വി. യോഹന്നാൻ എഴുതിയ സുവിശേഷം-19

അന്ത്യപ്രഭാഷണം: ഈശോയുടെ വേർപാടും തിരിച്ചുവരവും (യോഹ 14,1-31)
ഈശോയുടെ അന്ത്യപ്രഭാഷണത്തിന്റെ മൂലരൂപമാണ് യോഹ 14-ാം അദ്ധ്യായം. ഈ അദ്ധ്യായത്തിലെ അവസാനവാക്കുകളായ, ”എഴുന്നേല്ക്കുവിൻ. നമുക്ക് ഇവിടെനിന്നു പോകാം” (14,31) എന്നത് ഇതിന്റെ സൂചനയാണ്.
ഈശോ തന്റെ വേർപാടിന്റെ വിവരം ശിഷ്യരെ അറിയിച്ചപ്പോൾ അവർ സ്വാഭാവികമായും അസ്വസ്ഥരായി. ഈ സന്ദർഭത്തിൽ അവരെ ആശ്വസിപ്പിച്ചുകൊണ്ട് ഈശോ പറഞ്ഞ വാക്കുകളാണ് അന്ത്യപ്രഭാഷണം. മരണം വേർപാടാണെങ്കിൽ ഉത്ഥാനം തിരിച്ചുവരവാണ്. തന്റെ വേർപാടിൽ ദുഃഖിതരും അസ്വസ്ഥരുമായ ശിഷ്യർക്ക്, ഉത്ഥാനത്തിലൂടെയുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഉറപ്പുകൊടുത്തുകൊണ്ടാണ് ഈശോ അവരെ ആശ്വസിപ്പിക്കുന്നത്. ഉത്ഥാനത്തിലൂടെയുള്ള തന്റെ തിരിച്ചുവരവ് ഏതെല്ലാം വിധത്തിലാണ് അവർക്ക് അനുഭവവേദ്യമാകേണ്ടതെന്ന് ഈശോ അവരെ പറഞ്ഞു മനസ്സിലാക്കുകയാണ്. താഴെക്കാണുംവിധം ഈ വചനഭാഗം വിഭജിക്കാം.
14,2-3 യുഗാന്ത്യത്തിലെ തിരിച്ചുവരവ്
14,4-10 ഈശോ: പിതാവിങ്കലേക്കുള്ള വഴി
14,11-12 പ്രവൃത്തികളിലൂടെയുള്ള ഈശോയുടെ സാന്നിദ്ധ്യം
14,13-14 പ്രാർത്ഥനയിലൂടെയുള്ള ഈശോയുടെ സാന്നിദ്ധ്യം
14,15-17 പരിശുദ്ധാരൂപിയിലൂടെയുള്ള സാന്നിദ്ധ്യം
14,18-21 ഈശോയുമായുള്ള സഹവാസം
14,22-24 ത്രിത്വാത്മകസഹവാസം
14,25-26 പ്രബോധകനായ പരിശുദ്ധാത്മാവ്
14,27-31 സമാധാനവും സന്തോഷവും
ജീവിതാവസാനത്തിൽ അവിടുത്തോടൊത്ത് പിതാവിന്റെ ഭവനമായ സ്വർഗ്ഗത്തിലായിരിക്കുവാൻ, അവിടുന്നു വന്ന് നമ്മെ കൂട്ടിക്കൊണ്ടു പോകുമെന്ന് ഈശോ ശിഷ്യന്മാർക്ക് ഉറപ്പുകൊടുക്കുകയാണ്. ‘എന്റെ പിതാവിന്റെ ഭവനം’ എന്ന് അവിടുന്നു വിശേഷിപ്പിക്കുന്നത് സ്വർഗ്ഗത്തെയാണ്.
അവിടെ അനേകം വാസസ്ഥലങ്ങളുണ്ടെന്നും, അവിടെ തന്റെ ശിഷ്യർക്കു സ്ഥലമൊരുക്കുവാനാണ് താൻ പോകുന്നതെന്നും, സ്ഥലമൊരുക്കിക്കഴിയുമ്പോൾ വന്ന് തന്റെ ശിഷ്യരെയും കൂട്ടിക്കൊണ്ടുപോയി അവരോടൊത്തായിരിക്കുമെന്നും ഈശോ ശിഷ്യർക്ക് ഉറപ്പുകൊടുക്കുകയാണ്. ‘വാസസ്ഥലങ്ങൾ’ എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന വാക്ക് ഏകവചനത്തിൽ നമ്മിലുള്ള ത്രിത്വസഹവാസത്തെക്കുറിച്ച് ഇതേ അദ്ധ്യായം 23-ാം വാക്യത്തിൽ ഉപയോഗിക്കുന്നുണ്ട് (14,23). അതുകൊണ്ട് ഇവിടെ നാം അനുഭവിക്കുന്ന ത്രിത്വസഹവാസം സ്വർഗ്ഗത്തിന്റെ മുന്നാസ്വാദനമാണ്.
”ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്ക് അറിയാം” എന്ന് ഈശോ പറഞ്ഞപ്പോൾ, ‘അറിഞ്ഞുകൂടാ’ എന്ന് തോമ്മാശ്ലീഹാ പ്രതികരിച്ചു. അപ്പോൾ ഈശോ ”വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല” എന്ന് പറഞ്ഞു. ‘സത്യ’മെന്ന നിലയിൽ ദൈവത്തെ വെളിപ്പെടുത്തിക്കൊണ്ടും, ‘ജീവൻ’ എന്ന നിലയിൽ ദൈവത്തിന്റെ ജീവനിൽ പങ്കുപറ്റുകയും ആ ജീവൻ മനുഷ്യർക്ക് നല്കുകയും ചെയ്തുകൊണ്ടുമാണ് ഈശോ പിതാവിലേക്കുള്ള വഴിയായിത്തീരുന്നത്.
”എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും” (14,11) എന്നരുളിച്ചെയ്തുകൊണ്ട് ശിഷ്യരോടൊത്തുള്ള തന്റെ സാന്നിദ്ധ്യം ഈശോ വീണ്ടും
ഉറപ്പിക്കുന്നു. ഈശോയുടെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ്, അവിടുന്നു ചെയ്യുന്ന പ്രവൃത്തികൾ ചെയ്യുവാൻ -അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ- ശിഷ്യർക്കു സാധിക്കുന്നത്. അത്ഭുതങ്ങൾ ഈശോ നല്കാൻ വന്ന ജീവന്റെ അടയാളങ്ങളാണ്. ഈശോയുടെ മഹത്ത്വീകരണത്തിലൂടെ ജീവൻ നല്കാനും – (അത്ഭുതങ്ങളെക്കാൾ വലിയ പ്രവൃത്തി) – ശിഷ്യരിലൂടെ ഈശോയ്ക്കു സാധിക്കും.
ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കുക എന്നുവച്ചാൽ ‘ഈശോയുമായുള്ള ഐക്യത്തിൽ പ്രാർത്ഥിക്കുക’ എന്നാണ്. അത് ഫലപ്രദമായ പ്രാർത്ഥനയാണ്. സഭയുടെ പ്രാർത്ഥനകളെല്ലാം അപ്രകാരമുള്ള പ്രാർത്ഥനകളാണ്. അതുകൊണ്ട് സഭയോടു ചേർന്നു പ്രാർത്ഥിക്കുമ്പോൾ ഈശോയുടെ സാന്നിദ്ധ്യം നമുക്ക് അനുഭവവേദ്യമാകും. ഈശോയുമായി സ്‌നേഹബന്ധം പുലർത്തുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരിൽ ആശ്വാസപ്രദനായ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യമുണ്ടാകും. പരിശുദ്ധാത്മാവ് ഈശോയുടെ ആത്മാവായതുകൊണ്ട്, അത് ഈശോയുടെ സാന്നിദ്ധ്യവുമായിരിക്കും. സഭയിൽ വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിലൂടെയുള്ള സാന്നിദ്ധ്യവും പ്രവർത്തനവുമാണ് ഇവിടെ പരാമർശിക്കുന്നത്.
വിശ്വസിക്കാത്ത ലോകത്തിന് -മനുഷ്യർക്ക് – കാണാനും അനുഭവിക്കാനും സാധിക്കാത്ത മിശിഹായുടെ സാന്നിദ്ധ്യം അവിടുത്തെ സ്‌നേഹിക്കുന്നവർക്കും അവിടുത്തെ കല്പനകൾ പാലിക്കുന്നവർക്കും ലഭിക്കും. വിശ്വാസികളുടെ സമൂഹമായ സഭയിൽ അനുഭവിച്ചറിയാവുന്ന മിശിഹായുടെ സാന്നിദ്ധ്യവും സഹവാസവുമാണ് ഇവിടെ പരാമർശിക്കുന്നത്. സഭാജീവിതത്തിൽ വിശ്വസ്തത പുലർത്തുന്നവർക്കാണ്,
സഭയുടെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ജീവിതം നയിക്കുന്നവർക്കാണ്, ഈ സാന്നിദ്ധ്യം അനുഭവിച്ചറിയാൻ കഴിയുന്നത്.
