
റവ. സി. ജോസിറ്റ CMC
മലയാള സാഹിത്യത്തിലെ ഒരു അനശ്വര കൃതിയും ആദ്യത്തെ സഞ്ചാരസാഹിത്യവുമാണ് പാറേമാക്കൽ തോമ്മാക്കത്തനാരുടെ വർത്തമാന പുസ്തകം. കത്തനാരെഴുതിയതായ വല്ല മതഗ്രന്ഥവുമായിരിക്കും എന്ന മുൻവിധിയാണ് പലർക്കും ഇതിനെക്കുറിച്ചുള്ളത്. എന്നാൽ ഈ ഗ്രന്ഥത്തിന്റെ വൈശിഷ്ട്യം മനസ്സിലാക്കിയ മഹാകവി ഉള്ളൂർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ”കൈരളിക്കൊരു കനകാഭരണം” എന്നാണ്.
എഴുതപ്പെട്ട കാലത്തെ ദേശചരിത്രം, ക്രൈസ്തവസമുദായചരിത്രം, പൊതുവിജ്ഞാനം
എന്നിവ വിവരിക്കുന്ന ഒരു വിപ്ലവ ഇതിഹാസമാണ് ഈ യാത്രാവിവരണം. 1778 ഒക്‌ടോബർ 14-ന് ആരംഭിച്ച ഈ റോമായാത്രയുടെ ഇരുനൂറ്റിനാല്പതാം വാർഷികം 2018 ഒക്‌ടോബർ 14-ന് പൂർത്തിയാവുകയാണ്. ഇസ്രായേൽ ജനം 40 വർഷങ്ങൾകൊണ്ട് കാനാൻ ദേശം എന്ന ലക്ഷ്യം പൂർത്തീകരിച്ചു. എന്നാൽ ആറു നാൽപതു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ യാത്രയുടെ ലക്ഷ്യങ്ങൾ മുഴുവനും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു ദുഃഖസത്യമായി ഇന്നും അവശേഷിക്കുന്നു.
ലക്ഷ്യങ്ങൾ
പിളർക്കപ്പെട്ടുപോയ മാർത്തോമ്മാനസ്രാണി സഭയുടെ പുനരൈക്യം സാധ്യമാക്കുക, വിദേശമിഷനറിമാരുടെ ദുർഭരണത്തിൽ നിന്ന് നസ്രാണി സഭയെ രക്ഷിക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം രക്തസാക്ഷിയായി മരിച്ച ദേവസഹായം പിള്ളയുടെ നാമകരണനടപടികൾ ആരംഭിക്കാനുള്ള അപേക്ഷയും സമർപ്പിച്ചു.
ഗ്രന്ഥകാരൻ
ഗ്രന്ഥകാരനായ തോമ്മാക്കത്തനാർ ഇന്നത്തെ കോട്ടയം ജീല്ലയിലെ കടനാട്ടു ഗ്രാമത്തിൽ പാറേമാക്കൽ കുരുവിള അന്ന ദമ്പതികളുടെ മകനായി 1736 സെപ്റ്റംബർ 10-ന് ജനിച്ചു. 1761-ൽ വൈദികനായി. സ്വന്തം ഇടവകയായ കടനാട്ടിൽ വികാരിയായിരിക്കെ പ്രസ്തുത യാത്ര നടത്തി. തിരികെ എത്തിയ അദ്ദേഹം സുറിയാനി കത്തോലിക്കരുടെ ഗൊവർണ്ണദോർ (അഡ്മിനിസ്‌ട്രേറ്റർ) ആയി ഭരണം നടത്തി, 1799 മാർച്ച് 20-ന് നിര്യാതനായി.
