‘നെസെല്ലെ ശ്ലാമാ അമ്മൻ” എന്ന സുറിയാനി വാക്യം ”നമുക്ക് പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. കുർബാനയിലും യാമപ്രാർത്ഥനകളിലുമൊക്കെ നിരന്തരം കേൾക്കുന്ന ഒരു വാക്യമാണിത്. ഇത് പലപ്പോഴും ആവർത്തന വിരസമായും അസ്ഥാനസ്ഥിതമായും മുൻ പ്രാർത്ഥനയുടെ അവശിഷ്ട ഭാഗമായും ഒക്കെ നമുക്ക് തോന്നാറുണ്ട്. പ്രത്യേകിച്ച് അൾത്താര ശുശ്രൂഷകർ മിക്കവാറും കുട്ടികളായതുകൊണ്ട് പലരും അതിനു വേണ്ടത്ര ഗൗരവം കൊടുക്കാറുമില്ല. എന്നാൽ ഈ വാക്യത്തിന്റെ അർത്ഥ തലങ്ങളിലേയ്ക്ക് കടക്കുമ്പോഴാണ് അതിന്റെ ആഴം നമുക്ക് മനസ്സിലാകുന്നത്.
വാക്യഘടന – രണ്ടു വാക്യങ്ങൾ
ഇത് സത്യത്തിൽ ഒരു വാക്യമല്ല, രണ്ടു വാക്യങ്ങളാണ്. ”നമുക്ക് പ്രാർത്ഥിക്കാം” എന്ന ആഹ്വാനവും ”സമാധാനം നമ്മോടുകൂടെ” എന്ന ആശംസയും ഇവിടെ ഒത്തുചേരുന്നു. ആഹ്വാനവും ആശംസയും സാധാരണയായി ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ മുമ്പാണ് നടത്താറുള്ളത്. ഒരിക്കലും അതിനു ശേഷമല്ല. ഇവിടെയും അതുപോലെതന്നെയാണ്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഈ വാക്യം പ്രാർത്ഥനയ്ക്കു ശേഷം വരുന്ന ഒന്നായിട്ടാണ്. എന്നാൽ ഇത്
പുരോഹിതൻ നടത്തുന്ന ഓരോ പ്രാർത്ഥനയ്ക്കും മുമ്പായിട്ടാണ് ചൊല്ലുന്നത്.
വക്താവ് – ശുശ്രൂഷി
ഒരു കാര്യം പറയാൻ ചുമതലപ്പെട്ടിരിക്കുന്ന ആളാണല്ലോ വക്താവ്. ആരാധനക്രമത്തിൽ ശുശ്രൂഷിയാണ് ഈ വാക്യം പറയാൻ ഉത്തരവാദിത്വപ്പെട്ട വ്യക്തി. യഥാർത്ഥത്തിൽ ശുശ്രൂഷിയുടെ സ്ഥാനം വഹിക്കുന്നത് ഡീക്കൻ പട്ടം സ്വീകരിച്ചവർ (മ്ശംശാന) ആണ്. ഇവർ ആരാധനയിലെ ക്രമപാലകർ ആണ്. ഓരോരുത്തരും എപ്പോൾ എന്തു ചെയ്യണം എന്ന ആഹ്വാനം നടത്തുന്നത് ഇവരാണ്. ക്രമപാലനത്തിനുവേണ്ടി ഇവർ നടത്തുന്ന ആഹ്വാനങ്ങൾ
നമുക്ക് സുപരിചിതങ്ങളാണ്. ശബ്ദമുയർത്തി പാടുക, നിശബ്ദരായി ആദരപൂർവ്വം പ്രാർത്ഥിക്കുക, ഇരുന്ന് ശ്രദ്ധാപൂർവ്വം ശ്രവിക്കുക, ശൂറായ ആലപിക്കാനായി എഴുന്നേൽക്കുക തുടങ്ങിയവ ഇവരുടെ ക്രമപാലനത്തിന് ഉദാഹരണങ്ങളാണ്. നമ്മുടെ സഭയിൽ ആർച്ച് ഡീക്കൻ ഭൗതിക ക്രമപാലനം നടത്തിയിരുന്നല്ലോ. ഇതേ കർത്തവ്യംതന്നെയാണ് ആരാധനക്രമത്തിൽ ഡീക്കനും
നിർവ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ ‘നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ’ എന്ന വാക്യം പുരോഹിതനോ ജനമോ പറയുന്നത് ശരിയല്ല, തുടർന്നു വരുന്ന പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം എന്നനിലയിൽ ശുശ്രൂഷി തന്നെയാണ് പറയേണ്ടത്. ലത്തീൻ സഭയിൽ Let us pray (പ്രാർത്ഥിക്കാം) എന്നു
പുരോഹിതൻ പ്രാർത്ഥനകൾക്കു മുമ്പ് പറയാറുണ്ട്. എന്നാൽ ഇതിനുശേഷം സ്വൽപ സമയം നിശബ്ദത പാലിച്ചിട്ടാണ് പ്രാർത്ഥന തുടരുന്നത്. ഈ നിശബ്ദത പ്രാർത്ഥനയ്ക്കുള്ള ഒരുക്കമായി പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഇത് ശുശ്രൂഷിയുടെ ദൗത്യമാണ് പുരോഹിതൻ ഏറ്റെടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കാൻ വേണ്ടിയാണ്.
