പള്ളിക്കൂദാശാക്കാലം സഭയുടെ കാലമാണ്. വാത്സല്യനിധിയായ സഭാമാതാവിന്റെ മക്കളായ നാം അവളുടെ മുഖത്തേയ്ക്ക് നോക്കി അവളെക്കുറിച്ച് ധ്യാനിക്കുകയും പഠിക്കുകയും ചെയ്യുന്ന കാലം. ഭൂമിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന
പള്ളികളെല്ലാം തന്നെ സഭയുടെ പ്രതീകങ്ങൾ ആണ്. നൂറ്റാണ്ടുകൾക്കു മുൻപ് ഇന്നത്തെ ആലപ്പോയ്ക്ക് (Aleppo) സമീപമുള്ള ഖെന്നശ്‌റിനിൽ (Qenneshrin) ഒരു പള്ളി പുതിയതായി നിർമ്മിക്കപ്പെട്ടു. ഭൂമിയിൽ മനുഷ്യകരങ്ങളാൽ പണിതുയർത്തപ്പെട്ട ആ പള്ളിയുടെ കൂദാശാവേളയിൽ സുന്ദരമായ ആ മന്ദിരത്തിലേയ്ക്ക് ഉറ്റുനോക്കിയ അവിടുത്തെ കോർഎപ്പിസ്‌ക്കോപ്പായ്ക്ക് ആ പള്ളിയുടെ ദൃശ്യഘടനയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന സഭയാകുന്ന വിസ്മയനീയ രഹസ്യത്തിന്റെ ആഴങ്ങൾ കാണാനായി. തന്റെ ഭാസുരനയനങ്ങൾക്ക് ദൃശ്യമായ ആ രഹസ്യങ്ങളെ തലമുറകൾക്കായി അദ്ദേഹം പ്രഘോഷിച്ചു. അനുഗ്രഹീത കവിയും ദൈവശാസ്ത്രജ്ഞനുമായിരുന്ന ആ കോർഎപ്പിസ്‌കോപ്പാ അതിനായി അതിസുന്ദരവും എന്നാൽ ഗഹനവുമായ ഒരു കാവ്യം തന്നെ രചിച്ചു. ആ പുത്തൻപള്ളിയുടെ കൂദാശാവേളയിൽ ആലപിക്കപ്പെട്ട പ്രസ്തുതകാവ്യത്തിന്റെ ചില പാദങ്ങൾ നമ്മുടെയും ധ്യാനവിഷയമാക്കാം.
സഹജരെ നിങ്ങൾ പുത്തൻപള്ളിയെ / ആദരപൂർവ്വം വീക്ഷിച്ചിടൂ
ഇന്നീ മണ്ണിൽ വിണ്ഡലമെത്തി / വിണ്ണിൻ നാഥനു ഗേഹമൊരുക്കി
നമ്മുടെ വീടുകൾ തൃണമായി കരുതി / നാമെല്ലാരും ഏദനിലെത്താൻ
അവനോ തന്നുടെ ഉത്തമഗേഹം / കൈവിട്ടെത്തി പള്ളിക്കുള്ളിൽ
ഈറേമാരവർ വിണ്ണിൽ ചെയ്യും / ശുശ്രൂഷയ്ക്കായി വൈദികന്മാർ
പള്ളിക്കുള്ളിൽ നിലകൊള്ളുന്നു / നാഥനുനൽകാൻ പരിചരണങ്ങൾ
പള്ളിക്കുള്ളിലെ ത്രോണോസുകളോ (ബലിപീഠങ്ങൾ) / പുൽക്കൂടുകളായി പരിശോഭിപ്പൂ പള്ളികളിപ്പോൾ ഈ പുൽക്കൂട്ടിൽ / ജീവൻ
വച്ചു വിളമ്പീടുന്നു. സഭാ വിജ്ഞാനീയം പഠിക്കുന്ന ദൈവശാസ്ത്രജ്ഞർക്ക് ഉന്നതമായ മൗതിക ചിന്തകൾ പ്രദാനം ചെയ്ത ഈ സുന്ദരകാവ്യം രചിച്ച ആ ധന്യനായ കോർഎപ്പിസ്‌ക്കോപ്പാ നമുക്ക് അത്ര പരിചിതനല്ല. അദ്ദേഹമാണ് 5-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുറിയാനിക്കാരനായ മാർ ബാലായി. സുറിയാനി സഭാപിതാക്കന്മാരുടെയിടയിൽ കവിതകളിലൂടെ തങ്ങളുടെ ദൈവശാസ്ത്രചിന്തകൾ പങ്കുവച്ചവർ അധികമില്ല. മാർ അപ്രേമും സിറലോണായും, മാർ നർസായിയുമൊക്കെ
ഉൾപ്പെടുന്ന ആ പരിമിതഗണത്തിൽ എണ്ണപ്പെടുന്ന വ്യക്തിയാണ് മാർ ബാലായി.
