കത്തോലിക്കാവിശ്വാസം ചോദ്യോത്തരങ്ങളിലൂടെ – 4

0
786
Religious Symbols All Around The World

2. റെമ്‌നന്റ് ചർച്ച് :
‘അവശിഷ്ടഭാഗ സഭ’ എന്നാണ് ഈ പേരിന്റെ അർത്ഥം. പഴയനിയമത്തിൽ ചരിത്രഗ്രന്ഥങ്ങളിലും പ്രവാചകഗ്രന്ഥങ്ങളിലുംകാണുന്ന ഒരു ആശയമാണ് ‘അവശിഷ്ട ഭാഗം’. ഇസ്രായേൽക്കാരെ അവരുടെ പാപം
മൂലം ദൈവം നശിപ്പിക്കുമ്പോഴും അവർ പ്രവാസത്തിൽ പോകുമ്പോഴും എല്ലാം ദൈവം നൽകുന്ന ഒരു വാഗ്ദാനമാണ് പാപംചെയ്യാത്ത ഒരു ന്യൂനപക്ഷത്തെ അവശേഷിപ്പിക്കുമെന്നതും ആ അവശിഷ്ട ഭാഗത്തിൽ നിന്ന് പുതിയ ഒരു ജനതയെ രൂപപ്പെടുത്തുമെന്നതും. ഈ ആശയം ഈ ഗ്രൂപ്പുകാർ സഭയിലും ഉപയോഗിക്കുക
യാണ്. വിവിധ സാംസ്‌കാരിക അനുരൂപണങ്ങൾ മൂലം കത്തോലിക്കാ സഭയിലെ ഭൂരിപക്ഷം ആളുകളും വഴിതെറ്റിയതിനാൽ ദൈവ ക്രോധത്തിന് പാത്രമായി എന്നും അതിനാൽ ദൈവം അവരെ നശിപ്പിച്ച് ഇത്തരം അനുരൂപണങ്ങളിൽ പെടാത്ത തങ്ങളെ മാത്രം അവശേഷിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു. ഈ ഗ്രൂപ്പ് ഇന്ന് കേരള കത്തോലിക്കാസഭയ്ക്കുള്ളിൽ രഹ
സ്യമായി വളർന്നുകൊണ്ടിരിക്കുന്നു.
3. സേദേവേക്കന്റിസം :
‘കസേര ഒഴിഞ്ഞുകിടക്കുന്നു’ എന്നാണ്ഈ വാക്കിന്റെ അർത്ഥം. ഇത് ഒരു ശീശ്മയാണ്. പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പായ്ക്കു ശേഷം ഒരു യാഥാർത്ഥ മാർപ്പാപ്പാ സ്ഥാനം ഏറ്റിട്ടില്ല എന്നും അതിനാൽ മാർപ്പാപ്പായുടെ കസേര ഒഴിഞ്ഞു കിടക്കുന്ന കാലഘട്ടമാണ് ഇത് എന്നുമാണ് ഇവരുടെവാദം. 12-ാം പീയൂസ് മാർപ്പാപ്പായ്ക്കു ശേഷം വന്ന ജോൺ 23-ാമൻ മാർപ്പാപ്പായാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിയത്. അതിനുശേഷം കൗൺസിലിന്റെ വെളിച്ചത്തിൽ സഭയിൽ വളരെയധികം നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ ഗ്രൂപ്പുകാർ രണ്ടാം വത്തിക്കാൻകൗൺസിലിനെ അംഗീകരിക്കാത്തതിനാ
ലാണ് അന്നു മുതലുള്ള മാർപ്പാപ്പാമാരെയും അംഗീകരിക്കാത്തത്. ഇവർ ഇപ്പോൾപുതിയ വാദവുമായിട്ട് എത്തിയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത്. സാധാരണയായി ഒരു മാർപ്പാപ്പാ മരിച്ച് കഴിഞ്ഞാണ് മറ്റൊരു മാർപ്പാപ്പായെ തെരഞ്ഞെടുക്കുന്നത്. എന്നാൽ ബനഡിക്ട് പതിനാറാമൻ
മാർപ്പാപ്പാ രാജിവയ്ക്കുകയായിരുന്നു. അതിനാൽ ഒരു മാർപ്പാപ്പാ ജീവിച്ചിരിക്കുമ്പോൾ മറ്റൊരാൾക്ക് മാർപ്പാപ്പാ ആകാൻ സാധിക്കില്ല എന്നും ഫ്രാൻസിസ് മാർപ്പാപ്പാ യഥാർത്ഥ മാർപ്പാപ്പാ അല്ല, ഇപ്പോൾ കസേര ഒഴിഞ്ഞുകിടക്കുകയാണ് എന്നുമാണ്ഇവരുടെ വാദം. എന്നാൽ ഇതു സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമല്ല എന്നസത്യം ഇവർ ബോധപൂർവ്വം മറച്ചുവയ്
ക്കുന്നു.
4. സ്പിരിറ്റ് ഇൻ ജീസസ് :
ഇത് കുറച്ചുകൂടി പലർക്കും പരിചയമുള്ള ഗ്രൂപ്പാണ്. ടോം സഖറിയ എന്ന വ്യക്തിയാണ് ഇതിന്റെ സ്ഥാപകൻ. മരണശേഷം മാനസാന്തരം സാധ്യമാണ് എന്നും
ആത്മാക്കളോട് സുവിശേഷം പ്രസംഗിക്കാൻ സാധിക്കും എന്നും ഇവർ വിശ്വസിക്കുന്നു. ഇതു ക്രിസ്തീയ ധാർമ്മികതയുടെ അടിത്തറ ഇളക്കാൻ പോരുന്ന
ചിന്താഗതിയാണ്. മരണശേഷം മാനസാന്തരം സാധ്യമാണെങ്കിൽ പിന്നെ ഈ ലോകത്തിൽ ധാർമ്മികമായി ജീവിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്. ഇവരുടെ പ്രസിദ്ധീകരണമായ ‘ഇതാ നിന്റെ അമ്മ’ എന്ന മാസിക മാതാവിന്റെ മുഖചിത്രവുമായി ഇറങ്ങുന്നതിനാൽ വിശ്വാസികൾ പലരും തെറ്റിദ്ധരിച്ച് വായിക്കാറുണ്ട്. എല്ലാ വൈദികർക്കും ഇവർ ഇതു സൗജന്യമായി അയച്ചുകൊടുക്കുന്നുണ്ട്.
അച്ചന്മാർ പലരും ഓർക്കാതെ മറ്റു മാസികകളുടെ കൂട്ടത്തിൽ ഇത് എടുത്ത് ഓഫീസ് ടേബിളിൽ വയ്ക്കുന്നു. ഇതു കാണുന്ന വിശ്വാസികൾ ഇതു സഭയുടെ ഔദ്യോഗിക മാസികയാണ് എന്നു തെറ്റിദ്ധരിക്കുന്നു.
(തുടരും)