വ്യക്തി – മിശിഹാ
സമാധാനം ഇവിടെ ഒരു വികാരമല്ല. പ്രണയം പോലെ ഒരു ഫീലിംഗ് അല്ല. അത് ഒരു വ്യക്തി തന്നെയാണ്; ഉത്ഥിതനായ മിശിഹാ എന്ന വ്യക്തി. അതുകൊണ്ട് ‘നമുക്കു സമാധാനം’ എന്നു പറയുന്നത് ശരിയല്ല. ‘സമാധാനം നമ്മോടുകൂടെ’ എന്നു തന്നെ പറയണം. ഇപ്രകാരം പറയുമ്പോൾ ഉത്ഥിതനായ മിശിഹാ നമ്മുടെ കൂടെയുണ്ട് എന്നും അവൻ നൽകുന്ന സമാധാനം നമ്മുടെ കൂടെ വസിക്കുന്നു എന്നുമാണ് അർത്ഥം. ഈശോ തന്റെ പരസ്യ ജീവിതകാലത്തും ഉത്ഥാനത്തിനു ശേഷവും നിരന്തരം സമാധാനം ആശംസിക്കുന്നത് നമുക്ക് തിരുവചനത്തിൽ കാണാൻ സാധിക്കും. അവനെ സമീപിച്ചവർക്കെല്ലാം അവനാകുന്ന സമാധാനം ലഭിച്ചു. ഇന്നും പരിശുദ്ധ കുർബാനയിൽ അതു ലഭിക്കുന്നു. അവൻ, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും നമ്മുടെ കൂടെയുണ്ട് എന്ന ഉറച്ച ബോധ്യം – ഇമ്മാനുവേൽ അനുഭവം – ഈ വാക്യം നമുക്ക് നിരന്തരമായി പ്രദാനം ചെയ്യുന്നു.
പശ്ചാത്തലം – മതപീഡനം
ആരാധനക്രമത്തിലെ സമാധാന ആശംസയ്ക്ക് വളരെ വലിയ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ആദിമസഭയിൽ ധാരാളമായ മത പീഡനങ്ങൾ നടന്നിരുന്നു. അവർ പരി. കുർബാനയിൽ പങ്കെടുക്കുമ്പോൾ പോലും ശത്രുക്കൾ വന്ന് ആക്രമിക്കുകയും പിടിച്ചുകൊണ്ടുപോവുകയും അവിടെവച്ചുതന്നെ വധിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. അപ്പോൾ ആ സമൂഹം മുഴുവനും അസ്വസ്ഥരും ഭയചകിതരുമാകും. സ്വന്തക്കാർ പോലും നഷ്ടപ്പെടുന്നവർ കൂടുതൽ വേദനിക്കുകയും അവരുടെ മനസ്സ് കലുഷിതമാവുകയും ചെയ്യും. എങ്കിലും അർപ്പിക്കുന്ന
ബലി അവർ പൂർത്തിയാക്കുമായിരുന്നു.
അതാണ് ആദിമ ക്രൈസ്തവരുടെ വിശ്വാസ ദാർഢ്യം. ഈ സാഹചര്യങ്ങളിൽ വിശ്വാസികളെ ശാന്തരാക്കുന്നതിനും പ്രാർത്ഥനകളിൽ പങ്കുചേർക്കുന്നതിനുമായി ശുശ്രൂഷികൾ അഥവാ ക്രമപാലകർ നടത്തിയിരുന്ന ആഹ്വാനങ്ങളാണ് ”നമുക്കു പ്രാർത്ഥിക്കാം സമാധാനം നമ്മോടുകൂടെ” എന്ന വാക്യമായി പരിണമിച്ചത്.
