വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ

കേരള സുറിയാനിസഭയിൽ വിശുദ്ധിയുടെ സുഗന്ധം പരത്തിയ വാഴ്ത്തപ്പെട്ട അഗസ്റ്റിൽ തേവർ പറമ്പിൽ (തേവർപറമ്പിൽ കുഞ്ഞച്ചൻ) വിശുദ്ധ ജോൺ വിയാനിയെപ്പോലെ ഒരു ഇടവക വൈദികനായിരുന്നു. ഈ പുണ്യാത്മാവിന്റെ പ്രശസ്തി ഇന്ന് കേരളത്തിന്റെയും ഭാരതത്തിന്റെ തന്നെയും സീമകളെ
അതിലംഘിച്ചു കഴിഞ്ഞു. വീരോചിതമായ ക്രിസ്തീയ സുകൃതങ്ങളുടെ അഭ്യസനത്താലും ജ്വലിക്കുന്ന പ്രേഷിത തീക്ഷ്ണതയാലും അദ്ദേഹം നമുക്ക് എല്ലാവർക്കും, പ്രത്യേകിച്ച് വൈദികർക്കും, മാതൃകയും പ്രചോദനവുമായി പ്രശോഭിക്കുന്നു.
ജനനം, ബാല്യം, വിദ്യാഭ്യാസം
പഴയ തിരുവിതാംകൂറിലെ (ഇന്നത്തെ കേരളത്തിലെ) രാമപുരം ഇടവകയിൽ (കോട്ടയം ജില്ല) തേവർപറമ്പിൽ കുടുംബത്തിൽ 1891 ഏപ്രിൽ ഒന്നാം തീയതി ഇദ്ദേഹം ജനിച്ചു. ദൈവവിളികളാൽ സമ്പന്നമായ കുഴുമ്പിൽ കുടുംബത്തിന്റെ ഒരു ശാഖയാണ് തേവർപറമ്പിൽ കുടുംബം. ജനിച്ചതിന്റെ ഏഴാം ദിവസം കുഞ്ഞിന് രാമപുരം സെയിന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് ജ്ഞാനസ്‌നാനം നല്കപ്പട്ടു. അഗസ്റ്റിൻ എന്നായിരുന്നു മാമ്മോദീസാപ്പേര്.
ഏഴാമത്തെ വയസ്സിൽ അഗസ്റ്റിൻ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. അഗസ്റ്റിന്റെ പിതാവായ മാണി (ഇട്ടി ഐപ്പ് മാണി എന്നു പൂർണ്ണ നാമം) സത്യസന്ധനും
നീതിമാനുമായ ഒരു കർഷകനായിരുന്നു. അമ്മയുടെ പേര് ഏലീശ്വാ എന്നായിരുന്നു.
അവരുടെ മതാത്മകജീവിതം മാതൃകാപരമായിരുന്നു; അവരുടെ സൽപ്പേര് കളങ്കമറ്റതും. ഈ സാഹചര്യങ്ങൾ അഗസ്റ്റിന്റെ ദൈവവിളിക്ക് കളമൊരുക്കിയെന്നു
പറയാം. കളരി ആശാന്റെ കീഴിലാണ് കെ.എം. അഗസ്റ്റിൻ അയൽപക്കത്തെ മറ്റു കുട്ടികളോടൊപ്പം അക്ഷരാഭ്യാസം ആരംഭിച്ചത്.
അതിനുശേഷം തിരുവിതാംകൂർ ഗവൺമെന്റിന്റെ കീഴിലുള്ള സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ നിന്ന് മാന്നാനം സെയിന്റ് എഫ്രേംസ് സ്‌കൂളിൽ പഠനം തുടർന്നു. പഠനത്തിൽ സാധാരണ നിലവാരം പുലർത്തിയിരുന്ന അഗസ്റ്റിൻ
തന്റെ സൗമ്യശീലത്താലും സൽസ്വഭാവത്താലും അദ്ധ്യാപകർക്കും സഹപാഠികൾക്കും പ്രിയംകരനായിരുന്നു. അഗസ്റ്റിൻ ”എല്ലാവരുടെയും സുഹൃത്ത്” ആയിരുന്നുവെന്നു പറയാം.
മാന്നാനത്തെ താമസവും പഠനവും ഒരു വൈദികനാകാനുള്ള അദമ്യമായ ആഗ്രഹം അവനിൽ നിറച്ചു. അഗസ്റ്റിന്റെ മുൻഗാമികളായി തേവർപറമ്പിൽ കുടുംബത്തിൽ തന്നെ മൂന്നു വൈദികരുണ്ടായിരുന്നു. വൈദിക സന്ന്യാസ ദൈവവിളികളാൽ സമ്പന്നമായ ഒരിടവകയായിരുന്നു അന്നും രാമപുരം ഇടവക.
