഹത്തിലെ മതബോധന പ്രതിഭ തിരിച്ചറിഞ്ഞ മാർ മാത്യു കാവുകാട്ട് പിതാവ് 1958-ൽ മത്തായിച്ചനെ സന്ദേശനിലയം സ്ഥാപക ഡയറക്ടറായി നിയമിച്ചു. 1961 ആഗസ്റ്റ് 15-ന് നടയ്ക്കലച്ചൻ സന്ദേശ നിലയത്തിൽ നിന്നുംകതിരൊളി എന്ന ദൈവശാസ്ത്ര മാസിക പ്രസിദ്ധീകരിക്കുവാൻ ആരംഭിച്ചു. ഇതെല്ലാം രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിക്കുന്നതിനു മുമ്പായിരുന്നു എന്നറിയുമ്പോൾനടയ്ക്കലച്ചൻ കാലത്തിനു മുമ്പേ കുതിച്ച ക്രാന്തദർശിയാണെന്ന് നമ്മൾ തിരിച്ചറിയുന്നു.
ലാളിത്യവും പാണ്ഡിത്യവും
അതിരാവിലെ ഉണർന്ന് പരി. കുർബാന അർപ്പിച്ച് സമയം ലാഭിക്കുവാൻ പ്രഭാത ഭക്ഷണത്തിനുവേണ്ടി പോലും കാത്തുനിൽക്കാതെ ഓട്ടം തുടങ്ങുന്ന നടയ്ക്കലച്ചൻ പഴമക്കാർക്കെല്ലാം പരിചിതനാണ്. പള്ളികളിലും പള്ളിക്കൂടങ്ങളിലും സെമിനാരികളിലും ഭവനങ്ങളിലുമൊക്കെ സന്ദർശനം നടത്തി രാത്രി വൈകി തിരിച്ചെത്തും. വെറുമൊരു സന്ദർശനമല്ല, ഒരു പ്രേഷിതയാത്രയായിരുന്നു അത്. തന്നെ ദൈവം ഭരമേൽപിച്ചിരിക്കുന്ന മഹത് ദൗത്യം നിറവേറ്റാനുള്ള
അതിശക്തമായ ഉൾപ്രരണയാൽ പരിസരം
പോലും മറന്ന് കുതിച്ചു മുന്നേറുന്ന നടയ്ക്കലച്ചനെ ആർക്കാണ് മറക്കാനാവുക. ശാസ്ത്ര സാങ്കേതിക മണ്ഡലങ്ങളിലെ സ്‌ഫോടനാത്മകമായ വളർച്ചയ്‌ക്കൊപ്പം സഭാത്മകമായ ആത്മീയ വിജ്ഞാനവും വിശ്വാസികൾക്ക് ലഭിച്ചിരിക്കണം എന്ന തിരിച്ചറിവാണ് നടയ്ക്കലച്ചന്റെ മതബോധനശ്രമങ്ങളുടെയെല്ലാം അടി
ത്തറ. വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ ബോധ്യ
ങ്ങൾ, ആഴമേറിയ ഉൾക്കാഴ്ച, കഠിനാദ്ധ്വാന
ശീലം, ഉന്നതമായ ചിന്താശൈലി, നർമ്മബോധം, സമഭാവന, ആർദ്രത, ജീവിത ലാളിത്യംഎന്നിവയെല്ലാം ചേർന്ന് ഇഴപാകിയ ക്രൈസ്തവ വ്യക്തിത്വമായിരുന്നു അച്ചന്റെ മുതൽക്കൂട്ട്. വീക്ഷണങ്ങളിലെ വ്യക്തത, പൗരാണികതയിലൂന്നിയ നവീനത എന്നിവയെല്ലാം ചേർന്നപ്പോൾ സംസ്‌ക്കാര വൈജാത്യമുള്ള ഇരു തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായിനടയ്ക്കലച്ചൻ.
പഠിക്കുക പഠിപ്പിക്കുക
”അദ്ധ്യയന മണ്ഡലം ഗ്രന്ഥാവലി” എന്ന പരമ്പരയിൽ 46 ഗ്രന്ഥങ്ങൾ, കാലത്തിനു മുമ്പേ കാലൂന്നി രണ്ടാം വത്തിക്കാൻ കൗൺസിലിനു മുമ്പേ ദൈവശാസ്ത്രപരം, ആരാധനക്രമപരം, വേദപുസ്തകപരം, മതതത്ത്വപരം, സംഗീതപരം എന്നീ 5 വിഭാഗങ്ങളിലായി ഒരുക്കിയ 150-ഓളം സുസമ്മത ഗ്രന്ഥങ്ങൾ എന്നിവയുടെ രചയിതാവോ പ്രസാധകനോ ആണ് ഇദ്ദേഹം. ഈ പുസ്തകങ്ങളുടെ 5 ലക്ഷത്തോളം കോപ്പികൾ കേരളക്കരയിൽ അങ്ങോളമിങ്ങോളം പ്രചാരത്തിലുണ്ട് എന്ന വസ്തുത മുദ്രണ രംഗത്ത് അച്ചൻ നൽകിയ സംഭാവനകൾ എത്രയെന്ന് വ്യക്തമാക്കുന്നു. സഭയുടെ മൗലിക സിദ്ധാന്തങ്ങളാണ് നടയ്ക്കലച്ചൻ തന്റെ ഗ്രന്ഥങ്ങളിലൂടെ അവതരിപ്പിക്കുന്നത്. തന്മൂലം അവ എന്നും പ്രസക്തമായിരിക്കും. അഗാധമായ മനനത്തിലൂടെ കൈവന്ന ഉത്തമ ബോധ്യങ്ങൾ വൈദഗ്ദ്ധ്യവും ലാളിത്യവും സമന്വയിപ്പിച്ച് അവതരിപ്പിക്കുമ്പോൾ സ്വാഭാവികവും അയത്‌നലളിതവുമായ ഒരു ‘ക്ലാസിക്കൽ സിംപ്ലിസിറ്റി’ പ്രകടമായിരുന്നു.
