
റവ. ഫാ. ജോസഫ് പനക്കേഴം
സഭ നമ്മുടെ അമ്മയും നമ്മൾ അവളുടെ മക്കളുമാണ്. എന്നാൽ
ഇന്ന് സഭാമക്കളിൽ പലർക്കും തങ്ങൾ സഭയിലെ അംഗങ്ങളാണെന്നേ ചിന്തിക്കാൻ കഴിയുന്നുള്ളു. സഭ അമ്മയാണെന്നു അംഗീകരിക്കുമ്പോഴും തങ്ങൾ അവളുടെ മക്കളാണെന്ന ബോധ്യം പലർക്കുമില്ല എന്നത് ഏറെ വേദനാജനകമാണ്. കാരണം നാം
സഭയിൽ അംഗങ്ങൾ മാത്രമാണെന്നു കരുതുമ്പോൾ സഭയെ നാം ഒരു സംഘടനയായോ സംവിധാനമായോ തരംതാഴ്ത്തുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെ സഭയുടെ വളർച്ചയിലും ഉയർച്ചയിലും നമുക്കു ആഹ്‌ളാദിക്കാനോ അഭിമാനിക്കാനോ കഴിയുന്നില്ല എന്നു മാത്രമല്ല അവളുടെ തളർച്ചയിൽ വേദനയോ ദുഃഖമോ നമുക്കു അനുഭവപ്പെടാറുമില്ല.
ചുരുക്കത്തിൽ സഭയ്ക്കുള്ളിൽ ഇന്ന് പലരും സഭയോടു നൈയാമികബന്ധം പുലർത്തുന്നവരാണ്, വ്യക്തിപരമായ ബന്ധം പുലർത്തുന്നവരല്ല. ഈ പ്രവണത നമ്മുടെ സഭാജീവിതത്തേയും തദ്വാര വിശ്വാസജീവിതത്തെയും ദോഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ല. കാരണം സഭയോടുള്ള നമ്മുടെ ബന്ധത്തിന്റെ തോതനുസരിച്ചാണല്ലോ നമ്മുടെ വിശ്വാസത്തിന്റെ നായകനും
അതിനു പൂർണ്ണത നല്കുന്നവനുമായ (ഹെബ്രാ. 12,2) ഈശോമിശിഹായോടുള്ള ബന്ധം യാഥാർത്ഥ്യമാവുക.
പരിശുദ്ധ ത്രിത്വവും സഭയും
വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും സഭയ്ക്കു നല്കുന്ന പ്രധാന വിശേഷണങ്ങളാണ് ദൈവജനം, മിശിഹായുടെ ശരീരം, പരിശുദ്ധാത്മാവിന്റെ ആലയം എന്നിവ. തന്റെ ജനത്തോടു ദൈവം പുലർത്തിയ ഊഷ്മളബന്ധം പഴയ ഉടമ്പടിയിലും പുതിയ ഉടമ്പടിയിലും പ്രകടമായിരുന്നു. ദൈവം ഇസ്രായേലിനെ ‘എന്റെ പുത്രൻ’ എന്നും ‘എന്റെ ആദ്യജാതൻ’ എന്നും വിശേഷിപ്പിക്കുന്നു (പുറ. 4,22). എന്നാൽ തന്റെ പുത്രന്റെ തിരുരക്തത്താൽ മുദ്രിതമായ പുതിയതും ശാശ്വതവുമായ ഉടമ്പടിയാൽ ദൈവം സ്വന്തമാക്കിയ ദൈവത്തിന്റെ സ്വന്തം ജനമാണ് സഭ. മിശിഹായുടെ തിരുവിലാവിൽനിന്നുമാണ് (യോഹ. 19,34) സഭ ജന്മം കൊണ്ടത്. ആദത്തിന്റെ വാരിയെല്ലിൽനിന്നും ഹവ്വയെ രൂപപ്പെടുത്തിയതുപോലെ മിശിഹായുടെ പാർശ്വത്തിൽനിന്നും സഭ ഉത്ഭവിച്ചുവെന്നാണ് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്. മറ്റുവാക്കുകളിൽ ഈശോയുടെ കുരിശിലെ സമർപ്പണത്തിന്റെ ഫലമായിട്ടാണ് സഭ ജന്മംകൊണ്ടത്. ആകയാൽ സഭയെ കറയും ചുളിവുമില്ലാത്ത നിർമ്മല മണവാട്ടിയായി വീണ്ടെടുക്കാൻ മിശിഹാ സ്വന്തം രക്തം വിലയായി നല്കി എന്ന് വ്യക്തമാണ്. ‘സഭ മിശിഹായുടെ ശരീരമാണ്. മരിച്ച് ഉത്ഥാനം ചെയ്ത മിശിഹാ പരിശുദ്ധാത്മാവിലൂടെയും കൂദാശകളിൽ പ്രത്യേകിച്ച് പരിശുദ്ധ കുർബാനയിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെയും വിശ്വാസികളുടെ സമൂഹത്തെ സ്വന്തം ശരീരമായി സ്ഥാപിക്കുന്നു’ (CCC 805). ശരീരമായ സഭ ശിരസായ മിശിഹായോടും ശരീരത്തിന്റെ ഇതര അവയവങ്ങളോടും ഐക്യപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. അതുകൊണ്ടാണ് സഭാപിതാവായ ഇരണേവൂസ് പറഞ്ഞത് എവിടെ സഭയുണ്ടോ അവിടെ ദൈവത്തിന്റെ ആത്മാവുണ്ട്, എവിടെ ദൈവത്തിന്റെ ആത്മാവുണ്ടോ അവിടെ സഭയും സർവ കൃപാവരവുമുണ്ടെന്ന്.
പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ സഭയോട് എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാണ്.
ശ്ലീഹന്മാരും സഭയും
സഭ ശ്ലീഹന്മാരും പ്രവാചകന്മാരുമാകുന്ന അടിസ്ഥാനത്തിന്മേൽ പണിതുയർത്തപ്പെട്ടിരിക്കുന്നുവെന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ (എഫേ. 2,20) സഭയും ശ്ലീഹന്മാരും തമ്മിലുള്ള ബന്ധം സുവ്യക്തമാക്കുന്നു.
സഭയ്ക്കുവേണ്ടിയുള്ള തീക്ഷ്ണതയാൽ ജ്വലിക്കുന്ന പൗലോസ് ശ്ലീഹായുടെ ഹൃദയമാണ് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ തെളിഞ്ഞുനില്ക്കുന്നത്. ശ്ലീഹായെന്ന നിലയിൽ തനിക്കു നേരിടേണ്ടിവന്ന സഹനങ്ങൾ എണ്ണിപ്പറഞ്ഞശേഷം അദ്ദേഹം എഴുതി:
”ഇതിനെല്ലാം പുറമേ, എല്ലാ സഭകളേയുംകുറിച്ചുള്ള ഉത്കണ്ഠ അനുദിനം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു” (2 കൊറി. 11,28).
ചുരുക്കത്തിൽ മിശിഹായോടു ശ്ലീഹന്മാർ എപ്രകാരം ബന്ധപ്പെട്ടിരുന്നുവോ അപ്രകാരം മിശിഹായുടെ തുടർച്ചയായ സഭയോടും ബന്ധപ്പെട്ടിരുന്നുവെന്ന് സംശയമില്ല.
വിശുദ്ധരും സഭയും
ദൈവ പദ്ധതിയിൽ സഭ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കി സഭയോടും ബന്ധപ്പെട്ടവരാണ് സഭാപിതാക്കന്മാരും വിശുദ്ധരും, സഭയുടെ ഐക്യത്തെ പരാമർശിക്കവെ അലക്‌സാണ്ഡ്രിയായിലെ വിശുദ്ധ ക്ലെമന്റ് ഇപ്രകാരം പറഞ്ഞു: ”എത്ര വിസ്മയനീയമായ ഒരു രഹസ്യം! എല്ലാവർക്കും പിതാവായി ഒരുവൻ. എല്ലാവർക്കുമായി ഒരു വചനം. എല്ലായിടത്തും ആയിരിക്കുന്ന പരിശുദ്ധാത്മാവ് ഒന്ന്. കന്യകയായ അമ്മ ഒരുവൾ മാത്രം. അവളെ സഭ എന്നു വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു”. ”ഞാൻ സഭയുടെ പുത്രിയാണ്” എന്ന് അഭിമാനത്തോടെ
പറഞ്ഞ വേദപാരംഗതയാണ് ആവിലായിലെ വി. അമ്മത്രേസ്യാ. ‘എന്റെ അമ്മയായ സഭയുടെ ഹൃദയത്തിൽ ഞാൻ സ്‌നേഹമായിരിക്കും’ എന്നാണ് വി. കൊച്ചുത്രേസ്യാ പ്രഖ്യാപിച്ചത്. സീയെന്നായിലെ വി. കത്രീന സഭയുടെ ദൃശ്യതലവനായ മാർപ്പാപ്പായെ വിശേഷിപ്പിച്ചത് ‘ഭൂമിയിലെ മാധുര്യവാനായ ക്രിസ്തു’ എന്നാണ്. ‘സഭയോടൊത്തു ചിന്തിക്കുക’ എന്ന ദർശനം മുന്നോട്ടുവച്ചുകൊണ്ടാണ് വി. ഇഗ്നേഷ്യസ് ലെയോള
പ്രവർത്തിച്ചിരുന്നത്.
