തോമ്മാശ്ലീഹായുടെ കാലം മുതൽ 1653 വരെ യാതൊരു വിഭാഗീയതയോ ഭിന്നിപ്പോ കൂടാതെ ഒരേ തലവന്റെ കീഴിൽഒറ്റക്കെട്ടായി നിന്നിരുന്ന സമൂഹമായിരുന്നു മാർത്തോമ്മാ നസ്രാണികൾ 1653-ലെ കൂനൻ
കുരിശ്സത്യത്തിനുശേഷം.മാർത്തോമ്മാനസ്രാണികളായ പന്ത്രണ്ട് പുരോഹിതർ 1653 മെയ് 22-ന് അന്നത്തെ ആർച്ചുഡീക്കനായ പറമ്പിൽ തോമ്മാ കത്തനാരെ മാർത്തോമ്മാ ഒന്നാമൻ എന്ന പേരിൽ ”മെത്രാനായി” അഭിഷേകം ചെയ്തു. ഭൂരിപക്ഷം ഇടവകകളും
പദ്രൊവാദോ മെത്രാനായ ഫ്രാൻസിസ് ഗാർസ്യായെ ഉപേക്ഷിച്ച് പുതിയ ”മെത്രാന്റെ” പിന്നിൽ അണിനിരന്നു. എന്നാൽ പിന്നീട് ആർച്ചുഡീക്കൻ തോമ്മാ കത്തനാരുടെ മെത്രാഭിഷേകം നിയമാനുസൃതമല്ലെന്നു മനസ്സിലാക്കിയ മാർത്തോമ്മാ ക്രിസ്ത്യാനികളിൽ പലരും അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. ഈ വലിയ ദുരന്തസംഭവങ്ങളുടെ റിപ്പോർട്ട് ലഭിച്ചപ്പോൾ, പ്രൊപ്പഗാന്ത തിരുസംഘത്തിന്റെ നിർദ്ദേശപ്രകാരം അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പാ, ജോസഫ് മരിയ സെബസ്ത്യാനി എന്ന കർമ്മലീത്താ വൈദികനെ 1657-ൽ മലബാറിലേക്കയച്ചു. 1658-ൽ അദ്ദേഹം റിപ്പോർട്ട് സമർപ്പിക്കുന്നതിനായി റോമിലേയ്ക്കു തിരിച്ചുപോയി. 1659-ൽ മാർപ്പാപ്പാ സെബസ്ത്യാനിയ്ക്ക് മെത്രാൻപട്ടം നൽകി വീണ്ടും മലബാറിലേക്കയച്ചു. 1667-ൽ മലബാറിന്റെ വികാരി അപ്പസ്‌തോലിക്കയായി സെബസ്ത്യാനി മലബാറിൽ എത്തിയപ്പോൾ
പദ്രൊവാദോ മെത്രാപ്പോലീത്തയായിരുന്ന
ഫ്രാൻസിസ് ഗാർസ്യാ മരണപ്പെട്ടിരുന്നു (1659). മാർത്തോമ്മാ നസ്രാണികൾ മാർത്തോമ്മാ ഒന്നാമനോടൊപ്പം അണിനിരന്നിരുന്നു. എന്നാൽ സെബസ്ത്യാനി മെത്രാനായി തിരിച്ചെത്തിയപ്പോൾ ഭൂരിഭാഗംമാർത്തോമ്മാനസ്രാണികളുംസെബസ്ത്യാനിയെ അനുകൂലിച്ചു. എന്നാൽ ഒരു വിഭാഗം വിശ്വാസികൾ മാർത്തോമ്മാ ഒന്നാമനോടൊപ്പം ആയിരുന്നു. 1663-ൽ ഡച്ചുകാർ കൊച്ചി അധീനപ്പെടുത്തി. തങ്ങളല്ലാത്ത എല്ലാ വിദേശികളും ഇന്ത്യ വിട്ടുപോകണമെന്ന്അവർകല്പ്പിച്ചു. ഇറ്റലിക്കാരനായ സെബസ്ത്യാനിക്ക്ഇന്ത്യവിട്ടുപോകേണ്ട അവസ്ഥ വന്നു. അതിനാൽ1663 ഫെബ്രുവരി ഒന്നിന് പറമ്പിൽ ചാണ്ടിയെ മെത്രാനായി വാഴിക്കുകയും അതേ ദിവസം തന്നെ മാർത്തോമ്മാ ഒന്നാമനെയും കൂട്ടരെയും മഹറോൻ ചൊല്ലി സഭയ്ക്കു പുറത്താക്കുകയും ചെയ്തു. അങ്ങനെ1653-ൽ തുടങ്ങിവച്ച പിളർപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുകയും മാർത്തോമ്മാനസ്രാണികളുടെ ഇടയിൽ കത്തോലിക്കാ, അകത്തോലിക്കാ എന്ന രണ്ടു സമൂഹങ്ങളായുള്ള പിളർപ്പിന് സ്ഥായീഭാവം കൈവരികയും ചെയ്തു. തുടർന്ന്, അകത്തോലിക്കാ സമൂഹത്തിന് എന്തു സംഭവിച്ചു എന്നു നോക്കാം.