ഇന്ന് ഇപ്രകാരമുള്ള ഭൗതിക സാഹചര്യങ്ങളോ ശാരീരിക പീഡനങ്ങളോ ഇല്ലാത്തപ്പോൾ ഈ ആഹ്വാനത്തിന്റെ പ്രസക്തി എന്ത് എന്ന് പലരും ചിന്തിക്കാം. എന്നാൽ പലരും പരി. കുർബാനയ്ക്ക് അണയുന്നത് പലതരത്തിലുള്ള മാനസികക്ലേശങ്ങളും വിഷമങ്ങളും ഒക്കെയായിട്ടായിരുക്കും.
ഇവയൊക്കെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഈ സാഹചര്യത്തിൽ ശുശ്രൂഷി സമാധാനം ആശംസിച്ചുകൊണ്ട് മിശിഹായാണ് സമാധാനം എന്ന് ഉദ്‌ബോധിപ്പിക്കുകയും നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും കർത്താവിലേയ്ക്കു തിരിക്കുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ സഭയും വൈദികരും സമർപ്പിതരുമെല്ലാം വളരെയേറെ വിമർശിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു. നിരന്തരം മാധ്യമങ്ങളെ വീക്ഷിക്കുന്ന ഒരു വിശ്വാസിയുടെ മനസ്സ് വളരെ അസ്വസ്ഥവും സംശയങ്ങൾ നിറഞ്ഞതും, ചിലപ്പോൾ തെറ്റിദ്ധരിക്കപ്പെട്ട
തുമായിരിക്കും. അവിടെയും ശുശ്രൂഷിയുടെ
ആശംസ കടന്നുവരുന്നു – സമാധാനം കൈവരിക്കാൻ വിശ്വാസിയുടെ മനസ്സിനെ പ്രേരിപ്പിക്കുന്നു.
നർസായിയുടെ വർണ്ണന
സുറിയാനി പിതാവായ നർസായി വളരെ മനോഹരമായി ഈ സമാധാന ആശംസയെ വർണ്ണിക്കുന്നു. അത് വാക്കുകൾ ചുരുക്കി താഴെ വിവരിക്കുന്നു:
മരണത്തെ നശിപ്പിക്കുകയും ജഡനാശത്തെ ഇല്ലാതാക്കുകയും ചെയ്ത ആ സമാധാനം
സ്വർഗ്ഗത്തിന്റെ പുത്രൻ നമുക്ക് പുനരുത്ഥാനം നൽകുന്നതായ ആ സമാധാനം
പാപത്തെ ജയിക്കുകയും സാത്താനെ തോൽപ്പിക്കുകയും ചെയ്ത ആ സമാധാനം
ആദാമിന്റെ മക്കളെ വിജയശ്രീലാളിതരാക്കിയ ആ സമാധാനം
പുത്രന്റെ കുരിശിലെ മരണത്തിലൂടെ പിതാവ് നമ്മോട് അനുരഞ്ജനപ്പെട്ട ആ സമാധാനം മാലാഖമാരോടുകൂടെ നമുക്കു തുല്യത നൽകിയ ആ സമാധാനം ദൈവജനത്തെ വിജാതീയരുമായി ഒന്നിപ്പിച്ച ആ സമാധാനം പുതുജീവൻ നൽകുന്ന ആ സമാധാനം സ്വർഗ്ഗരാജ്യത്തിലേയ്ക്ക് നിങ്ങളെ ക്ഷണിച്ച ആ സമാധാനം (നിങ്ങളുടെ കൂടെ വസിക്കട്ടെ)
ഉപസംഹാരം
സമാധാനം ആശംസിക്കുമ്പോഴും സ്വീകരിക്കുമ്പോഴും മിശിഹാ എന്ന വ്യക്തിയാണ് ആശംസിക്കപ്പെടുന്നതെന്നും സ്വീകരിക്കപ്പെടുന്നതെന്നുമുള്ള ബോധ്യം നമുക്ക് ഉണ്ടായിരിക്കണം. ഭയചകിതരായ ശ്ലീഹന്മാരോട് നിങ്ങൾക്ക് സമാധാനം (ലൂക്ക 24,36) എന്ന് ആശംസിച്ച മിശിഹാ നിരന്തരം നമ്മിൽ വസിച്ച് തന്റെ സമാധാനം നമുക്ക് പ്രദാനം ചെയ്യട്ടെ.