ആധുനിക കാലഘട്ടത്തിന്റെ പ്രലോഭനങ്ങൾ
സഭയ്ക്ക് ദൃശ്യവും അദൃശ്യവുമായ തലങ്ങളുണ്ട്. സഭയുടെ ഈ രണ്ടു മാനങ്ങൾ രണ്ടു വ്യത്യസ്ത യാഥാർത്ഥ്യങ്ങളാണെന്നു ധരിക്കരുതെന്നും പ്രത്യുത ദൈവികവും മാനുഷികവുമായ ഘടകങ്ങൾ സമ്യക്കായി ഉൾക്കൊള്ളുന്ന ഒരു സങ്കീർണ്ണ യാഥാർത്ഥ്യത്തിനാണ് അവ രൂപം കൊടുക്കുന്നതെന്നും കൗൺസിൽ വ്യക്തമാക്കുന്നുണ്ട് (LG. 8). എന്നാൽ ആധുനിക കാലഘട്ടത്തിന്റെ
പ്രലോഭനം സഭയുടെ അദൃശ്യമാനത്തെ വിസ്മരിച്ചും നിഷേധിച്ചും സഭയെ ഒരു ഭൗതികയാഥാർത്ഥ്യമായി തരംതാഴ്ത്തി കാണാനാണ്. വിശ്വാസത്തിന്റെ വെളിച്ചത്തിലെ ഒരാൾക്ക് സഭയുടെ അതിസ്വാഭാവികയാഥാർത്ഥ്യത്തെ അംഗീകരിക്കാൻ കഴിയുകയുള്ളു (CCC.770). ആധുനിക വാർത്താവിനിമയ മാധ്യമങ്ങളും മറ്റും സഭയുടെ ദൃശ്യതലത്തെ മാത്രം കേന്ദ്രീകരിച്ച് വിശകലനങ്ങളും വിമർശനങ്ങളും നടത്തുന്നത് ഈ പശ്ചാത്തലത്തിൽ ഒരു പക്ഷേ മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സഭ എന്തെന്നറിയാത്തവരും അല്ലെങ്കിൽ സഭയുടെ അതിസ്വാഭാവികമാനത്തിൽ വിശ്വസിക്കാത്തവരുമാണ് ഈ വിധത്തിൽ പലപ്പോഴും സഭയ്ക്കുനേരെ വാളോങ്ങുന്നതെന്ന് മനസ്സിലാക്കാതെ സഭാമക്കളിൽ കുറെപ്പേരെങ്കിലും മാധ്യമവിചാരണകളെ ശരിവയ്ക്കുന്നത് നിർഭാഗ്യകരമാണ്.
ഗർഭച്ഛിദ്രം, സ്വവർഗ്ഗലൈംഗികത തുടങ്ങിയ ധാർമ്മിക വിഷയങ്ങളെ സംബന്ധിച്ച സഭയുടെ വ്യക്തമായ നിലപാടുകളോടു യോജിക്കാത്ത ശക്തികളും സഭയെ ദുർബലപ്പെടുത്താൻ ശ്രമിക്കാറുണ്ട്. പുരോഗമനപ്രസ്ഥാനങ്ങളെന്ന് സ്വയം കരുതുന്ന ചില രാഷ്ട്രീയ പാർട്ടികളും പ്രസ്ഥാനങ്ങളും സഭയെ പിൻതിരിപ്പിൻ ശക്തിയായി മുദ്രകുത്തുന്നതും സഭാമക്കളിൽ ചിലരെ സഭയിൽനിന്ന് അകറ്റിനിർത്താൻ കാരണമാകുന്നുണ്ട്. സഭാസ്ഥാപനങ്ങളിൽ ആഗ്രഹിച്ച ജോലി ലഭിക്കാത്തതിന്റെ പേരിലും സഭയിൽനിന്ന് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാതെ പോയതിന്റെ പേരിലും സഭയിൽനിന്നും അകലുന്ന സഭാമക്കൾ അവർ അറിയാതെതന്നെ സഭയെ ഒരു ഭൗതിക യാഥാർത്ഥ്യം മാത്രമായി തരംതാഴ്ത്തുകയാണ്.
