പാശ്ചാത്യാനുകരണത്തിന്റെയും പരിഷ്‌ക്കാരത്തിന്റെയും മൂല്യത്തകർച്ചയുടെയും പുതിയ വിധി …തുടർച്ച

എന്താണ് സത്യം?
ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചുവെന്നു ബൈബിളിൽ നാം വായിക്കുന്നുണ്ട്. മനുഷ്യനെ വെറുമൊരു ഭൗതികവസ്തുവായി വിചാരങ്ങളും വികാരങ്ങളും മാത്രമുള്ള ഒരു ജീവിയായി കാണാനാവില്ല. മനുഷ്യന്റെ അടിസ്ഥാനപരമായ മഹത്ത്വം അവൻ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള സൃഷ്ടിയാണെന്നതും അതിനു ചേർന്നരീതിയിൽ ജീവിക്കണമെന്നതുമാണ്. മനുഷ്യന്റെ എല്ലാ പ്രവൃത്തികളും ആത്യന്തികമായി യോജിക്കേണ്ടത് ദൈവികമായ ഈ പ്രകൃതിയോടാണ്. ഒരു വ്യക്തിയുടെ ഏതെങ്കിലും ഒരു പ്രവൃത്തി ആ വ്യക്തിയുടെ പരമമായ ലക്ഷ്യമായ ദൈവത്തിൽ നിന്ന് അകറ്റുന്നതാകുമ്പോൾ ആ പ്രവൃത്തി ധാർമ്മികമായി തെറ്റാകുന്നു. അതേ സമയം മനുഷ്യന്റെ ശരിയായ നന്മയോട് ചേർത്തുനിർത്തുന്ന അവന്റെ സ്വതന്ത്രമായ പ്രവൃത്തികളെയാണ് ധാർമ്മികമായി നന്മയുള്ള പ്രവൃത്തികൾ എന്നു പറയുന്നത് (Veritatis Splendor 72).
മനുഷ്യന്റെ ചില പ്രവൃത്തികൾ തിരഞ്ഞെടുക്കുന്നതുതന്നെ വസ്തുനിഷ്ഠമായി എപ്പോഴും തെറ്റാണ്. കാരണം അവയുടെ തിരഞ്ഞെടുപ്പിൽ തന്നെ മനസ്സിന്റെ ഒരു ക്രമരാഹിത്യം അഥവാ ധാർമ്മിക തിന്മ അടങ്ങിയിരിക്കുന്നു (CCC 1761). വി. ഗ്രന്ഥത്തിന്റെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ സ്വവർഗ്ഗഭോഗപ്രവൃത്തിയെ തികഞ്ഞ ധാർമ്മികാധഃപതനമായിട്ടാണ് കാണുന്നത് (Gn. 19,1-29; Lv 18,22, 20,13; Rom 1, 22-27; 1 Cor 6,9-11; 1 Tim 1,8-11). സ്വവർഗ്ഗഭോഗ പ്രവൃത്തികൾ അവയുടെ സഹജമായ പ്രകൃതിയാൽ തന്നെ ക്രമരഹിതമാണ് (objectively disordered; CCC 2358). അതിനു പ്രധാന കാരണം സ്വവർഗ്ഗഭോഗപ്രവൃത്തി മനുഷ്യപ്രകൃതിക്ക് എതിരാണെന്നതും ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ ഒഴിവാക്കുന്നുവെന്നതും ശരിയായ വൈകാരിക ലൈംഗിക പൂരകത്വം ആ ലൈംഗികപ്രവൃത്തിയിൽ ഇല്ലായെന്നതുമാണ്. ചുരുക്കത്തിൽ ഒരു മനുഷ്യന് വൈകാരികവും ലൈംഗികവുമായി തോന്നി ചെയ്യുന്ന എല്ലാ പ്രവൃത്തികളും ധാർമ്മികമായി എപ്പോഴും ശരിയല്ല. വിവാഹ ബന്ധത്തിലാണ് മനുഷ്യന്റെ ശരിയായ ലൈംഗിക പ്രവൃത്തി ആധികാരികമായും ധാർമ്മികമായും പൂർണ്ണമാകുന്നത്. അതുകൊണ്ടു തന്നെ അതിനു പുറത്തുള്ള എല്ലാ ലൈംഗികപ്രവൃത്തികളും അപക്വവും അധാർമ്മികവുമാണ്.
1. വിവേചനമരുത് സഹാനുഭൂതി കാട്ടണം
രൂഢമൂലമായ സ്വവർഗ്ഗഭോഗ പ്രവണതയുള്ള സ്ത്രീപുരുഷന്മാർ, സമൂഹത്തിൽ ധാരാളമുണ്ട്. വസ്തുനിഷ്ഠമായ ഈ ക്രമരഹിത പ്രവണത എല്ലാവർക്കും തന്നെ ഒരു വലിയ പരീക്ഷണവും വേദനയുമാണ്. സ്വവർഗ്ഗഭോഗ പ്രവണത ക്രമരഹിതമാണെങ്കിലും സ്വവർഗ്ഗഭോഗ പ്രവൃത്തിയിലേർപ്പെടാത്തിടത്തോളം കാലം അതൊരു പാപമല്ല (CCC 2358). ധാരാളം തരത്തിലുള്ള ക്രമഭംഗങ്ങൾ ഉള്ളവരുണ്ട്. ഉദാഹരണമായി മദ്യപാനാസാക്തി, അമിതമായ ലൈംഗികാസക്തി, അമിതഭയം ഇവയെല്ലാം പലതരത്തിലുള്ള ക്രമഭംഗ (disorder) പ്രശ്‌നങ്ങളാണ്. എന്തെങ്കിലും disorder ഉണ്ട് എന്ന കാരണത്താൽ ആ വ്യക്തി പൂർണ്ണമായും തിന്മനിറഞ്ഞവനാണ് എന്നു പറയാനാവില്ല. ആ വ്യക്തികളുടെ തെറ്റായ പ്രവണതയാണ് മോശം. ആ വ്യക്തി എപ്പോഴും അന്തസും അഭിമാനവുമുള്ളവൻ ആണ്. ഏതെങ്കിലും തരത്തിലുള്ള disorder ഉണ്ട് എന്നു മനസ്സിലായാൽ അത് മൂടിവയ്ക്കുകയോ  disorder അല്ല എന്നു സ്ഥാപിക്കുകയോ ശരിയായ സമീപനമല്ല. അതു പരിഹരിക്കാനുള്ള നടപടികളും സഹായങ്ങളുമാണാവശ്യം.