ചരിത്രപശ്ചാത്തലവും ഉള്ളടക്കവും
പതിനെട്ടാം നൂറ്റാണ്ടിൽ കരിയാറ്റി ജോസഫ് മൽപാനുമൊത്ത് പാറേമാക്കൽ തോമ്മാക്കത്തനാർ റോമിലേക്കു നടത്തിയ അതിസാഹസികമായ ഒരു യാത്രയുടെ തൽസമയ വിവരണങ്ങളാണ് വർത്തമാന പുസ്തകം. ഭാരതത്തിലെ നസ്രാണികൾ നേരിട്ട പീഡനങ്ങൾ റോമിൽ മാർപ്പാപ്പായെ അറിയിക്കാൻ ഇവർ നടത്തിയ യാത്രയിൽ കിട്ടിയ അനുഭവങ്ങളും ഉൾക്കാഴ്ചകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
AD 52-ൽ തോമ്മാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം ഏറ്റുവാങ്ങിയ മാർത്തോമ്മാ നസ്രാണികൾ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. എന്നാൽ 16-ാം നൂറ്റാണ്ടിലെ പോർട്ടുഗീസ് മിഷനറിമാരുടെ ആഗമനത്തോടുകൂടി മാർത്തോമ്മാ നസ്രാണികളുടെ ആത്മീയ ഭൗതിക ജീവിതശൈലികളിൽ മാർഗ്ഗഭ്രംശം വന്നുതുടങ്ങി. മതപരവും രാഷ്ട്രീയവുമായ തങ്ങളുടെ അധീശത്വം സ്ഥാപിച്ചുകൊണ്ട് വ്യക്തിതാല്പര്യങ്ങൾ അടിച്ചേൽപിക്കാനുള്ള ഒരു കോളനിയായി ഭാരതനസ്രാണി സഭയെ പോർട്ടുഗീസുകാർ കണ്ടു. മിഷനറിമാരുടെ അടിച്ചമർത്തലിലൂടെ വിഭജനത്തിന്റെ ആഘാതങ്ങൾ ഏല്പിച്ച നൊമ്പരങ്ങൾക്കു പുറമെ ക്രൂരപീഡനങ്ങളും അവഹേളനങ്ങളും തെറ്റിദ്ധാരണകളും അടിക്കടി നേരിടേണ്ടിവന്നു. യൂറോപ്യൻ മിഷനറിമാരുടെ കടന്നാക്രമണത്തിൽ പൊറുതി മുട്ടിയ നസ്രാണികൾ ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ 72 പള്ളിക്കാരുടെ ഒരു യോഗം അങ്കമാലിയിൽ ചേർന്നു. പ്രശ്‌നങ്ങൾ മാർപ്പാപ്പായെ നേരിട്ടറിയിക്കുന്നതിനും ആറാം മാർത്തോമ്മായുടെ (യാക്കോബായക്കാരുടെ തലവൻ) പുനരൈക്യം സാധ്യമാക്കുന്നതിനുംവേണ്ടി ഒരു നിവേദകസംഘത്തെ റോമിലേക്ക് അയയ്ക്കുന്നതിന് ഈ യോഗം തീരുമാനിച്ചു. ഈ തീരുമാനമനുസരിച്ച് വരാപ്പുഴ രൂപതക്കാരനായ കരിയാറ്റിൽ ജോസഫ് മല്പാനച്ചന്റെ നേതൃത്വത്തിൽ 23 പേർ അടങ്ങിയ നിവേദക സംഘം റോമിലേക്കു പോകാൻ ഒരുങ്ങി. റോമിൽ ഉപരിപഠനം നടത്തിയ കരിയാറ്റി മല്പാന് അക്കാലത്തെ പരിമിതമായ യാത്രാ സൗകര്യങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും പരിജ്ഞാനമുണ്ടായിരുന്നു. നിവേദക സംഘത്തിൽ ഉണ്ടായിരുന്ന ഗ്രന്ഥകാരൻ പാറേമാക്കൽ തോമ്മാകത്തനാർ കൊടുങ്ങല്ലൂർ രൂപതയിൽപ്പെട്ട കടനാട്ട് ഇടവകവികാരിയായിരുന്നു. 1778-ൽ തുടങ്ങിയ യാത്ര അവസാനിക്കുന്നത് 1786-ലാണ്. എട്ടു വർഷം നീണ്ട
