മിഷൻ ഞായർ ചിന്തകൾ

റവ . ഫാ . തോമസ് മാബ്രാ CMI

വർഷം തോറും തീക്ഷ്ണതാപൂർവ്വം ആചരിക്കാറുള്ള മിഷൻ ഞായർ അഥവാ പ്രേഷിത ഞായർ ഈ വർഷം ഒക്‌ടോബർ 28-ാം തീയതിയാണ് വന്നണയുക. പ്രേഷിത ഞായർ ആവേശത്തോടും ഉത്സാഹത്തോടുംകൂടെ ആഘോഷിക്കുന്ന പതിവാണ് നമുക്കുള്ളത്. ആ പതിവ് ഇപ്പോഴും പച്ച കെടാതെ നില്ക്കുന്നത് സന്തോഷം പകരുന്ന വസ്തുത തന്നെ. ചെറുപുഷ്പ മിഷൻ ലീഗംഗങ്ങൾ മുൻകൈയെടുത്ത് ഉത്പന്നപിരിവു നടത്തിയും അത് മിഷൻ ഞായറാഴ്ച പള്ളിയിൽ വച്ചു ലേലം ചെയ്തും, മറ്റു തരത്തിലും വിഭവ സമാഹരണം നടത്തി കേരളത്തിനു പുറമെയുള്ള മിഷനുകളെ സഹായിക്കുന്ന മഹത്തായൊരു പൈതൃകം ഇന്നും സജീവമായി നിലകൊള്ളുന്നത് തികച്ചും അഭിമാനാർഹം തന്നെ. വി. മത്തായി എഴുതിയ സുവിശേഷം 28-ാം അദ്ധ്യായം 18 മുതൽ 20 വരെയുള്ള വാക്യങ്ങളിലും വി. മർക്കോസ് എഴുതിയ സുവിശേഷം 16-ാം അദ്ധ്യായം 15 മുതൽ 18 വരെയുള്ള വാക്യങ്ങളിലുമാണ് ഈശോ ആഗോള പ്രേഷിത ദൗത്യം ശിഷ്യന്മാരെ ഭരമേല്പിക്കുന്നതായി നാം കാണുന്നത്. ”സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു; അതുകൊണ്ട് നിങ്ങൾ പോയി സർവ്വ ജനപദങ്ങളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ ജ്ഞാനസ്‌നാനപ്പെടുത്തുവിൻ; ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ളവയെല്ലാം ആചരിക്കുവാൻ അവരെ പഠിപ്പിക്കുവിൻ. ഇതാ, ലോകാവസാനം വരെ എന്നാളും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ, 28,16-20). ഈശോയുടെ ജീവിതവും രക്ഷാകര സന്ദേശവും ലോകമാസകലമുള്ള സകല ജനതകൾക്കും ലോകാവസാനം വരെയുള്ള എല്ലാ തലമുറകൾക്കും വേണ്ടിയുള്ളതാണെന്നും അത് അവർക്ക് നല്‌കേണ്ട ഉത്തരവാദിത്വം തലമുറകൾ തോറുമുള്ള ഈശോ ശിഷ്യന്മാർക്കുള്ളതാണെന്നും അവിടുന്ന് ഈ വാക്യങ്ങളിലൂടെ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണ്.
ഈശോ ആരാണെന്നും അവിടുത്തെ രക്ഷാകര സന്ദേശം എന്താണെന്നും സുവിശേഷകന്മാർ വ്യക്തമാക്കുന്നുണ്ട്. അവിടുത്തെ മുന്നോടിയായി വന്ന് അവിടുത്തേക്ക് ജനഹൃദയങ്ങളിൽ വഴിയൊരുക്കിക്കൊണ്ട് കടന്നുപോയ സ്‌നാപകയോഹന്നാന്റെ വാക്കുകൾ വി. മത്തായി എഴുതിയ സുവിശേഷത്തിൽ വായിക്കാനാകും (മത്താ. 3).