2. അവകാശങ്ങൾ ഏകപക്ഷീയമല്ല
സ്വവർഗ്ഗവിവാഹം നിയമാനുസൃതമാക്കിയ രാജ്യങ്ങളിലെല്ലാം ആദ്യം സ്വവർഗ്ഗഭോഗം കുറ്റകരമല്ലാതാക്കുകയാണ് ചെയ്തത്. പിന്നീട് കുട്ടികളെ ദത്തെടുക്കാനും മറ്റുമുള്ള അവകാശങ്ങൾക്കായി വാദിച്ചു. പ്രധാനമായും കൃത്രിമ പ്രത്യുല്പാദന സാങ്കേതികവിദ്യയിലൂടെയാണ് അവർ കുട്ടികളെ നിർമ്മിക്കാനും സ്വന്തമാക്കാനും ശ്രമിക്കുന്നത്. വിവാഹം പോലെയുള്ള ഇല്ലാത്ത അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന സ്വവർഗ്ഗഭോഗികൾ മാതാപിതാക്കളുടെ സ്‌നേഹത്തിൽ
നിന്നു ജനിക്കാനും അമ്മയുടെ ഉദരത്തിൽ രൂപപ്പെട്ട് വളരാനും അവരുടെ സ്‌നേഹസംരക്ഷണയിൽ വളരാനുമുള്ള കുഞ്ഞുങ്ങളുടെ അവകാശങ്ങളെ കാണാതെ പോകുന്നു. കുഞ്ഞുങ്ങളുടെ വൈകാരിക വളർച്ചയ്ക്കും സുസ്ഥിതിക്കും മാതാവിന്റെയും പിതാവിന്റെയും സാന്നിധ്യവും കരുതലും ഒഴിച്ചുകൂടാനാവാത്തതാണെന്ന് അവർ വിസ്മരിക്കുന്നു
ഇന്ന് ഭാരതത്തിൽ കേൾക്കുന്ന LGBT മുദ്രാവാക്യങ്ങളും ലൈംഗികവ്യതിചലനങ്ങളെക്കുറിച്ചുള്ള ചർച്ചകളും നമ്മുടെ നാട്ടിൽ ലൈംഗിക ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിൽ എന്നതിനേക്കാൾ പാശ്ചാത്യവിചാരങ്ങളുടെ അന്ധവും ദുർബ്ബലവുമായ അനു
കരണം മാത്രമാണ് എന്നു വ്യക്തമാണ്. സ്വവർഗ്ഗരതിപോലെതന്നെ മറ്റെല്ലാ ലൈംഗികവ്യതിയാനങ്ങളും – മൃഗരതി, അഗമ്യഗമനം, സ്വയം പീഡനം, പരപീഡനം – സ്വാഭാവികവും സാധാരണവുമാണെന്ന വാദത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ലൈംഗിക വ്യതിയാനങ്ങൾ ഉള്ളവർക്ക് മാന്യതയും അവകാശവും ഉണ്ടെന്ന് ഉറപ്പുവരുത്താനും അവർക്കെതിരെയുള്ള വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാനും അവരുടെ ക്രമഭംഗങ്ങളെ ക്രമത്തിലാക്കാനും സഹായിക്കാനുമാവണം നിയമനിർമ്മാതാക്കളും നിയമപാലകരും ജുഡിഷ്യറിയും ശ്രദ്ധ ചെലുത്തേണ്ടത്. ഒരു കാലത്ത് മനോരോഗമെന്നും, പ്രകൃതിവിരുദ്ധമെന്നും കുറ്റകരമെന്നും കരുതിയിരുന്ന ലൈംഗിക വ്യതിയാനങ്ങൾ ഒരു സുപ്രഭാതത്തിൽ ഒരു ഗവേഷണവും പഠനങ്ങളും നടത്താതെ അങ്ങനെയല്ലായെന്നു വിധി പ്രസ്താവിച്ചാൽ അങ്ങനെയല്ലാതാകുമോ? അങ്ങനെ വിധികൾ പ്രസ്താവിക്കാനും സാംസ്‌കാരിക ധാർമ്മിക മൂല്യങ്ങൾ സൃഷ്ടിക്കാനും അട്ടിമറിക്കാനും പ്രത്യേക പരിശീലനമൊന്നും നേടിയവരല്ല ന്യായാധിപന്മാർ. അത്തരം വിധി പ്രസ്താവനങ്ങളും അനുകുല നിലപാടുകളും ഈ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും പൊതുസമൂഹത്തിനും എന്തു സ്ഥായിയായ നന്മയാണ് ഉളവാക്കുന്നതെന്നു പാശ്ചാത്യ നാടുകളിലെ മുന്നനുഭവങ്ങൾ
പോലും തെളിയിക്കുന്നില്ല.