വി. യോഹന്നാൻ എഴുതിയ സുവിശേഷം-21

0
708
Epitaphios Thrinos Nun OLympias, 20th century, Cretan School 300 DPI, 24BruceRGB, 7"x4" Monahis Olympiados, Deisis, p6

മിശിഹായിലുള്ള ജീവിതം (യോഹ 16,1-33)

തന്റെ മഹത്ത്വീകരണത്തെ തുടർന്നുള്ള ശിഷ്യരുടെ ജീവിതത്തിന്റെ വിവിധവശങ്ങൾ ഈശോ അവർക്കു വിശദീകരിച്ചുകൊടുക്കുന്ന ഒരു അദ്ധ്യായമാണിത്. താഴെക്കാണുംവിധം 5 ഭാഗങ്ങളായി ഈ അദ്ധ്യായം വിഭജിക്കാം.
1. 16,1-4 വിശ്വാസത്തിൽ പക്വത പ്രാപി
ക്കേണ്ട ജീവിതം
2. 16,5-15 സഹായകനായ പരിശുദ്ധാരൂപി
യിലുള്ള ജീവിതം
3. 16,16-22 യഥാർത്ഥ സന്തോഷമനുഭവിക്കുന്ന ജീവിതം
4. 16,23-27 ഈശോയുടെ നാമത്തിൽ പ്രാർ
ത്ഥിക്കുന്ന ജീവിതം
5. 16,28-33 മിശിഹായിൽ സമാധാനം കണ്ടെത്തുന്ന ജീവിതം
വിശ്വാസത്തിൽ പക്വത പ്രാപിക്കേണ്ട ജീവിതം
യഹൂദരുടെ ഭാഗത്തുനിന്ന് മിശിഹാശിഷ്യർക്ക് പീഡനമുണ്ടാകുമെന്ന് ഈശോ മുന്നറിയിപ്പു നല്കുകയാണ്. ഈശോയുടെ സുവിശേഷത്തിന്റെ തനിമ ദൈവം പിതാവാണെന്നുള്ളതായിരുന്നു. അതുഗ്രഹിക്കാൻ കഴിയാതെപോയതാണ് യഹൂദർ അവിടുത്തെ കുരിശിലേറ്റുവാൻ കാരണമായത്. ഈ അനുഭവംതന്നെ തന്റെ ശിഷ്യർക്കും ഉണ്ടാകുമെന്ന് ഈശോ അവരെ ഓർമ്മിപ്പിക്കുകയാണ്. ഈശോയുടെ അതേ മനോഭാവം പുലർത്തിക്കൊണ്ട് ഈ പീഡനങ്ങളെ നേരിടുവാൻ അവർക്കു കഴിയണം. ക്രിസ്തീയജീവിതം അവശ്യം സഹനജീവിതമായിരിക്കും. വിശ്വാസത്തിന്റെ വെളിച്ചത്തിൽ സഹനങ്ങളെ ക്ഷമയോടെ നേരിടുവാൻ സാധിച്ചാൽ, വിശ്വാസജീവിതത്തിൽ പക്വത പ്രാപി
ക്കുവാൻ കഴിയും.
ഈശോയുടെ ദൃശ്യസാന്നിദ്ധ്യം നഷ്ടപ്പെടാൻ പോകുന്നുവെന്ന ചിന്ത ശിഷ്യരെ ദുഃഖിതരാക്കി. അവർക്ക് ഈ ലോകത്തിൽ പീഡനവും ഞെരുക്കവും അനുഭവപ്പെടുമെന്നുള്ള മുന്നറിയിപ്പ് അവരുടെ ദുഃഖം വർദ്ധിപ്പിച്ചു. ഈശോ അവരെ ആശ്വസിപ്പിക്കുന്നു. തന്റെ ദൃശ്യസാന്നിദ്ധ്യം താല്ക്കാലികമായി നഷ്ടപ്പെടുന്നതുവഴി സഹായകനായ പരിശുദ്ധാത്മാവിലൂടെയുള്ള അവിടുത്തെ അദൃശ്യസാന്നിദ്ധ്യം അവർക്കു ലഭിക്കുമെന്ന് ഉറപ്പുകൊടുക്കുകയാണ് (16,6-7). യോഹന്നാൻശ്ലീഹായുടെ കാഴ്ചപ്പാടിൽ പരിശുദ്ധാത്മാവ് ഈശോമിശിഹായുടെ ആത്മാവുതന്നെയാണ്. യോഹന്നാന്റെപന്തക്കുസ്താഇതുവ്യക്തമായിസൂചിപ്പിക്കുന്നുണ്ട്. ശിഷ്യരുടെമേൽനിശ്വസിച്ചുകൊണ്ടാണ് ഈശോ അവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കുന്നത് (20,22). ശിഷ്യസമൂഹത്തിന്റെ അഥവാ സഭയുടെ ജീവനായി ഈശോ സഭയിൽ വസിക്കുന്നു. സഭ മിശിഹായുടെ ശരീരമാണെങ്കിൽ സഭയുടെ ആത്മാവ് മിശിഹായുടെ ആത്മാവാണ്. സഭയിലുള്ള ഈശോയുടെ സാന്നിദ്ധ്യമാണ് പരിശുദ്ധാത്മാവ്. ഈശോയുടെ സാന്നിദ്ധ്യം സഭയ്ക്കു ലഭിക്കണമെങ്കിൽ ഈശോ തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മഹത്ത്വീകരിക്കപ്പെടണം. ”അതുവരെയും ആത്മാവ് നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ ഈശോ അതുവരെയും മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല” (7,39).
പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും
ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യ
പ്പെടുത്തുന്ന പരിശുദ്ധാത്മാവ് (16,8): വിശ്വാസികളിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ലോകത്തെ ബോദ്ധ്യപ്പെടുത്തുന്ന ഒരു പ്രവർത്തനമാണ്. വിശ്വാസികളിൽ സന്നിഹിതമായിരിക്കുന്ന ലോകത്തെ അഥവാ വിശ്വാസമില്ലാത്ത നിലപാടുകളെ കുറ്റപ്പെടുത്തി അവരെ വിശ്വാസത്തിൽ ഉറപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെപ്പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്.
മൂന്നു വിധത്തിലുള്ള ബോദ്ധ്യങ്ങളാണ്
പരിശുദ്ധാത്മാവ് വിശ്വാസികളിൽ ഉളവാക്കുന്നത്. 1. പാപത്തെക്കുറിച്ച്, 2. നീതിയെക്കുറിച്ച്, 3. ന്യായവിധിയെക്കുറിച്ച്. ”അവർ എന്നിൽ വിശ്വസിക്കാത്തതിനാൽ പാപത്തെക്കുറിച്ചും…” (16,9). യോഹന്നാന്റെ കാഴ്ചപ്പാടിൽ ഒരു പാപമേയുള്ളു. അത് വിശ്വാസമില്ലായ്മ അഥവാ സ്‌നേഹമില്ലായ്മയാണ് (8,21-24). ഈ പാപാവസ്ഥയെക്കുറിച്ച് പരിശുദ്ധാത്മാവിന്റെ കുറ്റപ്പെടുത്തൽ വിശ്വാസികളിൽ പാപബോധം ഉളവാക്കുകയും അത്വർക്കുരക്ഷാകരമായിത്തീരുകയും ചെയ്യും. ”ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും ഇനിമേൽ നിങ്ങൾ
എന്നെകാണുകയില്ലാത്തതുകൊണ്ടുംനീതിയെക്കുറിച്ചും…” (16,10). ഈശോയുടെ നീതിഅവിടുത്തെ പാപമില്ലായ്മ അഥവാ പരിശുദ്ധിയാണ് (1 യോഹ 3,8). പിതാവിന്റെ പക്കലേക്കുള്ള തന്റെ കടന്നുപോകലിലൂടെയാണ് ഈശോ പാപത്തിന്മേൽ വിജയം വരിച്ചത്. ഈ വിജയത്തെക്കുറിച്ചുള്ള ബോദ്ധ്യവും പരിശുദ്ധാത്മാവ് വിശ്വാസികളിൽ ഉളവാക്കും. ”ഈ ലോകത്തിന്റെ
അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാൽ
ന്യായവിധിയെക്കുറിച്ചും ബോദ്ധ്യപ്പെടുത്തും” (16,11). ഈ ലോകത്തിന്റെ അധികാരി എന്നു വിശേഷിപ്പിക്കപ്പെടുന്നത് പൈശാചികശക്തിയാണ്. ഈശോയുടെ രക്ഷാകരപ്രവൃത്തിയിലൂടെ തിന്മയുടെ ശക്തി പുറന്തള്ളപ്പെട്ടു. ഇതേപ്പറ്റിയുള്ള ബോദ്ധ്യത്തിൽ ഉറച്ചുനില്ക്കാനും തിന്മയുടെ ശക്തികളുടെമേൽ വിജയം വരിക്കാനും പരിശുദ്ധാത്മാവ് വിശ്വാസികളെ കഴിവുറ്റവരാക്കും.
