വചനമായ ദൈവത്തെ ഞങ്ങൾ വാഴ്ത്തുന്നു

ഡിസംബർ മാസത്തിൽ മംഗളവാർത്തക്കാലത്തിലേയ്ക്കു
പ്രവേശിക്കുന്നതോടെ പുതിയ ആരാധനാവത്സരത്തിന് തുടക്കം കുറിക്കുകയാണ്. അതോടൊപ്പം പഞ്ചവത്സര അജപാലന
പദ്ധതിയുടെ രണ്ടാം വർഷത്തിലേയ്ക്കും നാം ചുവടുവയ്ക്കുന്നു. ‘വചനം ജീവിതവെളിച്ചം’ എന്നതാണ് ഈ വർഷത്തെ അജപാലനപദ്ധതിയുടെ പഠനവിഷയം. മംഗളവാർത്തക്കാലത്തിന്റെ ചിന്താവിഷയവും വചനമായ ദൈവം മനുഷ്യ പരിമിതികളുടെ മാംസം ധരിച്ചതിന്റെ ഓർമ്മയാണ്. ഗതികെട്ടവർക്കും വഴിമുട്ടിയവർക്കുമായി ഇതാ ഒരു രക്ഷകൻ, വചനം ഇമ്മാനുവേലായി പിറന്നിരിക്കുന്നു എന്ന് വിളിച്ചുപറയുന്ന സ്വരമാണ് മംഗളവാർത്തക്കാലം.
വചനത്തിന്റെ ശക്തി
എടുക്കുന്നവനെ ഏറ്റെടുക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. വിശ്വാസത്തോടെ ബൈബിൾ എടുക്കുന്നവന്റെ ജീവിതഗതി തിരുവചനംകൊണ്ട് ദൈവാത്മാവ് തിരുത്തിയെഴുതുന്നു. കാരണം അതിൽ മറഞ്ഞിരിക്കുന്നത് സർവ്വശക്തനായ ഈശോമിശിഹായാണ്. ഇക്കാരണത്താൽ സഭ വി. ഗ്രന്ഥത്തെ കർത്താവിന്റെ ശരീരത്തെയെന്നപോലെ ഏക്കാലവും ആദരിച്ചിരുന്നു (CCC 103). വി. കുർബാനയിലെ ‘വിശ്വാസികളെ കേൾപ്പിൻ’ എന്ന ഗീതം തിരുവചനത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു. വചനം ജീവൻ നൽകുന്ന ഔഷധമാണ്. പാപത്തിന്റെ വിഷശരമേറ്റ് അപാദചൂഢം മുറിവേൽക്കുന്നവനാണ് മനുഷ്യൻ. ഈ മുറിവുകൾ മനുഷ്യന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും രോഗമായി മാറുന്നു. അതിനാൽ തന്റെ വചനമാകുന്ന ദിവ്യ ഔഷധംകൊണ്ട് ദൈവം ജനത്തെ സുഖപ്പെടുത്തുന്നു. അവരുടെ മുറിവുകൾ വച്ചുകെട്ടുന്ന ദൈവത്തെ ബൈബിളിൽ ഉടനീളം നമ്മൾ കാണുന്നു. അതിനാൽ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും യഥാർത്ഥ സൗഖ്യം നേടുവാൻ ആഗ്രഹിക്കുന്നവർ തിരുവചനത്തെ സ്പർശിക്കണം. തിന്മയുടെ ശക്തികളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും എല്ലാ ഭീതികളിൽ നിന്നും വചനം നമ്മെ മോചിപ്പിക്കുന്നു.
വചനത്തിന്റെ വെളിച്ചം
പാപപങ്കിലമായ ഈ ലോകത്തിൽ കാൽതട്ടി വീഴാതെ നടക്കുവാൻ നമുക്കുള്ള വഴിവിളക്ക് തിരുവചനമാണ്. പൊന്നല്ലാത്തതെല്ലാം മിന്നിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പൊന്നിനെയും വെള്ളിയെയുംകാൾ അഭികാമ്യമായ തിരുവചനം ജീവിതനിയമമായി സ്വീകരിക്കുന്നവർ മാത്രമേ സാത്താന്റെ കെണികളിൽ നിന്ന് രക്ഷപെടുകയുള്ളു. ധർമ്മത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ജീവിതം മുതൽ അനുദിനകാര്യങ്ങളിൽ എടുക്കേണ്ട തീരുമാനങ്ങൾക്കുവരെ വചനത്തിന്റെ വെളിച്ചം നമുക്ക് അത്യന്താപേക്ഷിതമാണ്. അധാർമ്മികതയെ ആശ്ലേഷിക്കുന്ന ഒരു സംസ്‌കാരംവളർന്നു വരുന്നു. മാധ്യമങ്ങളും കോടതികൾ പോലും അതിനു വളംവെച്ചു കൊടുക്കുന്നു. ചുറ്റുമുള്ളവർക്ക് ആകാമെങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് യുവതലമുറ ചിന്തിച്ചുതുടങ്ങുന്നു. ഈ തമോഗർത്തങ്ങൾ കണ്ട് കണ്ണു മഞ്ഞളിക്കാതിരിക്കണമെങ്കിൽ വചനത്തിന്റെ വെളിച്ചം നമ്മിൽ പതിയണം.
