വ്യാകുലപ്രഥമൻ

മാതൃസഭയ്ക്കുവേണ്ടി മഹാത്യാഗങ്ങൾ ഏറ്റെടുത്ത് ഏഴു വ്യാകുലങ്ങളിൽ പ്രഥമനായിമാറിയ ലൂയിസ് പഴേപറമ്പിൽ മെത്രാന്റെ ചരമ ശതാബ്ദിക്ക് ഈ ഡിസംബർ 9 -ന് നാന്ദി കുറിക്കുകയാണ്.മാതൃസഭയ്ക്കുവേണ്ടി മഹാത്യാഗങ്ങൾ ഏറ്റെടുത്ത് ഏഴു വ്യാകുലങ്ങളിൽ പ്രഥമനായി മാറിയ ലൂയിസ് പഴേ
പറമ്പിൽ മെത്രാന്റെ ചരമ ശതാബ്ദിക്ക് ഈ ഡിസംബർ 9-ന് നാന്ദി കുറിക്കുകയാണ്. സുറിയാനി സഭാ ചരിത്രത്താൽ നിർമ്മിക്കപ്പെട്ടവനും അതിനെ നിർമ്മിച്ചവനുമായ അദ്ദേഹം കാലത്തിനുമുമ്പേ കാൽനീട്ടി നടന്ന കർമ്മയോഗിയാണ്. ഭഗീരഥൻ ഗംഗയെ
എന്നപോലെ സുറിയാനി സഭാചരിത്രപ്രവാഹത്തെ മറ്റൊരു ഗതിക്ക് തിരിച്ചുവിടാൻ ആ കരുത്തുറ്റ കരങ്ങൾക്കു സാധിച്ചു.
ജീവിതം
പുളിങ്കുന്ന് ഇടവകയിൽ പഴേപറമ്പിൽ മാമ്മൻ-ത്രേസ്യാ ദമ്പതികളുടെ ഏകമകനായി 1847 മാർച്ച് 25-ന് മത്തായി ജനിച്ചു. കർമ്മലീത്താ സഭയിൽ (ഇന്നത്തെ സി.എം.ഐ) ചേർന്നു ലൂയിസ് എന്ന പേരു സ്വീകരിച്ചു. 1870 ഡിസംബർ 4-ന് വൈദിക പട്ടം സ്വീകരിച്ചു. റോമിൽ നിന്ന് അയച്ച അപ്പസ്‌തോലിക് വിസിറ്റർ ലെയോ മൊയ്റീൻ മെത്രാന്റെ പരിഭാഷകനായി സേവനം ചെയ്തു. തുടർന്ന് കോട്ടയം വികാരി അപ്പസ്‌തോലിക്ക ചാൾസ് ലവീഞ്ഞ് മെത്രാന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. 1876 ഓഗസ്റ്റ് 11-ന് എറണാകുളം വികാരി അപ്പസ്‌തോലിക്ക ആയി നിയമിതനായി. ഒക്‌ടോബർ 25-ന് മെത്രാനായി അഭിഷിക്തനായി. 1919 ഡിസംബർ 9 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് പരി. കുർബാന മദ്ധ്യേ മരണമടഞ്ഞു. എറണാകുളം ബസിലിക്ക ദൈവാലയത്തിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു.
