ലോകാവസാനമായി… റെഡിയായിക്കോ

റവ. ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ

ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ വിവിധ ക്രൈസ്തവകൂട്ടങ്ങളിൽ നിന്ന് നിരവധിയുണ്ടായിട്ടുണ്ട്. ചിലരെങ്കിലും അതിനെയൊക്കെ ഗൗരവമായി സ്വീകരിച്ച് ലോകാവസാനത്തിനുവേണ്ടി ഒരുങ്ങി കാത്തിരിക്കുകയും അവസാനം
നിരാശരാവുകയും ചെയ്തിട്ടുണ്ട്. മറ്റു ചിലകൂട്ടർ കൂട്ട ആത്മഹത്യയിലൂടെ സ്വയം അവസാനിപ്പിച്ചിട്ടുമുണ്ട്. എന്നാൽ കത്തോലിക്കാസഭയിലെ ചില കേന്ദ്രങ്ങളിൽ
നിന്നും ഇതുപോലെയുള്ള പ്രവചനങ്ങൾ ഉണ്ടാവുകയും വിശ്വാസികൾ ആകുലരാവുകയും ചെയ്ത സംഭവങ്ങൾ അടുത്ത കാലത്തുണ്ടായി. കേരളത്തിനു പരിചയമില്ലാത്ത പ്രളയവും സഭയിലെ വിവിധ പ്രശ്നങ്ങളും മൂലം പല വിശ്വാസികളും ഈ പ്രവചനങ്ങൾ സത്യമാണെന്നാണു ധരിച്ചിരിക്കുന്നത്.
ഈ പ്രവചനങ്ങൾ സോഷ്യൽ മീഡിയായിൽ വന്നപ്പോൾ തന്നെ അതിനോടു പ്രതികരിക്കാൻ ആലോചിച്ചെങ്കിലും മുൻ കാലങ്ങളിലെപ്പോലെ ഇതൊരു തമാശയായി നിലനിന്നിട്ട് വിസ്മൃതിയിലായിക്കൊള്ളും എന്നാണു കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കേട്ട ചില കാര്യങ്ങൾ ഇതിനോട് പ്രതികരിക്കേണ്ടത് സത്യവിശ്വാസത്തെയും സഭയെയും സ്‌നേഹിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണെന്നു ബോധ്യപ്പെടുന്നു. ചില വ്യക്തികൾ ഈ പ്രവചന വീഡിയോകളൊക്കെ കണ്ടതിനുശേഷം ഇനി ഒരുങ്ങാനുള്ള സമയം മാത്രമേയുള്ളുവെന്നു ധരിച്ച് തങ്ങളുടെ കടമകൾപോലും ചെയ്യാതെ
ഒരുക്കശുശ്രൂഷ തുടങ്ങിയിരിക്കുന്നു. ചില സന്ന്യാസഭവനങ്ങളിൽ ഇതുപോലുള്ള പ്രഭാഷണങ്ങൾ പൊതുവായി കേൾക്കുകയും പ്രാർത്ഥിച്ചൊരുങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇനിയും അറിയപ്പെടാത്ത എന്തെല്ലാം ഒരുക്കങ്ങൾ എവിടെയെല്ലാം നടക്കുന്നുണ്ടാകും. പ്രളയനാളുകളിൽ ഇതുപോലെ കൊടുങ്കാറ്റിനെയും ഭൂമികുലുക്കത്തെയും കുറിച്ച് ഉടമസ്ഥരില്ലാത്ത കുറെ പ്രവചനങ്ങൾ ആരൊക്കെയോ പ്രചരിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ ഈ പശ്ചാത്തലത്തിൽ തന്നെയാണ് കത്തോലിക്കാസഭയിലെ ചില ധ്യാനഗുരുക്കന്മാരും മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രഭാഷണങ്ങൾ നടത്തിയത്. ധ്യാനഗുരുക്കന്മാരുടെ വാക്കുകൾക്ക് ദൈവവചനത്തെക്കാളും സഭയുടെ ഔദ്യോഗിക വചനവ്യാഖ്യാനത്തെക്കാളും പ്രാധാന്യം കൊടുക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതുപോലെയുള്ള പ്രഖ്യാപനങ്ങൾ പേടിസ്വപ്നങ്ങളാണ്. ധ്യാനഗുരുവിന്റെ വാക്കുകൾ വചനത്തോടും സഭയോടും ചേർന്നുനിൽക്കണമെന്നുള്ള അടിസ്ഥാനതത്ത്വം മാറ്റിവച്ച് വചനത്തെ തന്റെ ചിന്തയ്ക്കു ചേർന്നവിധത്തിൽ അവതരിപ്പിക്കുന്നതിന്റെ ദുരന്തമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പിതാവിനുമാത്രമേ അറിയൂ എന്നു പുത്രൻ തമ്പുരാൻ പറഞ്ഞിരിക്കുന്ന അന്ത്യദിനം അടുത്തെത്തിയിരിക്കുന്നു എന്നു പ്രഖ്യാപിക്കാൻ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആദ്യനൂറ്റാണ്ടിൽ എഴുതപ്പെട്ട വചനത്തിൽതന്നെയുണ്ട് കർത്താവ് ഉടൻ വരുമെന്ന്. വെളിപാടു പുസ്തകം അവസാനിക്കുന്നത് ‘കർത്താവേ വരണമേ’ എന്ന പ്രാർത്ഥനയോടെയാണ്. പക്ഷെ ആ വചനത്തെ മനസ്സിലാക്കേണ്ടത് എങ്ങനെയാണെന്ന് എഴുതപ്പെട്ട വചനത്തിന്റെ ഉടമസ്ഥയായ സഭ നമുക്ക് പറഞ്ഞുതരുന്നുണ്ട്. സഭയടെ വചനവ്യാഖ്യാനത്തെ അല്പംപോലും ഗൗനിക്കാതെ ചില ക്രൈസ്തവനാമം വഹിക്കുന്ന ഗ്രൂപ്പുകളെപ്പോലെ വാച്യാർത്ഥത്തിൽ അവയെ സ്വീകരിക്കുന്നത് തികച്ചും വചനവിരുദ്ധമായ ശൈലിയാണ്.