താപസനായിരുന്ന യോഹന്നാൻ ജനത്തോട് അവരുടെ പാപങ്ങളെക്കുറിച്ചു മനസ്തപിച്ചു ജ്ഞാനസ്‌നാനം സ്വീകരിക്കുവാനും ദൈവത്തിനും സഹോദരർക്കുമെതിരായ തെറ്റുകളിൽ നിന്നൊഴിഞ്ഞു മാറുവാനും സ്‌നേഹവും കരുതലും കാരുണ്യവും
നിറഞ്ഞ ജീവിതം നയിക്കുവാനും ആവശ്യപ്പെട്ടു. ഈശോയുടെ ജ്ഞാനസ്‌നാന വേളയിൽ അവിടുന്ന് സ്വർഗ്ഗീയ പിതാവിന്റെ പ്രിയ സുതനാണെന്നും അവനിൽ പിതാവ് സംപ്രീതനാണെന്നുമുള്ള അശരീരി വാക്യവും ശ്രവിച്ചു (മത്താ. 3,14; മർക്കോ. 2,11). സുവിശേഷത്തിലെ ഈശോയാകട്ടെ തന്റെ ജീവിതത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും ദൈവം മനുഷ്യമക്കളെ അനന്തമായി സ്‌നേഹിക്കുന്നവനാണെന്നും മനുഷ്യജീവിതത്തിന്റെ അടിസ്ഥാന പ്രമേയം
ദൈവത്തോടുള്ള അകമഴിഞ്ഞ സ്‌നേഹവും സാഹോദര്യവും പരസ്പരം പങ്കുവയ്ക്കലുമായിരിക്കണമെന്നും പഠിപ്പിച്ചു. അന്ധർക്കും കുരുടർക്കും അത്ഭുതകരമായി കാഴ്ച നല് കിയും രോഗികളെ സുഖപ്പെടുത്തിയും പിശാചുക്കളെ പുറത്താക്കിയും മരിച്ചവർക്കു പുതുജീവൻ നൽകിയും അവിടുന്ന് ദൈവപുത്രനാണെന്ന് അനിഷേധ്യമായി തെളിയിച്ചു. ചുങ്കക്കാരോടും പാപികളോടും ക്ഷമിച്ചും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലുള്ളവരോടൊത്തു സഹവസിച്ചും എല്ലാ മനുഷ്യരും ദൈവത്തിന്റെ വാത്സല്യമക്കളാണെന്നും പരസ്പരം സ്‌നേഹിച്ചും നിരുപാധികം ക്ഷമിച്ചും ഒരുമിച്ചു മുന്നേറേണ്ടവരാണെന്നും അവിടുന്ന് മനുഷ്യരെ പഠിപ്പിച്ചു. അവസാനം നമ്മുടെ പാപപരിഹാരാർത്ഥം ഏറ്റം നീചമായ കുരിശുമരണം സ്വീകരിച്ചു മരിച്ചെങ്കിലും മൂന്നാം ദിവസം ഉത്ഥാനം ചെയ്തുകൊണ്ട് അവിടുന്ന് മരണത്തിനതീതനാണെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. ദൈവത്തിനു മനുഷ്യരോടുള്ള അനന്തസ്‌നേഹത്തിന്റെ സജീവസാക്ഷ്യം എന്നും നിലനില്ക്കുവാനും അതിനനുസരണം എല്ലാ മനുഷ്യർക്കും പ്രതീക്ഷയാകുവാനും വേണ്ടി തന്റെ പ്രിയ ശിഷ്യരുടെയും അനുയായികളുടെയും സമൂഹമായ തിരുസ്സഭയെ സ്ഥാപിക്കുകയും ചെയതു. സ്‌നേഹത്തിന്റെയും പങ്കാളിത്തത്തിന്റെയും സമൂഹമായി ജീവിച്ച ആദിമ ക്രൈസ്തവ സമൂഹത്തെക്കുറിച്ച് ശ്ലീഹന്മാരുടെ നടപടികൾ രണ്ടാം അദ്ധ്യായത്തിലും നാലാം അദ്ധ്യായത്തിലും നാം വായിക്കുന്നുണ്ട് (നടപടി 2,44-47; 4,32-35).