ഒരു ഉത്കൃഷ്ട കുടുംബത്തിലെ ഏകപുത്രനായി ജനിച്ച് തന്റെ മാതാപിതാക്കന്മാരുടെ ഏകശരണമായി വളർന്ന് അനവധി സ്വത്തുക്കളുടെ ഏക അവകാശിയായി തീർന്ന ഈ വന്ദ്യപിതാവ് ബാല്യത്തിൽ തന്നെ ലൗകീക സുഖങ്ങളെല്ലാം ഉപേക്ഷിച്ച് സ്വമനസാലെതന്നെ ദൈവിക ശുശ്രൂഷയ്ക്കായി പ്രതിഷ്ഠിച്ചു. സന്ന്യാസാശ്രമത്തിൽ ചേർന്ന് അവിടെ ലൗകികവും ദൈവികവുമായ ശാസ്ത്രങ്ങളും നാട്ടുഭാഷകളും പരദേശ ഭാഷകളും അഭ്യസിച്ച് ആശ്രമത്തിലെ ജീവിതമുറകളെല്ലാം ക്രമമായി അനുഷ്ഠിച്ച് ഒരു ഉത്തമ സന്ന്യാസിയുടെ ജീവിതം നയിച്ചുപോന്നു. എന്നാൽ മാതൃ
സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വീകരിച്ച ധീരമായ നിലപാടുകൾ അദ്ദേഹത്തിന്റെ ജീവിതവും സഭയുടെ ചരിത്രവും മാറ്റി മറിച്ചു. ഈ ചരമശതാബ്ദിയിൽ അദ്ദേഹം വിസ്മരിക്കപ്പെട്ടുപോയാൽ അതു നാം സഭാ ചരിത്രത്തോടു തന്നെ ചെയ്യുന്ന ക്രൂരതയായിരിക്കും.
ഏഴു വ്യാകുലങ്ങളിൽ ഒന്നാമൻ
വരാപ്പുഴ അതിരൂപതയുടെ കീഴിൽ കർമ്മലീത്താസഭ (ഒ.സി.ഡി) അംഗമായി വൈദിക ശുശ്രൂഷ ചെയ്യുന്ന അവസരത്തിൽ കർമ്മലീത്ത സഭ (സി.എം.ഐ) അംഗങ്ങൾ തന്നെയായ വരാപ്പുഴ അധികാരികൾക്കെതിരെ റോമിലേയ്ക്ക് പരാതി എഴുതി അയച്ചു എന്നതാണ് അദ്ദേഹംചെയ്ത ധീരകൃത്യം. ഇതു മാന്നാനം ഹർജി (1875) എന്ന പേരിൽ അറിയപ്പെടുന്നു. കർമ്മലീത്താക്കാർ വിദ്യാഭ്യാസത്തിനു യാതൊരു
പ്രാധാന്യവും നൽകുന്നില്ല, അതിനാൽ തങ്ങളുടെ സമുദായം അധഃപതിക്കുകയും മറ്റു സമുദായങ്ങൾ ഉന്നതിപ്രാപിക്കുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം എന്ന
നിലയിൽ സൂര്യനു കീഴിലുള്ള എല്ലാ സമുദായങ്ങൾക്കുമെന്നപോലെ തങ്ങൾക്കും സ്വസമുദായത്തിൽ നിന്ന് ഒരു നേതാവിനെ വേണം എന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. ഈ കത്തിലൂടെ അദ്ദേഹം ഒരു നാട്ടുമെത്രാനെ ആവശ്യപ്പെട്ടു. അത് ഉടനെ സാധ്യമല്ലെങ്കിൽ വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകുന്ന ജസ്യൂട്ട്
സഭയിൽനിന്ന് ഒരു മെത്രാനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ഒരു കാലത്ത് ജസ്യൂട്ടുകാർക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ പിൻതലമുറക്കാർ അവരെ തന്നെ
വീണ്ടും ആവശ്യപ്പെട്ടു എന്ന വിധി വൈപരീത്യം ഇവിടെ സംഭവിച്ചു. എങ്കിലും ഭാരത സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ നിവേദനം മാറി. ഇതിനോട് വരാപ്പുഴ അധികാരികൾ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. ലൂയിസ് അച്ചനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന മറ്റു വൈദികരെയും കൊവേന്തകളിൽ നിന്ന് പുറത്താക്കി. ഇവർക്ക് ആശ്രമവാസവും ആശ്രമ വസ്ത്രവും ഉപേക്ഷിച്ച് സ്വഭവനങ്ങളിലോ മറ്റിടങ്ങളിലോ പോയി
ദീർഘനാൾ താമസിക്കേണ്ടതായി വന്നു. ഇത് അവർക്ക് സമൂഹത്തിന്റെയും കുടുംബത്തിന്റെയും മുമ്പിൽ അപമാനത്തിനു കാരണമായി തീർന്നു. ഇവരിൽ തങ്ങളുടെ തീരുമാനങ്ങളിൽ ഉറച്ചുനിന്നവരാണ് ഏഴു വ്യാകുലങ്ങൾ എന്ന് അറിയപ്പെടുന്നത്. പക്ഷേ ഈ സാഹചര്യം അവർക്ക് ആളുകളുടെ ഇടയിൽ
പ്രവർത്തിക്കുന്നതിനും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനും അങ്ങനെ
പ്രക്ഷോഭം ശക്തമാക്കുന്നതിനും സർവ്വസ്വാതന്ത്ര്യവും നൽകി.
ലെയോ മൊയ്‌റീന്റെ പരിഭാഷകൻ
കേരളത്തിലെ സഭാകാര്യങ്ങൾ അന്വേഷിക്കുന്നതിന് ബോംബെ മെത്രാനായിരുന്ന ലെയോ മൊയാറീനെ മാർപ്പാപ്പാ നിയമിച്ചു. അദ്ദേഹത്തിന് രണ്ടു ദൗത്യങ്ങളാണ് ഉണ്ടായിരുന്നത്:
1. കേരളസഭയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന മേലൂസ് ശീശ്മയെ അമർച്ച ചെയ്യുക. അത് അദ്ദേഹം നിധീരിക്കൽ മാണിക്കത്തനാർ, ലൂയിസ് പഴേപറമ്പിൽ എന്നിവരുമായി സഹകരിച്ച് ഭംഗിയായി നിർവ്വഹിച്ചു.
2. ഏഴു വ്യാകുലങ്ങൾ എഴുതിയയച്ച പരാതികൾ പരിശോധിച്ച് റോമിൽ റിപ്പോർട്ട് സമർപ്പിക്കുക. മൊയ്‌റീൻ മെത്രാൻ ലൂയിസ് അച്ചന്റെ സഹായത്തോടെ ഇതും നിർവ്വഹിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അല്ലിയാർദ്രി എന്ന അപ്പസ്‌തോലിക ഡലഗേറ്റിനെ റോമിൽ നിന്ന് കേരളത്തിലേയ്ക്ക് അയച്ചു. അദ്ദേഹം വന്നപ്പോൾ നടന്ന ഏറ്റവും രസകരമായ സംഗതി എതിർ പക്ഷത്തിന്റെ തലവനായ വരാപ്പുഴ മെത്രാൻ മർസലിനോസിനെക്കൊണ്ടു തന്നെ സുറിയാനിക്കാർക്ക് ഒരു നാട്ടുമെത്രാനെ വേണം എന്ന ഹർജി ഡലഗേററ്റിനു സമർപ്പിക്കാൻ ലൂയിസ് അച്ചനും മാണിയച്ചനും കഴിഞ്ഞു
എന്നുള്ളതാണ്. 1887 മെയ് 20-ന് സുറിയാനിക്കാർക്കായി കോട്ടയം, തൃശൂർ വികാരിയാത്തുകൾ സ്ഥാപിക്കപ്പെട്ടു. വീണ്ടും ലൂയിസ് അച്ചന്റെ ശക്തമായ ഇടപെടൽ മൂലമാണ് കർമ്മലീത്താക്കാർക്ക് പകരം ജസ്യൂട്ട് മെത്രാനെ ലഭിച്ചത്. നാട്ടുമെത്രാനെ ലഭിക്കുകയില്ലെങ്കിൽ രണ്ടാമത്തെ സാധ്യത എന്നനിലയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ജസ്യൂട്ടുകാർ വിദ്യാഭ്യാസത്തിനു
നൽകിയിരുന്ന പ്രാധാന്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇപ്രകാരം ചിന്തിപ്പിച്ചത്.
