മാർത്തോമ്മാ നസ്രാണി സഭാചരിത്രം -21

കൂനൻകുരിശ് സത്യത്തിനുശേഷം 1653-ലെ കൂനൻകുരിശ് സത്യത്തിനുശേഷം ഏറെത്താമസിയാതെ ആർച്ചുഡീക്കൻ തോമസ് പറമ്പിലും വൈദികരും വിശ്വാസികളും മൂന്നുനോമ്പാചരണത്തോടനുബന്ധിച്ച് ഇടപ്പള്ളിയിൽ സമ്മേളിച്ചു. അവിടെ ആർച്ചുഡീക്കന്റെ ആലോചനക്കാരിൽ ഒരാളായ ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാർ ജനങ്ങളെ, ഈശോ സഭാ മെത്രാന്മാരിൽ നിന്നും വൈദികരിൽ നിന്നും പിന്തിരിപ്പിക്കാനായി മാർ അഹത്തള്ളായുടെ പേരിൽ ഒരു കത്ത് വായിച്ചു. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ ചുരുക്കാം: ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തായായ അഹത്തള്ള എഴുതുന്നതെന്തെന്നാൽ, ഏതെങ്കിലും കാരണവശാൽ എനിക്ക് നിങ്ങളുടെ പക്കൽ എത്താൻ കഴിയാതെപോയാൽ നിങ്ങളിൽ യോഗ്യനെന്നു കരുതുന്ന ഒരാളെ 12 വൈദികർ ശിരസ്സിൽ കൈകൾ വച്ച് മെത്രാനായി അഭിഷേകം ചെയ്യുക. ഈ കത്തിലൂടെ ആർച്ചുഡീക്കന് താല്ക്കാലികമായി മെത്രാന്റെ ചില അധികാരങ്ങൾ മാർ അഹത്തള്ള നല്കിയിട്ടുണ്ടെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ഉദ. വിവാഹസംബന്ധമായ ചില നിയമങ്ങളിൽ നിന്നു മോചനം നൽകുവാനുള്ള അധികാരം, പള്ളി കുറ്റങ്ങളിൽ നിന്നുള്ള മോചനം മുതലായവ.
അമ്പതു നോമ്പിനുശേഷം ഇടപ്പള്ളിയിൽ സമ്മേളിക്കാം എന്ന തീരുമാനത്തോടെയാണ് ഇടപ്പള്ളി സമ്മേളനം പിരിഞ്ഞത്. ആലങ്ങാട്ടു ചേർന്ന എണ്ണായിരത്തോളം പേരുടെ യോഗം തോമ്മാ ആർച്ചുഡീക്കനെ താല്ക്കാലിക മെത്രാനാക്കണമെന്ന നിഗമനത്തോടെ പിരിഞ്ഞു. 1653 മെയ് 22-ാം തീയതി പെന്തക്കുസ്താത്തിരുനാളിൽ ആലങ്ങാട്ടു പള്ളിയിൽ 12 വൈദികർ ചേർന്ന് ആർച്ചുഡീക്കൻ തോമസ് പറമ്പിലിനെ മെത്രാന്റെ അധികാരം ഔദ്യോഗികമായി ഏല്പിച്ചു. പാത്രിയാർക്കീസ്, ഇതിനുവേണ്ട അധികാരം നല്കുന്നതായുള്ള കത്ത് ഇട്ടിത്തൊമ്മൻ കത്തനാർ പരസ്യപ്പെടുത്തി സംശയനിവാരണം നടത്തി. ഇട്ടിത്തൊമ്മൻ കത്തനാരുടെ കൈവശം ലഭിച്ചെന്നു പറയപ്പെടുന്ന കത്തനുസരിച്ച് വൈവാഹിക കാര്യങ്ങളിലും മറ്റ് സഭാ ശിക്ഷകളിൽ നിന്ന് മോചനവും അനുവാദവും നല്കുവാനുള്ള ‘അധികാരം’ ആർച്ച്ഡിക്കന് ഇതിനകം ലഭിക്കുന്നുണ്ട്. ഈ കത്ത് വിലിരുത്തുമ്പോൾ ഇത് ഇട്ടിത്തൊമ്മൻ കത്തനാർ എഴുതിയുണ്ടാക്കിയ വ്യാജകത്തായിരുന്നു എന്ന് പിന്നീടുള്ള ചരിത്രം സാക്ഷിക്കുന്നു. മെത്രാന്മാരില്ലാതെ
