ആരാധനക്രമത്തിലെ വാക്കുകൾ, അടയാളങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവയുടെ അർത്ഥങ്ങൾ വിവരിക്കുന്ന പംക്തി

ആമ്മേൻ
അതിവിശിഷ്ടമായ ഒരു പദമാണ് ‘ആമ്മേൻ’. എന്നാൽ ഇന്ന് വെറും സിനിമാപേരായിട്ടും സഭാവിരുദ്ധ പുസ്തകത്തിന്റെ തലക്കെട്ടായിട്ടും ഒക്കെ ഉപയോഗിച്ച് അതിനെ മനുഷ്യർ അവഹേളിച്ചുകൊണ്ടിരിക്കുകയാണ്. ഈ പദത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുന്ന ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവന്റെ ചങ്കു തകരുന്ന വിഷയമാണ് ഇത്. കാരണം, അതിന്റെ അർത്ഥവും വ്യാപ്തിയും അത്ര വലുതാണ്.
ഇതിനു പകരം വയ്ക്കാൻ പറ്റുന്നതായിട്ട് വേറെ ഒരു ഭാഷയിലും ഒരു പദവും ഇല്ല.
അതുകൊണ്ടാണ് സഭാപിതാക്കന്മാരും ദൈവശാസ്ത്രജ്ഞന്മാരും ഒക്കെ ലോകത്തിലെ എല്ലാ ഭാഷകളിലേയ്ക്കും ബൈബിളും ആരാധനക്രമവും മറ്റും വിവർത്തനം ചെയ്തിട്ടും ഈ വാക്കിനുമാത്രം ഒരു മാറ്റവും വരുത്താത്തത്. ഭാരതീയ
വത്ക്കരണത്തിന്റെ ഭാഗമായിട്ട് ”തഥാസ്തു” എന്ന സംസ്‌കൃതപദം ‘ആമ്മേൻ’
-നു പകരം എന്നപോലെ ഉപയോഗിക്കുന്നുണ്ട്. എങ്കിലും അത് കൃത്യമായ ഒരു തർജ്ജിമയാകുന്നില്ല. പ്രാർത്ഥനകൾക്ക് ഉചിതമായ മറുപടിയാകുന്നില്ല. ഈ പദത്തിന്റെ അർത്ഥവ്യാപ്തിയിലേക്കു കടക്കുമ്പോൾ നമുക്ക് അത് കൃത്യമായി മനസ്സിലാകും.
വ്യാപകമായ പദം
‘ആമ്മേൻ’ ഒരു ഹീബ്രു പദമാണ്. ലോകത്തിലെ എല്ലാ ഭാഷകളിലും പ്രാർത്ഥനയ്ക്ക് ഈ പദം വിവർത്തനം ചെയ്യാതെ തന്നെ ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളും
യഹൂദരും മുസ്ലീങ്ങളും ഈ പദം ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പദമാണ് ഇത്. ഹീബ്രുഭാഷയിൽ വളരെ കുറച്ചു പദങ്ങൾ മാത്രമാണ് ഉള്ളത്. അതിനാൽ ഒരു പദം തന്നെ വളരെ വ്യാപകമായ അർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നു. സത്യമായും, നിശ്ചയമായും, അങ്ങനെയാകട്ടെ എന്നൊക്കെയാണ് ആമ്മേൻ എന്ന വാക്കിന്റെ പ്രധാന അർത്ഥങ്ങൾ.
ഉടമ്പടി
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ‘ആമ്മേൻ’ എന്ന വാക്കിന്റെ അർത്ഥം വെറുതെ
അങ്ങനെ ആയിക്കൊള്ളട്ടെ ‘so it be’ എന്നു മാത്രമല്ല. അത് ഒരു ഉടമ്പടിയാണ്. ഒരു വിശ്വാസി പ്രാർത്ഥനകൾക്ക് ആമ്മേൻ പറയുമ്പോൾ ഒന്നാമതായി അർത്ഥമാക്കുന്നത് പുരോഹിതൻ ചൊല്ലുന്ന പ്രാർത്ഥനകളെ താൻ പൂർണ്ണമായും അംഗീകരിക്കുന്നു എന്നാണ്. രണ്ടാമതായി അത് എന്റെ പ്രാർത്ഥനയായി ഞാൻ ഏറ്റുചൊല്ലിയിരിക്കുന്നു എന്നും മൂന്നമതായി ഞാൻ അതിൽ ഒപ്പുവയ്ക്കുന്നു എന്നുമാണ്. മിശിഹായാകുന്ന കുഞ്ഞാടിന്റെ രക്തംകൊണ്ട് ദൈവം മനുഷ്യവംശവുമായി ഒപ്പുവച്ച ഉടമ്പടിയിൽ
നാം ആമ്മേൻ വഴി പങ്കുചേരുന്നു. അതിനാൽ ആമ്മേൻ ഉടമ്പടിയാണ്.