പഠനത്തിൽ വളരെയൊന്നും സമർത്ഥനായിരുന്നില്ലെങ്കിലും അഗസ്റ്റിന്റെ ഭക്തിയും
മാതൃകാപരമായ പെരുമാറ്റവും മൂലം അവൻ
സ്‌കൂളിലെ മരിയൻ സൊഡാലിറ്റിയുടെ പ്രീഫെക്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂൾ പഠനത്തിനുശേഷം, സ്വാഭാവികമായും, അവൻ സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു.
സെമിനാരിയിൽ
അഗസ്റ്റിന്റെ മൈനർ സെമിനാരി പഠനം ചങ്ങനാശേരിയിലാണു നടന്നത്. പുണ്യശ്‌ളോകനായ മാർ തോമസ് കുര്യാളശേരിയുടെ കാലം. ചങ്ങനാശേരിയിലെ സെയിന്റ് തോമസ് മൈനർ സെമിനാരിയിൽ ചേരാൻ
അഗസ്റ്റിൻ രാമപുരത്തുനിന്ന് ചങ്ങനാശേരി വരെ കാൽനടയായി യാത്ര ചെയ്തുവെന്നു പറഞ്ഞാൽ അവന്റെ വൈദികനാകാനുള്ള ആഗ്രഹം എത്രമാത്രമായിരുന്നു
വെന്ന് ഊഹിക്കാമല്ലോ. മൈനർ സെമിനാരി പഠനം പൂർത്തിയാക്കിയ ശേഷം 1915-ൽ അഗസ്റ്റിൻ വരാപ്പുഴയിലെ പുത്തൻപള്ളി സെമിനാരിയിൽ ചേർന്നു (24-ാമത്തെ വയസ്സിൽ). അന്ന് സെമിനാരി നടത്തിക്കൊണ്ടിരുന്നത് സ്‌പെയിൻകാരായ കർമ്മലീത്താ വൈദികരായിരുന്നു. ഫാദർ ഔറേലിയൻ (ഇന്ന് ധന്യൻ), ഫാദർ സക്കറിയാസ് ഒ.സി.ഡി (ഇന്ന് ദൈവദാസൻ) എന്നിവരുടെ
കീഴിൽ പഠനവും പരിശീലനവും നടത്താനുള്ള ഭാഗ്യം അഗസ്റ്റിന് ഉണ്ടായി. പുണ്യചരിതരായ അവരുടെ സാമീപ്യവും സമ്പർക്കവും ഒരു വിശുദ്ധനായിത്തീരാനുള്ള ആഗ്രഹം അവനിൽ നിക്ഷേപിച്ചിരിക്കും.
വൈദിക ശുശ്രൂഷയിൽ
സെമിനാരി പഠനത്തിന്റെ അവസാനം, ചങ്ങനാശേരിയിലെ മെത്രാനായിരുന്ന അഭിവന്ദ്യ കുര്യാളശേരിപ്പിതാവിൽ നിന്ന് 1921 ഡിസംബർ 17-ാം തീയതി അഗസ്റ്റിൻ വൈദികനായി അഭിഷേകം സ്വീകരിച്ചു. ദിവ്യബലി അർപ്പിക്കാനും, സുവിശേഷം പ്രഘോഷിക്കാനും, കൂദാശകൾ പരികർമ്മം ചെയ്യാനുമായിട്ടാണ് ദൈവം തന്നെ വൈദിക ശുശ്രൂഷയ്ക്കായി വിളിച്ചതെന്ന അവബോധം ഫാദർ അഗസ്റ്റിന് എപ്പോഴും ഉണ്ടായിരുന്നു. പൊക്കം കുറവായ അഗസ്റ്റിൻ അച്ചനെ ജനങ്ങൾ സ്‌നേഹപൂർവം ”കുഞ്ഞച്ചൻ” (Little Father) എന്നാണ് വിളിച്ചിരുന്നത്.
തന്റെ സ്വന്തം ഇടവകയായ രാമപുരം സെയിന്റ് അഗസ്റ്റിൻസ് പള്ളിയിലാണ് ഫാദർ അഗസ്റ്റിൻ ആദ്യ ദിവ്യ ബലി അർപ്പിച്ചത്. അടുത്ത എട്ടു വർഷം അദ്ദേഹം പ്രായോഗികപരിശീലനം നേടിക്കൊണ്ട് സ്വന്തം ഗ്രാമത്തിൽ തന്നെ താമസിച്ചു.
