ആഫ്രിക്കയിലെ ചില വനവാസി വിഭാഗങ്ങൾ ഒരു പ്രത്യേകതരം സൂപ്പ് ഉണ്ടാക്കാറുണ്ട്. തവളയെ ജീവനോടെ വേവിച്ച് ഉണ്ടാക്കുന്ന സൂപ്പാണിത്. തിളച്ച വെള്ളത്തിലേക്ക് തവളയെ പിടിച്ചിട്ടാൽ അത് ചാടി രക്ഷപെടും എന്നതിനാൽ പാത്രത്തിലെ വെള്ളത്തിൽ തവളകളെ ഇട്ട് സാവധാനം ചൂടാക്കുകയാണ് ചെയ്യുക. വെള്ളത്തിന്റെ ഇളം ചൂട് ആസ്വദിച്ചിരിക്കുന്ന തവളകൾ രക്ഷപെടാൻ ശ്രമിക്കുകയില്ല. ചൂട് താങ്ങാൻ പറ്റാത്ത വിധത്തിൽ ആകുമ്പോഴേക്കും പാവം തവളകൾ ശരീരം പാതിവെന്ത് ചാടി രക്ഷപെടാൻ സാധിക്കാത്ത വിധത്തിലായിട്ടുണ്ടാവും. ഈ തവളകളുടെ അവസ്ഥയിലേക്കാണ് കേരള സഭയുടെ പോക്കെന്ന് സംശയം തോന്നി തുടങ്ങിയിട്ട് കുറേക്കാലമായി. സഭയ്‌ക്കെതിരായ ആക്രമണങ്ങൾ പല കോണുകളിൽനിന്നും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുമ്പോൾ ചെറുചൂടിൽ രസിച്ചിരിക്കുന്ന തവളകളെപ്പോലെ ഭൂരിപക്ഷം സഭാതനയരും നിസംഗരായിരിക്കുന്നു. അവർ വീണുപോയവരുടെ വീഴ്ചകളെക്കുറിച്ച് വീട്ടകങ്ങളിലും നാൽക്കവലകളിലും സോഷ്യൽ മീഡിയയിലും കേട്ടുകേൾവി വിളമ്പി സഭാപരിഷ്‌കർത്താക്കളും പുരോഗമനവാദികളും ആകാൻ ശ്രമിക്കുന്നു.
സഭാവൃക്ഷത്തിന്റെ നന്മയുടെ ഫലങ്ങൾ നേരിട്ടു ഭുജിച്ചു വളർന്നവർ അതിന്റെ അടി വേരിളക്കാൻ ആക്രോശിക്കുന്നവരുടെ മുൻപന്തിയിൽ ഉണ്ട്. സഭാസ്ഥാപനങ്ങളിലെ ജീവനക്കാർ മുതൽ പുരോഹിത സന്ന്യസ്ത വേഷധാരികളെ വരെ അക്കൂട്ടത്തിൽ കണ്ട് അമ്പരക്കുന്നുണ്ട് സാധാരണ വിശ്വാസികൾ. കുരിശിന്റെ വഴിയിൽ മിശിഹായെ അനുഗമിച്ചുകൊണ്ട് വിലപിച്ച ഒറശ്ലെം നഗരിയിലെ സ്ത്രീകളെപ്പോലെ സഭയുടെ പീഡാനുഭവ വഴികളിൽ കുറച്ചു വിശ്വാസികൾ ഹൃദയം നുറുങ്ങി വിലപിക്കുന്നു. തിരുമുഖം തുടച്ച വേറോനിക്കയെപ്പോലെ ചിലർ സഭയ്ക്കുവേണ്ടി നിലകൊള്ളുന്നുണ്ട് എന്നത് ആശ്വാസം പകരുന്നു. എങ്കിലും മഹാഭൂരിപക്ഷത്തിന്റെ മൗനവും നിസംഗതയും സഭയെ തളർത്തുക തന്നെയാണ്. ഈവിധം മുന്നോട്ടുപോയാൽ ആഫ്രിക്കൻ സൂപ്പിലെ തവളയെപ്പോലെ ഒന്നു കുതറാൻ പോലും ശേഷിയില്ലാത്തവരായി ക്രൈസ്തവസമുദായം നാശത്തിലേക്കു കൂപ്പുകുത്തും എന്നതിൽ സംശയമില്ല. കൂനിന്മേൽ കുരു എന്നതുപോലെ പുറത്തുനിന്നുള്ള ആക്രമണത്തോടൊപ്പം അകത്തുനിന്നുള്ള ആക്രമണങ്ങളും സഭയ്ക്കു നേരിടേണ്ടിവരുന്നു. തൊലിപ്പുറത്തെ ചികിത്സകൾ കൊണ്ട് മാത്രം കാര്യമില്ല. രോഗത്തിനു കാരണം കണ്ടെത്തി പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്.
