പഞ്ചവത്സര അജപാലന പദ്ധതി രാം വർഷത്തിലേയ്ക്ക്

അതിരൂപതയിലെ അജപാലന പ്രവർത്തനങ്ങളെ കൂടുതൽ ചലനാത്മകവും ക്രിയാത്മകവും സഭാത്മകവും കാലിക പ്രസക്തവുമാക്കാൻ അഭിവന്ദ്യ പിതാവു വിഭാവനം ചെയ്ത നവീന ദർശനമാണ് പഞ്ചവത്സര അജപാലന പദ്ധതി. ഒന്നാം വർഷം
പൂർത്തിയാക്കി രണ്ടാം വർഷത്തേയ്ക്കുനാം കടക്കുമ്പോഴും ഈ അജപാലന ദർശനത്തിന്റെ പൊരുൾ എല്ലാവർക്കും മനസ്സിലാക്കുവാനോ വിശ്വാസി സമൂഹത്തിനു കൈമാറി കൊടുക്കുവാനോ സാധിച്ചെന്നു പറയാനാകില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തി കുറവുകൾ പരിഹരിച്ചു കൂടുതൽ വർദ്ധിച്ച തീക്ഷ്ണതയോടെ രണ്ടാം വർഷത്തിലേക്കു കടക്കുവാൻ അതിരൂപതാ കുടുംബത്തിനു കഴിയണം.
ക്രൈസ്തവ ജീവിതം ഓർമ്മയിലും
പ്രത്യാശയിലും
ആരാണു ക്രിസ്ത്യാനി എന്ന ചോദ്യത്തിനു നൽകുവാൻ സാധിക്കുന്ന കാമ്പുള്ള ഒരുത്തരമിതാണ്: വിശ്വസിക്കുകയും പങ്കുവയ്ക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്ന ആൾ. വാക്കിലും പ്രവൃത്തിയിലും സ്വയം വെളിപ്പെടുത്തിയ ദൈവത്തിനു വിശ്വാസമാകുന്ന മറുപടി നല്കി പങ്കുവയ്ക്കലിന്റെ
(സ്‌നേഹത്തിന്റെ) ജീവിതം നയിച്ച് ദൈവത്തിൽ പ്രത്യാശയർപ്പിച്ചും ശരണപ്പെട്ടും ജീവിക്കുന്നതാണ് ക്രൈസ്തവജീവിതം. ഇതുതന്നെയായിരുന്നു ആദിമ ക്രൈസ്തവ സമൂഹം നല്കിയ അനുകരണാർഹമായ മാതൃകയും! മാമ്മോദീസ സ്വീകരിക്കുന്നവർ
ശ്ലീഹന്മാരുടെ പ്രബോധനം, പ്രാർത്ഥന, പങ്കുവയ്ക്കൽ, കൂട്ടായ്മ എന്നിവയിൽ സദാ പങ്കുചേർന്നിരുന്നു (നട. 2,42). ഈ ചൈതന്യമാണ് ഈ നവീന അജപാലന പദ്ധതിയുടെ ദൈവവചനാടിത്തറ.
വിശ്വാസം അടിസ്ഥാനപരമായി ഓർമ്മയും വിശ്വാസി സാരാംശാപരമായി ഓർമ്മിക്കുന്ന മനുഷ്യനുമാണ്. പഴയനിയമ-പുതിയനിയമ ചരിത്രത്തിലൂടെ പൂർത്തിയാക്കപ്പെട്ട രക്ഷാകരചരിത്രത്തിന്റെ ഓർമ്മയാണ് വിശ്വാസം. ഈ രക്ഷാകരചരിത്രത്തിന്റെ കേന്ദ്രബിന്ദു ഈശോമിശിഹായിൽ പൂർത്തിയാക്കപ്പെട്ട പെസഹാ രഹസ്യമാണ് ഈ പെസഹാ രഹസ്യത്തിന്റെ ഓർമ്മയിൽ ചരിക്കുന്നയാളും ഓർമ്മ ആഘോഷിക്കുന്ന ആളുമാണ് വിശ്വാസി. ഈ ദൈവശാസ്ത്ര കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണു ഫ്രാൻസിസ് മാർപ്പാപ്പായുടെ ചിന്ത. ഓർമ്മ നമ്മുടെ വിശ്വാസത്തിന്റെ ഒരു വശമാണ്. വിശ്വാസി സത്താപരമായി ഓർമ്മിക്കുന്ന
വനാണ് (സുവിശേഷത്തിന്റെ ആനന്ദം 13).