ചാൾസ് ലവീഞ്ഞ് മെത്രാന്റെ സെക്രട്ടറി ജസ്യൂട്ടുകാരനായ ചാൾസ് ലവീഞ്ഞ് കോട്ടയം വികാരിയാത്തിന്റെ മെത്രാനായതോടുകൂടി ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ലൂയിസ് അച്ചനായിരുന്നു. പാലാക്കുന്നേൽ വലിയച്ചൻ തുടങ്ങിയവർ പണ്ടു സഭ പിളർത്തിയ ജസ്യൂട്ടുകാർ വീണ്ടും വന്നത് ലൂയിസ് അച്ചൻ കാരണമാണെന്നു വിമർശിച്ചു. സ്വജാതി മെത്രാനെ
ലഭിക്കണമെന്നു പറഞ്ഞ് ജനത്തെ കബളിപ്പിച്ച് പ്രക്ഷോഭങ്ങൾ നടത്തിയിട്ട് സഭയെ വീണ്ടും ജസ്യൂട്ടുകാരുടെ കാൽക്കീഴിൽ കൊണ്ടുവച്ചു എന്ന വിമർശനവും ഏൽക്കേണ്ടി വന്നു. എന്നാൽ അദ്ദേഹം സെക്രട്ടറി എന്ന നിലയിൽ ലവീഞ്ഞ് മെത്രാന്റെ ഭരണം ശ്രേയസ്‌കരമാകുന്നതിനുവേണ്ടി കഠിനമായി പരിശ്രമിച്ചു. അവർ തമ്മിൽ ആഴമായ ഒരു ബന്ധം നിലനിന്നിരുന്നു. ലവീഞ്ഞ് മെത്രാന്റെ പല നയപരമായ തീരുമാനങ്ങളെയും ലൂയിസ് അച്ചൻ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ് വികാരിയാത്തിന്റെ ആസ്ഥാനം ചങ്ങനാശേരിയായി ലവീഞ്ഞ് മെത്രാൻ നിശ്ചയിച്ചതും എസ്. ബി. സ്‌കൂൾ പോലെ
യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചതും. ഒൻപതു വർഷം അദ്ദേഹം സെക്രട്ടറിയായി സേവനം ചെയ്തു. ഈ അവസരത്തിൽ അദ്ദേഹം യൂറോപ്പു സന്ദർശിക്കുകയും വികാരിയാത്തിനുവേണ്ടി സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കുകയും ചെയ്തു.
കന്യാമഠങ്ങളുടെ സമാരംഭകൻ
ലവീഞ്ഞ് മെത്രാൻ ലൂയിസ് അച്ചനെ കന്യാമഠങ്ങളുടെ ഡയറക്ടർ ആയി നിയമിച്ചു. എന്നാൽ അന്ന് ഒരു കന്യാമഠം പോലും വികാരിയാത്തിൽ ഉണ്ടായിരുന്നില്ല. ഉള്ള മഠങ്ങളെ ഭരിക്കുക എന്നതല്ല, ഇല്ലാത്ത മഠങ്ങളെ ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ചാവറയച്ചൻ സ്ഥാപിച്ച കൂനമ്മാവ് മഠത്തിൽ നിന്ന് സന്ന്യാസിനികളെ കൊണ്ടുവന്ന് മുത്തോലിയിൽ മഠം ഉണ്ടാക്കി അവിടെ താമസിപ്പിച്ചു. തുടർന്ന് ചങ്ങനാശേരിയിലും വൈക്കത്തും ആരക്കുഴയിലും മഠങ്ങൾ സ്ഥാപിച്ചു. ഇവയെല്ലാം കർമ്മലീത്താ (സി.എം.സി) മഠങ്ങൾ ആയിരുന്നു. ഇവയ്ക്ക് നിയമ സംഹിതകളും ഉണ്ടാക്കി. ക്ലാരമഠത്തിന്റെ ആവിർഭാവത്തിലും ലൂയിസ് അച്ചൻ ഉത്സാഹിച്ചിരുന്നു. കണ്ണാടി ഉറുമ്പിൽ ആരംഭിച്ചിരുന്ന പ്രസ്ഥാനത്തെ വ്യവസ്ഥാപിതമായ ഒരു മഠമായി മാറ്റാൻ വേണ്ട സഹായങ്ങൾ ചെയ്തു. ചങ്ങനാശേരിയിലും ക്ലാരമഠം ആരംഭിച്ചു. സമുദായോത്ക്കർഷത്തിനു കന്യാമഠങ്ങൾ ആവശ്യമാണെന്നും അവ സ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുക ഉന്നതമായ ഒരു കാര്യമാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.
