മാർ അപ്രേം മല്പാൻ (306 – 373 AD)

ഏകദേശം ഒരു നൂറ്റാണ്ടു മുൻപ് 1920 ഒക്‌ടോബർ 5-ാം തീയതി ‘പ്രിൻചിപ്പി അപ്പസ്‌തൊലോരും പേത്രോ’ എന്ന ചാക്രികലേഖനം വഴി മാർ ബനദിക്തോസ്
15-ാമൻ മാർപ്പാപ്പ മാർ അപ്രേമിനെ സാർവ്വത്രികസഭയുടെ ‘വേദപാരംഗതൻ’ (Doctor of the Universal Church) ആയി പ്രഖ്യാപിച്ചു. എന്നാൽ ഇങ്ങനെയൊരു പരസ്യപ്രഖ്യാപനത്തിന് എത്രയോ മുൻപുതന്നെ കിഴക്കും പടിഞ്ഞാറുമുള്ള സഭാമക്കളുടെ ഹൃദയങ്ങളിൽ മാർ അപ്രേം മല്പാനായി അവരോധിക്കപ്പെട്ടിരുന്നു. പൗരോഹിത്യമോ മെത്രാൻ പദവിയോ സ്വീകരിക്കുവാൻ താൻ തികച്ചും അയോഗ്യനാണെന്ന് വിശ്വസിച്ച് ജീവിതകാലം മുഴുവൻ ഒരു മ്ശംശാനയായി വിനീത ശുശ്രൂഷ ചെയ്ത ഈ ശ്രേഷ്ഠ മല്പാന് സഭ മുഴുവൻ ഒന്നു ചേർന്നർപ്പിച്ച ആദരവിന്റെ പരസ്യപ്രഖ്യാപനം മാത്രമായിരുന്നു മാർപ്പാപ്പായുടെ ഈ വിളംബരം. സുറിയാനി പാരമ്പര്യത്തിൽപ്പെട്ട വിവിധ സഭകളിൽ മാത്രമല്ല, ഗ്രീക്ക്, കോപ്റ്റിക്ക്, എത്യോപ്യൻ, അർമേനിയൻ, സ്ലാവ് സഭകളിലെല്ലാം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഈ മല്പാൻ സുറിയാനിക്കാരുടെ അഭിമാനവും സാർവ്വത്രിക സഭയിലെ ഒരു വിസ്മയവുമാണ്.
ഏകദേശം AD 306 നോടടുത്ത് തുർക്കിയിലെ നിസിബിസിൽ ക്രൈസ്തവ മാതാപിതാക്കളിൽ നിന്ന് ജനിച്ച അപ്രേമിന്റെ 63 വർഷങ്ങൾ മാത്രം നീണ്ട ആയുഷ്‌ക്കാലം തികച്ചും സംഭവബഹുലമായിരുന്നു. ധീരരായ മാതാപിതാക്കളിൽ നിന്ന് അപ്രേം സ്വീകരിച്ച വിശ്വാസവിത്ത് അദ്ദേഹത്തിൽ നൂറുമടങ്ങ് ഫലം പുറപ്പെടുവിച്ചുവെങ്കിൽ അതിനു പിന്നിൽ അവർക്കൊപ്പം അദ്ദേഹത്തിന്റെ ഗുരുവായ വിശ്രുതനായ നിസിബിസിലെ മാർ യാക്കോബ് മെത്രാനും പങ്കുണ്ട്. അപ്രേമിന് മാമ്മോദീസായും മ്ശംശാനാപട്ടവും നൽകിയത് ഈ മെത്രാനാണ്. തന്റെ ഈ മേല്പട്ടക്കാരനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ വിവരണങ്ങൾ അദ്ദേഹത്തിന്റെ ഗീതങ്ങളിൽ കാണാം. അപ്രേമിനെ മാർ യാക്കോബ് നിസിബിസിലെ വിശ്രുതമായ ദൈവശാസ്ത്രകലാലയത്തിൽ വി. ഗ്രന്ഥ വ്യാഖ്യാതാവായി നിയമിച്ചു. അദ്ദേഹത്തിന്റെ കീഴിൽ ഈ പാഠശാല വിശ്വപ്രസിദ്ധമായി വളർന്നതിന് ചരിത്രം സാക്ഷി. തന്റെ ജീവിതക്കാലത്ത് മാർ അപ്രേം അനേകം യുദ്ധങ്ങൾക്കും സാക്ഷ്യം
വഹിച്ചു. പേർഷ്യൻ ചക്രവർത്തിയായിരുന്ന ഷാപ്പൂർ രണ്ടാമൻ 338, 346, 350 വർഷങ്ങളിൽ അപ്രേമിന്റെ മാതൃനഗരമായ നിസിബിസ് കീഴടക്കാൻ ശ്രമിച്ചെങ്കിലും മൂന്നുതവണയും നിസിബിസ് ഈ ആക്രമണത്തെ ചെറുത്തു നിന്നു.