ഈശോയുടെ ദൈവികതയും മാനവരക്ഷാർത്ഥമുള്ള സ്വയം ബലിയും രക്ഷാകര സന്ദേശവും ദൈവമക്കളായ മനുഷ്യസമൂഹത്തിന്റെ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും പാഠങ്ങളും ലോകമാസകലമുള്ള മനുഷ്യർക്കു സംലഭ്യമാക്കുക അവിടുത്തെ കല്പനയും അവരുടെ അവകാശവുമാണ്. ഈശോയുടെ ശിഷ്യന്മാരെ അവിടുന്നേല്പിച്ച ഈ ഉത്തരവാദിത്വം എല്ലാ തലമുറകളിലും തുടർന്നു കൊണ്ടിരിക്കുകയാണ്. വി. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ”മിശിഹായോടുള്ള
സ്‌നേഹം ഞങ്ങളെ നിർബ്ബന്ധിക്കുകയാണ്”
(2 കൊറി. 5,14). ഇത്തരത്തിലുള്ള സ്‌നേഹപൂർണ്ണമായ നിർബ്ബന്ധമാണ് ആദ്യ നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ തോമ്മാശ്ലീഹായെയും 16-ാം നൂറ്റാണ്ടിൽ വി.ഫ്രാൻസിസ് സേവ്യറിനെയും തുടർന്ന് അനേകമനേകം യൂറോപ്യൻ – അമേരിക്കൻ തുടങ്ങിയ മിഷനറിമാരെയും നാടും വീടും ബന്ധുജനങ്ങളെയും വിട്ട് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്നു പ്രേഷിത പ്രവർത്തനങ്ങളിലേർപ്പെടുവാനും അവരുടെ ജീവിതം ഒരു സ്‌നേഹബലിയായി ഈ മണ്ണിൽതന്നെ സമർപ്പിക്കുവാനും അവർക്ക് പ്രേരണയായത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ മുതൽ കേരളമക്കൾ ഭാരതത്തിലെ വിവിധ പ്രേഷിത മേഖലകളിൽ ചേർന്ന് പ്രേഷിത ജോലിയിൽ ഭാഗഭാഗിത്വം വഹിക്കുവാൻ തുടങ്ങി. ചെറുപുഷ്പ മിഷൻ ലീഗിന്റെയും മറ്റും ആവിർഭാവത്തോടെ കേരളത്തിൽ നിന്നുള്ള പ്രേഷിതരുടെ സംഖ്യ ഗണ്യമായി വർദ്ധിക്കുകയും ഭാരതത്തിന്റെ എല്ലാ മുക്കിലും മൂലയിലും അവരുടെ സവിശേഷ സാന്നിദ്ധ്യം ഉണ്ടാവുകയും ചെയ്തത് അഭിമാനാർഹമായ നേട്ടം തന്നെ. 1962-ൽ ഛാന്ദാ മിഷൻ ആരംഭിച്ചതോടുകൂടി സിന്ധ്യൻ പർവ്വതനിരകളെ ഭേദിച്ചുകൊണ്ട് സീറോ മലബാർ സഭാമിഷനറിമാരുടെ അഭൂതപൂർവ്വമായ മുന്നേറ്റമാണ് നാം കാണുന്നത്. 2017 ഒക്‌ടോബർ 10-ാം തീയതിയിലെ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പായുടെ ഭാരത സഭയിലെ മെത്രന്മാർക്കുള്ള കത്തിലൂടെ ഭാരതത്തിലാകമാനം പ്രേഷിതപ്രവർത്തനം നടത്തുവാനുള്ള അംഗീകാരവും അവകാശവുമാണ് സീറോ മലബാർ സഭയ്ക്കു ലഭിച്ചിരിക്കുന്നത്. പ്രേഷിത പ്രവർത്തനങ്ങളുടെ സുഗമമായ മുന്നേറ്റത്തിന് പല സ്ഥലങ്ങളിലും തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും പുതിയ
അവസരങ്ങൾ കണക്കിലെടുത്ത് നമ്മുടെ പ്രവർത്തനങ്ങൾക്ക് ആളും അർത്ഥവും