ലോകത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം എന്താണെന്നു മനസ്സിലാക്കാൻ വലിയ ദൈവശാസ്ത്ര ഗ്രന്ഥങ്ങളൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. സഭയുടെ പരിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും ഹൃദയം ചേർത്തുവച്ച് പങ്കെടുത്താൽ മതി. പ്രത്യേകിച്ചും സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ ഇപ്പോൾ ധ്യാനിക്കുന്ന ഏലിയാ-സ്ലീവാ-മൂശെക്കാലത്തിലെ പ്രാർത്ഥനകളിലൂടെ ഒന്നു കടന്നുപോയാൽ ലോകത്തിന്റെ അന്ത്യത്തെക്കുറിച്ചും മരണത്തെക്കുറിച്ചും വിധിയെക്കുറിച്ചുമൊക്കെയുള്ള സഭയുടെ പഠനങ്ങൾ നമുക്ക് തെളിഞ്ഞുകിട്ടും.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഭയപ്പാടോടെയല്ല തികഞ്ഞ പ്രതീക്ഷയോടെ കാത്തിരിക്കേണ്ട സുനിശ്ചിതമായ ഒരു യാഥാർത്ഥ്യമാണ് അത്. എപ്പോഴാണെങ്കിലും അതിനെ അഭിമുഖീകരിക്കാൻ നാം എത്രമാത്രം ഒരുക്കത്തോടെയാണ് ജീവിക്കുന്നത് എന്നതാണ് പ്രധാനപ്പെട്ടത്. ആദ്യ നൂറ്റാണ്ടുമുതൽ സഭ ചെയ്തുകൊണ്ടിരിക്കുന്നതും ഈ ഒരുക്കംതന്നെയാണ്. അനുചിതമായ പ്രസ്താവനകൾക്ക് അടിസ്ഥാനകാരണം പ്രഘോഷണത്തിനുപയോഗിക്കുന്ന വചനത്തെ പരി. കുർബാനയോടും കൂദാശകളോടും ചേർത്തു വയ്ക്കാത്തതാണ്. ഇതുപോലെയുള്ള വചന
പ്രഘോഷണവേദികളിൽ പരി. കുർബാനയർപ്പണം വിശ്വാസസത്യങ്ങൾ ആഘോഷിക്കാനും അതു ബോധ്യങ്ങളായി ഹൃദയത്തിൽ ഉറപ്പിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. ധ്യാനകേന്ദ്രങ്ങളിൽ എല്ലാ നിയമങ്ങളും മറികടന്നു നടക്കുന്ന പരി. കുർബാനയാർപ്പണങ്ങളും കുർബാനയോടും കൂദാശകളോടും ബന്ധപ്പെടാതെ വചനവ്യാഖ്യാനങ്ങളും ഉണ്ടാകുമ്പോൾ വിശ്വാസം തെറ്റുകൂടാതെ കൈമാറ്റം ചെയ്യുന്നതിൽ കുറവു സംഭവിക്കുകതന്നെ ചെയ്യും. സഭാത്മകമായ വചനവ്യാഖ്യാനം പ്രഘോഷകരുടെ കടമയാണ്. കാരണം വചനം ആരുടെയും സ്വകാര്യ സ്വത്തല്ല. അതു സഭയുടേതാണ്; സഭയ്ക്കുവേണ്ടി എഴുതപ്പെട്ടതാണ്. അതിനാൽ സഭയാണ് അതിനെ വ്യാഖ്യാനിക്കേണ്ടത്. ഈ ബോധ്യം
വചനം വ്യാഖ്യാനിക്കുന്നവർക്കും ശ്രവിക്കുന്നവർക്കും നിരന്തരം ഉണ്ടായിരിക്കണം. എങ്കിലേ സഭയുടെ ഹൃദയത്തോടു ചേർന്ന വചന വ്യാഖ്യാനവും ശ്രവണവും ഉണ്ടാവുകയുള്ളു. അല്ലെങ്കിൽ അവ ദുരന്തങ്ങൾ പ്രവചിക്കുന്ന മഹാദുരന്തങ്ങളായിമാറും.