വിശ്വാസത്തിന്റെ അനുസരണവും ആഘോഷവും ദൈവിക ദാനമായ പ്രത്യാശയെ ആഴപ്പെടുത്തുന്നു. വിശ്വാസവും പ്രത്യാശയും വേർതിരിക്കാനാവാത്തവിധം ബന്ധിതമാണ്. വിശ്വാസത്തിന്റെ ആദ്യഫലമാണു പ്രത്യാശയെന്നു പറഞ്ഞാലും തെറ്റില്ല. കാരണം, ”വിശ്വാസം സ്വീകരിക്കപ്പെട്ട സ്‌നേഹത്തിന്റെ അനുഭവമായി ജീവിക്കണം. കൃപയുടെയും സന്തോഷത്തിന്റെയും അനുഭവമായി കൈമാറണം. അങ്ങനെ ചെയ്യുമ്പോൾ വിശ്വാസം വളരുന്നു. കാരണം, പ്രത്യാശയിൽ നമ്മുടെ ഹൃദയങ്ങളെ അതു വികസിപ്പിക്കുന്നു” (വിശ്വാസത്തിന്റെ വാതിൽ 7).
വിശ്വാസം പ്രത്യാശയുടെ സാരാംശമാണെന്നും ദൈവത്തെ അറിയുകയെന്നു പറഞ്ഞാൽ പ്രത്യാശ സ്വീകരിക്കുകയാണർത്ഥമെന്നും ബനഡിക്ട് പാപ്പാ പഠിപ്പിക്കുന്നു (പ്രത്യാശയിൽ രക്ഷ 3, 10). ഇക്കാരണത്താലാണ് വിശ്വാസംതന്നെ പ്രത്യാശയാണെന്നും പ്രത്യാശയിൽ നാം രക്ഷിക്കപ്പെടുന്നെന്നും പറയുവാൻ പാപ്പായ്ക്കു സാധിച്ചത് (പ്രത്യാശയിൽ രക്ഷ 1, 2). രക്ഷാകരമായ വീണ്ടെടുപ്പിന്റെ ഓർമ്മയിലും അതുനൽകുന്ന പ്രത്യാശയിലും ജീവിക്കുന്നയാളാണ് ക്രിസ്ത്യാനി. ഈ ഓർമ്മയിലും പ്രത്യാശയിലും ജീവിക്കുവാനും കർമ്മ നിരതരാകുവാനും വിശ്വാസികളെ സജ്ജരാക്കുകയാണു ഈ നവീന അജപാലന പദ്ധതിയുടെ ലക്ഷ്യം.
ഓർമ്മയും പ്രത്യാശയും സഭാത്മകം
ഈ ഓർമ്മയും പ്രത്യാശയും സഭാത്മകമാണ്. കാരണം സഭയിലും സഭയോടൊത്തുമുള്ള ഓർമ്മയാണത്. വിശ്വാസമാകുന്ന ഓർമ്മയെ സജീവമായി നിലനിർത്തുന്നതു സഭയാണ്. സഭ ജീവിക്കുന്നതു തന്നെ ഓർമ്മയിലാണ്. അതുകൊണ്ടു സഭ ഒരേ സമയം ഈ ഓർമ്മയുടെ കർത്താവും (subject) കൈമാറ്റക്കാരിയുമാണ് (പ്രേഷിത). അതുകൊണ്ട് വിശ്വാസത്തിൽ ഒരുവനെ ജനിപ്പിക്കുന്നതും വിശ്വാസത്തിന്റെ ഭാഷ സംസാരിക്കുവാനും അതു ജീവിക്കുവാനും ഒരു വ്യക്തിയെ പഠിപ്പിക്കുന്ന അമ്മയും സഭയാണ്. അതുകൊണ്ടാണു സഭാപിതാവു പഠിപ്പിച്ചത് സഭയെ മാതാവായി കാണാത്തവർക്ക്
ദൈവത്തെ പിതാവായി കാണുവാൻ സാധിക്കില്ലെന്ന്. അതുപോലെ വിശ്വാസത്തിന്റെ ഓർമ്മ ആഘോഷിക്കുന്നത് സഭയിലാണ്. സഭയാണ് ഈ ആഘോഷത്തിന്റെ കാര്യസ്ഥ. അതുകൊണ്ട് വിശ്വസിക്കുകയെന്നത് ഒരു സ്വകാര്യ കർമ്മത്തെക്കാളുപരി സഭാത്മകമാണ്. സഭയുടെ വിശ്വാസത്തിലാണ് മാമ്മോദീസായിലൂടെ ഒരു വ്യക്തി പങ്കാളിയാകുന്നത്. ഉക്കാരണത്താൽ വിശ്വാസം
സഭാത്മകമാണ്.