വചനം: സഭയുടെ നിധി
വി. ഗ്രന്ഥം എഴുതപ്പെട്ടത് സഭയുടെ ഹൃദയത്തിൽ ആണ്. അല്ലാതെ കടലാസുകളിലല്ല. അതിനാൽ സഭ മുഴുവന്റെയും സജീവ പാരമ്പര്യത്തിൽ ബൈബിൾ വായിക്കണം (CCC 113). സഭയോട് ചേർന്നു നിൽക്കാത്ത പ്രബോധകർ വ്യാജ പ്രബോധകരാണ്. ഉദരമാണ് അവരുടെ ദൈവം. നാശമാണ് അവരുടെ അവസാനം. അത്തരം വ്യക്തികളുടെയും സെക്ടുകളുടെയും കെണിയിൽ ചെന്ന് വീഴാതിരിക്കാൻ നമ്മൾ സഭയെ അമ്മയായി അനുഭവിക്കുകയും അവൾ നൽകുന്ന ആത്മീയ ഉറവയിൽ നിന്ന് നിരന്തരം കുടിക്കുകയും ചെയ്യണം. വി. ലിഖിതങ്ങളിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല (2 പത്രോ 1, 20). അതിനാൽ രക്ഷനേടണമെങ്കിൽ സഭയുടെ പ്രബോധനാധികാരത്തെ ആദരിക്കുവാനുള്ള ആത്മീയ വിനയം നമ്മൾ കാത്തു സൂക്ഷിച്ചേ പറ്റൂ.
വചനവും പാരമ്പര്യവും
എഴുതപ്പെട്ട വചനവും എഴുതപ്പെടാത്ത പാരമ്പര്യവും ഒന്നുചേരുന്നതാണ് ദൈവീക വെളിപാട്. വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു: ”വി. പാരമ്പര്യവും വി. ലിഖിതവും തമ്മിൽ സുദൃഢമായ ബന്ധവും പരസ്പര വിനിമയവുമുണ്ട്. കാരണം അവ രണ്ടിന്റെയും ഉത്ഭവം ഏക ദിവ്യസ്രോതസ്സിൽ നിന്നാണ്. രണ്ടും ഒരു വിധത്തിൽ ഒന്നായി തീരുകയും ഒരേ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുകയും ചെയ്യുന്നു” (ദൈവാവിഷ്‌കരണം 9).
ഉപസംഹാരം
ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പായുടെ ഓർമ്മപ്പെടുത്തൽ നാം ഗൗരവമായി എടുക്കണം. ”മിശിഹായുടെ വചനത്തോട് അവഗാഢം ബന്ധപ്പെട്ടിരുന്ന, കാലഘട്ടത്തിന്റെ വെല്ലുവിളികളോട് പ്രത്യുത്തരിക്കാൻ കഴിവുള്ള, എല്ലായിടത്തും സുവിശേഷം വ്യാപിപ്പിക്കാൻ കെൽപുള്ള ശ്ലീഹന്മാരുടെ പുതിയ തലമുറ ജനിക്കേണ്ടത് അടിയന്തിരാവശ്യമാണ്”. ലൗകിക പഠന വ്യഗ്രതയിൽ മുങ്ങി വിശ്വാസ പരിശീലനത്തെ അവഗണിക്കുകയും മാധ്യമ പ്രചാരണങ്ങളിൽ മയങ്ങി സഭയെ അവഹേളിക്കുകയും അബദ്ധ പ്രബോധനങ്ങളിൽ മുഴുകി കൂദാശകളെ അവജ്ഞയോടെ വീക്ഷിക്കുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ വചനത്തെക്കുറിച്ച് അജ്ഞരാണ്. സഭാപിതാവായ വി. ജറോമിന്റെ വാക്കുകൾ അവർക്ക് മുന്നറിയിപ്പാകട്ടെ. ”വചനത്തെക്കുറിച്ചുള്ള അജ്ഞത മിശിഹായെക്കുറിച്ചുള്ള അജ്ഞതയാണ്”. മിശിഹായെക്കുറിച്ചുള്ള അജ്ഞത ആത്മരക്ഷയെക്കുറിച്ചുള്ള അജ്ഞതയാണ്. ”ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ
നഷ്ടപ്പെടുത്തിയാൽ അവന് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്ത് കൊടുക്കും” (മത്താ 16,26). എഴുതപ്പെട്ട വചനത്തോടും സഭയുടെ സജീവ പാരമ്പര്യങ്ങളോടും അതുവഴി വചനംതന്നെയായ മിശിഹായോടും തീക്ഷ്ണമായ ഒരു സ്‌നേഹബന്ധം വളർത്തിയെടുക്കാൻ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഈ രണ്ടാം വർഷം നമ്മെ സഹായിക്കട്ടെ. ഏവർക്കും വചനം മനുഷ്യനായി അവതരിച്ച പുണ്യദിനത്തിന്റെ ആശംസകൾ നേരുന്നു.