ജന്മംകൊണ്ട് ക്രൈസ്തവരും എന്നാൽ നിരീശ്വരവാദികളുമായ ക്രൈസ്തവനാമധാരികളെ മാറ്റിനിർത്തിയാൽ സഭാവിമർശകരായ ക്രിസ്ത്യാനികൾ എല്ലാവരും ഈശോമിശിഹായിൽ വിശ്വസിക്കുന്നവരാണ്.
അവരെ സാത്താൻ ആരാധകർ എന്നു മുദ്രകുത്തുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതിനു തുല്യമാണ്. യഥാർത്ഥത്തിൽ അവരുടെ ഉള്ളിലെ ചെറുതും വലുതുമായ മുറിവുകളും, ജീവിതത്തിലെ അസംതൃപ്തിയുമാണ് അവരെ സഭാവിമർശകരാക്കി മാറ്റിയിരിക്കുന്നത്. ഹോസ്റ്റലിലെ വേർതിരവു
കാണിച്ച കന്യാസ്ത്രീയോടുള്ള ദേഷ്യം, അദ്ധ്യാപക ജോലിക്ക് ലക്ഷങ്ങൾ ചോദിച്ച മാനേജരച്ചനോടുള്ള പക എന്നിവ മുതൽ ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടിവരുന്നതിലുള്ള അസംതൃപ്തിയും കുടുംബജീവിതത്തിലെ നൈരാശ്യവും വരെയുള്ള കാരണങ്ങൾ ഉണ്ട് സഭയോടുള്ള ഈ ദേഷ്യത്തിനു പിന്നിൽ. അവർക്ക് സഭ ഒരു ”സ്‌ട്രെസ്സ് ബസ്റ്റർ പഞ്ചിംഗ് ബാൾ” ആണ്. ദേഷ്യം വരുമ്പോൾ
ഇതിൽ മതിയാവോളം ഇടിക്കാമല്ലോ. തങ്ങളുടെ ദുരവസ്ഥയ്ക്കു കാരണം സഭയാണെന്ന് അവർ വിശ്വസിക്കുന്നു. സഭയെ പൊതുജന മധ്യത്തിൽ അവഹേളിക്കുമ്പോൾ ജന്മശത്രുവിനെ പൊതുസ്ഥലത്തുവച്ച് രണ്ടു പൊട്ടിച്ചതുപോലുള്ള ഒരു ഗൂഢാനന്ദം അവർ അനുഭവിക്കുന്നു. സഭ മിശിഹാ തന്നെയാണെന്ന സഭാവിജ്ഞാനീയം അവർക്ക് അറിയില്ല. അവരെ സംബന്ധിച്ചിടത്തോളം സഭ ഒരു രാഷ്ട്രീയ പാർട്ടി പോലെയോ സമുദായ സംഘടന പോലെയോ ഉള്ള ഒരു സാമൂഹികസംവിധാനം മാത്രം.