അദ്ദേഹം മാർ അപ്രേമിന്റെ ശിഷ്യനോ, ശിഷ്യരുടെ ശിഷ്യനോ ആയിരിക്കാനുള്ള
സാധ്യതകൾ തള്ളിക്കളയാനാവില്ല. ഖെന്നശ്‌റിനിലെ കോർഎപ്പിസ്‌കോപ്പായായിരുന്നു എന്നതിൽ കവിഞ്ഞ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് നമുക്ക് ഒന്നും തന്നെയറിയില്ല. തന്റെ മെത്രാനായിരുന്ന അക്കാസിയൂസ് AD 432-ൽ മരിച്ചു എന്ന് ബാലായി തന്നെ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് അദ്ദേഹം 5-ാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്ന് വ്യക്തം. ആ കാലയളവിൽ എദ്ദേസായിലെ മെത്രാനായിരുന്ന റാബുളായുടെ സമകാലികനായിരുന്നു ബാലായി എന്നുള്ള സൂചനകൾ റാബൂളായുടെ ജീവചരിത്രത്തിലും കാണാം. അനേകം കൃതികൾ ബാലായി രചിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നെങ്കിലും അവയിൽ രണ്ടെണ്ണം നിസംശയം പണ്ഡിതലോകം അദ്ദേഹത്തിന്റേതായി അംഗീകരിച്ചിട്ടുണ്ട്.
1. ഖെന്നശ്‌റിനിലെ പള്ളിയുടെ കൂദാശാവേളയിൽ ആലപിക്കുവാനായി അദ്ദേഹം രചിച്ച കാവ്യം.
2. തന്റെ മെത്രാനായിരുന്ന അക്കാസിയൂസിനെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം എഴുതിയ അഞ്ച് ഗീതങ്ങൾ.