എറണാകുളത്തിന്റെ പ്രഥമ മെത്രാൻ
1896-ൽ കോട്ടയം തൃശൂർ വികാരിയാത്തുകൾ പുനർ വിഭജനം ചെയ്ത് എറണാകുളം വികാരിയാത്ത് സ്ഥാപിക്കുകയും മാർ ലൂയിസ് പഴേപറമ്പിൽ പ്രഥമ വികാരി അപ്പസ്‌തോലിക്കയായി നിയമിക്കപ്പെടുകയും ചെയ്തു. പുതിയ രൂപതയായിരുന്ന
തിനാൽ എറണാകുളത്തിന് അടിസ്ഥാന കാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ലൂയിസ് മെത്രാൻ ആദ്യമായി അരമന പണികഴിപ്പിച്ചു. വിദ്യാലയങ്ങൾ ആരംഭിച്ചു. സാമ്പത്തിക ഉന്നമനത്തിനുവേണ്ടി യത്‌നിച്ചു. അദ്ദേഹം രൂപതക്കുള്ളിൽ തന്നെ വൻതോതിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തി. മാർ പഴേപറമ്പിൽ ഭരണമേൽക്കുമ്പോൾ എഴുപത്തിയയ്യായിരം വിശ്വാസികൾ ഉണ്ടായിരുന്ന സ്ഥാനത്ത് അദ്ദേഹം മരിക്കുമ്പോൾ ഒരുലക്ഷത്തി പതിനെണ്ണായിരും പേരാണ് ഉണ്ടായിരുന്നത്. ധാരാളം ഇടവകകളും കന്യാമഠങ്ങളും അനാഥാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം തന്റെ വ്യക്തിപരമായ സമ്പാദ്യംപോലും രൂപതയുടെ അഭിവൃദ്ധിക്കായി ചെലവഴിച്ചു. രൂപതയെ ഉന്നതിയിലേക്കു നയിച്ചു.
ഹയരാർക്കിയുടെ പ്രാരംഭകൻ
വികാരി അപ്പസ്‌തോലിക്കയായി നിയമിതനായശേഷം അദ്ദേഹത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളിലൊന്ന് സുറിയാനി സഭയ്ക്കായി ഒരു ഹയരാർക്കി (സ്വയം
ഭരണ സംവിധാനം) സ്ഥാപിക്കുക എന്നതായിരുന്നു. ഇതിനായി അദ്ദേഹം ആത്മാർത്ഥമായും അക്ഷീണമായും പരിശ്രമിച്ചെങ്കിലും തന്റെ മരണത്തിനുമുമ്പ് അത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചില്ല.
ഉപസംഹാരം
മാതൃസഭയ്ക്കുവേണ്ടി കഠിനമായ ത്യാഗങ്ങൾ ഏറ്റുവാങ്ങിയ ഈ വ്യാകുല വ്യക്തിത്വം കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഈ ഡിസംബർ 9-ന് ഒരു ശതാബ്ദത്തിലേയ്ക്കു കടക്കുകയാണ്. ആ പുണ്യദീപത്തിന്റെ സ്മരണ സഭയിൽ എന്നും കെടാതെ നിൽക്കട്ടെ. സഭയെ സ്‌നേഹിക്കുവാനും സഭയ്ക്കുവേണ്ടി നിലകൊള്ളുവാനും ത്യാഗങ്ങളും സഹനങ്ങളും ഏറ്റെടുക്കുവാനും അദ്ദേഹം നമുക്കു പ്രചോദനമായി മാറട്ടെ.
(റഫറൻസ്: ഐ.സി. ചാക്കോ, മാർ ലൂയിസ് പഴേപറമ്പിൽ: ജീവിതവും കാലവും)