നേടിയെടുക്കുന്തോറും കൂടുതൽ കൂടുതൽ വെട്ടിപിടിക്കാനുള്ള പ്രവണത അധികാര കേന്ദ്രങ്ങളുടെയും സ്വഭാവമായി ചരിത്രത്തിലുടനീളം ദൃശ്യമാണ്. സാമൂഹ്യവിനിമയങ്ങൾ നിർണ്ണയിക്കുന്ന അധികാര സങ്കല്പങ്ങൾ ഇന്നു മാറിമറിയുന്നു. വ്യക്തിസ്വാതന്ത്ര്യത്തിലേക്കും അധികാരത്തിന്റെ ബലിഷ്ഠ കരങ്ങൾ നീളുന്ന ഒരു ലോകത്താണ് നാമിന്നു ജീവിക്കുന്നത്. നികുതി പിരിക്കുക,
ശമ്പളം നല്കുക, വാണിജ്യരംഗത്ത്, അത്യാവശ്യം നടപടികൾ നടത്തുക തുടങ്ങിയ പരിമിതമായ ഇടപെടലുകൾക്കാണ് രാജഭരണകാലത്ത് അവസരമുണ്ടായിരുന്നത്. ഇന്നാകട്ടെ സർക്കാർഭരണം അനേകമനേകം മേഖലകളിലേക്ക് വിപുലീകൃതമായിരിക്കുന്നു. സാമൂഹികസുസ്ഥിതിക്ക് ഇത്തരത്തിൽ സർക്കാരുകളുടെ അവസരോചിത ഇടപെടലുകൾ അനിവാര്യമാണ്.
ഇന്ന് രാഷ്ട്രങ്ങൾ’Welfare states’ ആയാണല്ലോ ഗണിക്കപ്പെടുന്നത്. സമൂഹത്തിന്റെ പൊതുവായ ഉന്നമനമാണ് രാഷ്ട്രങ്ങൾ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ ഓരോ അംഗത്തിന്റെയും പുരോഗതിക്കും വളർച്ചക്കും ഉതകുന്നതാവണം രാഷ്ട്രത്തിന്റെ പ്രവർത്തനങ്ങൾ. അതിനാൽ തന്നെ എല്ലായിടവും രാഷ്ട്രത്തിന്റെ മേൽനോട്ട പരിധിയിലമരുക സ്വഭാവികമാണല്ലോ. എല്ലാ രംഗങ്ങളിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യവും അധികാരവും രാഷ്ട്രത്തിനുണ്ടെന്ന ചിന്ത ഉടലെടുക്കുന്നതും ശക്തിപ്പെടുന്നതും ഇവിടെയാണ്. ഇത്തരമൊരു ധാരണ പ്രബലമായപ്പോൾ അധികാരത്തിൽ ഉന്മത്തരായ ചിലർ മതസ്വാതന്ത്ര്യം പോലും അപഹരിക്കും വിധമുള്ള ഇടപെടലുകൾക്ക് തുനിഞ്ഞിട്ടുണ്ട്. അധികാരം കരഗതമായി കഴിയുമ്പോൾ പലരും പലരീതിയിൽ ഇത്തരം മാർഗ്ഗങ്ങൾ അവലം
ബിക്കുന്നതിനെ ഏറെ ജാഗ്രതയോടെ നാം വീക്ഷിക്കേണ്ടതുണ്ട്.
അധികാരമെല്ലാം സർക്കാരിന്?
സർവ്വതും കൈയടക്കാനുള്ള ശ്രമത്തിൽ വിദ്യാഭ്യാസരംഗം പിടിച്ചെടുക്കാനാണ് സർക്കാരുകൾക്ക് കൂടുതൽ താത്പര്യം. ഈ കൈയ്യേറ്റത്തിൽ ഭാഷ, മതന്യൂനപക്ഷങ്ങളുടെ നിലനില്പ്പുതന്നെ വെല്ലുവിളിക്കപ്പെടുന്നു. ഇതു തിരിച്ചറിഞ്ഞതിനാലാണ് നമുടെ ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് പ്രത്യേകസംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നത്. നിയമഭേദഗതികളും പുതുചട്ടങ്ങളും വഴി ഭരണഘടന നല്കുന്ന ഈ അവകാശങ്ങളോടൊപ്പം കൈയ്യടക്കാനുള്ള കുത്സിതശ്രമങ്ങൾ സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നതിനും കാലം പലകുറി സാക്ഷിയായിട്ടുണ്ട്.
