മാർ അംബ്രോസ് (340-397) തിരുനാൾ: ഡിസംബർ 7

ഇന്നത്തെ ഫ്രാൻസും, ബ്രിട്ടനും, സ്‌പെയിനും, ആഫ്രിക്കയുടെ ഏതാനും ഭാഗവും കൂടിച്ചേർന്നതായിരുന്നു ചരിത്രത്തിൽ ‘ഗോൾ’ (Gaul) എന്ന് അറിയപ്പെടുന്ന പ്രദേശം. റോമാസാമ്രാജ്യത്തിന്റ ഒരു ഭാഗമായിരുന്നു ഇത്. ഗോളിലെ പ്രീഫെക്റ്റായിരുന്ന അംബ്രോസിന്റെ പുത്രനായിരുന്നു പിൽക്കാലത്ത് മെത്രാനും വേദപാരംഗതനുമായി പ്രസിദ്ധിയാർജ്ജിച്ച വിശുദ്ധ അംബ്രോസ്.
ഒരസാധാരണ സംഭവം
‘The Golden Legend’എന്ന ഗ്രന്ഥത്തിൽ ഒരസാധാരണ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുവായ ആംബ്രോസ് തന്റെ പിതാവിന്റെ കൊട്ടാരത്തിൽ ഒരു തൊട്ടിലിൽ കിടന്ന് ഉറങ്ങുമ്പോൾ, പൊടുന്നനവേ, ഒരു തേനീച്ചക്കൂട്ടം പറന്നു വന്ന് അവന്റെ മുഖവും വായും പൊതിഞ്ഞു. അല്പം കഴിഞ്ഞ് അവ അന്തരീക്ഷത്തിലേക്കു പറന്നുയർന്ന് അപ്രത്യക്ഷമായി. ഈ സംഭവം നിരീക്ഷിച്ച പിതാവ് അവൻ വലുതായിത്തീരുമ്പോൾ പ്രാധാന്യമുള്ള ഒരു വ്യക്തിയായിത്തീരുമെന്ന് പ്രവചിച്ചു. ഏതായാലും അംബ്രോസ് വളർന്നപ്പോൾ പ്രശസ്തനായിത്തീർന്നു.
ബാല്യം, വിദ്യാഭ്യാസം, ഉദ്യോഗം
ബാലനായ അംബ്രോസ് സമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു. റോമിലായിരുന്നു അവന്റെ വിദ്യാഭ്യാസം. വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ബാരിസ്റ്ററായി അവൻ ജീവിതം
ആരംഭിച്ചു. ഒരു വിദഗ്ദ്ധനായ അഭിഭാഷകനായി കോടതികളിൽ തിളങ്ങി നിന്ന അംബ്രോസിനെ വലന്റീനിയൻ ചക്രവർത്തി ലിഗ്ഗൂരിയ, എമിലിയ എന്നീ പ്രോവിൻസുകളുടെ ഗവർണറായി നിയമിച്ചു. അന്ന് 33 വയസ്സുണ്ടായിരുന്ന അവിവാഹിതനായ അംബ്രോസ് മിലാനിൽ താമസിച്ചുകൊണ്ട് ജോലി ഏറ്റെടുത്തു.
