രാം ഭാഗം: മഹത്ത്വത്തിന്റെ പുസ്തകം (യോഹ 13,1-20,31)
യോഹന്നാൻശ്ലീഹായുടെ സുവിശേഷത്തിന്റെ രണ്ടാം ഭാഗമാണ് മഹത്ത്വത്തിന്റെ പുസ്തകം. പീഡാനുഭവ മരണ ഉത്ഥാനങ്ങളിലൂടെയുള്ള
ഈശോയുടെ മഹത്ത്വീകരണവും അതിന്റെ വിശദീകരണവുമാണ് ‘മഹത്ത്വത്തിന്റെ പുസ്തക’ത്തിന്റെ ഉള്ളടക്കം. ആദ്യഭാഗമായ ‘അടയാളങ്ങളുടെ പുസ്തകം’ ആദ്യം അടയാളങ്ങളും അതിനുശേഷം അടയാളങ്ങളിലൂടെ വെളിപ്പെടുത്തപ്പെടുന്ന ദൈവികസത്യങ്ങൾ അനാവരണം ചെയ്യുന്ന
ഈശോയുടെ പ്രഭാഷണങ്ങളും എന്ന ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ മഹത്ത്വത്തിന്റെ പുസ്തകത്തിൽ ആദ്യം ഈശോയുടെ അന്ത്യപ്രഭാഷണവും (13-17 അദ്ധ്യായങ്ങൾ) പിന്നീട് അടയാളങ്ങളായ പീഡാനുഭവവിവരണങ്ങളും (18-20 അദ്ധ്യായങ്ങൾ) കൊടുത്തിരിക്കുന്നു.
തന്റെ മഹത്ത്വീകരണത്തിലേക്ക് ഈശോ പ്രവേശിക്കുന്ന സന്ദർഭമാണ് 13-ാം അദ്ധ്യായം അവതരിപ്പിക്കുന്നത്. അത് ഇപ്രകാരം വിഭജിക്കാം.
13,1-20 ഈശോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നു.
13,21-30 യൂദാസിന്റെ വഞ്ചനയെക്കുറിച്ചുള്ള പ്രഖ്യാപനം.
13,31-33 മഹത്ത്വീകരണപ്രഖ്യാപനം.
13,34-35 സ്‌നേഹത്തിന്റെ പ്രമാണം.
13,36-38 പത്രോസിന്റെ നിഷേധം പ്രവചിക്കുന്നു.
പെസഹാതിരുനാളിന്റെയും അന്ത്യത്താഴത്തിന്റെയും പശ്ചാത്തലത്തിലാണ് പാദം കഴുകൽ നടക്കുന്നത് (13,1). ഈശോയുടെ മഹത്ത്വീകരണം ആരംഭിക്കുന്നതിന്റെ സൂചന ആദ്യവാചകത്തിൽത്തന്നെ വ്യക്തമാക്കിയിരിക്കുന്നു: ”ഈ ലോകംവിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാതിരുനാളിനുമുമ്പ് ഈശോ അറിഞ്ഞു” (13,1). ‘പെസഹാ’ എന്ന വാക്കിന്റെ അർത്ഥം ‘കടന്നുപോകൽ’ എന്നാണ്. തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈശോ പിതാവിന്റെ പക്കലേക്കു കടന്നുപോവുകയായിരുന്നു. പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയുമുള്ള ഈശോയുടെ ഈ കടന്നുപോകലിലൂടെയാണ്, മനുഷ്യകുലത്തെ മുഴുവൻ പിതാവിന്റെ പക്കലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ അവിടുത്തേക്കു കഴിഞ്ഞത്. തന്റെ പെസഹാരഹസ്യത്തിൽ ഉൾച്ചേർന്നു ജീവിക്കുന്നവരെ അവിടുന്നു തന്നോടൊപ്പം പിതാവിന്റെ സന്നിധിലേക്ക് ആനയിക്കും.
”ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു” (13,1) എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഈശോ ശിഷ്യരുടെ പാദങ്ങൾ കഴുകിയത്. ഈശോ ലോകത്തിലേക്കുവന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹം വെളിപ്പെടുത്തുവാനാണ് (3,16). പരസ്യജീവിതത്തിൽ അടയാളങ്ങളിലൂടെ ഈ സ്‌നേഹം വെളിപ്പെടുത്തിയെങ്കിൽ, അവസാനമായി ഈശോ തന്റെ ജീവൻ
നല്കി ഈ സ്‌നേഹം വെളിപ്പെടുത്തുവാൻ പോകുകയാണ്. ‘പാദം കഴുകൽ’ പ്രവചനപരമായ ഒരു പ്രവൃത്തിയാണ്. ”അത്താഴത്തിനിടയിൽ അവൻ എഴുന്നറ്റ് മേലങ്കി മാറ്റി”(13,4) എന്നും ”പാദങ്ങൾ കഴുകിയതിനുശേഷം അവൻ മേലങ്കി ധരിച്ചു” (13,12) എന്നും പറയുന്നത് ഈശോയുടെ മരണത്തെയും ഉത്ഥാനത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നുണ്ട്.
ഈശോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നതിന്റെ അർത്ഥം വ്യക്തമാക്കുന്നതാണ്
പത്രോസുമായുള്ള സംഭാഷണം. പാദം കഴുകുന്നതിൽനിന്നും ഈശോയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ, തന്റെ പ്രവൃത്തിക്ക് ഒരർത്ഥമുണ്ടെന്നും, ഇപ്പോൾ
പത്രോസും മറ്റു ശിഷ്യന്മാരും അതറിയുന്നില്ലെന്നും, ”പിന്നീട്” അറിയുമെന്നും ഈശോ പറയുന്നു (13,7). ഈശോയുടെ മരണോത്ഥാനങ്ങൾക്കുശേഷം പരിശുദ്ധാത്മാവിനെ സ്വീകരിച്ചപ്പോഴാണ് ഇവയുടെ അർത്ഥം ശിഷ്യന്മാർ ഗ്രഹിച്ചത്. വരാനിരിക്കുന്ന മരണത്തെയാണ് പാദം കഴുകൽ അടയാളപ്പെടുത്തുന്നത്. പത്രോസ് തടസ്സം പറയുമ്പോൾ, ”ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല” എന്ന് ഈശോ പറയുന്നു (13,8). ‘പങ്ക്’ എന്ന പദത്തിന്റെ മൂലരൂപം ഗ്രീക്കിൽ ‘മേറോസ്’ എന്നതും ഹീബ്രുവിൽ ‘ഹെല്ലെക്ക്’ എന്നതുമാണ്. ‘പൈതൃകം’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഇസ്രായേലിന്റെ പൈതൃകം വാഗ്ദത്തഭൂമിയായിരുന്നു. അത് ‘ദൈവരാജ്യ’ത്തിന്റെ അഥവാ ‘നിത്യജീവന്റെ’ പ്രതീകമായിരുന്നു. ”നീ എന്നെ
പീഡ സഹിക്കാനും മരിക്കാനും അനുവദിക്കുന്നില്ലെങ്കിൽ, നിനക്ക് നിത്യജീവൻ ലഭിക്കുകയില്ല” എന്നാണ് ഈശോ പത്രോസിനോടു പറഞ്ഞതിന്റെ അർത്ഥം.
തന്റെ പാദം കഴുകാൻ പത്രോസ് ഈശോയെ അനുവദിക്കാത്തത്, ഈശോയുടെ സ്‌നേഹം സ്വീകരിക്കാനുള്ള പത്രോസിന്റെ വൈമനസ്യത്തെയും സൂചിപ്പിക്കുന്നുണ്ട്. ഈശോയുടെ വലിയ സ്‌നേഹം സ്വീകരിച്ചാൽ അതിന് ആനുപാതികമായി ഈശോയെയും ഈശോ തരുന്നവരെയും സ്‌നേഹിക്കാൻ നാം കടപ്പെട്ടവരാകും. അതിനുള്ള മാനുഷികമായ ബുദ്ധിമുട്ടിനെ പത്രോസ് അതിജീവിക്കേണ്ടതുണ്ട്. വി.മർക്കോസിന്റെ സുവിശേഷത്തിൽ തന്റെ ജറുസലേമിലേക്കുള്ള യാത്രയെക്കുറിച്ചും പീഡാനുഭവത്തെക്കുറിച്ചും ഈശോ പ്രവചിച്ച സന്ദർഭത്തിൽ പത്രോസ്ശ്ലീഹാ പ്രകടിപ്പിച്ച പ്രതിഷേധത്തിന്റെ (മർക്കോ 8,32) യോഹന്നാനികരൂപമാണ് ഈ പാദം കഴുകൽ സന്ദർഭത്തിൽ കാണാനാവുക. ആ സന്ദർഭത്തിൽ ഈശോ പത്രോസിനെ ശാസിക്കുകയും സ്വന്തം കുരിശെടുത്ത് തന്നെ അനുഗമിക്കുവാൻ ശിഷ്യരെ ആഹ്വാനം ചെയ്യുകയും ചെയ്തു (മർക്കോ 8,33-34). അതുപോലെ ഇവിടെയും പാദം കഴുകാൻ തന്നെ അനുവദിക്കണമെന്നും താൻ അവരുടെ പാദങ്ങൾ കഴുകിയതുപോലെതന്നെ അവരും പരസ്പരം പാദങ്ങൾ കഴുകണമെന്നും ഈശോ ശിഷ്യരെ പഠിപ്പിച്ചു.