ഈശോയെ സ്‌നേഹിക്കുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്നവരുടെ ഹൃദയം ത്രിയേക ദൈവത്തിന്റെ വാസസ്ഥലമായിത്തീരുന്നു. വിശ്വാസജീവിതം
നയിക്കുന്നവരിൽ യാഥാർത്ഥ്യമാകുന്ന ത്രിത്വാത്മക രഹസ്യമാണ് – സ്വർഗ്ഗീയാനുഭവമാണ് ഈ വചനം ഉൾക്കൊള്ളുന്നത്. ദൈവത്തിനേറ്റം ഇഷ്ടമുള്ള വാസസ്ഥലം മനുഷ്യഹൃദയമാണ്. ദൈവവുമായി ഹൃദയൈക്യത്തിൽ ജീവിക്കുന്ന മനുഷ്യനാണ് ദൈവത്തിന്റെ വാസസ്ഥലം. ഇത് സ്വർഗ്ഗീയാനുഭവംതന്നെയാണ്.
സഹായകനായ പരിശുദ്ധാത്മാവിന്റെ സഭയിലുള്ള പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘പഠിപ്പിക്കുക’ എന്നത്. ഈശോ പഠിപ്പിച്ച കാര്യങ്ങളെല്ലാം ശിഷ്യന്മാർക്ക് മനസ്സിലായിരുന്നില്ല. ഉത്ഥാനശേഷം പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകഴിഞ്ഞപ്പോഴാണ് ഈശോയുടെ പ്രബോധനത്തിന്റെ
ശരിയായ അർത്ഥം ഗ്രഹിക്കുവാൻ അവർക്കു കഴിഞ്ഞത്. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവവചനം കാലാനുസൃതമായി വ്യാഖ്യാനിക്കുവാനും മനസ്സിലാക്കുവാനും സഭയിൽ പരിശുദ്ധാത്മാവിന്റെ പ്രബോധനം എന്നുമുണ്ടാവണം. സഭയുടെ ശ്ലൈഹികപ്രബോധനം പരിശുദ്ധാത്മാവിന്റെ പ്രബോധനമാണ്.
ഈശോ തന്റെ രക്ഷാകരപ്രവർത്തനത്തിലൂടെ നേടിയത് സമാധാനമാണ്. ദൈവത്തോടും പരസ്പരവും അനുരഞ്ജനമുണ്ടാകുന്നതിലൂടെ അനുഭവവേദ്യമാകുന്ന ഈ സമാധാനമാണ് ഈശോ ശിഷ്യർക്ക് ആശംസിക്കുന്നത്. തന്നിലൂടെ പൂർത്തിയാകുന്ന രക്ഷാകരപ്രവർത്തനത്തിലൂടെ തിന്മയുടെ ശക്തിയുടെമേൽ ദൈവം വിജയം വരിക്കുന്നു എന്നതിൽ നാം സന്തോഷിക്കണമെന്നും ഈശോ ആഹ്വാനം ചെയ്യുന്നു.
1. ഈശോയുടെ വേർപാടിൽ അസ്വസ്ഥരായ ശിഷ്യന്മാരെ അവിടുന്ന് എപ്രകാരമാണ് ആശ്വസിപ്പിക്കുന്നത്?
2. ഉത്ഥിതനായ ഈശോയുടെ രണ്ടാം ആഗമനം എങ്ങനെ സംഭവിക്കുമെന്നാണ് അവിടുന്ന് ശിഷ്യരോട് വിശദീകരിക്കുന്നത്?
3. ഉത്ഥാനത്തിലൂടെ തിരിച്ചുവന്ന ഈശോ ഏതെല്ലാം വിധത്തിലാണ് സഭയിൽ സന്നിഹിതനാവുന്നത്?
4. ആശ്വാസപ്രദനായ പരിശുദ്ധാത്മാവിന്റെ പ്രബോധനദൗത്യത്തിന്റെ സ്വഭാവവും പ്രത്യേകതകളും വിശദീകരിക്കാമോ?