ലൈംഗിക അരാജകത്വം

മനുഷ്യശരീരത്തിന്റെ ദൈവശാസ്ത്രം വിശദീകരിച്ചുകൊണ്ട് വിശുദ്ധ ജോൺ
പോൾ രണ്ടാമൻ മാർപ്പാപ്പാ നടത്തിയ പ്രസംഗപരമ്പരയിൽ ഒരു കാര്യം അദ്ദേഹം വ്യക്തമാക്കി: ലൈംഗികത പരിശുദ്ധവും സുന്ദരവുമാണ് – Sex is both sacred and beautiful. മനുഷ്യശരീരം ദൈവത്തിന്റെ ആലയമാണെന്നു വിശുദ്ധ ഗ്രന്ഥം പ്രസ്താവിക്കുന്നു. അതിനാൽ ലൈംഗികത വിവാഹജീവിതത്തിൽ – വിശുദ്ധവും സുന്ദരവുമാണ്. ഈ വിശിഷ്ടദാനത്തെ മനുഷ്യൻ വിവേക പൂർവ്വം കൈകാര്യം ചെയ്യണം. ലൈംഗികതയെ കയറൂരി വിടുന്ന എഴുത്തുകാരും നിയമ
വ്യാഖ്യാതാക്കളും ഇക്കാര്യം മറക്കുന്നു.
ജന്തുലോകത്തിൽ ലൈംഗികത പ്രജനനത്തെ (reproduction) മാത്രം ലക്ഷ്യമാക്കുന്നു. മനുഷ്യലൈംഗികത അങ്ങനെയല്ല. അത് ദമ്പതികളുടെ സ്‌നേഹപ്രകാശനത്തിനും (expression of love) സന്താനോല്പാദനത്തിനും (procreation) വേണ്ടിയുള്ളതാണെന്ന് സഭ പഠിപ്പിക്കുന്നു. ”കുടുംബം ഒരു സ്‌നേഹസമൂഹം” എന്ന ചാക്രികലേഖനം ഈ ആശയം പ്രപഞ്ചനം ചെയ്യുന്നുണ്ട്. ഉല്പത്തിപ്പുസതകത്തിൽ (Book of Genesis) ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചുവെന്നും അവർ ഒരു ശരീരമായിത്തീരുമെന്നും പറയുന്നു. ബ്രഹ്മചര്യത്തിന്റെ ശ്രേഷ്ഠത സൂചിപ്പിക്കാൻ പുരുഷൻ സ്ത്രീയെ സ്പർശിക്കാതിരിക്കുന്നത് നല്ലതാണെന്ന് വിശുദ്ധ
പൗലോസ് പറയുന്നുണ്ട്. എന്നാൽ വിവാഹമെന്ന കൂദാശയെപ്പറ്റി പ്രതിപാദിക്കുമ്പോൾ പുരുഷൻ സ്ത്രീയെ സ്പർശിക്കുന്നതു നല്ലതാണെന്ന കാര്യവും നാം ഓർത്തിരിക്കേണ്ടതാണ്. ദാമ്പത്യധർമ്മനിർവഹണത്തിലൂടെയാണ് ദമ്പതികൾ പരസ്പരം വിശുദ്ധീകരിക്കുന്നത്. ഏകഭാര്യാത്വവും ദമ്പതികളുടെ ഏകശരീരമായുള്ള വിശുദ്ധ ജീവിതവുമാണ് കുടുംബത്തിന്റെ കെട്ടുറപ്പിനും മക്കളുടെ സുരക്ഷിതത്വത്തിനും സ്‌നേഹത്തിലുള്ള വളർച്ചയ്ക്കും കാരണമാകുന്നത്. വിവാഹം വരെ ബ്രഹ്മചര്യം പാലിക്കാനും ശുദ്ധത (purity) സംരക്ഷിക്കാനും കുട്ടികൾക്കു കഴിയണം. ഇന്നത്തെ മാധ്യമസംസ്‌കാരത്തിലും മൂല്യച്യുതിയിലും ഇത് എളുപ്പമല്ലെന്നോർക്കണം. വിവാഹജീവിതത്തിൽ ചാരിത്രശുദ്ധി (chastity) പാലിക്കുന്നവർക്ക് സഹനത്തിന്റെ മധ്യത്തിലും കുടുംബത്തെ ആനന്ദത്തിന്റെ പറുദീസയാക്കാൻ കഴിയും. ദൈവികക്രമത്തെയും വിവാഹ വിശ്വസ്തതയെയും അവഗണിച്ചുകൊണ്ടുള്ള നിയമവ്യാഖ്യാനങ്ങളും തീരുമാനങ്ങളും ഇവിടെ ലൈംഗികമായ അരാജകത്വം (sexual anarchy) സൃഷ്ടിക്കും. അതോടെ സ്വച്ചവും സമാധാനപൂർവ്വവുമായ കുടുംബജീവിതത്തിന്റെയും സമൂഹജീവിതത്തിന്റെയും അടിത്തറയിളകുമെന്നത് തീർച്ചയാണ്. പാശ്ചാത്യലോകത്തിലെ ലൈംഗികവിപ്ലവവും ലൈംഗിക അരാജകത്വവും നാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഒരു കാലത്ത് വിശുദ്ധരുടെ നഴ്‌സറിയായിരുന്ന യൂറോപ്പിന്റെ ഇന്നത്തെ അവസ്ഥ എത്ര ശോചനീയമാണ്! അമേരിക്കയുടെ ധാർമ്മികമായ തകർച്ച അതിലും കഷ്ടതരമാണ്.
ഈ സാഹചര്യങ്ങളിലും ഇന്ത്യയുടെ ധാർമ്മികനിലവാരം അസൂയാവഹമാം വിധം
ഉയർന്നതായിരുന്നു. ഈ ജീവിതശൈലിയുടെ കടയ്ക്കൽ കോടാലിവയ്ക്കുന്ന തീരുമാനങ്ങളാണ് ഈയിടെ നമ്മുടെ സുപ്രീം കോടതി പുറത്തു വിട്ടത്. സ്വവർഗ്ഗലൈംഗികബന്ധത്തെ പുരോഗമനമായി അവതരിപ്പിച്ചതിനു പിന്നാലെ വ്യഭിചാരവും മാന്യത നേടിയിരിക്കുന്നു. വിവാഹപൂർവ്വലൈംഗികതയും (premarital sex) വിവാഹബാഹ്യലൈംഗികതയും (extramarital sex) ഇനി കുറ്റകരമല്ല. പരസ്പര സമ്മതം വേണമെന്നു മാത്രം. വ്യഭിചാരം ചെയ്യരുതെന്നും അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുതെന്നുമുള്ള ദൈവപ്രമാണങ്ങളെവിടെ? സ്ത്രീയെ ആസക്തിയോടെ നോക്കുന്നവൻ അവളുമായി പാപം ചെയ്തു കഴിഞ്ഞു എന്നു പഠിപ്പിച്ച ദൈവപുത്രന്റെ സ്വരം എവിടെ? പാപബോധം നഷ്ടപ്പെട്ട ഒരു തലമുറയിൽ ചതിയും, വഞ്ചനയും, ആത്മഹത്യകളും, കൊലപാതകങ്ങളും ഒക്കെ വർദ്ധിക്കും, കുട്ടികൾ അനാഥരാകും. നന്മയും വിശുദ്ധിയും നഷ്ടപ്പെട്ട ഒരു ലോകം നരകതുല്യമാകും. ദൈവത്തിന്റെ ശിക്ഷകൾ ലോകത്തെ ഗ്രസിക്കാതിരിക്കാൻ നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം, സ്വയം വിശുദ്ധീകരിക്കാം. നമ്മുടെ കുടുംബങ്ങളിലും സൺഡേസ്‌കൂളുകളിലും കുട്ടികൾക്ക് ശുദ്ധതയെപ്പറ്റിയും ചാരിത്രശുദ്ധിയെപ്പറ്റിയും കുടുംബജീവിതത്തെപ്പറ്റിയും ശരിയായ അവബോധം നൽകാൻ ശ്രമിക്കാം. ഉത്തിഷ്ഠത, ജാഗ്രത!