പൂർവ്വയൗസേപ്പിനെക്കുറിച്ചുള്ള പ്രസംഗങ്ങളുടെ സമാഹാരവും നിരവധി കാവ്യങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അദ്ദേഹം രചിച്ച അനേകം ഗീതങ്ങൾ പാശ്ചാത്യസുറിയാനി സഭയുടെ ആരാധനാഗീതങ്ങളിൽ ചാലിച്ച് ചേർക്കപ്പെട്ട് ഇന്ന് വിശ്വാസസമൂഹത്തിന്റെ പ്രാർത്ഥനാ മജ്ഞരിയായി ഉയരുന്നുണ്ട്. ഈ ഗീതങ്ങളിൽ നിരവധി വിഷയങ്ങൾ പ്രതിപാദിക്കപ്പെടുന്നുണ്ട്. സുവിശേഷങ്ങളിലെ പല ഏടുകളേയും കുറിച്ചുള്ള ചെറുതെങ്കിലും മനോഹരങ്ങളായ വ്യാഖ്യാനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. പരിശുദ്ധ അമ്മയും, ശ്ലീഹന്മാരും, സഹദാമാരുമൊക്കെ അദ്ദേഹത്തിന്റെ കവിതകൾക്ക് വിഷയമായിട്ടുണ്ട്. ഉപവാസത്തെക്കുറിച്ചുള്ള സുന്ദരവ്യാഖ്യാനങ്ങൾ അദ്ദേഹം ഒരു താപസികനായിരുന്നു എന്നതിന്റെ സൂചനകൾ നൽകുന്നുണ്ട്. ഉപവാസത്തെ സ്‌നേഹിക്കുന്നവരുടെയും അതിൽ ആനന്ദം കണ്ടെത്തുന്നവരുടെയും ജീവൻ ദൈവത്തോടു ചേർന്നിരിക്കുകയും ദൈവം അവരിൽ സംപ്രീതനാവുകയും ചെയ്യുന്നു എന്ന് അദ്ദേഹം
വിവരിക്കുന്നു. പുതിയ നിയമത്തിന്റെ നിഴലുകൾ അദ്ദേഹം പഴയനിയമത്തിൽ കണ്ടെത്തുന്നു. പരി. അമ്മയെക്കുറിച്ചുള്ള ഗീതങ്ങളിലൊക്കെ അദ്ദേഹത്തിന്റെ പ്രതീകാത്മക ദൈവശാസ്ത്രം വ്യക്തമാണ്. അമ്മയെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു: ”ദാവീദിന്റെ പുത്രിയായ കന്യകയേ, സീനായ്
മലമുകളിൽ മുൾപ്പടർപ്പായി മൂശെ നിന്നെ ചിത്രീകരിച്ചു. ‘ഇതാ കന്യക ഗർഭം ധരിച്ചിരിക്കുന്നു’ വെന്ന് വിസ്മയപൂർവ്വം ഏശയ്യായും പ്രവചിച്ചു. ഹസ്‌ക്കിയേൽ നിവ്യായോ നിന്നെ കവാടമായി ചിത്രീകരിച്ചിരിക്കുന്നു”. മാർതോമായുടെ ഭാരത പ്രേഷിതത്വവും അദ്ദേഹം വിവരിച്ചിട്ടുണ്ട്. ”മാർതോമായുടെ ഓർമ്മ ഞങ്ങൾക്ക് അനുഗ്രഹമാകട്ടെ. അവന്റെ പ്രാർത്ഥനകൾ കടൽഭിത്തിപോലെ ഞങ്ങൾക്ക് ആത്മീയസംരക്ഷണമരുളട്ടെ. തോമാശ്ലീഹാ ഇൻഡ്യയിലേയ്ക്ക് അയയ്ക്കപ്പെട്ട വേളയിൽ അവന്റെ ഇടയനായ മിശിഹാ അവനെ ആശ്വസിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. രാജാവിന്റെ സ്വപ്നം വ്യാഖ്യാനിച്ചശേഷം ഞാൻ
യൗസേപ്പിനെ മഹത്ത്വപ്പെടുത്തി. നിന്റെ മരണശേഷം ഞാൻ നിന്നെയും മഹത്ത്വപ്പെടുത്തും”. തോമാശ്ലീഹായെ അദ്ദേഹത്തിന്റെ മരണശേഷം മഹത്ത്വപ്പെടുത്തിയ കർത്താവ് ഈ കോർ എപ്പിസ്‌കോപ്പായേയും അദ്ദേഹത്തിന്റെ മരണശേഷം മഹത്ത്വത്തിന്റെ കിരീടമണിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കാവ്യങ്ങൾ സഭയുടെ പ്രാർത്ഥനയായി പള്ളികളിൽ ആലപിക്കപ്പെടുന്നതും അദ്ദേഹം നമ്മുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നതും കർത്താവ് അദ്ദേഹത്തിന് നൽകിയ മഹത്ത്വത്തിന്റെ പ്രകാശനങ്ങൾ തന്നെ!