മനുഷ്യാവതാരം എന്ന മഹാരഹസ്യം

ക്രിസ്തുമസിന്റെ അനിർവചനീയമായ സന്തോഷം നമ്മെ വലയം ചെയ്യുമ്പോൾ മനുഷ്യാവതാരമെന്ന മഹാരഹസ്യത്തെ നാം അഭിമുഖീകരിക്കുന്നു. പ്രപഞ്ചോല്പത്തിയെപ്പറ്റിയുള്ള ശാസ്ത്രത്തിന്റെ മഹാസ്‌ഫോടന സിദ്ധാന്തത്തിന് (Big Bang Theory) സമാന്തരമായി വിശ്വസൃഷ്ടിയെ ദൈവസ്‌നേഹത്തിന്റെ ആദ്യത്തെ മഹാസ്‌ഫോടനമായും, മനുഷ്യാവതാരത്തെ അതിന്റെ രണ്ടാമത്തെ മഹാസ്‌ഫോടനമായും ചില ദൈവശാസ്ത്രജ്ഞന്മാർ വ്യാഖ്യാനിക്കുന്നു.
ദൈവവചനം മാംസം ധരിച്ച് നമ്മുടെ ഇടയിൽ വസിച്ചുവെന്നതാണ് മനുഷ്യാവതാര രഹസ്യത്തിന്റെ സാരം. അതിന്റെ വിശദാംശങ്ങൾ വിശ്വാസപ്രമാണത്തിൽ നാം ഏറ്റുപറയുന്നു. ദൈവപുത്രൻ എന്തിനു മനുഷ്യനായി എന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ കേട്ടിട്ടുണ്ട്: (1) പാപബന്ധനത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാൻ; (2) ദൈവത്തിന് മനുഷ്യനോടുള്ള അനന്തമായ സ്‌നേഹം പ്രകടമാക്കാൻ.
ആദിമ മനുഷ്യന്റെ അനുസരണക്കേടിന് (പാപത്തിന്) ശിക്ഷയായി കഷ്ടതകളും മരണവും ലോകത്തിൽ പ്രവേശിച്ചുവെന്ന് ബൈബിൾ പ്രസ്താവിക്കുന്നു. എന്നാൽ പറുദീസയിലെ ശിക്ഷയോടൊപ്പം രക്ഷയുമുണ്ടായിരുന്നു. ദൈവം മനുഷ്യന്
ഒരു രക്ഷകനെ വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം ആദിമസുവിശേഷം (proto evangelium) എന്ന പേരിൽ അറിയപ്പെടുന്നു.
ആദിമപാപത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്ന വിശുദ്ധ അഗസ്റ്റിൻ ‘felix culpa’ എന്നു
വിളിച്ചു പറയുകയുണ്ടായി. ”സൗഭാഗ്യകരമായ പാപം” (happy fault) എന്നാണ് ഇതിന്റെ അർത്ഥം. ആ പാപം മൂലമാണല്ലോ ദൈവപുത്രൻ മാംസം ധരിച്ച് നമ്മുടെ ഇടയിൽ വസിക്കാനിടയായത്. അങ്ങനെ ക്രിസ്തുമസ് സന്തോഷത്തിന്റെ മഹാസംഭവമായി, മഹോത്സവമായി, ഇന്നും എന്നും.
ദൈവത്തിന് മനുഷ്യരോടുള്ള അനന്തമായ സ്‌നേഹം പ്രകടിപ്പിക്കാനായിരുന്നു മനുഷ്യാവതാരമെന്ന രണ്ടാമത്തെ ദൈവശാസ്ത്ര വ്യാഖ്യാനവും വചനാധിഷ്ഠിതമാണ്. ദൈവത്തിന് മറ്റുവിധത്തിലും മനുഷ്യനെ രക്ഷിക്കാമായിരുന്നു. എന്നാൽ തന്റെ ഏകജാതനെ മരണത്തിന് – അതും കുരിശുമരണത്തിന് – ഏല്പിച്ചുകൊടുക്കാൻ മാത്രം ദൈവം മനുഷ്യരെ (ലോകത്തെ) അത്രമാത്രം സ്‌നേഹിച്ചുവെന്ന് വിശുദ്ധ ഗ്രന്ഥം
പ്രസ്താവിക്കുന്നു. ദൈവപുത്രൻ തന്റെ സഹന മരണോത്ഥാനങ്ങളിലൂടെ നേടിയെടുത്ത യോഗ്യതകൾകൊണ്ടാണ് – നമ്മുടെ പ്രവൃത്തികളുടെ യോഗ്യതകൊണ്ടല്ല – നാം രക്ഷ പ്രാപിക്കുന്നത്. ദൈവകൃപയുടെ സൗജന്യദാനമാണ് രക്ഷ. ആ കൃപയോട് അനുതാപത്തിലൂടെ, മാനസാന്തരത്തിലൂടെ, സൽപ്രവൃത്തികളിലൂടെ സഹകരിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. അതാണ് ക്രിസ്തീയജീവിതത്തിന്റെ വെല്ലുവിളി. മനുഷ്യരുടെ പാപാവസ്ഥയെപ്പറ്റിയും വചനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്: (1) തന്നിൽ പാപമില്ലെന്നു പറയുന്നവൻ നുണയനാണ് (2) എല്ലാവരോടും കരുണകാണിക്കേണ്ടതിന് ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി. (3) വീണ്ടും വിശുദ്ധ പൗലോസിന്റെ വാക്കുകൾ: ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാൻ ചെയ്യുന്നത്. അങ്ങനെയെങ്കിൽ, ഞാനല്ല അതു ചെയ്യുന്നത് എന്നിലെ പാപമാണ്. മനുഷ്യപ്രകൃതിയിലെ പാപപ്രവണതയാണ് ഇവിടെ സൂചിതം. മനുഷ്യരെല്ലാം പാപികളാണെന്ന ബോധം – പാപബോധം – അനുഗ്രഹപ്രദമാണ്. അത് നമ്മെ വിശുദ്ധിയിലേക്കു നയിക്കുന്നു.
ദൈവത്തിനു പാപികളായ മനുഷ്യരോടുള്ള അളവറ്റ സ്‌നേഹവും കരുണയുമാണ് മനുഷ്യാവതാരരഹസ്യത്തിന്റെ താക്കോൽ. അതിനാൽ അനുതപിച്ച്, മാനസാന്തരപ്പെട്ട്, ദൈവകൃപയിലാശ്രയിച്ച്, സൽപ്രവൃത്തികൾ ചെയ്തുകൊണ്ട് നമുക്ക് രക്ഷയുടെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കാം. കാർഡിനൽ ന്യൂമാനോടുകൂടി നമുക്കു പ്രാർത്ഥിക്കാം:
‘Lead kindly light
Amid the encircling gloom’
Merry Christmas!