എഴുപതുകളിൽ സെയിന്റ് സേവ്യേഴ്‌സ്കോളേജും ഗുജറാത്ത് സർക്കാരും തമ്മിലുണ്ടായ കേസിൽ സുപ്രീംകോടതി നടത്തിയ പരാമർശം ഇത്തരം സന്ദർഭങ്ങളിലെല്ലാം പ്രസക്തമാണ്: ‘When the modern state with its immense power embarks upon the mission of educating its children, the whole tendency is towards state monopoly. The fundemental right of the religious and linguistic minorities to establish and administer educational institutions of their choice is the only legal barrier to confine the bursting expansionism of the new Educational Leviathan’.(Judgements on Minority Rights p.316) ഭരണഘടനാനിർമ്മാണ വേളയിൽ ധിക്ഷണാശാലികളായ നേതാക്കളും സഹപ്രവർത്തകവൃന്ദവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പുലർത്തിയ ശ്രദ്ധ, ഏവർക്കും ഇടമുള്ള ലോകമെന്ന് വാഴ്ത്തപ്പെടുന്ന ഉത്തരാധുനിക കാലത്തെ നേതാക്കൾക്കും ഗവർൺമെന്റുകൾക്കും കൈമോശം വരുന്നുണ്ടോയെന്ന സംശയമുണരുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചിലനീക്കങ്ങളിലൊക്കെ ഈ മാറ്റം കുറേയെല്ലാം ദൃശ്യമാണ്. വിദ്യാഭ്യാസരംഗത്ത് ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയുന്നത് ജാഗ്രതയോടെ വർത്തിക്കുന്ന ചില ന്യൂനപക്ഷ സമൂദായങ്ങളുടെ സാന്നിധ്യവും നിലപാടുകളും മൂലമാണ്. ജാഗ്രതപുലർത്തുന്ന ന്യൂനപക്ഷസമൂഹവും ഈ അവകാശങ്ങളെ മനസ്സിലാക്കുന്ന കോടതികളുമാണ് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതെന്ന വസ്തുത ജസ്റ്റിസ് കെ. കെ. മാത്യു ഒരു വിധിന്യായത്തിൽ വ്യക്തമാക്കിയതാണ്. ഇത്തരം ബോധ്യങ്ങളും അവ തുറന്നുപറയാൻ കരുത്തുമുള്ള ആളുകൾ ഇന്ന് ഏറെയുണ്ടാകുമോ എന്നതാണ് സംശയം.
മതവും രാഷ്ട്രവും
മതം, രാഷ്ട്രം എന്നീ യാഥാർത്ഥ്യങ്ങളോട് ബന്ധപ്പെട്ടാണ് മനുഷ്യജീവിതം മുമ്പോട്ട് ചരിക്കുന്നത്. പരസ്പരസഹവർത്തിത്വവും ഇവിടെ അത്യന്താപേക്ഷിതമാണ്. മതവും രാഷ്ട്രവും പരസ്പരം കീഴടക്കാൻ ശ്രമിച്ചയിടങ്ങളിലെല്ലാം രക്തം വീണ ചരിത്രമാണ് നമുക്ക് മുൻപിലുള്ളത്. രാഷ്ട്രം മതസ്വാതന്ത്ര്യത്തിന്മേൽ നിയന്ത്രണമേർപ്പെടുത്താൻ ഉദ്യമിക്കുമ്പോഴൊക്കെ ഈ ചരിത്രം ഓർമ്മയിലുണരേണ്ടതുണ്ട്. മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയാധികാരത്തെക്കാളും മറ്റെന്തിനെ
ക്കാളും ഉപരിയായ സ്ഥാനം ദൈവഹിതത്തിനാണു നല്‌കേണ്ടത്. രാഷ്ട്രാധിപനായ
സീസറിനെ ആരാധിക്കണമെന്ന നിയമത്തെ ചെറുത്തതിന്റെ പേരിൽ അനേകായിരം രക്തസാക്ഷികളുയിർകൊണ്ട ചരിത്രമാണ് റോമൻ സാമ്രാജ്യത്തിനു പറയാനുള്ളത്. റോമിൽ മാത്രമല്ല ലോകമെമ്പാടും രാഷ്ട്രീയാധികാരത്തെക്കാൾ ദൈവഹിതത്തിനു പ്രാധാന്യം കല്പിച്ച അനേകം രക്തസാക്ഷികളുടെ വീരചരിതങ്ങൾ ഉയർന്നുകേൾക്കുന്നു. വിശ്വാസത്തിന്റെ പേരിൽ ആയിരങ്ങളെ കൊന്നു കുഴിച്ചുമൂടാൻ മടികാട്ടാത്ത രാഷ്ട്രീയാധികാരികളെയും നാം
ചരിത്രത്തിൽ നിരവധി ദർശിച്ചു.നവോത്ഥാന കാലത്തിനുശേഷം രാഷ്ട്രീയ