ആരാധനാവത്സരം രക്ഷാകരമായ ഓർമ്മ
വിശ്വാസത്തിന്റെ ഓർമ്മയും ആഘോഷവും നടക്കുന്നത് സഭയിലാണ്/സഭയുടെ ആരാധനാ വത്സരത്തിലൂടെയാണ്.വിശ്വാസമാകുന്ന ഓർമ്മയുടെ കേന്ദ്രമായ പെസഹാ രഹസ്യത്തിന്റെ സജീവ സ്മരണയിൽ ആയിരിക്കുവാൻ ഒരു വ്യക്തിയെ ആരാധനാവത്സരം പ്രാപ്തമാക്കുന്നു. അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും പെസഹാ രഹസ്യം അനാവരണം ചെയ്യപ്പെടുന്ന
ആഘോഷമായതുകൊണ്ട് ആരാധനാ വത്സരം തന്നെ ഓർമ്മയാണ്. പെസഹാ രഹസ്യത്തിലെ നിർണ്ണായക സംഭവമായ നമ്മുടെ കർത്താവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന മംഗളവാർത്തക്കാലത്തോടെ
ആരംഭിക്കുന്ന ആരാധനാവത്സരം സഭാസമർപ്പണകാലമായ പള്ളിക്കൂദാശയോടെ പൂർത്തിയാകുന്നു. രക്ഷാകരപദ്ധതിയിൽ കേന്ദ്രീകൃതമായ സഭാത്മക ആധ്യാത്മികതയാണ് പൗരസ്ത്യരുടേത്. പൗരസ്ത്യ സുറിയാനി ആരാധന 8 കാലങ്ങളിൽ കേന്ദ്രീകൃതമാണ്. അങ്ങനെ ആരാധനാ വത്സരങ്ങൾ ഈശോമിശിഹാ കേന്ദ്രീകൃത പെസഹാരഹസ്യം ജീവിക്കുവാനും ആഘോഷിക്കുവാനും കൈമാറുവാനും ഒരു വ്യക്തിയെ സഹായിക്കുന്നു. ഈ ആരാധനാവത്സര ആദ്ധ്യാത്മികതയാണ് പഞ്ചവത്സര അജപാലന പദ്ധതിയുടെ കാതൽ.
ശരിയായ വിശ്വാസവും വിശ്വാസത്തിനനുസരിച്ച ജീവിതവും
ഒരു വ്യക്തിയുടെ വിശ്വാസ ജീവിതത്തിന്റെ രണ്ടു അവശ്യ ഘടകങ്ങളാണു (orthodoxy) ശരിയായ വിശ്വാസവും (orthopraxis) ശരിയായ വിശ്വാസത്തിനനുസരിച്ച് ജീവിതവും. ശരിയായ വിശ്വാസത്തിൽ ഒരു വ്യക്തിയെ വളർത്തുകയാണ് പഞ്ചവത്സര പദ്ധതിയിലെ അഞ്ചു പഠന വിഷയങ്ങൾ. മാതൃസഭയുടെ ജീവിതത്തിൽ ഉൾച്ചേരുന്നതിലൂടെയും സഭയുടെ വിശ്വാസം സ്വന്തമാക്കുന്നതിലൂടെയുമാണ് ഒരാൾ orthopraxis യുടെ ഉടമയാകുന്നത്. ഇതാണ് ഒന്നാം വർഷത്തെ പഠനവിഷയം ലക്ഷ്യം വച്ചത്: സഭാജീവിതം, സഭാചരിത്രം, സമുദായാവബോധം. പഞ്ചവത്സര അജപാലന പദ്ധതിയുടെ മാർഗ്ഗരേഖ നമ്മെ ഓർമ്മപ്പെടുത്തുന്നു: ”മാതൃസഭയുടെ മഹത്തായ