മാർത്തോമ്മാ ഒന്നാമൻ (1653-1670)
മാർത്തോമ്മാ ഒന്നാമൻ കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കപ്പെടുകയും, അനുരഞ്ജനത്തിനുള്ള എല്ലാ പരിശ്രമങ്ങളും വിഫലമാകുകയും ചെയ്തതിനെ തുടർന്ന്, താൻ ഒരു അഭിഷിക്തമെത്രാനല്ല എന്ന സത്യം മനസ്സിലാക്കി,സാധുവായമെത്രാഭിഷേകംനടത്തുന്നതിനുവേണ്ടി ഒരു മെത്രാനെ അയച്ചുതരണമന്ന് അഭ്യർത്ഥിച്ചുകൊണ്ട് കൽദായ പാത്രിയാർക്കീസിനും അന്ത്യോക്യയിലെസിറിയൻയാക്കോബായപാത്രിയാർക്കീസിനും കത്തുകൾ എഴുതി. കൽദായ പാത്രിയാർക്കീസ് അതിന് പ്രതികരണം നൽകിയില്ല. എന്നാൽ അന്ത്യോക്യയിലെ സിറിയൻ യാക്കോബായ പാത്രി
യാർക്കീസ് 1665-ൽ അബ്ദുൾ ജലീൽ മാർഗ്രിഗോറിയോസ് എന്ന യാക്കോബായമെത്രാനെ മലബാറിലേക്കയച്ചു. മാർ
ത്തോമ്മാ ഒന്നാമൻ സാധുവായ അഭിഷേകംലഭിച്ച മെത്രാനല്ല എന്നറിയാമായിരുന്ന അദ്ദേഹത്തിന്റെ അനുയായികൾ മാർ ഗ്രിഗോറിയോസിനെ സ്വാഗതം ചെയ്തു. ഏതൊരു ലത്തീൻ മെത്രാനേക്കാളുമുപരി സിറിയൻ പാരമ്പര്യമുള്ള ഒരു പൗരസ്ത്യ മെത്രാനെ അവർ സ്വീകരിച്ചതിൽ അത്ഭുതമില്ല. മാർഗ്രിഗോറിയോസ് മലബാറിൽ വന്നതു മുതൽ സഭയുടെ മെത്രാനടുത്ത ധർമ്മങ്ങൾ അനുഷ്ഠിക്കാൻ തുടങ്ങി. മാർത്തോമ്മായാകട്ടെ സഭയുടെ ഭരണപരമായ കാര്യങ്ങൾ നിർവ്വഹിച്ചുപോന്നു.
അന്ത്യോക്യൻയാക്കോബായമെത്രാനായമാർഗ്രിഗോറിയോസ് (1665-1670), സമൂഹത്തന്റെ വികാരങ്ങൾ മനസ്സിലാക്കി,മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും വീണ്ടെടുത്ത് നൽകാമെന്ന് വാഗ്ദാനം നൽകി. വാസ്തവത്തിൽ ഉദയമ്പേരൂർ സൂനഹദോസിനുശേഷം കൈവിട്ടുപോയ പല ആധികാരികപാരമ്പര്യങ്ങളും അദ്ദേഹം പുനഃസ്ഥാപിക്കുക തന്നെ ചെയ്തു. എന്നാൽ അദ്ദേഹം മാർത്തോമ്മാ ഒന്നാമനെ മെത്രാനായി വാഴിച്ചില്ല. കാരണം മാർ ഗ്രിഗോറിയോസിന്റെ ലക്ഷ്യം, ഈ വേർപെട്ടുപോയ സമൂഹത്തെ യാക്കോബായ വിശ്വാസത്തിലേയ്ക്കും അന്ത്യോക്യൻ പാരമ്പര്യത്തിലേയ്ക്കും കൊണ്ടുവരുക എന്നതായിരുന്നു. അദ്ദേഹം വളരെ തന്ത്രപരമായി യാക്കോബായ ഓർത്തഡോക്‌സ് വിശ്വാസങ്ങളും അന്ത്യോക്യൻ ആരാധനക്രമവും ക്രമേണ അകത്തോലിക്കരായ മാർത്തോമ്മാ നസ്രാണികളുടെയിടയിൽ കൊണ്ടുവരാൻ ശ്രമിച്ചു. മാർ ഗ്രിഗോറിയോസിന്റെ വരവും പ്രവർത്തനങ്ങളും മാർത്തോമ്മാ ഒന്നാമന്റെ പാർട്ടിയെ ശക്തിപ്പെടുത്തുക മാത്രമല്ല, കത്തോലിക്കാ-അകത്തോലിക്കാ സമൂഹങ്ങൾ തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുകയും ചെയ്തു. 1670 ഏപ്രിൽ 22-ന് മാർത്തോമ്മാ ഒന്നാമൻ മരണമടഞ്ഞു. സാധുവായ മെത്രാൻപട്ടം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.