മിശിഹാ
ആദത്തിന്റെ പാപം മൂലം മനുഷ്യവംശം പറുദീസായിൽനിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് നൂറ്റാണ്ടുകളായി മനുഷ്യവംശത്തിന്റെ കണ്ണീരോടെയുള്ള പ്രാർത്ഥനയാണ് ”ദൈവമേ ഞങ്ങളെ രക്ഷിക്കണമേ” എന്നുള്ളത്. ഈ പ്രാർത്ഥനയ്ക്ക് ദൈവം നൽകുന്ന പൂർണ്ണമായ ഉത്തരം, പൂർണ്ണമായ സമ്മതം അഥവാ ‘ആമ്മേൻ’ ആണ് ദൈവപുത്രനായ ഈശാ മിശിഹാ. പ്രവാചകന്മാരിലൂടെ ദൈവം മറുപടി നൽകിയെങ്കിലും അത് പൂർണ്ണമായ സമ്മതം ആകാത്തതിനാൽ ആമ്മേൻ ആയിത്തീരുന്നില്ല. പിതാവായ ദൈവം തന്റെ പുത്രന്റെ രക്തം കൊണ്ട് ഉടമ്പടി ചെയ്ത് മനുഷ്യവംശത്തിന്റെ പ്രാർത്ഥനയ്ക്ക് ‘ആമ്മേൻ’ പറയുന്നു. ഇതിനായി പിതാവിന്റെ ഹിതത്തിന് തന്നെത്തന്നെ സമർപ്പിച്ച് പുത്രനായ
മിശിഹാ സ്വയം ആമ്മേൻ ആയി മാറുന്നു.
അതിനാൽ ആമ്മേൻ മിശിഹാതന്നെയാണ്. മിശിഹാ തന്നെയാണ് ‘ആമ്മേൻ’ എന്നു
വെളിപാട് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ”വിശ്വസ്തനും സത്യവാനുമായ സാക്ഷിയും
ദൈവത്തിന്റെ സൃഷ്ടികർമ്മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമ്മേൻ അരുളിചെയ്യുന്നു” (വെളി. 3,14).
ദൈവജനം
നമ്മുടെ പ്രാർത്ഥനയ്ക്ക് ദൈവം നൽകിയ പ്രത്യുത്തരമാണല്ലോ മിശിഹാ എന്ന ആമ്മേൻ. ദൈവത്തിന്റെ ആമ്മേൻ-നു നമ്മൾ നൽകുന്ന പ്രത്യുത്തരമാണ് നമ്മുടെ
‘ആമ്മേൻ’. ദൈവഹിതത്തിനുള്ള നമ്മുടെ പൂർണ്ണമായ സമ്മതമാണ് ഇത്. ഇതുവഴി നമ്മൾ ‘ആമ്മേൻ’ ആയ മിശിഹായോടു താദാത്മ്യപ്പെടുന്നു. ഒരു പ്രാർത്ഥനയുടെ
അവസാനമാണ് ആമ്മേൻ. പക്ഷേ നമ്മുടെ തുടർന്നുള്ള ജീവിതത്തിന്റെ ആരംഭവും
ഇതേ ആമ്മേൻ ആകണം. പ്രാർത്ഥനയിലെ യാന്ത്രികമായ ഉച്ചാരണത്തിലുപരിയായി ദൈവഹിതത്തിനു നമ്മൾ പൂർണ്ണമായി സമർപ്പിക്കുമ്പോൾ ‘ആമ്മേൻ’ നമ്മുടെ ജീവിതത്തിൽ അർത്ഥവത്തായി മാറുന്നു. അങ്ങനെ നാം ‘ദൈവജനം’ ആമ്മേൻ ആയി മാറണം.
ഈശോ ഉച്ചരിച്ച പദം
ഈശോ തന്റെ ജീവിതത്തിൽ ആമ്മേൻ ആയി മാറുക മാത്രമല്ല ആ പദം നിരന്തരം ഉച്ചരിക്കുകയും ചെയ്തിരുന്നു. ‘സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു’ എന്നു മലയാളത്തിൽ വിവർത്തനം ചെയ്തിരിക്കുന്ന ഭാഗങ്ങൾ ”ആമ്മേൻ ആമ്മേൻ…”
എന്ന് ഈശോ പറയുന്നതായാണ് ബൈബിളിൽ കാണുന്നത്. ഈശോ തന്റെ ഇഹ
ലോകവാസകാലത്ത് നിരവധി സങ്കീർത്തനങ്ങളും പ്രാർത്ഥനകളും ചൊല്ലിയിരുന്നു. അവയിലെല്ലാം നിശ്ചയമായും ആമ്മേൻ ഉണ്ടായിരുന്നു. നമ്മളും ഈശോയെ അനുകരിച്ച് നിരന്തരം ‘ആമ്മേൻ’ ഉച്ചരിക്കണം. ദൈവാലയത്തിൽ നിസംഗത പാലിക്കുന്നവരും ജപമാല ചൊല്ലുമ്പോൾ ‘സ്വർഗ്ഗസ്ഥനായ പിതാവേ…’, ‘നന്മനിറഞ്ഞ മറിയമേ…’ തുടങ്ങിയ പ്രാർത്ഥനകളോടൊപ്പമുള്ള ‘ആമ്മേൻ’ ഉപേക്ഷിച്ചുകളയുന്നവരും തങ്ങളുടെ പ്രാർത്ഥനകളുടെ സമർപ്പണ ചൈതന്യത്തിൽ സാരമായ കുറവുവരുത്തുന്നു എന്ന് അറിഞ്ഞിരിക്കണം.
ആമ്മേൻ വെറുമൊരു പദമല്ല. അത് പ്രാർത്ഥനതന്നെയാണ്. സമർപ്പണമാണ്.
മിശിഹാ തന്നെയാണ്. ദൈവത്തിന്റെ ആമ്മേൻ-ന് നമ്മൾ ജീവിതം കൊണ്ട് നൽകേണ്ട പ്രത്യുത്തരമാണ് അത്. ഈ മഹനീയപദം നിരന്തരം നമ്മുടെ നാവുകളിൽ ഉണ്ടായിരിക്കട്ടെ. ആമ്മേൻ തന്നെയായ മിശിഹാ നമ്മുടെ ജീവിതങ്ങളെ പിതാവിനു സ്വീകാര്യമായ ‘ആമ്മേൻ’ ആയി മാറ്റട്ടെ, ആമ്മേൻ.