സഭയുടെ കൂട്ടായ്മയിലും അച്ചടക്കത്തിലും ഗുരുതരമായ വീഴ്ചകൾ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരുക്കുന്നു എന്നത് സാധാരണ വിശ്വാസികളെ ആശങ്കപ്പെടുത്തുകയും അവർക്ക് ഉതപ്പ് നൽകുകയും ചെയ്യുന്നുണ്ട്. പവിത്രമായ സന്ന്യാസത്തിന്റെ ആവൃതിയിൽ ജീവിക്കേണ്ട സന്ന്യാസിനി സഭാവസ്ത്രമണിഞ്ഞ് ചാനൽ ചർച്ചകളിൽ സഭയെ കളങ്കപ്പെടുത്തുമ്പോൾ
നാളെയുടെ ഒരുപിടി സന്ന്യാസിനികൾ വീടിന്റെ സ്വീകരണമുറിയിൽ പൊലിഞ്ഞു
പോകുന്നുണ്ട്. ളോഹ ധരിക്കാത്ത വൈദികന്റെ വിപ്ലവസമരങ്ങൾ സഭയെ മുതലാളിത്ത ദുഷ്പ്രഭുത്വമായി ചിത്രീകരിക്കുമ്പോൾ യുവതലമുറ സഭയിൽനിന്ന് അകന്നു പോകുന്നുണ്ട്. നമ്മുടെ വൈദികർക്കും സന്ന്യസ്തർക്കും ലഭിച്ചിരുന്ന ബഹുമാനം പൊതുസമൂഹത്തിൽ കുറഞ്ഞുപോകുന്നുണ്ട്. പൊതുസമൂഹത്തെയും മാധ്യമങ്ങളെയും ഭയന്ന് ഉത്തരവാദപ്പെട്ടവർ അച്ചടക്കനടപടികൾ സ്വീകരിക്കാതെ മാറി നിൽക്കുമ്പോൾ ലോകത്തെവിടെയും സഭയുടെ കൈമുതലായ കെട്ടുറപ്പ് നഷ്ടപ്പെടുകയാണ്. വ്രണം ചുറ്റിക്കെട്ടി മറച്ചു വച്ചാൽ കൂടുതൽ
ഭാഗങ്ങളിലേക്ക് പടർന്ന് ഗുരുതരാവസ്ഥയിൽ ആകുകയേ ഉള്ളു. ചെത്തിമാറ്റി തുന്നിക്കെട്ടുകതന്നെയാണ് വേണ്ടത്. ആദ്യത്തെ വേദന കഴിയുമ്പോൾ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.
സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ നിന്ന് സഭ അകന്നു നിൽക്കുന്നുവെന്ന
പരാതി ഒട്ടേറെപ്പേരിൽ നിന്നും കേൾക്കുവാൻ ഇടയായി. കാർഷിക ഉല്പന്നങ്ങൾക്ക് വിലയില്ലാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയിൽപെട്ടുഴലുന്നവർ, കാർഷിക വായ്പയും വിദ്യാഭ്യാസ വായ്പയും എടുത്ത് കടക്കെണിയിലായവർ, വാർധക്യത്തിൽ ആശ്രയമാകേണ്ട മക്കൾ അടുത്തില്ലാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, മക്കളെ വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചു വിശ്രമിക്കാം എന്നു കരുതിയിരിക്കേ കൊച്ചുമക്കളെ കൂടി വളർത്തേണ്ടിവരുന്നവർ, കുടുംബം പുലർത്താനുള്ള വകതേടുമ്പോൾ ദാമ്പത്യജീവിതം അന്യമാകുന്നവർ, ഇഷ്ടമില്ലാത്ത തൊഴിൽ ചെയ്യുന്നവർ, തുച്ഛമായ വേതനം പറ്റുന്നവർ, തൊഴിൽ ഇല്ലാത്തവർ, മാതാപിതാക്കളിൽ നിന്നും അകന്നു ജീവിക്കേണ്ടിവരുന്നവർ ഇങ്ങനെ അസംതൃപ്തർ ഏറെയാണ്. ഇതോടൊപ്പം മനുഷ്യത്വത്തിനു മുകളിൽ പണത്തിനു സ്ഥാനം കൊടുത്ത ചിലരെങ്കിലും തങ്ങൾ പ്രതിനിധീകരിക്കുന്ന സഭയുടെ മുഖത്തിന് ക്രൂരഭാവവും നല്കുന്നു. ‘എൻ എസ് എസോ, എസ് എൻ ഡി പിയോ പോലെ നമുക്ക് ഒരു സമൂദായസംഘടനയുണ്ടോ?. നമ്മുടെ കാര്യങ്ങൾ നമ്മൾ ആരോട് പറയും?’, ‘സ്‌കൂളിന്റെയും കോളേജിന്റെയും കാര്യത്തിൽ മാത്രമേ അച്ചന്മാർക്കു താല്പര്യമുള്ളൂ, സാധാരണക്കാരുടെ പ്രശനങ്ങൾ അവർക്ക് അറിയണോ?’ സോഷ്യൽ മീഡിയയിൽ മാത്രമല്ല, വായനശാലകളിലും കടത്തിണ്ണകളിലും നാൽക്കവലകളിലും ‘അച്ചായന്മാരും അച്ചായത്തികളും’ ഉയർത്തുന്ന ചോദ്യങ്ങളുടെ സാമ്പിൾ ആണ് ഇവ. ബഹുമാന്യരോടുള്ള ബഹുമാനക്കുറവും അവജ്ഞയും മറനീക്കി പുറത്തുവരുന്നുണ്ട് ഈ ചോദ്യങ്ങളിൽ. ചില ചോദ്യങ്ങളാവട്ടെ തീർത്തും പ്രതിപക്ഷ
ബഹുമാനമില്ലാത്തതും സഭ്യതയുടെ അതിർവരമ്പുകൾ പോലും ഭേദിക്കുന്നതുമാണ്. ഇത്തരം ചോദ്യങ്ങളിൽ നിന്ന് നാം ഒഴിഞ്ഞു മാറുമ്പോൾ ആടു മോഷ്ടാക്കളും,
നിരീശ്വരവാദികളും വിപ്ലവകാരികളും സഭാതനയരെ റാഞ്ചിക്കൊണ്ടു പോകുന്നു.