രംഗത്ത് ആധിപത്യം നേടിയവരിലേറെയും ദൈവത്തെ മറക്കുന്നവരോ മതവിരോധികളോ ആയിരുന്നു എന്ന് പറയാം. മതവും രാഷ്ട്രവും സംഘടനാസ്വഭാവമുള്ള സ്ഥാപനങ്ങളാകയാൽ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുക സ്വഭാവികമാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദൈവമാണ് സർവ്വപ്രധാനം. ദൈവത്തെ സർവ്വാധിപതിയായി കരുതുന്ന വിശ്വാസികൾ എല്ലാറ്റിനും ഉപരിയായ സ്ഥാനം ദൈവത്തിനു നല്കുന്നു. രാഷ്ട്രീയാധികാരികളാകട്ടെ എല്ലാവരുടെയും മേൽ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എന്നാൽ മതവിശ്വാസികൾക്ക് ഇതംഗീകരിക്കാനാവില്ല. എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിനുപരിയായി മറ്റെന്തിനെയും പ്രതിഷ്ഠിക്കുന്നത് സാധാരണ യുക്തിക്കനുസരിച്ചും ഉചിതമല്ലല്ലോ. അതിനാൽ സർക്കാരുകൾ കൈകൊള്ളുന്ന എല്ലാ തീരുമാനങ്ങളെയും
വാ പൂട്ടി സ്വീകരിക്കുക വിശ്വാസികൾക്ക് സാധ്യമല്ല.
വൈവിധ്യങ്ങളാൽ സുന്ദരമാകുന്ന ഭാരതത്തിന്റെ ഐക്യത്തെ ഉറപ്പിക്കുന്നതാകണം ഭരണഘടന എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ ഭരണഘടനാശില്പികൾ തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയത്. അതുകൊണ്ടാണ് Directive Principles of
State Policy എന്നൊരു ഭാഗംകൂടി ഭരണഘടനയിൽ കൂട്ടിച്ചേർക്കാൻ തീരുമാനിച്ചത്. ‘ഏകീകൃത സിവിൽകോഡ്’ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഇതിനിടെ ഉയർന്നുവന്നു. ഇത്തരമൊരു നിർദേശമുയർന്നപ്പോൾ അത് മൗലീകാവകാശങ്ങളുടെ പട്ടികയുടെ ഭാഗമാക്കണോ എന്ന ചിന്തയും സജീവമായി. ഒടുവിൽ ഇത് ഭരണഘടനയെന്ന നിലയിൽ മാത്രം മതിയെന്ന തീരുമാനമാണുണ്ടായത്. എന്നാലതിന്റെ പ്രത്യാഘാതങ്ങളെന്താകുമെന്ന തിനെക്കുറിച്ച് വ്യക്തമായ ചർച്ചകൾ നടന്നോയെന്നറിയില്ല. എന്തായാലും ഈ തത്ത്വങ്ങൾക്ക് സർക്കാർ നയരൂപീകരണത്തിൽ പ്രത്യേക ശ്രദ്ധ നല്കണമെന്നെ ഭരണഘടന അർത്ഥമാക്കുന്നുള്ളു. മദ്യനിരോധനവും ആ ഭാഗത്ത് രാഷ്ട്രത്തിന്റെ ചുമതലയായി ചേർത്തിട്ടുണ്ട്. എന്നാൽ ഇന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളിലും അതൊട്ടു നടപ്പിലായിട്ടുമില്ല. അതുപോലെതന്നെ ഏകീകൃത സിവിൽകോഡും നിർബന്ധമായി നടപ്പിലാക്കേണ്ടതില്ല. എന്നാൽ അടുത്തകാലത്ത് വർഗ്ഗീയ വാദികളും മറ്റും ഇതിനെ മുഖ്യധാരയിലെ സുപ്രധാന ചർച്ചാവിഷയമാക്കി മാറ്റാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ വരുതിയിലാക്കാനുള്ള
അവരുടെ തന്ത്രങ്ങളുടെ ഭാഗമായി വേണം ഇതിനെ മനസ്സിലാക്കുവാൻ. സിവിൽ കോഡ് ഭൗതികസംവിധാനങ്ങളെക്കുറിച്ചാണെന്നും മതം ഇതിനു പുറത്താണെന്നും കരുതിയെങ്കിൽ തെറ്റി. മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭൗതികവശത്തെ മറന്നുകൊണ്ടുള്ള ചിന്തയായിത്തീരുമത്. ആരാധനസ്വാതന്ത്ര്യത്തിനു തടസ്സങ്ങൾ സൃഷ്ടിക്കാൻ മാത്രമല്ല ന്യൂനപക്ഷങ്ങൾക്കിടയിൽ വിഭാഗീയതയുളവാക്കാനും ഇതു വഴിവെയ്ക്കാനിടയുണ്ട്.