പരിശുദ്ധാത്മാവ് പ്രബോധകൻ (16,12-15):
എല്ലാവരെയും സത്യത്തിന്റെ പൂർണ്ണതയിലേക്കു നയിക്കുക എന്നതാണ് പരിശുദ്ധാത്മാവിന്റെ മറ്റൊരു ദൗത്യം. ഈശോമിശിഹായിൽ നടന്ന വെളിപാടാണു സത്യം. ഈ സത്യത്തിലേക്ക് ഒരുവനെ പരിശുദ്ധാത്മാവ് വഴിനടത്തും (16,12-13). മിശിഹായെയും അവിടുത്തെ ജീവിതത്തെയുംപ്രബോധനത്തെയുംപ്രവർത്തനങ്ങളെയും പൂർണ്ണമായി മനസ്സിലാക്കുവാൻ അവിടുത്തെ ജീവിതകാലത്ത് ശിഷ്യർക്കു കഴിഞ്ഞില്ല. അതുകൊണ്ട് മിശിഹായിലൂടെ പൂർത്തീകരിക്കപ്പെട്ട ദൈവവചനത്തിന്റെ പൊരുൾ ഗ്രഹിക്കുവാനും കാലോചിതമായ രീതിയിൽ പ്രായോഗികമാക്കുവാനും പരിശുദ്ധാത്മാവ് വിശ്വാസികളെ സഹായിക്കും.
ഈശോയുടെ വേർപാട് ശിഷ്യർക്കു ദുഃഖത്തിനു കാരണമായിത്തീരുന്നെങ്കിൽ, അത് ഈശോയിൽ വിശ്വസിക്കാത്തലോകത്തിന്സന്തോഷകാരണമായിത്തീരുന്നു. എന്തെന്നാൽ, അത് ലോകത്തിന്റെ താല്ക്കാലിക വിജയമാണ്. വിശ്വാസവിരുദ്ധമായ തങ്ങളുടെ നിലപാടിനെ കുറ്റപ്പെടുത്തിയ നാവിനെ നിശബ്ദമാക്കിയതിന്റെ വിജയവും അതിലുള്ള സന്തോഷവും. എന്നാൽ ലോകത്തിന്റെ ഈ വിജയവും സന്തോഷവും, അതിന്റെഫലമായിശിഷ്യർക്കുണ്ടാകുന്ന ദുഃഖവും താല്ക്കാലികമാണെന്നും, ഉത്ഥാനത്തിലൂടെയുള്ള തന്റെ തിരിച്ചുവരവിൽ അവരുടെ ദുഃഖം സന്തോഷമായി മാറുമെന്നും ഈശോ ശിഷ്യരെ അനുസ്മരിപ്പിക്കുന്നു. ഉത്ഥാനശേഷം ഇതു യാഥാർത്ഥ്യമായതായി സുവിശേഷം രേഖപ്പെടുത്തുന്നു: ”കർത്താവിനെ കണ്ട് ശിഷ്യർ സന്തോഷിച്ചു” (യോഹ 20,20).
ശിഷ്യന്മാരുടെ കടന്നുപോകുന്ന ഈ വേദനയെയും അതിലൂടെ ലഭിക്കുന്ന സന്തോഷത്തെയും ഈശോ ഉപമിക്കുന്നത് സ്ത്രീയുടെ പ്രസവവേദനയോടാണ്. സ്ത്രീക്ക് പ്രസവവേദനയാരംഭിക്കുമ്പോൾ ദുഃഖമുണ്ടാകുന്നെങ്കിലും ശിശുവിനെ പ്രസവിച്ചുകഴിയുമ്പോൾ ആ ദുഃഖം സന്തോഷമായി മാറുന്നു. അതുപോലെതന്നെ ശിഷ്യരുടെ ദുഃഖവും സന്തോഷമായി മാറും (16,21-22). മിശിഹായുടെ രണ്ടാമാഗമനമാണ് ”ഞാൻ വീണ്ടും നിങ്ങളെ കാണും” എന്ന വാക്കുകൾകൊണ്ട് സുവിശേഷകൻ പരാമർശിക്കുന്നത്. ഈ രണ്ടാം ആഗമനം ആദ്യം യാഥാർത്ഥ്യമാകുന്നത് മിശിഹായുടെ ഉത്ഥാനത്തിലും
പ്രത്യക്ഷപ്പെടലിലുമാണെങ്കിലും, അതിൽ ഒതുങ്ങിനില്ക്കുന്നില്ല. ഘട്ടംഘട്ടമായി ലോകാവസാനത്തിൽ സ്വർഗ്ഗീയാനുഭവം വരെ എത്തിനില്ക്കുന്ന ഒരു യാഥാർത്ഥ്യമാണത്. മിശിഹായുടെ രണ്ടാം ആഗമനം സഭയിൽ ആദ്യം യാഥാർത്ഥ്യമായത് പന്തക്കുസ്താനുഭവത്തിലാണ്. മാമ്മോദീസായിൽ ഓരോ ക്രൈസ്തവനിലും മിശിഹാ
യുടെ രണ്ടാം ആഗമനം സംഭവിക്കുന്നു. ഓരോ കൂദാശയിലും പ്രത്യേകിച്ച് പരിശുദ്ധ കുർബാനയിലും ഈ രണ്ടാം ആഗമനാനുഭവം നവീകരിക്കപ്പെടുന്നു. പക്ഷേ ഈശോയോടുകൂടിയായിരിക്കുന്ന ഈലോക
ജീവിതം സഹനമുളവാക്കുന്ന ജീവിതമാണ്. അതേസമയം അത് എന്നും മിശിഹായോടുകൂടി ആയിരിക്കുന്ന സ്വർഗ്ഗീയജീവിതത്തിന്റെയും സന്തോഷത്തിന്റെയും മുന്നാസ്വാദനവുമാണ്.
ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കുക
‘ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കുക’ എന്നതിന്റെ അർത്ഥം ഈശോയുമായുള്ള ഐക്യത്തിൽ പ്രാർത്ഥിക്കുക എന്നാണ്. ഈശോയുമായുള്ള ഐക്യത്തിൽ പ്രാർത്ഥിക്കുവാൻ നമുക്കു സാധിക്കുന്നത് പുത്രനായ മിശിഹാ മഹത്ത്വീകരിക്കപ്പെട്ട് അരൂപിയായി മാറിയതുകൊണ്ടാണ്. മിശിഹാ ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് അപ്രകാരം പ്രാർത്ഥിക്കുവാൻ സാധിക്കുമായിരുന്നില്ല. ”ഇതുവരെ എന്റെ നാമത്തിൽ നിങ്ങൾ ഒന്നും തന്നെ ചോദിച്ചിട്ടില്ല” (16,24) എന്നു പറ
യുന്നത് അതുകൊണ്ടാണ്. ഇന്ന് ഉത്ഥിതനായ
മിശിഹാ ജീവിക്കുന്നത് സഭയിലാണ്. അതുകൊണ്ട് സഭയുടെ കൂട്ടായ്മയിൽ നാം പ്രാർത്ഥിക്കുമ്പോഴാണ് നാം ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കുന്നത്. അപ്രകാരം സഭയുടെ കൂട്ടായ്മയിൽ പ്രാർത്ഥിക്കുന്നത് പിതാ
വിന്റെ പ്രത്യേക സ്‌നേഹത്തിന് നമ്മെ പാത്രീ
ഭൂതരാക്കുകയും, അങ്ങനെ പ്രാർത്ഥന കൂടുതൽ ഫലപ്രദമാകുകയും ചെയ്യുമെന്നും ഇവിടെ സൂചിപ്പിക്കുന്നു (16,26-27)
ഈശോയുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ആത്യ
ന്തികഫലമായി മനുഷ്യകുലത്തിനു ലഭിച്ചത് സമാധാനമാണ് (ലൂക്കാ 2,14; യോഹ 14,27). ഈ സമാധാനം വെറും മാനസികമായ അസ്വസ്തതയില്ലായ്മയിൽ ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. മിശിഹായിലൂടെദൈവംനല്കുന്നരക്ഷാകരസമാധാനമാണ് – ഉത്ഥിതനായ മിശിഹായുടെ സമാധാനം (20,21); മിശിഹായിൽ ജീവിക്കുന്നവർക്കു സ്വായത്തമാകുന്ന സമാധാനം. മിശിഹായുടെ ജീവിതത്തിൽ നിറഞ്ഞുനിന്ന സമാധാനത്തിലുള്ള പങ്കുചേരലാണ് അത്. ഈശോ സമാധാനം കണ്ടെത്തിയത് പിതാവിന്റെ സഹവാസത്തെക്കുറിച്ചുള്ള അവബോധത്തിൽ ജീവിച്ചുകൊണ്ടാണ്. ഈശോ പറയുന്നു: ”ഞാൻ ഏകനല്ല, കാരണം എന്റെ പിതാവ് എന്നോടുകൂടെയുണ്ട്” (16,32). ദൈവവുമായുള്ള ഈശോയുടെ ഗാഢമായ പിതൃപുത്രസ്‌നേഹബന്ധമാണ് അവിടുത്തെ സമാധാനത്തിന്റെ അടിസ്ഥാനം. ക്രൈസ്തവന്റെ സമാധാനം മിശിഹായോടും ദൈവത്തോടുമുള്ള അവന്റെസഹവാസത്തിൽനിന്നുംഉരുത്തിരിയുന്നതാണ്.