”ഒരു സർക്കാർ ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാൻ എന്ന പഴയ മോഹൻലാൽ കഥാപാത്രത്തെപ്പോലെ ചിന്തിക്കുന്നവർ ധാരാളമുണ്ടാകും. ജീവിത സുരക്ഷിതത്വവും സാമ്പത്തിക ഉന്നമനവും ഒക്കെയാണ് വ്യക്തികൾ സർക്കാർ ജോലികൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം അത് അധികാരത്തിലുള്ള പങ്കുപറ്റലാണ്. ഇന്ത്യ ഒരു ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന് അറിയപ്പെടുമ്പോഴും ഇവിടുത്തെ ഭരണചക്രം തിരിക്കുന്നതിൽ ബ്യൂറോക്രസിക്ക് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളത്. രാഷ്ട്രീയക്കാർ ഭരണത്തിനു നേതൃത്വം കൊടുക്കുന്നെങ്കിലും അവർ അഞ്ചു വർഷം കൂടുമ്പോൾ മാറിവരുന്നു. അതിൽ പലരും വിദ്യാഭ്യാസം വേണ്ടപോലെ ഇല്ലാത്തവരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ മുൻപരിചയം ഇല്ലാത്തവരും ആയിരിക്കും. മാത്രമല്ല, അവർ പാർട്ടി പ്രവർത്തനങ്ങളിലായിരിക്കും കൂടുതൽ ശ്രദ്ധ വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ ഭരണ നിർവ്വഹണം നടക്കുന്നത് ബ്യൂറോക്രസിയുടെ കൈകളിലൂടെയാണ്. അതുകൊണ്ടുതന്നെ എല്ലാ സമുദായങ്ങളും തങ്ങളുടെ ആളുകളെ സർക്കാർ ജോലികളിൽ കയറിപ്പറ്റാൻ പരമാവധി നിർബന്ധിക്കുന്നു.
എന്നാൽ ഇവിടുത്തെ സുറിയാനി ക്രിസ്ത്യാനികളുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള സമൂഹമാണ് നമ്മുടേത്. പക്ഷേ, നമ്മുടെ ആളുകൾക്ക് വിദേശഭ്രമം തലയ്ക്കുപിടിച്ചിരിക്കുകയാണ്. സർക്കാർ മേഖലയിലോ സ്വകാര്യമേഖലകളിലോ സ്വയം തൊഴിലുകളിലോ എന്തെങ്കിലും ജോലി കണ്ടെത്തുന്നതിന് പലരും ശ്രമിക്കുന്നില്ല. ഒരുകാലത്ത് സർക്കാർ സർവ്വീസുകളിൽ വളരെ വലിയ പ്രാതിനിധ്യം നമ്മുടെ സമുദായത്തിന് ഉണ്ടായിരുന്നെങ്കിൽ ഇന്ന് അത് ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ആശ്രിത നിയമനങ്ങൾ നടന്നെങ്കിലായി എന്ന അവസ്ഥയാണ് നമ്മുടേത്. കഴിവും ബുദ്ധിശക്തിയും ഉള്ളവർപോലും അതിനു ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്. എങ്ങനെ വേഗം പണമുണ്ടാക്കാം എന്ന ചിന്താഗതിയിലേയ്ക്ക് നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നു. വിദേശ ഭ്രമത്തിന്റെ പിന്നിൽ ഈ കാഴ്ചപ്പാടാണ്. എന്നാൽ സ്വരൂപിച്ച സ്വത്തും പണവുമൊക്കെ സംരക്ഷിക്കപ്പെടണമെങ്കിൽ അധികാര കേന്ദ്രങ്ങളിൽ സ്വാധീനംകൂടി വേണം എന്ന വസ്തുത വിസ്മരിക്കപ്പെട്ടുപോകുന്നു. അധികാരത്തിന്റെ ശക്തിയും സ്വാധീനവും ഒക്കെ വ്യക്തമായിട്ട് അറിയാവുന്ന സമുദായങ്ങൾ സർക്കാർ ജോലിക്കുവേണ്ടിയുള്ള നിരന്തര പരിശ്രമത്തിലാണ്. ഗുജറാത്തിൽ നടന്ന പട്ടേൽ പ്രക്ഷോഭം ഒരു ഉദാഹരണമാണ്.
സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരുന്നതിനായി ഭരണഘടനാ ശിൽപികൾ സംവരണം ഏർപ്പെടുത്തി. എന്നാൽ ഏതാനും വർഷങ്ങൾ മാത്രം തുടർന്നശേഷം നിർത്തലാക്കണമെന്ന് അവർ ഉദ്ദേശിച്ച സംവരണം എഴുപതു വർഷങ്ങൾക്കിപ്പുറവും തുടരുന്നു. സാമ്പത്തിക സംവരണം ഭരണഘടന വിഭാവനം ചെയ്ത സംവരണ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നു വാദിക്കുന്നവർ ഈ കാലദൈർഘ്യം സംഭവിച്ചതിലെ തത്ത്വവിരുദ്ധതയെക്കുറിച്ച് നിശബ്ദത പാലിക്കുന്നു.