”ഞങ്ങൾക്ക് അംബ്രോസിനെ മെത്രാനായി വേണം”
ഈയവസരത്തിൽ (374-ൽ) മിലാനിലെ പ്രസിദ്ധമായ മെത്രാസനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അവിടെ ഒരു പുതിയ മെത്രാനെ തിരഞ്ഞെടുക്കേണ്ടതുണ്ടായിരുന്നു. ഈ തിരഞ്ഞെടുപ്പിനെപ്പറ്റി കത്തോലിക്കരും ആര്യൻ പാഷണ്ഡികളും തമ്മിൽ തർക്കമുണ്ടായി. അവിടെ സമാധാനപരമായി തിരഞ്ഞെടുപ്പു നടത്താൻ ഗവർണർ അംബ്രോസ് നിർദ്ദേശിച്ചു. (മിശിഹായുടെ ദൈവത്വത്തെ നിഷേധിച്ചിരുന്ന ആര്യൻ പാഷണ്ഡികൾ ഭീകരന്മാരായിരുന്നു. റോമൻ
ചക്രവർത്തിമാർക്കു ശേഷം ആദിമസഭയിൽ ഏറ്റവും കൂടുതൽ വിശ്വാസികളെ വധിച്ചത് ഇവരായിരുന്നു). മിലാനിലെത്തിയ അംബ്രോസിനെ കണ്ട ഒരു കുട്ടി ”അംബ്രോസ് തന്നെ മെത്രാൻ” എന്നു വിളിച്ചു പറഞ്ഞു. കുട്ടിയുടെആഹ്വാനത്തെ പിൻതാങ്ങിക്കൊണ്ട് ജനങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു: ”ഞങ്ങൾക്ക് അംബ്രോസിനെത്തന്നെ മെത്രാനായി വേണം”. അന്ന് ഒരു ജ്ഞാനസ്‌നാനാർത്ഥി (Catechumen) മാത്രമായിരുന്ന അംബ്രോസ് അതിനെ ശക്തിയായി എതിർത്തുവെങ്കിലും അദ്ദേഹം മെത്രാനാകണമെന്നത് ദൈവനിയോഗമായിരുന്നു. അങ്ങനെ 374 ഡിസംബർ 7-ാം തീയതി ഗവർണർ അംബ്രോസ് ജ്ഞാനസ്‌നാനവും, പൗരോഹിത്യവും, മെത്രാഭിഷേകവും ഒരുമിച്ചു സ്വീകരിച്ചു. ദൈവത്തിന്റെ വഴികൾ എത്ര അഗ്രാഹ്യവും നിഗൂഢവും! മെത്രാസനത്തിൽ
ഞായറാഴ്ചകളിൽ, പതിവായി, അംബ്രോസ് മെത്രാൻ മിലാൻ കത്തീഡ്രലിൽ പ്രസംഗിച്ചിരുന്നു. വിശ്വാസത്തെപ്പറ്റിയുള്ള തന്റെ പ്രഭാഷണങ്ങളിൽ അദ്ദേഹം കന്യാത്വത്തെ പ്രത്യേകം എടുത്തു പറയാറുണ്ടായിരുന്നു. റോമിലെ സിസറോയെപ്പോലെ ഒരു ഉജ്ജ്വല വാഗ്മിയായിരുന്നു അംബ്രോസ്.
ഈ വാഗ്മിത്വവും ഗവൺമെന്റിലുള്ള സ്വാധീനശക്തിയുംകൊണ്ട് അദ്ദേഹത്തിന് ആര്യൻ പാഷണ്ഡികളെ ചെറുത്തുനിൽക്കാൻ പ്രയാസമുണ്ടായില്ല.
വിശുദ്ധ അംബ്രോസും ഭരണാധികാരികളും
ധീരനായ ഈ ബിഷപ്പ് ചക്രവർത്തിമാരുടെ തെറ്റുകൾക്കു നേരെയും വിരൽചൂണ്ടി.
ഓക്‌സെൻസിയോസ് ചക്രവർത്തിയുമായുള്ള തർക്കത്തിൽ അദ്ദേഹം പറഞ്ഞു: ”ചക്രവർത്തി തിരുസ്സഭയിലെ ഒരംഗമാണ്; അനേകരുടെ രക്തം ചിന്തിയ തെയഡോ
ഷ്യസ് ചക്രവർത്തിയെ പരസ്യ പ്രായശ്ചിത്തം ചെയ്തതിനുശേഷമേ ദൈവാലയത്തിൽ പ്രവേശിക്കാൻ അദ്ദേഹം അനുവദിച്ചുള്ളു. ജസ്റ്റീന ചക്രവർത്തിനി ആര്യൻ പാഷണ്ഡികളോടു ചേർന്ന് ബിഷപ്പിനെതിരെ പല കുതന്ത്രങ്ങളും പ്രയോഗിച്ചു. ഒരിക്കൽ ചക്രവർത്തിനി അദ്ദേഹത്തെ കൊല്ലാൻ വാളുമായി ഒരു പാഷണ്ഡിയെ അദ്ദേഹത്തിന്റെ മുറിയിലേക്ക് അയച്ചു. അത്ഭുതമെന്നു പറയട്ടെ, വെട്ടാൻ അയാൾ വാളുയർത്തിയ നിമിഷത്തിൽ അയാളുടെ കൈ ശോഷിച്ചു പോയി.