1923-ൽ കടനാട്ടെ സെയിന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ അദ്ദേഹം അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ തന്നെ ബന്ധത്തിൽ പെട്ട ഫാദർ തോമസ് കുഴുമ്പിലായിരുന്നു വികാരി. കടനാട്ടെ താമസകാലത്ത് ഗ്രാമീണർ ഉപദേശത്തിനും
അനുഗ്രഹത്തിനുമായി കുഞ്ഞച്ചന്റെ ചുറ്റും ഓടിക്കൂടി. പ്രത്യേക സിദ്ധികളുള്ള ഒരു അസാധാരണ വ്യക്തിയായി ജനങ്ങൾ അദ്ദേഹത്തെ കരുതിയിരുന്നിരിക്കണം. അവർ തങ്ങളുടെ ഇഞ്ചികൃഷിയും നെൽകൃഷിയുമൊക്കെ കീടബാധകളിൽ നിന്നും
പ്രാണികളിൽ നിന്നും സംരക്ഷിക്കപ്പെടുന്നതിനായി അച്ചനെ വിളിച്ച് ഹന്നാൻ വെള്ളം (holy water) തളിപ്പിക്കാറുണ്ടായിരുന്നു. അവർക്ക് സമൃദ്ധമായ വിളകളും ലഭിച്ചിരുന്നുവത്രെ. എന്നാൽ അപ്രതീക്ഷിതമായ ഒരു രോഗബാധയെ തുടർന്ന് അദ്ദേഹം രാമപുരത്തേക്കു മാറി.
മാതൃകാമിഷനറി
ഒരു മാതൃകാമിഷനറി എന്ന നിലയിലാണ് കുഞ്ഞച്ചന്റെ ജീവിതം ധന്യമായത്. ”തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ” –
എന്നിങ്ങനെയുള്ള ഒരു വലിയ ജനത ഭാരതത്തിലുണ്ടായിരുന്നു. അവർ ”ചാതുർവർണ്യ”ത്തിന്റെ പരിധിക്ക് അപ്പുറത്തുള്ളവരായിരുന്നു. മേൽജാതിക്കാർ അവരെ അവഹേളിക്കുകയും പീഡിപ്പിക്കുകയും ചൂഷണം
ചെയ്യുകയും അടിച്ചമർത്തുകയും ചെയ്തിരുന്നു. സ്വതന്ത്ര ഭാരതത്തിൽ അവരുടെ
നില ഇന്ന് തീർച്ചയായും മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവരുടെ നില ദയനീയമായിരുന്നു. ഗാന്ധിജി ദൈവത്തിന്റെ ജനം എന്ന അർത്ഥത്തിൽ ”ഹരിജനങ്ങൾ” എന്നു വിളിച്ച അവർ ഇന്ന് ”ദളിതർ” എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇവരുടെ ഉദ്ധാരണത്തിനായി – ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി – കുഞ്ഞച്ചൻ അവിശ്രമം പരിശ്രമിച്ചു. അതിന്റെ ഫലമായി 5000-ൽ അധികം പേർക്ക് സുവിശേഷവെളിച്ചം
പകർന്നുകൊടുത്ത്, മാമ്മോദീസ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. അധഃസ്ഥിതരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ അവരുടെ ഇടയിൽ അദ്ദേഹം ഒരു സ്‌നേഹദൂതനായി മാറി. ആദ്യം ശത്രുക്കളെപ്പോലെ പെരുമാറിയ മേൽജാതിക്കാർ പോലും ഒടുവിൽ ആ സ്‌നേഹധനന്റെ മിത്രമായി മാറി.
മരണം, നാമകരണം
ഇന്ന് പാലാ രൂപതയിലാണ് രാമപുരം പള്ളി. അവിടെ വച്ച് 1973 ഒക്‌ടോബർ 16-ാം തീയതി വിശുദ്ധിയുടെ സുഗന്ധം പരത്തിക്കൊണ്ട് ജനങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞച്ചൻ അന്തരിച്ചു. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട കുഞ്ഞച്ചന്റെ നാമകരണനടപടികൾ 1997-ൽ ആരംഭിച്ചു. 2004-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചു. ഇതേ സമയം കുഞ്ഞച്ചന്റെ മദ്ധ്യസ്ഥതയാൽ ഒരത്ഭുതം നടന്നു: ഗിൽസൺ വർഗീസ് എന്ന കുട്ടിയുടെ ജന്മനാ മുടന്തുണ്ടായിരുന്ന (രഹൗയ ളീീ)േ പാദം സുഖപ്പെട്ടു. വേണ്ടത്ര അന്വേഷണങ്ങൾക്കു ശേഷം ഈ അത്ഭുതം സ്ഥിരീകരിക്കപ്പെട്ടതോടെ (2005-ൽ) കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. എത്രയും വേഗം അദ്ദേഹം വിശുദ്ധ പദവിയിലെത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം, അതിനായി പ്രാർത്ഥിക്കാം; അതോടൊപ്പം അദ്ദേഹത്തോടും പ്രാർത്ഥിക്കാം.