വിവിധമേഖലകളിൽ മുത്തലാക്ക്
മുസ്ലീങ്ങളുടെയിടയിൽ ചില വിഭാഗങ്ങളിൽ വിമോചനത്തിനായി ചിലർ ഉപയോഗിക്കുന്ന മാർഗ്ഗമാണിത്. ഭാര്യാ ഭർതൃബന്ധത്തിലെ അസ്വസ്ഥതകൾമൂലം ഭർത്താവ് ഭാര്യയെ മൂന്നു പ്രാവശ്യം മൊഴിചൊല്ലി ബന്ധം അവസാനിപ്പിക്കുന്ന മുത്തലാക്കിൽ സ്ത്രീയവകാശങ്ങൾ ഹനിക്കപ്പെടുകയും ഭർത്താവിനുമേൽക്കൈ നല്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് വാദം.
ഒറ്റനോട്ടത്തിൽ തെറ്റെന്നു മറ്റുള്ളവർക്കെല്ലാം തോന്നുമെങ്കിലും അത് ആ മതസമൂഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളിൽ ഉൾപ്പെട്ടതാണെങ്കിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കു നല്കുകയാണ് ഉത്തമം. നമ്മുടെ കാഴ്ച്ചപ്പാടാണ് ശരിയെന്നു കരുതി അത് മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഉചിതമാവുകയില്ല.
ശബരിമല
ഇപ്പോൾ ശബരിമല പ്രശ്‌നം കലുഷിതമായിരിക്കുന്ന കാലമാണല്ലോ. ഒരു വിശ്വാസ
കേന്ദ്രമെന്ന നിലയിൽ അവിടുത്തെ ആചാരാനുഷ്ഠാനങ്ങളിൽ വിശ്വാസി സമൂഹത്തിന്റെ ധാരണകളെ അടിസ്ഥാനപരമായി കണക്കിലെടുക്കേണ്ടതാണ്. പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് കടമയും അവകാശവുമുണ്ട്. ശബരിമലയിൽ സ്ത്രീപ്രവേശനം വിവാദവിഷയമാകുമ്പോൾ ഇവിടെ പാരമ്പര്യം എന്താണെന്നത് ചർച്ചചെയ്യേണ്ടതുണ്ട്. പുതുതലമുറ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എങ്ങനെ നോക്കികാണുന്നുവെന്നതും നിർണ്ണായകമാണ്. ചെറുപ്പക്കാർക്കിടയിൽ വിശ്വാസക്കുറവ് കാണപ്പെടുന്നുവെന്ന് പൊതുവെ വിലയിരുത്തലുണ്ട്. ഇതിൽ കുറച്ചൊക്കെ വാസ്തവമുണ്ടായിരിക്കാം.
സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള ഉന്നതാദർശങ്ങൾ വിശ്വാസത്തിനുമേലെ പ്രതിഷ്ഠിക്കാൻ ഇക്കൂട്ടർ തയ്യാറായാൽ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് ഇവരുടെ ഭാഗത്തുനിന്നുണ്ടാകാനിടയുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനം വിശ്വാസസംബന്ധിയാണോ അതോ പില്ക്കാലത്ത് രൂപീകൃത
മായ നിബന്ധനയാണോയെന്ന ചോദ്യവും ഇവിടെ ചിന്തനീയമാണ്.