ഈ അവസരങ്ങളിലൊക്കെ യുദ്ധക്കെടുതികളിൽ ദുരിതമനുഭവിച്ചിരുന്ന ജനങ്ങളെ സഹായിക്കാനും രാജ്യത്തെ ശത്രുക്കളിൽ നിന്ന് സംരക്ഷിക്കാനുമൊക്കെ മാർ അപ്രേം അത്യധ്വാനം ചെയ്തു. എന്നാൽ AD 363 -ൽ പേർഷ്യ നിസിബിസിനെ കീഴടക്കി. മാർ അപ്രേം ഉൾപ്പെടെ എല്ലാ ക്രിസ്ത്യാനികളും നിസിബിസ് വിട്ട് എദ്ദേസായിലേയ്ക്ക് കുടിയേറി. ”നിസിബിയൻ ഗീതങ്ങൾ” എന്ന കാവ്യസമുച്ചയം യഥാർത്ഥത്തിൽ തന്റെ മാതൃനഗരത്തെക്കുറിച്ചുള്ള മാർ അപ്രേമിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ ആവിഷ്‌ക്കാരമാണ്. മാർ അപ്രേമിന്റെ വരവോടെ എദ്ദേസായിലെ ദൈവശാസ്ത്രകലാലയം പ്രശസ്തമായി. അനേകവർഷങ്ങൾ അദ്ദേഹത്തിന്റെ കൃതികളായിരുന്നു ഈ കലാലയത്തിലെ ഔദ്യോഗിക പാഠപുസ്തകങ്ങൾ.
മാർ അപ്രേം ഒരു ജീവിക്കുന്ന ഇതിഹാസമായിരുന്നു. അദ്ദേഹത്തിന്റെ അപരനാമങ്ങളുടെ ദീർഘ പട്ടികയിലെ ഓരോ നാമവും
ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വസവിശേഷതകളുടെ
വർണ്ണനകളായിരുന്നു. കവികൾക്കിടയിലെ ദൈവശാസ്ത്രജ്ഞനും ദൈവശാസ്ത്ര
ജ്ഞർക്കിടയിലെ കവിയുമായ മാർ അപ്രേമിനെ സൈറസിലെ തിയഡൊറെറ്റ് ”റൂഹാദ്ക്കുദ്ശായുടെ കിന്നരം” എന്ന് വിളിച്ചത് എത്രയോ അർത്ഥവത്താണ്. ആ കിന്നരത്തിൽ നിന്നൊഴുകിയ കാവ്യങ്ങൾ വിവിധ സഭകളുടെ ആരാധനാഗീതങ്ങളിലും പ്രാർത്ഥനകളിലും ലയിച്ച് ഇന്നും അനേകരുടെ
ഹൃദയങ്ങളെ ദൈവത്തിലേയ്ക്ക് ഉയർത്തുന്നു. ‘സിറിയായിലെ സിംഹം’ ‘സഭയുടെ
നെടുംതൂൺ’, ‘രണ്ടാമത്തെ മൂശെ’, ‘മഹാൻ’,
‘സഭയുടെ യൂഫ്രട്ടിസ് നദി’, ‘കർത്താവിന്റെ കയ്യിലെ വീശുമുറം’, ‘സുറിയാനിക്കാരുടെ സൂര്യൻ’, പ്രാവുകൾക്കിടയിലെ കഴുകൻ’ എന്നിങ്ങനെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ അപരനാമ പരമ്പര.