വേറൊരിക്കൽ മെത്രാനെ രഹസ്യത്തിൽ പിടിച്ചുകൊണ്ടുപോയി നാടുകടത്താൻ ഒരാൾ വേണ്ട സജ്ജീകരണങ്ങളെല്ലാം ചെയ്തു. വിരോധാഭാസമെന്നു പറയട്ടെ, അയാൾ തന്നെ പിടിക്കപ്പെടുകയും നാടുകടത്തപ്പെടുകയുമാണുണ്ടായത്. വിപ്രവാസത്തിൽ അയാൾക്കു വേണ്ട സഹായങ്ങളെല്ലാം വിശുദ്ധൻ ചെയ്തുകൊടുത്തുവത്രെ! തിന്മക്കു പകരം നന്മചെയ്യുക – ഇതാണ് വിശുദ്ധരുടെ ശൈലി!
പുണ്യകീർത്തി
വിശുദ്ധന് സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല. തന്റെ സമ്പത്തെല്ലാം, മെത്രാനായ ഉടനെ, അദ്ദേഹം ദരിദ്രർക്കും തിരുസ്സഭയ്ക്കും നൽകി. നിരന്തരം പ്രാർത്ഥനയും ഉപവാസവുമായി കഴിഞ്ഞിരുന്ന ഈ മെത്രാനെ പിശാചുക്കൾ ഭയപ്പെട്ടിരുന്നു. അതിനാൽ മിലാനിൽ പ്രവേശിച്ച പിശാചുബാധിതർ ഉടനടി സുഖം പ്രാപിച്ചിരുന്നു. മിലാനു പുറത്തു കടക്കുമ്പോൾ പിശാചുക്കൾ വീണ്ടും അവരിൽ പ്രവേശിക്കും.
കുമ്പസാരത്തിൽ അനുതപിക്കുന്ന പാപിയോടൊപ്പം അദ്ദേഹവും കരഞ്ഞിരുന്നു.
ഏതെങ്കിലും പുണ്യപ്പെട്ട ഒരു വൈദികനോ മെത്രാനോ മരിച്ചെന്നു കേട്ടാലും അദ്ദേഹം കണ്ണീർ പൊഴിക്കുമായിരുന്നു. അത്രമാത്രം നിഷ്‌കളങ്കവും സഹാനുഭൂതി നിറഞ്ഞതുമായ ഒരു ഹൃദയമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സ്‌നേഹവും കരണയുമാണല്ലോ വിശുദ്ധരുടെ മുഖമുദ്ര. ഒരു സംഭവം: ഒരിക്കൽ വിശുദ്ധൻ മിലാനിൽനിന്നു റോമിലേക്കു പോവുകയായിരുന്നു. മാർഗ്ഗമധ്യേ ഒരു വീട്ടിൽ വിശ്രമിക്കാൻ കയറി. അതൊരു സമ്പന്നന്റെ ഭവനമായിരുന്നു. തനിക്കു പുരോഗതിയല്ലാതെ ജീവിതത്തിൽ ഒരിക്കലും ഒരു കഷ്ടതയും ഉണ്ടായിട്ടില്ലെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. ഇതു കേട്ടയുടൻ ഞടുക്കത്തോടെ വിശുദ്ധൻ കൂടെയുണ്ടായിരുന്നവരോടു പറഞ്ഞു: ”മക്കളേ ഇവിടെനിന്നു വേഗം ഇറങ്ങുക. ഇവിടെ ഉടൻതന്നെ വലിയ ദൈവശിക്ഷയുണ്ടാകും. അവർ അവിടെ നിന്നിറങ്ങിയ ഉടൻ ഭൂമി പിളർന്ന് ആ ഭവനത്തെ വിഴുങ്ങിക്കളഞ്ഞു. അതിന്റെ അടയാളങ്ങൾ ഇന്നും അവിടെ കാണാനുണ്ടത്രെ! സുവിശേഷത്തിലെ ഭോഷനായ ധനികന്റെ കഥ ഇതോടു ചേർത്തു വായിക്കുക.
