വിവാഹത്തെ സംബന്ധിച്ച്, അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട നിയമവശമാണ് കത്തോലിക്കരും യാക്കോബായ വിഭാഗവും (മലങ്കര സിറിയൻ ഓർത്തഡോക്‌സ്), മറ്റ് ക്രൈസ്തവ വിഭാഗങ്ങളും, അക്രൈസ്തവരും തമ്മിലുള്ള വിവാഹ സംബന്ധമായ നിയമങ്ങൾ. ഈ ലക്കത്തിൽ മേൽപ്പറഞ്ഞ വിഭാഗങ്ങളുമായുള്ള വിവാഹങ്ങളെ സംബന്ധിച്ച് മാത്രമാണ് വിവരിക്കുന്നത്. എന്നാൽ, അത്തരം വിവാഹങ്ങൾ നടത്തുന്നതിനുമുമ്പുള്ള നടപടിക്രമങ്ങളെ സംബന്ധിച്ച് അടുത്ത ലക്കത്തിൽ വിവരിക്കുന്നതാണ്.
1. കത്തോലിക്കരും യാക്കോബായ വിഭാഗവും തമ്മിലുള്ള വിവാഹം
അന്ത്യോക്യൻ യാക്കോബായ സുറിയാനി സഭ അഥവാ യാക്കോബായ സുറിയാനി സഭ ശ്ലൈഹിക സഭകളുടെ അടിസ്ഥാന വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളുമായി യോജിക്കുന്നുണ്ടെങ്കിലും, മറ്റ് അനേകം കാര്യങ്ങളിൽ വ്യത്യസ്ഥ നിലപാടുള്ളവരാണ്. ഉദാഹരണമായി മാർപ്പാപ്പായുടെ അപ്രമാദിത്വത്തെ സംബന്ധിച്ചുള്ള കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിനോട് അവർ യോജിക്കുന്നില്ല. എന്നാൽ, യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷനായ അന്ത്യോക്യൻ പാത്രിയാർക്കീസും മാർപ്പാപ്പായും തമ്മിൽ 1994 ജനുവരി 25-ാം തീയതി എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തിൽ ചില പ്രത്യേക വ്യവസ്ഥകൾക്കനുസരണം അത്തരത്തിലുള്ള വിവാഹങ്ങൾ നടത്തുവാൻ സാധിക്കും.
2. കത്തോലിക്കരും മറ്റ് ക്രൈസ്തവരും തമ്മിലുള്ള വിവാഹം
വളരെ ഗൗരവമേറിയ സാഹചര്യങ്ങളിൽ, രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ നടത്തപ്പെടുന്ന വിവാഹമാണിത്. കുട്ടികളുടെ രൂപീകരണത്തെ സംബന്ധിച്ചും വിവാഹ ഒരുക്കത്തെ സംബന്ധിച്ചും രൂപതാദ്ധ്യക്ഷന്മാർക്ക് ആവശ്യമായ ഉറപ്പ് വിവാഹത്തിനു മുമ്പ് ലഭിച്ചിരിക്കണം. ഇത്തരം വിവാഹങ്ങളിൽ പാലിക്കേണ്ട നിയമപരമായ ക്രമത്തെ സംബന്ധിച്ച് എന്തെങ്കിലും ഇളവു നല്കുവാനുള്ള അധികാരം മാർപ്പാപ്പായ്‌ക്കോ; പൗരസ്ത്യ സഭകളിൽ പാത്രിയാർക്കീസിനോ, മേജർ ആർച്ച് ബിഷപ്പിനോ മാത്രമായിരിക്കും.
3. കത്തോലിക്കരും അക്രൈസ്തവരും തമ്മിലുള്ള വിവാഹം
വളരെ ഗൗരവമേറിയ സാഹചര്യത്തിൽ, നിയമപരമായ തടസ്സങ്ങൾ ഇല്ലായെന്ന് ഉറപ്പാക്കിയ സാഹചര്യത്തിൽ, രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ ഇത്തരം വിവാഹങ്ങൾ നടത്തപ്പെടുന്നു. പൗരസ്ത്യ അകത്തോലിക്കരല്ലാത്ത (ഉദാ. യാക്കോബായ, ഓർത്തഡോക്‌സ് മുതലായവ ഒഴിച്ചുള്ള) അകത്തോലിക്കാ വിഭാഗങ്ങളുമായി നടത്തുന്ന വിവാഹത്തിന്റെ ക്രമങ്ങൾ ഇത്തരം വിവാഹങ്ങളിൽ പാലിച്ചിരിക്കണം.