സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും (4)

മതങ്ങളിൽ പൗരോഹിത്യം സുപ്രധാനമായ ഒരു ഘടകമാണ്. പല മതങ്ങളെയും നയിക്കുന്നതും പുരോഹിതരാണ്. ക്രിസ്തുമതവും ഒരു ഹയരാർക്കിക്കൽ സമൂഹമാണ്. മിശിഹായാണ് അങ്ങനെയൊരു സംവിധാനത്തിനു രൂപം നല്കിയത്. മിശിഹാ
മഹാപുരോഹിതനുമാണ്. അവിടുത്തെ പൗരോഹിത്യത്തിന്റെ പങ്കുകാരും പിന്തുടർച്ചക്കാരുമാണ് സഭയിലെ ഇന്നത്തെ പുരോഹിതഗണം. ഈശോയുടെ ഈ പൗരോഹിത്യത്തിൽ വിശ്വാസികളെല്ലാവരും തന്നെ പങ്കുകാരാണ് എന്നതാണ് സഭയുടെ വിശ്വാസവും പാരമ്പര്യവും പ്രബോധനവും.
വിശ്വാസികളെല്ലാവരും മിശിഹായുടെ പൗരോഹിത്യത്തിലെ പൊതുപങ്കാളികളാണെങ്കിലും സഭയിലെ ശുശ്രൂഷാപൗരോഹിത്യവും അതിന്റെ സ്വഭാവവുമെല്ലാം മിശിഹായും മിശിഹായുടെ തുടർച്ചതന്നെയായ സഭയും ചേർന്ന് നിശ്ചയിച്ചിട്ടുള്ളവയാണ്. ഈ രംഗത്തേക്കു കടന്നുകയറാനും
കൈകടത്താനുമാണ് ചിലപാർട്ടികളും സ്ത്രീസമത്വവാദികളുമൊക്കെ വനിതാ പൗരോഹിത്യത്തിന്റെ പേരിൽ ഇപ്പോൾ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ മാറ്റം വരുത്താൻ രാഷ്ട്രീയധികാരത്തിനു കഴിയും എന്ന വാദമാണ് വിശ്വാസമില്ലാത്ത ചിലസംഘടനകളും ഫെമിനിസ്റ്റുകളുമെല്ലാം കൊണ്ടുവരുന്നത്. അത്തരമൊരു അധിനിവേശനീക്കത്തെ ക്രൈസ്തവർക്ക് ശക്തമായി നേരിടേണ്ടിവരും. സഭയിലെ ക്രമീകരണങ്ങൾ ദൈവികനിയമങ്ങൾക്കനുസൃതമാണ്. അതിനെതിരായുള്ള നീക്കങ്ങളെ ചെറുക്കുക സഭയുടെ ധാർമ്മിക ഉത്തരവാദിത്വമാണ്. സീസറിന്റെ അധികാരത്തെക്കാൾ ദൈവഹിതത്തിനാണ് സഭാമക്കൾ പ്രാമുഖ്യം കല്പ്പിക്കുന്നത്. കഴിഞ്ഞകാലങ്ങളിലെ വിശ്വാസികളെ രക്തസാക്ഷിത്വത്തിലേക്കുവരെ നയിച്ചതു സുവ്യക്തവും കൃത്യവുമായ ഇത്തരം ബോധ്യങ്ങളാണ്. സീസറിന്റെ അധികാരമേഖലയിലല്ലായിരിക്കെ, മതകാര്യങ്ങളിലുള്ള രാഷ്ട്രീയ കയ്യേറ്റങ്ങളെ എതിർക്കുവാനേ ക്രൈസ്തവർക്കു സാധിക്കൂ.
വിശ്വാസകാര്യങ്ങളിൽ സഭ നിർദ്ദേശിക്കുന്ന ക്രമീകരണങ്ങൾ പാലിച്ചനുസരിക്കുവാൻ ക്രൈസ്തവവിശ്വാസികൾ ബാധ്യസ്ഥരാണ്. അതിനുപരിയായി മറ്റൊരധികാരത്തെയും പ്രതിഷ്ഠിക്കുക വിശ്വാസിക്കു സ്വീകാര്യമല്ല. വിശ്വാസകാര്യങ്ങളിലുള്ള സീസറിന്റെ കൈകടത്തലുകളെ ചെറുത്തുതോൽപ്പിക്കാൻ വിശ്വാസസമൂഹം സദാജാഗ്രത പുലർത്തണം. ഫലം രക്തസാക്ഷിത്വമാണെന്ന തിരിച്ചറിവോടെ വിശ്വാസസംരക്ഷണത്തിനിറങ്ങാൻ വിശ്വാസികൾ അമാന്തിച്ചുകൂടാ. തീവ്ര മതവിരുദ്ധരോ തീവ്ര വർഗ്ഗീയവാദികളോ സീസറിന്റെ അധികാരക്കസേരകളെ കൈയ്യടക്കിയാൽ മതത്തെ ഉന്മൂലനം ചെയ്യാനേ അതിടയാക്കുകയുള്ളു. ഇത്തരക്കാർ മതവിശ്വാസികളുടെയിടയിൽ ഭിന്നതകളുണ്ടാക്കാൻ ശ്രമിക്കും. എല്ലാ മത വിഭാഗങ്ങളിലും ഒരു വിമത ന്യൂനപക്ഷമുണ്ടാകുമല്ലോ. അത്തരക്കാരെ കരുവാക്കിയാൽ മത സമൂഹങ്ങളിൽ കടന്നുകയറുക വളരെ എളുപ്പമാകും.