മാർ അപ്രേമിന്റെ കൃതികളുടെ ബാഹുല്യവും വൈവിധ്യവും ആരിലും വിസ്മയം ജനിപ്പിക്കും ഗദ്യവും പദ്യവും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങുമായിരുന്നു. പതിനായിരക്കണക്കിന് കാവ്യങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെന്ന് കരുതുന്നു. മാർ അപ്രേമിന്റെ ദൈവശാസ്ത്രം മൗതികതയുടെ ഉച്ചസ്ഥായിലാണ് നിൽക്കുന്നത്. വി. ഗ്രന്ഥവും സൃഷ്ടപ്രപഞ്ചവും ദൈവത്തിന്റെ രണ്ട് സാക്ഷികളാണ്. ദൈവം മീട്ടുന്ന കിന്നരങ്ങളാണവ. വി. ഗ്രന്ഥത്തിലെ മിക്ക പുസ്തകങ്ങൾക്കും അദ്ദേഹം ഭാഷ്യം രചിച്ചിട്ടുണ്ട്. ദൈവവചനം വ്യാഖ്യാനിച്ച് തീർക്കുവാനുള്ളതല്ല
എന്നാണ് മാർ അപ്രേമിന്റെ അഭിപ്രായം. വി. ഗ്രന്ഥത്തിലെ വാക്കുകൾക്ക് നിരവധി അർത്ഥങ്ങളുണ്ട്. ഓരോരുത്തനും അവനവനാവശ്യമുള്ളത് അതിൽ കണ്ടെത്തുന്നു. ദൈവം പ്രകൃതിയിലൂടെ പ്രതീകങ്ങൾ വഴി സംസാരിക്കുന്നു. പ്രകൃതി മുഴുവൻ, മണ്ണും വിണ്ണും, പുഷ്പങ്ങളും പക്ഷിമൃഗാദികളും മനുഷ്യനുമെല്ലാം ദൈവത്തിന്റെ അദൃശ്യശക്തി (ഹയ്‌ലാ കസിയാ)യുടെ ദൃശ്യ അടയാളങ്ങളാണ്. മാർ അപ്രേമിന്റെ ഭാസുരനയനങ്ങൾക്ക് (Luminous eyes) പ്രപഞ്ചത്തിൽ എവിടെ നോക്കിയാലും ദൈവമഹത്ത്വം കാണാനായപ്പോൾ ആ വിസ്മയത്തിൽ അദ്ദേഹം പാടി: ”എവിടേയ്ക്ക് കണ്ണു തിരിച്ചാലും അവിടെയെല്ലാം ദൈവത്തിന്റെ അടയാളം. എന്തൊക്കെ വായിച്ചാലും അവിടെയെല്ലാം അവന്റെ പ്രതീകങ്ങൾ” (കന്യാത്വഗീതങ്ങൾ 20:12). ഉദാഹരണമായി പ്രപഞ്ചത്തിൽ എവിടെ നോക്കിയാലും മാർ അപ്രേമിന് സ്ലീവാ ദർശിക്കാനായി. കപ്പലുകളുടെ പായ്മരത്തണ്ടിലും, നിലം ഉഴുതു മറിക്കുന്ന കലപ്പയിലും, കൈകൾ വിരിച്ചു പിടിക്കുന്ന മനുഷ്യനിലും ആകാശത്തു പറക്കുന്ന പക്ഷിയിലുമെല്ലാം അദ്ദേഹം കർത്താവിന്റെ സ്ലീവാ ദർശിച്ചു. തന്റെ വിശ്വാസഗീതത്തിൽ അദ്ദേഹം ഇപ്രകാരം പാടുന്നു:
”കിളികൾ മൂന്നു ഘട്ടങ്ങളിലൂടെ വളരുന്നു –
ഉദരത്തിൽ നിന്ന് മുട്ടയിലേയ്ക്ക് – മുട്ടയിൽ നിന്ന് കൂട്ടിലേയ്ക്ക് – കൂട്ടിൽ നിന്ന്
പാട്ടിലേയ്ക്ക് – പൂർണ്ണവളർച്ചയെത്തുമ്പോൾ
സ്ലീവായുടെ ആകൃതിയിൽ ചിറകു വിടർത്തി അവ വായുവിലൂടെ പറക്കുന്നു –
പക്ഷി തന്റെ ചിറക് മടക്കി സ്ലീവായുടെ വിരിച്ച പ്രതീകത്തെ നിഷേധിച്ചാൽ വായുവും അതിനെ നിഷേധിക്കും – അതിന്റെ ചിറകുകൾ സ്ലീവായെ പ്രഘോഷിക്കാതിരുന്നാൽ വായു അതിനെ വഹിക്കുകയില്ല’ (XVII 2,6).
മഹാതാപസികനായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും സഭാ ജീവിതത്തിൽ
നിന്നോ സമൂഹ ജീവിതത്തിൽ നിന്നോ അകന്ന് കഴിഞ്ഞ ഒരു ഏകാന്തവാസി
ആയിരുന്നില്ല. ‘ഉടമ്പടിയുടെ മക്കൾ’എന്ന താപസസമൂഹത്തിന്റെ ഭാഗമായി നിന്ന് സഭാശുശ്രൂഷകൾ പൂർണ്ണഹൃദയത്തോടെ നിർവ്വഹിച്ച ഈ എളിയ മ്ശംശാനയുടെ സ്പർശനമേല്ക്കാത്ത മേഖലകളില്ല. ഗായകസംഘ തലവൻ എന്ന നിലയിൽ ഉടമ്പടിയുടെ പുത്രിമാരെ അദ്ദേഹം ഗീതങ്ങൾ പഠിപ്പിച്ചു. മാർ അപ്രേം രചിച്ച ഗീതങ്ങളിൽ പലതും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും അതിരുകൾ കടന്ന് വിവിധസഭകളുടെ ആരാധനാ ഗീതങ്ങൾക്കിടയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
മൗതികതയുടെ ആഴങ്ങൾ കണ്ടിരുന്നെങ്കിലും സഹജരുടെ ക്ലേശങ്ങളും പ്രയാസങ്ങളും ഒപ്പിയെടുക്കാനുള്ള ആർദ്രതയും അദ്ദേഹത്തിന്റെ ഹൃദയത്തിന് സ്വന്തമായിരുന്നു. AD 372 ൽ എദ്ദേസാ നിവാസികൾ പട്ടിണിയും പകർച്ചവ്യാധികളും മൂലം കഷ്ടപ്പെട്ടപ്പോൾ ദരിദ്രരും രോഗികളും മൃതപ്രായരുമായ തന്റെ സഹോദരരെ ശുശ്രൂഷിക്കുവാൻ ആ വൃദ്ധതാപസൻ അഹോരാത്രം യത്‌നിച്ചു. ഒരു പക്ഷേ ആ ദിനങ്ങളിലെ ക്ലേശകരമായ അദ്ധ്വാനം മൂലമാകാം അഉ 373 ജൂൺ 9 ാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. എങ്കിലും ”റൂഹാദ്ക്കുദ്ശായുടെ ആ സുന്ദര കിന്നരത്തിൽ നിന്നുയരുന്ന മനോഹര ഗീതങ്ങൾ നൂറ്റാണ്ടുകൾക്കിപ്പുറവും സഭ മുഴുവനിലും മാറ്റൊലി കൊള്ളുന്നു.
മാർ അപ്രേമിനൊപ്പം മാർ അപ്രേം മാത്രം!
നമ്മുടെ സഭയുടെ ലിറ്റർജിയിൽ പ്രത്യേകിച്ച് യാമശുശ്രൂഷകളിൽ നാം പങ്കുചേരുന്ന അവസരങ്ങളിലെല്ലാം മാർ അപ്രേം താൻ രചിച്ച ഗീതങ്ങളിലൂടെ യഥാർത്ഥ വിശ്വാസം നമ്മെ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആ വിശ്രുത മല്പാന്റെ വിദൂര ശിഷ്യരായതിൽ നമുക്കും അഭിമാനിക്കാം.