സംഗീത പ്രേഷിതത്വം
ഗാനരചയിതാവും ഗായകനുമായി ചങ്ങനാശേരി അതിരൂപതയിൽ അങ്ങോളമിങ്ങോളവും തലശേരി, പാലാ, കാഞ്ഞിരപ്പള്ളി കോതമംഗലം, തൃശൂർ എന്നീ രൂപതകളിലും നടയ്ക്കലച്ചൻ നിറഞ്ഞാടി. ജെറി അമൽദേവ്, ജോബ് മാസ്റ്റർ, ബേബി ജോൺ ഭാഗവതർ തുടങ്ങിയ പ്രതിഭകളെ സഹകരിപ്പിച്ചുകൊണ്ട് പാശ്ചാത്യ സംഗീതത്തിന്റെ മനോഹാരിതയും കർണാടക സംഗീതത്തിന്റെ ലാളിത്യവും ഉൾച്ചേർത്താണ് അദ്ദേഹം ഗാനങ്ങൾ സംവിധാനം ചെയ്തിരുന്നത്. ബൈബിൾ കീർത്തനങ്ങൾ, ആരാധനാഗാനങ്ങൾ, പ്രബോധന ഗീതങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 500 ഗാനങ്ങൾ രചിച്ചു. സംഗീത പരിശീലനത്തിന് ആവശ്യമായ ഒരു ടീമുമായി ഇടവകകൾ തോറും നടന്ന് ഗാന പരിശീലനം നൽകുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംഗീതബോധിനി എന്ന പേരിൽ ക്രിസ്തീയ കീർത്തനങ്ങളുടെ ഒരു സമാഹാരം പുസ്തക രൂപത്തിൽ പുറത്തിറക്കി. ആരാധനക്രമ സംഗീതത്തിൽ ഭക്തിയും അച്ചടക്കവും ശ്രുതിശുദ്ധിയും വേണമെന്ന് അദ്ദേഹം നിഷ്ക്കർഷിക്കുമായിരുന്നു. നടയ്ക്കലച്ചന്റെ ജന്മ
ശതാബ്ദി വേളയിൽ അഭിവന്ദ്യ മാർ ജോസഫ്
കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു: ”ഇന്ന് നമ്മുടെ ആരാധനക്രമ സംഗീതത്തിൽ വന്നു ചേരുന്ന ചില അപചയങ്ങൾ കാണുമ്പോൾ ഞങ്ങളുടെ
മരിച്ചുപോയ നടയ്ക്കലച്ചൻ ഒന്നു തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു”.
ഉപസംഹാരം
രണ്ടാം വത്തിക്കാൻ കൗൺസിലിന് മുമ്പു തന്നേ അദ്ധ്യയന മണ്ഡലം പ്രസ്ഥാനത്തിലൂടെ ദൈവശാസ്ത്ര പ്രബോധനങ്ങളിൽ വേരൂന്നിയ ഒരു അൽമായ നേതൃനിരയെ വളർത്തിക്കൊണ്ടുവരുവാൻ അച്ചൻ അക്ഷീണം പരിശ്രമിച്ചു. അദ്ധ്യാപകപരിശീലന പരിപാടികൾ, സെമിനാറുകൾ, ഗായകസംഘ പരിശീലനം, പഠന ക്ലാസ്സുകൾ, വിശ്വാസ പരിശീലക രചനകൾ എന്നിങ്ങനെ സഭയുടെ കാതലായ മേഖലകളിലെല്ലാം വിയർപ്പ് വിതച്ച് വിളവ് കൊയ്യാൻ എല്ലാം മറന്നോടിയ ആ സഭാ സ്‌നേഹി
2000 ജൂലൈ 16-ന് സ്വർഗ്ഗരഥമേറി. ”എന്റെ ഓട്ടം” എന്നാണ് അച്ചന്റെ ആത്മകഥയുടെ പേര്. ഓരോ വർഷവും കെസിബിസി കേരളത്തിൽ മൂന്ന് വ്യക്തിസഭകളിലെയും മികച്ച മതാദ്ധ്യാപകരെ കണ്ടെത്തി അവർക്ക് ഫാ. മാത്യു നടയ്ക്കൽ പുരസ്‌കാരം നൽകുമ്പോൾ സഭാ മാതാവ് മോഹിക്കുന്നു; ‘ഇനിയും
ഇതുപോലെ ധാരാളം വൈദികർ പിറന്നിരുന്നെങ്കിൽ’.