സഭാതനയരിൽ നല്ലൊരു വിഭാഗം സഭാവിരുദ്ധരാകുന്ന സാഹചര്യം നിലനിൽ
ക്കുമ്പോൾ സഭ നടത്തുന്ന അനാഥാലയങ്ങളുടെയും ആതുരസേവനകേന്ദ്രങ്ങളുടെയും കണക്കുനിരത്തി മാത്രം പ്രതിരോധിക്കാൻ സാധിക്കില്ല. സെമിനാറു നടത്തിയും പത്ര പ്രസ്താവന ഇറക്കിയും പരിഹാരം കാണാനുമാകില്ല. ഇടവകകളിലൂടെ കുടുംബക്കൂട്ടായ്മകളിലൂടെ ഓരോ കുടുംബത്തിലേക്കും ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും അവയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതിനുമുള്ള സമഗ്രപദ്ധതി നാം ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. പ്രതിരോധത്തിനും
പരിചരണത്തിനുമായി നിസംഗത വെടിഞ്ഞ് നമുക്ക് ഉണർന്നെഴുന്നേൽക്കാം. അല്ലാത്ത പക്ഷം സഭാ തനയരും നേതൃത്വം സഭാവിരുദ്ധർ ഏറ്റെടുക്കുന്നതു കണ്ടു കണ്ണീർ പൊഴിക്കേണ്ടിവരും. ഇക്കഴിഞ്ഞ മാസങ്ങളിൽ സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സഭയെ വിമർശിക്കുന്ന ക്രൈസ്തവരിൽ കുറെയേറെപ്പേരെ നിരീക്ഷിക്കുകയും ചിലരോട് സ്വകാര്യ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് ഇത്രയും കുറിച്ചത്. സാധാരണക്കാരുടെ കാര്യത്തിൽ സഭ ഒന്നും ചെയ്യുന്നില്ല എന്ന് ഇതിന് അർത്ഥമില്ല. ചങ്ങനാശേരി അതിരൂപതയുടെ ചാസ്, കാഞ്ഞിരപ്പള്ളി രൂപതയുടെ എം ഡി എസ്, പി ഡി എസ് എന്നിവയൊക്കെ ചെയ്യുന്ന സേവനങ്ങൾ വിസ്മരിക്കാൻ സാധിക്കുന്നവയുമല്ല. പക്ഷേ
സാധാരണ വിശ്വാസികൾ സഭയിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു എന്നതാണ് നിലവിലുള്ള അവസ്ഥ. അതു മനസ്സിലാക്കി വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ നമുക്ക് ആകണം.
മനോരമ ന്യൂസ് ചാനലിൽ സാങ്കേതികവിദഗ്ദ്ധൻ. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെറുവള്ളി ഇടവകാംഗം. മർത്തോമാ വിദ്യാനികേതനിൽനിന്നും ദൈവശാസ്ത്രത്തിൽ ഡിപ്ലോമ. സഭാവിഷയങ്ങളിൽ ആനുകാലികപ്രസിദ്ധീകരണങ്ങളിൽ എഴുതുന്നുണ്ട്.