ഈ യാത്രയിൽ നാലു ഭൂഖണ്ഡങ്ങളിലൂടെയും മൂന്നു മഹാസമുദ്രങ്ങളിലൂടെയും അവർ കടന്നുപോയി. ബ്രസീൽ, പോർട്ടുഗൽ, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അവർ സന്ദർശിച്ചു. കൊച്ചിവഴി പോയാൽ മിഷനറിമാർ തങ്ങളുടെ യാത്ര മുടക്കുമെന്ന് മുൻകൂട്ടിക്കണ്ട ദൗത്യസംഘം തമിഴ്‌നാടിന്റെ പല മുനമ്പുകളിലൂടെ കാൽനടയായി യാത്രചെയ്ത് ചിന്നപട്ടണത്തു വന്നാണ് കപ്പൽ കയറുന്നത്. എന്നാൽ 23 പേർക്കും കപ്പലിൽ കയറാൻ സാധിച്ചില്ല. കരിയാറ്റി മല്പാൻ, പാറേമാക്കൽ കത്തനാർ, രണ്ടു വൈദികവിദ്യാർത്ഥികൾ എന്നിവർക്കു മാത്രമാണ് കപ്പലിൽ പ്രവേശനം അനുവദിച്ചത്. നീണ്ടനാളത്തെ ഈ കപ്പൽ യാത്രയിൽ ദുരിതങ്ങൾ, രോഗപീഡകൾ, വ്യക്തികളിൽനിന്നുള്ള തിരസ്‌കരണങ്ങൾ എന്നിവ അവർക്കു നേരിടേണ്ടിവന്നു. ഇവിടെയെല്ലാം തങ്ങളുടെ വിശ്വാസ പൈതൃകവും നിശ്ചയദാർഢ്യവും മാതൃസഭയോടുള്ള വാക്കുകൾക്കതീതമായ സ്‌നേഹവും ആത്മാർത്ഥതയുമൊക്കെ അവർക്കു ശക്തിയും ഓജസും പകർന്നു.
എന്നാൽ റോമിൽ എത്തിയ സംഘത്തിന് പ്രതീക്ഷിച്ച സഹകരണം ലഭിച്ചില്ല. റോമിലുണ്ടായ ദുരനുഭവങ്ങൾ അറിഞ്ഞ പോർട്ടുഗൽ രാജ്ഞി അവർക്കനുകൂലമായി മാർപ്പാപ്പായ്ക്കും അമ്പാസിഡർക്കും കത്തെഴുതി. പോർട്ടുഗൽ രാജ്ഞി ഇടപെട്ടതുകൊണ്ടു മാത്രമാണ് മാർത്തോമ്മാ മെത്രാന്റെ കാര്യത്തിൽ റോം ഒരു ഒഴുക്കൻ തീരുമാനമെങ്കിലും എടുത്തത്. റോമിൽ നിന്ന് തിരികെ ലിസ്ബണിൽ എത്തിയശേഷവും മലങ്കര പള്ളിക്കുവേണ്ടി കാര്യങ്ങൾ നേടുന്നതിനായി മല്പാനും തോമ്മാക്കത്തനാരും പലവിധത്തിൽ പരിശ്രമിച്ചുകൊണ്ടിരുന്നു. മാതൃസഭയോടുള്ള അഗാധമായ സ്‌നേഹവും വിശ്വസ്തതയുമാണ് ഒന്നിനുപുറകെ മറ്റൊന്നായുള്ള തിരസ്‌കരണത്തിനിടയിലും അവരെ ഇതിനു പ്രേരിപ്പിച്ചത്. ഒടുവിൽ 1782 ജൂലൈ മാസത്തിൽ കരിയാറ്റി മല്പാനെ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി രാജ്ഞി നാമനിർദ്ദേശം ചെയ്തു. അങ്ങനെ മാർപ്പാപ്പായുടെ അനുമതിയോടെ ലിസ്ബണിൽവച്ച് അദ്ദേഹത്തെ കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. എന്നാൽ ഇന്ത്യയുടെ കാര്യങ്ങൾ നോക്കുന്ന മന്ത്രിയുടെ വിദ്വേഷംമൂലം വീണ്ടും രണ്ടു വർഷത്തിനു ശേഷമാണ് മെത്രാപ്പോലീത്തായ്ക്കും തോമ്മാക്കത്തനാർക്കും തിരിച്ച് യാത്ര ആരംഭിക്കാൻ സാധിച്ചത്.