പാദം കഴുകലിന്റെ അർത്ഥം ശിഷ്യർക്കു വിവരിച്ചുകൊടുത്ത ഈശോ, ശിഷ്യരിലൊരുവൻ തന്നെ ഒറ്റിക്കൊടുക്കുമെന്ന് പ്രവചിക്കുന്നു (13,21). ഈശോയുടെ വലത്ത് യോഹന്നാനും ഇടത്ത് യൂദാസും ഇരിക്കുന്നതായിട്ടാണ് ഈ അപ്പം മുറിക്കൽ രംഗം അവതരിപ്പിക്കുന്നത്. യഹൂദപാരമ്പര്യമനുസരിച്ച് അതിഥിയെ ആതിഥേയൻ തന്റെ ഇടത്തുവശത്തിരുത്തി ബഹുമാനിച്ചിരുന്നു.
പെസഹാ അത്താഴത്തിന് ഇടത്തുവശത്തിരിക്കുന്ന ആളിന്റെ മാർവ്വിലേക്കു ചാരിയിരിക്കുന്നതും പതിവായിരുന്നു. പെസഹാചരണത്തിൽ ഇസ്രായേൽജനം ഓർമ്മിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ഇതിനെ കാണാം. അപ്പക്കഷണം ഒരേ വീഞ്ഞിൽ മുക്കി ഭക്ഷിക്കുന്നതും പ്രത്യേക സ്‌നേഹത്തിന്റെ അടയാളമായിരുന്നു (റൂത്ത് 2,14). ശിഷ്യത്വത്തിന്റെ രണ്ടു ഭാവങ്ങളുടെ ഉദാഹരണങ്ങളാണ് യോഹന്നാനും യൂദാസ് സ്‌കറിയോത്തായും. ഈശോയിലൂടെ നല്കപ്പെട്ട ദൈവസ്‌നേഹം സ്വീകരിക്കുകയും അതിനു ക്രിയാത്മകമായി പ്രത്യുത്തരം നല്കുകയും ചെയ്യുന്ന യോഹന്നാൻ ശിഷ്യത്വത്തിന്റെ മഹനീയ മാതൃകയാണ്. മനുഷ്യനു നല്കിയ ദൈവസ്‌നേഹത്തിന്റെ തിരസ്‌കരണത്തിന്റെ രൂപമാണ് യൂദാസ് സ്‌കറിയോത്താ. യൂദാസിന്റെ പാദങ്ങൾ കഴുകിക്കൊണ്ടും, ”നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക” (13,27) എന്നു പറഞ്ഞുകൊണ്ടും ദൈവസ്‌നേഹത്തിലേക്ക് അയാളെ തിരിക്കാനുള്ള അവസാനശ്രമവും ഈശോ നടത്തി. അതും നിരസിച്ച യൂദാസ് പുറത്തുപോയി. ”അപ്പോൾ രാത്രിയായിരുന്നു” (13,30) എന്നു പറയുന്നത്, ദൈവസ്‌നേഹത്തിന്റെ ക്ഷണം നിരസിച്ചാലുള്ള ശിക്ഷാവിധിയെ സൂചിപ്പിക്കുന്നു.
