വീട് പണിതിട്ടു പോരേ ‘മതിൽ’?

0
472

ഒരു പ്രണയമായിരുന്നു പ്രളയം. പ്രണയം രണ്ടുപേരെ ഒരുമിപ്പിക്കുന്നെങ്കിൽ പ്രളയം ഇവിടെ അനേകായിരങ്ങളെ ഒരുമിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും കെട്ടുപാടുകളിൽനിന്നും വേർതിരിവുകളിൽ നിന്നും കേരള സമൂഹം സ്വാതന്ത്ര്യം നേടിയ നാളുകളായിരുന്നു ഈ വർഷത്തെ സ്വാതന്ത്ര്യ ദിനവും അതിനടുത്ത ദിവസങ്ങളും. എന്നാൽ വീണ്ടും വിഭജനങ്ങളിലേയ്ക്കും വിഭാഗീയതകളിലേയ്ക്കും ഈ സമൂഹം പിൻവാങ്ങിക്കൊണ്ടിരിക്കുന്നു.

ഉറക്കഗുളികകളും വേദനസംഹാരികളും മാത്രം കൊടുത്ത് രോഗികളെ കബളിപ്പിക്കുന്ന ഡോക്ടർമാരെപ്പോലെയാണ് ഇവിടുത്തെ സർക്കാർ. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ച് വൈകാരികത നിറഞ്ഞ ശബരിമല വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഈ വിഷയത്തിൽ മാത്രം ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു. പ്രളയം മൂലമുണ്ടായ ഭീകര ദുരിതങ്ങൾ എല്ലാവരും വിസ്മരിച്ച അവസ്ഥയാണ്. കൃഷിയിടങ്ങളും വളർത്തുമൃഗങ്ങളും കിടപ്പാടം വരെയും നഷ്ടപ്പെട്ടവർ ലക്ഷക്കണക്കിനാണ്. കുട്ടനാട്ടിലെ എല്ലാ മനുഷ്യരുടെയും അവസ്ഥ ഇതുതന്നെയാണ്. ഇവരെയൊക്കെ സാന്ത്വനിപ്പിക്കാൻ സർക്കാർ പലവാഗ്ദാനങ്ങളും നൽകിയിരുന്നു. അതിലെ അടിയന്തിര ധനസഹായമായ 10000 രൂപപോലും ബഹുഭൂരിപക്ഷത്തിനും ലഭിച്ചിട്ടില്ല. വീട് നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപ നൽകുമെന്ന പ്രഖ്യാപനവും കടലാസിൽ ഉറങ്ങുന്നു. വീടിന്റെ കേടുപാടുകൾ തീർക്കാൻപോലും പലർക്കും ഒന്നു ലഭിച്ചിട്ടില്ല. പ്രളയ ബാധിത ജില്ലകളിലെ കാർഷിക വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കും എന്ന ബാങ്കുകളുടെ മോഹനവാഗ്ദാനം പിന്നീട് ആരും ആവർത്തിച്ചു കാണുന്നില്ല.

ഇവയോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഇനി ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ. അതിനുള്ള ശാസ്ത്രീയമായ ആസൂത്രണങ്ങളോ പദ്ധതികളോ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇതുവരെ പൂർണ്ണമായും പുനരുദ്ധരിച്ചിട്ടില്ല. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാൻ ചെയ്യേണ്ടത് അടിയന്തിര പ്രാധാന്യമുള്ള ഇത്തരം കാര്യങ്ങളാണോ അതോ ജാതി വിഷയങ്ങളിൽ അനാവശ്യമായി ഇടപെട്ട് അവയെ രൂക്ഷമാക്കുകയാണോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചോ ഇതുവരെ നടത്തിയ ഫണ്ട് ശേഖരണങ്ങളെക്കുറിച്ചോ കാര്യമായി ഒന്നും കേൾക്കാനില്ല. അതിനായി ആഹ്വാനം ചെയ്തവരെയും കാണാനില്ല. ഇവയൊക്കെ രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുമെന്ന സംശയം ബലപ്പെടുകയാണ്. ഈ സംസ്ഥാനമാകുന്ന പൊളിഞ്ഞുകിടക്കുന്ന വീട് പണിയാതെ ‘മതിൽ’ പണിയാനുള്ള തിടുക്കത്തിലാണ് സർക്കാർ. മതിൽ ഒരിക്കലും ഐക്യത്തിന്റേതല്ല വിഭജനത്തിന്റേതാണ്. അതു ബർലിൻ മതിൽ ആയാലും വനിതാമതിൽ ആയാലും. നവോത്ഥാനചിന്തയെന്നും പുരോഗമനവാദമെന്നും നിരന്തരം പറയുന്ന സർക്കാർ വനിതാമതിലിനു പങ്കെടുക്കാൻ ന്യൂനപക്ഷവിഭാഗങ്ങളെ ക്ഷണിക്കാത്തതിലൂടെ ഇവിടെ ഒരു വർഗ്ഗീയ വിഭജനം നടത്തുകയല്ലേ? അതുകൊണ്ടാവുമല്ലോ വർഗ്ഗീയമതിൽ എന്ന വിശേഷണം ഇതിനു കൈവന്നത്. കേരളത്തിന്റെ നവോത്ഥാനത്തിൽ ക്രിസ്ത്യൻ, മുസ്ലീം സംഘടനകൾക്ക് യാതൊരു പങ്കുമില്ലെന്ന് ‘പ്രമുഖ ചരിത്രപണ്ഡിതനും നരവംശ ശാസ്ത്രജ്ഞനു’മായ ഒരു സമുദായ നേതാവ് ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞു. ഈ മതിലിൽ രാഷ്ട്രീയ വിഭജനം ഉണ്ട് എന്നത് സുനിശ്ചിതമാണ്. പ്രതിപക്ഷപാർട്ടികൾ തീർച്ചയായും ഇതിൽ നിന്ന് വിട്ടുനിൽക്കും. കേരളത്തിലെ ജനങ്ങളെ ഇപ്രകാരം വർഗ്ഗീയമായും രാഷ്ട്രീയമായും വിഭജിക്കുന്ന ഈ മതിലിനു ചെലവാകുന്ന തുക, അത് എവിടെ നിന്നാണെങ്കിലും ഇവിടുത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ചെലവാക്കിയിരുന്നെങ്കിൽ എത്ര ഉത്തമമാകുമായിരുന്നു. അതിനാൽ ജനങ്ങളോടു പ്രതിബദ്ധതയുണ്ടെങ്കിൽ വീട് പണിയണോ മതിൽ പണിയണോ എന്ന് സർക്കാർ ഒന്നുകൂടി ചിന്തിക്കണം.