വൈദികരോടോ മെത്രാന്മാരോടോ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയേയും അമ്മയായ സഭയിൽനിന്നും അകറ്റുവാൻ കാരണമാകരുത്. തിരുപ്പട്ടം സ്വീകരിച്ചവർ സഭയിൽ നിർണ്ണായക ദൗത്യങ്ങൾ നിറവേറ്റുന്നവരാണെങ്കിലും സഭ അവരിൽ നിന്നെല്ലാം ഉപരിയാണെന്ന് നാം മറക്കരുത്.
ഏതു കാരണത്താലാണെങ്കിലും സഭയിൽ നിന്നും അകലുന്നവർ ആത്യന്തികമായി മിശിഹായിൽ നിന്നാണ് അകലുന്നത്. സഭയോടു പുത്രസഹജമായ ബന്ധം പുലർത്താത്തവർക്ക് ദൈവത്തിന്റെ പിതൃത്വത്തെ അംഗീകരിക്കാനും ആവില്ല.
സഭയുടെ വിശുദ്ധിയും മക്കളുടെ അശുദ്ധിയും
സഭയ്ക്കുള്ളിൽ ഏതെങ്കിലും വിധ ഗുരുതര വീഴ്ചകൾ സംഭവിക്കുന്നു എന്നതിന്റെ പേരിലും സഭാമക്കളിൽ ചിലർ സഭയെ തള്ളിപ്പറയുന്ന സംഭവങ്ങൾ കാലാകാലങ്ങളിൽ ഉണ്ടാകാറുണ്ട്. ഇക്കൂട്ടരിൽ പലർക്കും സദുദ്ദേശ്യമാണുള്ളതെങ്കിലും സഭയുടെ ഭൗതിക സ്വഭാവത്തെ സംബന്ധിച്ചുള്ള അറിവില്ലായ്മ അവരുടെ ഈ നിലപാടിന് കാരണമാകുന്നുണ്ട്. രണ്ടാം വത്തിക്കാൻ
കൗൺസിലിനെ ഉദ്ധരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം വ്യക്തമാക്കുന്നത് ഭൂമിയിലുള്ള സഭയ്ക്ക് അപൂർണ്ണമാണെങ്കിലും യഥാർത്ഥത്തിലുള്ള വിശുദ്ധി നൽകപ്പെട്ടിട്ടുണ്ടെന്നും അവളുടെ മക്കളിൽ പൂർണ്ണമായ പരിശുദ്ധി ഇനിയും കൈവരിക്കേണ്ടതുമാണെന്നുമാണ് (LG. 48, CCC. 825).
വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപ്പാപ്പായുടെ വാക്കുകളിൽ സഭ, അവളിൽ പാപികളുണ്ടെങ്കിലും വിശുദ്ധയാണ്. കാരണം, അവൾക്ക് കൃപാവരത്തിന്റെ ജീവനല്ലാതെ മറ്റു ജീവനില്ല. അവളുടെ അംഗങ്ങൾ അവളുടെ ജീവിതം നയിച്ചാൽ അവർ വിശുദ്ധരാക്കപ്പെടും. അവളുടെ ജീവിതത്തിൽനിന്ന്
അവർ അകന്നുപോയാൽ, അവളുടെ വിശുദ്ധിയുടെ പ്രസരണത്തെ തടയുന്ന പാപങ്ങളിലേക്കും ക്രമക്കേടുകളിലേക്കും അവർ വീഴും.
വിളിയും വെല്ലുവിളിയും
സഭയുടെ ദൈവികമായ ഉത്ഭവവും ദൈവികബന്ധവും മനസ്സിലാക്കിയും ശ്ലീഹന്മാരുടെയും വിശുദ്ധരുടെയും മാതൃക സ്വീകരിച്ചും സഭയെ അമ്മയായി സ്വീകരിച്ച് മക്കൾക്കടുത്ത ബന്ധം നമുക്കു സഭയോടു പുലർത്താം. ഒപ്പം അമ്മയുടെ വിശുദ്ധി ഒരു വിളിയും വെല്ലുവിളിയുമായി സ്വീകരിച്ച് നിരന്തര നവീകരണത്തിന് നമുക്കു വിധേയരാവുകയും ചെയ്യാം.