മടക്കയാത്രയിൽ ശ്രീലങ്കയിലെ തുറമുഖം കാണുന്നതുവരെയുള്ള വിവരങ്ങൾ കേമമായി എഴുതിയ പാറേമാക്കൽ കത്തനാർ പിന്നീടുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും നൽകുന്നില്ല. അവർ കൊച്ചി തീരത്തുകൂടി ഗോവായിലേയ്ക്കു പോയെന്നും അവിടെവച്ച് കരിയാറ്റി മെത്രാപ്പോലീത്തായ്ക്ക് ദാരുണമായ അന്ത്യം സംഭവിച്ചുവെന്നുമാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
ആസ്വാദനസൗന്ദര്യം
തങ്ങളെ യാത്രയാക്കാൻ പള്ളികളിലെ ഉപകരണങ്ങൾപോലും വിറ്റു പണമുണ്ടാക്കിയ ജനത്തെ എല്ലാകാര്യങ്ങളും വിശദമായി അറിയിക്കണം എന്ന വിധേയത്വബോധത്തോടെയാണ് പാറേമാക്കൽ തോമ്മാക്കത്തനാർ ഈ ഗ്രന്ഥം എഴുതുന്നത്. എല്ലാക്കാര്യങ്ങളും, അനുഭവങ്ങൾ ഉൾപ്പെടെ സത്യസന്ധമായും വിശദമായും പ്രതിപാദിക്കുന്നു. സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും വിവരിക്കുന്നു.
നസ്രാണിസമൂഹത്തിന്റെ തീവ്ര വേദനയെ വർണ്ണിച്ചുകൊണ്ട് ഈ ഗ്രന്ഥം അനുവാചകരിൽ ധാർമ്മികരോഷം ഉളവാക്കുന്നു. മിഷനറിമാരുടെ ഓരോ ആരോപണങ്ങൾക്കും വ്യക്തമായ മറുപടി ഇതിൽ കാണാം. ഓരോ സംഭവത്തോടും അനുബന്ധിച്ചു നടത്തുന്ന നിരൂപണ വിചിന്തനം ഗ്രന്ഥകർത്താവിന്റെ ബൈബിൾ പരിജ്ഞാനവും വ്യാഖ്യന പാടവവും വെളിവാക്കുന്നു. സുന്ദരവും സജീവവുമായ വർണ്ണനകളും സരസ്സമായ പദപ്രയോഗങ്ങളും പഴഞ്ചൊല്ലുകളും എല്ലാം ഈ ഗ്രന്ഥത്തെ ആസ്വാദന നിലവാരത്തിന്റെ ഉന്നതിയിലേയ്ക്ക് ഉയർത്തുന്നു.
ഉപസംഹാരം
മാതൃസഭയ്ക്കുവേണ്ടി കരിയാറ്റി മെത്രാപ്പോലീത്തായും തോമ്മാക്കത്തനാരും സഹിച്ച യാതനകൾ നമ്മുടെ ഊഹങ്ങൾക്കപ്പുറമാണ്. ഇവരുടെ അഗാധമായ വിശ്വാസധീരതയും തളർച്ചയില്ലാത്ത മനസ്സും പ്രതികൂലങ്ങളെ നേരിടുവാനുള്ള ഉറച്ച ബോധ്യവുമൊക്കെ ഇന്നു നമ്മുടെ മുമ്പിലെ വെല്ലുവിളിയാണ്. ഈ മഹത് വ്യക്തികൾ നടത്തിയ ധീരയാത്ര ഇന്ന് 240 വർഷങ്ങൾ പിന്നിടുമ്പോൾ വർത്തമാന പുസ്തകത്തിന്റെ ഏടുകളിലൂടെ ഓരോ സീറോ മലബാർ വിശ്വാസിയും കടന്നുപോകണം. ഒരു ആത്മ വിമർശനത്തിന് നമ്മെതന്നെ വിധേയരാക്കണം. എവിടെ എന്റെ വിശ്വാസം? എവിടെ നിൽക്കുന്നു എന്റെ സഭാജീവിതം? നമ്മുടെ പിതാക്കന്മാർ കാണിച്ചുതന്ന ജീവിതശൈലികളും വിശ്വാസദാർഢ്യവുമൊക്കെ നമുക്ക് ജീവിക്കാൻ ഉൾക്കരുത്ത് പകരട്ടെ.