കുമ്പസാരവും കുർബാനയുമെല്ലാം
ദൈവികവെളിപാടിലധിഷ്ഠിതമാണ് ക്രൈസ്തവ വിശ്വാസവും ആരാധനക്രമവുമെന്ന ബോധ്യമാണ് ക്രൈസ്തവർക്കുള്ളത്. ദൈവഹിതാനുസാരമെന്നു കരുതുന്നവയിൽ മനുഷ്യർ കൈകടത്തി മാറ്റങ്ങൾക്ക് വിധേയമാക്കുന്നത് വിശ്വാസിക്ക് ഒരുവിധത്തിലും അനുവദിക്കാനാവില്ല. ഭൗതീകാധികാരികളല്ല, ആത്മീയമേലദ്ധ്യക്ഷന്മാരിലൂടെ വെളിപ്പെടുന്ന ദൈവഹിതമാണ് ക്രൈസ്തവനെ സംബന്ധിച്ച് വിശ്വാസകാര്യങ്ങളിൽ സുപ്രധാനം. അതിനാൽ
തന്നെ സ്വകാര്യകുമ്പസാരം നിരോധിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങൾ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമായെ കണക്കാക്കാനാവൂ. വിശ്വാസജീവിതത്തിന്റെ അടിസ്ഥാനങ്ങളായ കൂദാശകളുടെ പേരിൽ പോലും വിവാദങ്ങളുയർത്തി അധികാര നുഴഞ്ഞുകയറ്റം സാധ്യമാക്കാനുള്ള പദ്ധതികൾ ആശാസ്യമല്ല. പരി. കുർബാനയിൽ തിരുവോസ്തി സ്വീകരണം രോഗങ്ങൾ പടരാൻ ഇടയാക്കുമെന്നും തന്മൂലം നാവിലല്ല കൈകളിൽ മാത്രം കൊടുത്താൽ മതിയെന്നുമുള്ള നിയമത്തിന് സർക്കാർ രൂപം നല്കണമെന്നും ചൂണ്ടിക്കാട്ടിയത് ഒരു ക്രൈസ്തവ നാമധാരിയാണല്ലോ. ചില സഭകളിൽ കൈകളിൽ വി.കുർബാന സ്വീകരിക്കുന്ന രീതിനിലവിലുണ്ടുതാനും. എന്നാൽ പരി. കുർബാനയെ അവഹേളിക്കാനുള്ള സാധ്യതകൾ പലരും പലപ്പോഴും ഇവിടെ കണ്ടെത്തുന്നതു മനസ്സിലാക്കിയതുകൊണ്ടാണ് നാവിൽ മാത്രം പരി. കുർബാന നല്കിയാൽ
മതിയെന്ന നിബന്ധന സഭയിലേർപ്പെടുത്തിയത്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവും ബോധ്യവും വിശ്വാസസമൂഹത്തിനും സഭാനേതൃത്വത്തിനുമുണ്ട്. എല്ലാ വശങ്ങളും പഠിച്ച്, പരിഗണിച്ച് തീരുമാനമെടുക്കുവാനുള്ള ഉത്തമമായ സംവിധാനങ്ങൾ സഭയിലുണ്ടായിരിക്കെ വിശ്വാസപരമായ കാര്യങ്ങളിൽ വിവാദങ്ങളുയർത്തുംവിധം വിശ്വാസമില്ലാത്തവരോ വർഗ്ഗീയവാദികളോ നടത്തുന്ന ഇടപെടലുകളുടെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടണം.
Church Act
സഭയുടെ സംവിധാനങ്ങളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിവേണം ഇവൗൃരവ അര േനു വേണ്ടിയുള്ള മുറവിളികളെയും വായിച്ചെടുക്കാൻ. സഭ ഒരാത്മീയസമൂഹമാണ്; മിശിഹായുടെ ശരീരമാണ്. സ്വർഗ്ഗോന്മുഖമായി വിശ്വാസസമൂഹം മുന്നേറുവാൻ ഭരണസംവിധാനങ്ങൾ സഭയിൽ ക്രമപ്പെടുത്തിയിരിക്കുന്നു. ശരിയായ പാരമ്പര്യങ്ങളിലും വിശ്വാസാടിസ്ഥാനത്തിലും എല്ലാവർക്കും ബാധകമാകുന്ന നിയമങ്ങളും സഭാസമൂഹത്തിനു നേതൃത്വം നല്കാൻ ഒരു ഹയരാർക്കിയ്ക്കൽ ഭരണസംവിധാനവും സഭയ്ക്കുണ്ട്.
ക്രമീകൃതമായ ഒരു ഘടനയും ഭരണവ്യവസ്ഥയും സഭയിലുണ്ടായിരിക്കെ വീണ്ടും
സഭയിൽ ഭരണക്രമം രൂപീകരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ കടന്നുകയറ്റം തന്നെയാണ്. ഭൗതീകാധികാരമുപയോഗിച്ചുള്ള ഇത്തരം നീക്കങ്ങൾ സഭയെ തകർക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.