പാരമ്പര്യങ്ങളോടും അതിരൂപതയടെ സമ്പന്നമായ പൈതൃകത്തോടും വിശ്വസ്തത പുലർത്തുകയും വർത്തമാനകാലത്തിന്റെ അനിവാര്യതകളോടു ഭാവാത്മകമായി പ്രതികരിക്കുകയും ഭാവി ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാൻ സുസജ്ജരാക്കുകയും ചെയ്യുന്ന കർമ്മ പരിപാടിയാണ്” പഞ്ചവത്സര പദ്ധതി വിഭാവനം ചെയ്യുന്നത്. ശരിയായ വിശ്വാസത്തിനനുസരിച്ച ജീവിതം നയിക്കുവാൻ ഒരാളെ പ്രാപ്തമാക്കുകയാണ് രണ്ടാം വർഷത്തെ പഠന വിഷയം: വചനം ജീവിത വെളിച്ചം. അങ്ങനെ സഭയോടു ചേർന്നു വചന ബദ്ധവും ആരാധനാവത്സരത്തിന്റെ ചൈതന്യത്തിനു ചേർന്നതുമായ കർമ്മ പദ്ധതികളാണ് പഞ്ചവത്സര പദ്ധതി നൽകുന്ന പ്രായോഗിക നിർദ്ദേശങ്ങളുടെ ചൈതന്യം (spirit). അതു ഒരു വ്യക്തിയടെ orthopraxis ന് ദിശാബോധം നൽകുകയും ക്രിയാത്മകവും കാലിക പ്രസക്തവുമാക്കുകയും ചെയ്യും. 10 മേഖലകളായി തിരിച്ചിരിക്കുന്ന അജപാലനാഭിമുഖ്യങ്ങൾ അതിരൂപതയുടെ ഈ നവീന അജപാലന പദ്ധതിക്കു കൂടുതൽ സജീവത്വവും ഫലദായകത്വവും നൽകും.
വചനം ജീവിതവെളിച്ചം
സഭയുടെ ജീവൻ തന്നെയായ ദൈവവചനത്തെ വീണ്ടും കണ്ടെത്തുകയും സഭയുടെ ജീവിതത്തിന്റെ കേന്ദ്രമായ പരിശുദ്ധ കുർബാനയോടു ചേർത്തു ഓരോ വിശ്വാസിയുടെയും ജീവിത പ്രമാണമായി ദൈവവചനത്തെ പ്രതിഷ്ഠിക്കുകയുമാണ് പഞ്ചവത്സര അജപാലന പദ്ധതിയുടെ രണ്ടാം വർഷം നാം ലക്ഷ്യം വയ്ക്കുന്നത്. സ്‌നേഹപിതാവായ ദൈവം വാക്കിലും പ്രവൃത്തിയിലും തന്നെതന്നെ വെളിപ്പെടുത്തി തന്റെ സ്‌നേഹ കൂട്ടായ്മയിലേയ്ക്കു മനുഷ്യരെ ക്ഷണിക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടിയായിരുന്നു ഇത് (ദൈവാവിഷ്‌കരണം 2). കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം വെളിപാടിനു രണ്ടു ഉറവിടങ്ങളാണ്: വി. ഗ്രന്ഥവും വി. പാരമ്പര്യങ്ങളും. അതുകൊണ്ടാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ ഇപ്രകാരം പഠിപ്പിച്ചത്: വിശുദ്ധ ഗ്രന്ഥത്തെയും പാരമ്പര്യത്തെയും ഒരേ ബഹുമാനത്തോടും ആദരവോടും കൂടിയാണ് സഭ കൈകാര്യം ചെയ്യുന്നത് (ദൈവാവിഷ്‌കരണം 9). എഴുതപ്പെട്ട വചനവും വിശുദ്ധ പാരമ്പര്യങ്ങളും ദൈവജനത്തിനു തങ്ങളുടെ ജീവിതം വിശുദ്ധമായി നയിക്കാനും വിശ്വാസം വളർത്താനും ആവശ്യമായതെല്ലാം ഉൾക്കൊള്ളുന്നു (ദൈവാവിഷ്
കരണം 8). (തുടരും)