വിശുദ്ധ അംബ്രോസും വിശുദ്ധ അഗസ്റ്റിനും
വിശുദ്ധ അംബ്രോസിന്റെ പ്രസംഗങ്ങൾ, വിശുദ്ധഗ്രന്ഥപാരായണം, പുണ്യവതിയായി അമ്മ മോനിക്കായുടെ തോരാത്ത കണ്ണുനീർ – ഇവ മൂന്നും കൂടിയാണ് മഹാപാപിയായിരുന്ന അഗസ്റ്റിൻ എന്ന ബുദ്ധിരാക്ഷസനെ മഹാവിശുദ്ധനായി രൂപാന്തരപ്പെടുത്തിയത്. ”ഇത്രയേറെ കണ്ണുനീരിന്റെ
പുത്രൻ നശിച്ചുപോവുകയില്ല” എന്ന് അംബ്രോസ് മെത്രാൻ മോനിക്കായെ ആശ്വസിപ്പിച്ചിരുന്നു. കൃപാവരത്തിന്റെ ഒരു മഹാത്ഭുതം – അഗസ്റ്റിന്റെ മാനസാന്തരം – നടന്നു. അംബ്രോസ്‌മെത്രാൻ തന്നെയാണ് അഗസ്റ്റിനു മാമ്മോദീസ നൽകിയത്.
രചനകൾ
വിശുദ്ധഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം തുടങ്ങിയ വിഷയങ്ങളെപ്പറ്റി മാർ അംബ്രോസ് രചിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഈടുറ്റവയാണ്. അദ്ദേഹം നല്ലൊരു ഗാനരചയിതാവുമായിരുന്നു. അംബ്രോസിയൻ ഗാനങ്ങൾ (Ambrosian Chants) പ്രസിദ്ധങ്ങളാണ്. അംബ്രോസിയൻ റീത്ത് എന്ന പേരിൽ മിലാനിൽ ഒരു റീത്ത് തന്നെ രൂപം കൊണ്ടു. അംബ്രോസിയൻ ഗാനങ്ങളായിരുന്നു ഇതിന്റെ പ്രത്യേകത. അംബ്രോസിയൻ സന്ന്യാസസഭ തുടങ്ങിയ വേറെ സ്ഥാപനങ്ങളുമുണ്ട്.
ഉപസംഹാരം
ഒരു പ്രദേശത്തെ ഗവർണർ ഭക്തനും വിശുദ്ധനുമായ ഒരു മെത്രാനായിത്തീർന്നുവെന്നത് ദൈവകൃപയുടെ ഒരത്ഭുതമെന്നേ പറയേണ്ടൂ. ”ദൈവാനുഗ്രഹങ്ങൾ ലഭിക്കുന്നത് ഉറങ്ങുന്നവർക്കല്ല, ഉണർന്നിരുന്ന് അദ്ധ്വാനിക്കുന്നവർക്കാണ്” എന്നുള്ള വിശുദ്ധ അംബ്രോസിന്റെ വാക്കുകൾ
നമുക്കു മറക്കാതിരിക്കാം; അതനുസരിച്ചു പ്രവർത്തിക്കാം.