വിശ്വാസം ജീവനേക്കാൾ പ്രാധാന്യമുള്ളത്
മതവിശ്വാസത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും മതസമൂഹങ്ങളുടെ വിശ്വാസവും പ്രവർത്തനസ്വാതന്ത്ര്യവും പൂർണ്ണമായി സംരക്ഷിക്കുകയും ചെയ്യുന്നവയാണ് യഥാർത്ഥ ജനാധിപത്യരാഷ്ട്രങ്ങൾ. ബ്രിട്ടനും, യു. എസ്. എയുമെല്ലാം ഉദാഹരണങ്ങളാണ്. മതേതരരാഷ്ട്രങ്ങളെന്നു പൊതുവിൽ പറയാമെങ്കിലും അവിടെയൊക്കെ ഭൗതികകാര്യങ്ങളിൽ സർക്കാർ തീരുമാനങ്ങളെടുക്കുന്നുവെങ്കിലും മതങ്ങളെ അറിയിക്കാനും അവയുടെ സ്വാതന്ത്ര്യം സംരക്ഷിച്ചുറപ്പുവരുത്താനും സംവിധാനങ്ങളുണ്ട്. ഭൗതികകാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട സർക്കാർ, യു. എസ്.എയിൽ കറൻസിയിൽ കുറിച്ചിടുന്നത് ‘In God We Trust ‘ എന്നാണല്ലോ. നമ്മുടെ രാഷ്ട്രത്തെയും മതേതരരാഷ്ട്രമെന്നു വിളിക്കുമ്പോൾ ഇത്തരത്തിൽ മതസ്വാതന്ത്ര്യം പൂർണ്ണമായി സംരക്ഷിക്കപ്പെടുന്ന ഇടമെന്നാണ് നാം മനസ്സിലാക്കേണ്ടത്. എന്നാൽ മതേതരത്വ രാഷ്ട്രത്തെ മതരഹിതരാഷ്ട്രമായി കരുതുന്നവർ ഇവിടെ അനവധിയുണ്ട്. നിരീശ്വരവാദികൾക്കേ ഇത്തരമൊരുചിന്ത സാധ്യമാകൂ. തങ്ങളുടെ വിശ്വാസത്തെമാത്രം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന വർഗ്ഗീയവാദികളാകട്ടെ മറ്റുള്ള വിശ്വാസിസമൂഹങ്ങളെ എങ്ങനെ തകർക്കാമെന്നാണു ചിന്തിക്കുന്നത്. ഈ രണ്ടു ചിന്താധാരകളും നമുടെ നാട്ടിൽ പ്രബലമാകുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കരുത്. ന്യൂനപക്ഷവിഭാഗങ്ങൾ തങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ അതീവജാഗ്രതയോടെ വർത്തിക്കേണ്ടിയിരിക്കുന്നു. ഭാഷാമതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ടതിന്റെ സവിശേഷമായ പ്രാധാന്യം തിരിച്ചറിഞ്ഞ ഭരണഘടനാശില്പികൾ ഈ അവകാശങ്ങളെ മൗലീകാവകാശങ്ങളുടെ പട്ടികയിലാണുൾച്ചേർത്തതെന്നും മറന്നു
കൂടാ. എന്നാൽ അവിടെയും കൈകടത്തലുകൾ നടത്തി ഈ അവകാശങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നിരീശ്വരവാദികളും വർഗ്ഗീയവാദികളും നടത്തുന്നത്. വിശ്വാസകാര്യങ്ങളിൽ സർക്കാരുകൾ നടത്തുന്ന ഇടപെടലുകൾ മതവിശ്വാസത്തെ ബലഹീനമാക്കുമെന്നതിൽ സംശയമില്ല. മതവിഭാഗങ്ങൾക്കിടയിലും വിശ്വാസികൾക്കിടയിലും ചേരിതിരിവുണ്ടാക്കാൻ ഇത്തരം നീക്കങ്ങൾ ഇടയാക്കും. ശബരിമല
പ്രശ്‌നത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ഇന്നത്തെ സാഹചര്യങ്ങളെ വ്യക്തമായി മനസ്സിലാക്കുവാനും സംശയങ്ങൾ തീർക്കുവാനും വിശ്വാസികൾ
പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അടുത്ത കാലത്തെ നേട്ടങ്ങൾ പലതും നവോത്ഥാനത്തിന്റെ സൃഷ്ടിയാണെന്ന് പലരും പറഞ്ഞുവെക്കുന്നുണ്ടല്ലോ. പക്ഷേ നവോത്ഥാനപ്രസ്ഥാനം അനേകരുടെ വിശ്വാസത്തെ നഷ്ടമാക്കിയെന്നകാര്യം മറന്നുകളയരുത്. സംസ്‌ക്കാരത്തിന്റെ പുനരുജ്ജീവനത്തിൽ നവോത്ഥാനം സഹായകമായെങ്കിലും മതവിരുദ്ധചിന്തകളും ഒട്ടനവധി അക്കാലത്ത് പ്രചരിച്ചുവെന്നത് മറക്കാനാവില്ല. നവോത്ഥാനകാലത്തെ നേട്ടങ്ങൾക്കു സമാനമായി വിശ്വാസത്തിനും പുനരുജ്ജീവനം നല്കാനാണ് നാം ശ്രമിക്കേണ്ടത്; അല്ലാതെ വിശ്വാസത്തെ തകർക്കാനോ നിഷേധിക്കാനോ ആകരുത് നമ്മുടെ ശ്രമങ്ങൾ.