നല്കി മുന്നോട്ടു നയിക്കാൻ ദൈവം നൽകിയ ഈയവസരം നാം ഫലപ്രദമാക്കുക തന്നെ വേണം. ഒപ്പം തെക്കെ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിദേശ മിഷനുകളിലേക്കും നമ്മുടെ പ്രേഷിതരെ ധാരാളമായി സ്വാഗതം ചെയ്യുന്ന അവസരമാണിത്. കേരളസഭയ്ക്ക് കോട്ടം തട്ടാതെ, ധാരാളഹൃദയത്തോടെ പുതിയ അവസരങ്ങളെ സ്വാഗതം ചെയ്യുവാനും നമ്മുടെ പ്രേഷിത ചൈതന്യം
വളർത്തിയെടുക്കുവാനും ഈ സന്ദർഭം നമ്മുക്കു സഹായകമായിത്തീരട്ടെയെന്നു പ്രാർത്ഥിക്കാം. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ കാലം മുതൽ പ്രത്യേകിച്ചും ഇതര മതങ്ങളോടുള്ള സഭയുടെ സമീപനം കൂടതൽ ക്രിയാത്മകമാണ്. ലോക ജനസംഖ്യയിൽ ക്രൈസ്തവർ ഒരു ന്യൂനപക്ഷം മാത്രമാണ്. മഹാഭൂരിപക്ഷം വരുന്ന ഇതരമതസ്ഥർക്ക് ക്രൈസ്തവരക്ഷാകര സന്ദേശം സംലഭ്യമാക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. നാം അതിനു പരിശ്രമിക്കുന്നതോടൊപ്പം വ്യക്തികളിലും മതങ്ങളിലും നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവു തന്നെ അവരെയെല്ലാവരെയും ഈശോയുടെ രക്ഷാകരസന്ദേശത്തിലേയ്ക്കാനയിക്കണമേയെന്നു പ്രാർത്ഥിക്കുകയും ചെയ്യാം.
വളർന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയുടെയും ദൈവസാന്നിദ്ധ്യത്തിന്റെ തമസ്‌കരണത്തിന്റെയും കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോകുന്നത്. സാമൂഹിക മാധ്യമങ്ങളും പലപ്പോഴും അത്തരമൊരു സാഹചര്യത്തിന്റെ ഉദയത്തിനും വളർച്ചയ്ക്കും കുടപിടിക്കുന്നതായും കാണുവാൻ കഴിയും. ഇതേ സാമൂഹ്യമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ സമീപിക്കുവാനുള്ള സുവർണ്ണാവസരം മുതലാക്കുവാൻ പ്രേഷിതർക്കും സാധിക്കുന്നതാണെന്നകാര്യം വിസ്മരിക്കാവുന്നല്ല. അത്തരം പുതിയ പ്രേഷിത സംരംഭങ്ങൾ തുടങ്ങുവാനും തുടരുവാനും കൂടിയുള്ള ഒരവസരമാണിത്.
അങ്ങനെ ”ലോകാവസാനം വരെ എന്നാളും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28,20) എന്നരുളിചെയ്ത ഈശോയിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് പ്രേഷിത
പ്രവർത്തനങ്ങൾക്ക് പുതുചൈതന്യം നൽകി മുന്നേറുവാൻ പ്രേഷിത ഞായർ പ്രചോദനമരുളട്ടെ. പ്രേഷിത പ്രവർത്തനങ്ങൾ ഏതാനും വൈദികരുടെയും സമർപ്പിതരുടെയും മാത്രം കടമയായിക്കാണാതെ തീക്ഷ്ണമായ പ്രാർത്ഥനയും ഈശോയ്ക്കു സജീവസാക്ഷ്യമേകുന്ന തികഞ്ഞ ക്രൈസ്തവ ജീവിതവും വഴി പ്രേഷിതചൈതന്യം നിറഞ്ഞ ജീവിതം നയിക്കുവാൻ നമ്മുക്കോരോരുത്തർക്കും പരിശ്രമിക്കാം. അതിനുള്ള അനുഗ്രഹവും കാഴ്ചപ്പാടുകളും നൽകണേയെന്ന്
ദിവ്യനാഥനോടും പരിശുദ്ധ അമ്മയോടും നമുക്കു പ്രാർത്ഥിക്കാം. ഒപ്പം ചൈതന്യവത്തായ ധാരാളം പ്രേഷിത ദൈവവിളികൾ നല്കണമേയെന്നു അപേക്ഷിക്കാം.
(CMI സഭയുടെ മുൻ പ്രയോർ ജനറൽ ആണ് ലേഖകൻ)