നസ്രാണിസഭയ്ക്ക് മുൻപോട്ടുപോകാനാവില്ലെന്ന് മനസ്സിലാക്കിയ ഇട്ടിത്തൊമ്മൻ കത്തനാർ നല്ല നിയോഗത്തിലായിരിക്കണം ഇങ്ങനെയൊരു കത്ത് പ്രസിദ്ധപ്പെടുത്തിയത്. എന്നിരുന്നാലും ഈ കത്തും തുടർനടപടികളും വസ്തുനിഷ്ടമായി വിശകലനം ചെയ്യുമ്പോൾ അത് നസ്രാണി സഭാചരിത്രത്തിലെ ദുഃഖകരമായ സംഭവങ്ങളായേ ഒരു ചരിത്ര പഠിതാവിന് വിലയിരുത്താനാവൂ. ആദ്യത്തെ സാർവ്വത്രിക സൂനഹദോസായ ഒന്നാം നിഖ്യാ സൂനഹദോസിന്റെ (AD. 325) കാനോനയനുസരിച്ച് മൂന്നു മെത്രാന്മാർ ചേർന്നുമാത്രമേ ഒരു മെത്രാനെ അഭിഷേകം ചെയ്യാനാവൂ. എന്നാൽ മുൻ സൂചിപ്പിച്ച ‘മെത്രാഭിഷേകം’ എന്തുകൊണ്ടും
തികഞ്ഞ അജ്ഞതകൊണ്ടാണെന്ന് ന്യായമായും ചിന്തിക്കാം. എന്നാൽ ഈ അജ്ഞതയ്ക്ക് നസ്രാണി സഭ ചരിത്രത്തിൽ വലിയ വിലകൊടുക്കേണ്ടിവന്നു.
1653 മെയ് മാസത്തിലെ ഈ ‘മെത്രാഭിഷേകം’ ഒരു മെത്രാനെ വാഴിക്കലായിരുന്നോ? ഭരണസംബന്ധമായ അധികാരങ്ങൾ ഒരാളിൽ കേന്ദ്രീകരിക്കേണ്ടത്, സുറിയാനിക്കാരുടെ ആവശ്യമായിരുന്നു. ആർച്ചുഡീക്കന് പരമ്പരാഗതമായി ഉണ്ടായിരുന്ന അധികാരങ്ങൾ വീണ്ടും അദ്ദേഹത്തിൽ നിക്ഷേപിക്കുന്നതിന്റെ പ്രത്യേക ചടങ്ങു മാത്രമായിരുന്നു ഈ മെത്രാഭിഷേകം എന്നു തോന്നുന്നു. മെത്രാന്മാരില്ലാതിരുന്ന അവസരങ്ങളിലും ആർച്ചുഡീക്കന്റെ നേതൃത്വത്തിലായിരുന്നല്ലോ സഭാ ഭരണം നടത്തിയിരുന്നത്. ഇട്ടിത്തൊമ്മൻ കത്തനാർ ഇടപ്പള്ളിയിൽ അഹത്തള്ളായുടേതായി കാണിച്ച എഴുത്തിലും ‘പട്ടം കൊടുക്കുക, ‘വിശുദ്ധതൈലം കൂദാശചെയ്യുക’ മുതലായ സ്ഥാനോചിതശുശ്രൂഷകൾ നടത്തരുതെന്ന നിബന്ധനയോടുകൂടി താല്ക്കാലിക മെത്രാനായി തോമ്മാ ആർച്ചുഡീക്കനെ നിയമിച്ചിരിക്കുന്നതായാണ് കാണുന്നത്. മിക്കവാറും എല്ലാ ഇടവകകളും തന്നെ ആർച്ചുഡിക്കനെ തങ്ങളുടെ വൈദികമേലദ്ധ്യക്ഷനായി സ്വീകരിച്ചു. ആരെയും അനുകൂലിക്കാത്ത മറ്റൊരു ഗ്രൂപ്പും രൂപം കൊണ്ടു. പദ്രവാദോ മെത്രാനായ ഫ്രാൻസിസ് ഗാർസ്യായുടെ പിന്നിൽ നാമമാത്രമായി ചിലർ ശേഷിച്ചു. അങ്ങനെ മാർത്തോമ്മാ നസ്രാണി സഭ പല ഗ്രൂപ്പുകളായി പിരിഞ്ഞു.