യൂദാസ് പുറത്തുപോയിക്കഴിഞ്ഞപ്പോൾ മരണത്തിലൂടെയുള്ള തന്റെ വേർപാട്
ഈശോ ശിഷ്യരെ അറിയിക്കുന്നു. ”എന്റെ കുഞ്ഞുങ്ങളേ” എന്നു ശിഷ്യരെ സംബോധന ചെയ്തുകൊണ്ടാണ് ഈശോ ഇക്കാര്യം അവരെ അറിയിക്കുന്നത്. വേർപാടിന്റെ വേദന ഉറ്റവരുമായി പങ്കുവയ്ക്കുക സ്വാഭാവികമാണല്ലോ. അതേസമയം, അത് തന്റെ മഹത്ത്വീകരണത്തിനും ദൈവമഹത്ത്വത്തിനും കാരണമാകുമെന്നും ഈശോ അവരെ അറിയിക്കുന്നു. ഈശോയുടെ ജീവിതം മുഴുവൻ ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ഒന്നായിരുന്നു. ദൈവത്തെയും ദൈവ
സ്‌നേഹത്തെയും മനുഷ്യർക്കു വെളിപ്പെടുത്തുന്നതായിരുന്നു. അവിടുത്തെ മരണം ഈ വെളിപ്പെടുത്തലിന്റെ പൂർത്തീകരണമായിരുന്നു.
വേർപാടിന്റെ പശ്ചാത്തലത്തിൽ സ്‌നേഹത്തിന്റെ കല്പന ഈശോ ശിഷ്യന്മാർക്കു നല്കുന്നു. പുതിയ കല്പന എന്ന് അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുന്നുവെന്നും പുതിയ ഉടമ്പടിയുടെ വ്യവസ്ഥ സ്‌നേഹത്തിന്റെ കല്പനയാണെന്നും ഇവിടെ സൂചനയുണ്ട്.
‘ഈശോ സ്‌നേഹിച്ചതുപോലെ’ നാമും പരസ്പരം സ്‌നേഹിക്കണം എന്നു പറയുന്നതിന് രണ്ടു സൂചനകളുണ്ട്. 1. ഈശോയുടെ സ്‌നേഹം നമുക്കു മാതൃകയാവണം; 2.ഈശോയുടെ സ്‌നേഹം നമ്മുടെ സ്‌നേഹത്തിന് ഉറവിടമാകണം. അതായത്,
ഈശോയുടെ സ്‌നേഹത്തിൽ നിലനില്ക്കുന്നവർക്കേ, ഈശോയെപ്പോലെ സ്‌നേഹിക്കാൻ കഴിയൂ. ‘ഈശോയെ അനുഗമിക്കുക’ എന്നു പറഞ്ഞാൽ, ഈശോയെ മറ്റെല്ലാറ്റിലുമുപരി, സ്വന്തം ജീവനെക്കാളുമുപരി, സ്‌നേഹിക്കുക എന്നതാണ്. അന്ത്യത്താഴസമയത്ത് പത്രോസ് അപ്രകാരമുള്ള സ്‌നേഹത്തിലേക്ക് വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ടാണ് പത്രോസിന്റെ ഗുരുനിഷേധം ഇവിടെ ഈശോ പ്രവചിക്കുന്നത്. അതേസമയം ഉത്ഥാനശേഷം പരിശുദ്ധാത്മാവിനാൽ
ശക്തിപ്രാപിച്ച് ഈശോയോടുള്ള സ്‌നേഹത്തിൽ ഉറപ്പിക്കപ്പെടുകയും ചെയ്തു (21,15-19). ഈശോയെ അനുഗമിക്കുക എന്നത്
രക്തസാക്ഷിത്വത്തിനുവരെ തയ്യാറാകുന്ന ഒരു സ്‌നേഹബന്ധമാണെന്ന് ഇതു വ്യക്തമാക്കുന്നു.
ചോദ്യങ്ങൾ
1. ഈശോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ പ്രാധാന്യവും അർത്ഥതലങ്ങളും ഏവ?
2. യൂദാസിന്റെ വഞ്ചനയെക്കുറിച്ചുള്ള ഈശോയുടെ പ്രഖ്യാപനം നമുക്കു നല്കുന്ന സന്ദേശമെന്ത്?
3. ഈശോ നല്കിയ പുതിയ കല്പനയുടെ അർത്ഥവും പ്രാധാന്യവും എന്ത്?
4. ഈശോയെ അനുഗമിക്കുക എന്നതിന്റെ അർത്ഥമെന്ത്?