തങ്ങൾക്ക് ഭരണഘടനയുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കണം എന്നാൽ മറ്റുള്ളവർക്ക് യാതൊന്നും ലഭിക്കാൻ പാടില്ല എന്ന തീവ്ര സങ്കുചിത മനോഭാവമാണ് ഒരു സമുദായം വച്ചുപലർത്തുന്നത്. സാമ്പത്തിക സംവരണത്തെ എതിർത്ത് പാർലമെന്റിൽ വോട്ടുചെയ്ത ലീഗ് എംപിമാർ തങ്ങൾ യുഡിഎഫിന്റെ ബാനറിലാണ് മത്സരിച്ചതെന്നും അതിനാൽതന്നെ ഇതര സമുദായങ്ങൾ തങ്ങൾക്കു വോട്ടുചെയ്തിട്ടുണ്ടെന്നും ബോധപൂർവ്വം വിസ്മരിച്ചു. SDPI കോട്ടയത്ത് പ്രതിഷേധ മാർച്ച് നടത്തിയതുംകൂടി ചേർത്തു വായിക്കുമ്പോൾ ഇവരുടെ സങ്കുചിതത്വത്തിന്റെ ഭീകരത വെളിവാകും. അതേസമയം ഇവർ ഇരട്ട സംവരണത്തിന്റെ ആനുകുല്യങ്ങൾ ആവോളം അനുഭവിക്കുന്നവരാണെന്ന് ഓർക്കണം. ന്യൂനപക്ഷ ആനുകൂല്യങ്ങളും OBC സംവരണവും ഒരേപോലെ ആസ്വദിക്കുന്നു. കുലീനതയുടെ കൂച്ചുവിലങ്ങിൽ കുടുങ്ങിപ്പോയ സുറിയാനി ക്രിസ്ത്യാനി ഇതെല്ലാം കണ്ണും മിഴിച്ച് നോക്കിനിൽക്കുന്നു.
സാമ്പത്തിക സംവരണ ബിൽ പാർലമെന്റിൽ ഇരു സഭകളിലും അവതരിപ്പിച്ച് പാസാക്കപ്പെട്ടു. അതിന്റെ താത്ത്വിക വശങ്ങളെക്കുറിച്ച് ധാരാളം വിശകലനങ്ങൾ നടന്നു. അതിന്റെ പ്രായോഗിക വശങ്ങൾ ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. മോദി സർക്കാർ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച നടത്തുന്ന ഒരു മുഖം മിനുക്കൽ പരിപാടിയായി മാത്രം ഇതിനെ പലരും കരുതുന്നുണ്ട്. നോട്ടു നിരോധനവും വികലനയങ്ങളും കർഷകരോഷവും സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറാനുള്ള ഒരു അവസാന പരിശ്രമമായിരിക്കും. എങ്കിലും ഇത് എങ്ങനെയെങ്കിലും പ്രായോഗികമായി തീർന്നാൽ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജന പ്രദമായിരിക്കും. സംവരണം ഇല്ലാത്തതിനാൽ ലഭിക്കില്ല എന്ന ധാരണയോടെ ധാരാളം പേർ ജടഇ പരീക്ഷയിൽ നിന്നും വിട്ടുനിൽക്കുന്നു. എന്നാൽ സംവരണം ലഭിക്കും എന്ന ധാരണ പലരെയും അത്തരം പരീക്ഷകൾ എഴുതാൻ പ്രേരിപ്പിക്കുകയും അങ്ങനെ ജനറൽ മെറിറ്റിൽ തന്നെ പലർക്കും ജോലിചെയ്യാൻ സാഹചര്യമുണ്ടാവുകയും ചെയയും. ഇതാണ് തങ്ങളുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരുന്നിട്ടുപോലും പലരും പ്രതിഷേധിക്കുന്നതിന്റെ കാരണം. സംവരണം ലഭിച്ചാലും ഇല്ലെങ്കിലും ഈ രാഷ്ട്രത്തിന്റെ ഭരണ സംവിധാനത്തിൽ പങ്കുചേരാൻ എല്ലാവർക്കും കടമയുണ്ട് എന്ന് ഓർമ്മിപ്പിക്കുവാൻ വേണ്ടിയാണ് ഇത് എഴുതുന്നത്. അതു ക്രൈസ്തവസമൂഹത്തിന് അധികാരത്തിൽ പങ്കുചേരാൻ മാത്രമല്ല, ക്രിസ്തീയ ധാർമ്മികത ഈ രാഷ്ട്രത്തിന്റെ നിയമനിർമ്മാണത്തിലും ഭരണസംവിധാനത്തിലും നിലനിർത്തുന്നതിനുവേണ്ടി കൂടിയാണ്.