നമ്മുടെ ഭാരതത്തെ സോദോം ഗൊമോറയാക്കണോ ?

സോദോം, ഗൊമോറ എന്ന രണ്ടു നഗരങ്ങളെക്കുറിച്ച് ബൈബിളിൽ പരാമർശിക്കുന്നുണ്ട്. നിശേഷം നശിപ്പിക്കപ്പെട്ടെങ്കിലും അവ ഏറെ അറിയപ്പെടുന്ന നഗരങ്ങളാണ്. അധാർമ്മികതയും ദുഷ്ടതയും നിറഞ്ഞതിന്റെ പേരിൽ ദൈവത്തിന്റെ ശിക്ഷയേറ്റ് അഗ്നിക്കിരയാക്കപ്പെട്ട നഗരങ്ങൾ. സ്വവർഗ്ഗരതിയും അതിഥികളോടുള്ള അപമര്യാദയുമാണ് നഗരവാസികളുടെ തിന്മകളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ നഗരങ്ങൾക്കു ലഭിച്ച ശിക്ഷ എല്ലാവർക്കുമായി ദൈവത്തിൽനിന്നുമുള്ള മുന്നറിയിപ്പുമാണ്.
സോദോമിന്റെയും ഗൊമോറയുടെയും പാപങ്ങൾ വളരെ ഗുരുതരമെന്നാണു ബൈബിൾ രേഖപ്പെടുത്തുന്നത്. കർത്താവ് അരുളിച്ചെയ്തു: ”സോദോമിന്റെയും ഗൊമോറയുടെയും നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു. അവരുടെ പാപങ്ങൾ വളരെ ഗുരുതരമാകുന്നു” (ഉല്പത്തി 18, 20).
മ്ലേച്ഛത എന്നാണു ബൈബിൾ ഈ പാപത്തെ വിശേഷിപ്പിക്കുന്നത്. ”സ്ത്രീകളുടെകൂടെ എന്നപോലെ നീ പുരുഷന്റെകൂടെ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു” (ലേവ്യ. 18, 22). സ്വവർഗ്ഗഭോഗം പ്രകൃതിവിരുദ്ധ തിന്മയാണ്. അതൊരു ലൈംഗിക വൈകൃതമാണ്. ഭൂമിയെ അശുദ്ധമാക്കുന്ന പ്രവൃത്തികളിലൊന്നായിട്ടാണു ബൈബിൾ ഇതിനെ കാണുന്നത്. ഇസ്രായേൽക്കാരോടു ദൈവം
പറഞ്ഞു: ”നിങ്ങൾക്കു മുമ്പ് ഈ ദേശത്തുണ്ടായിരുന്ന ജനങ്ങൾ ഈ പാപങ്ങളെല്ലാം ചെയ്തു. അതിനാൽ ഭൂമി അശുദ്ധമായി” (ലേവ്യ. 18, 27). ഇപ്രകാരം ഭൂമിയെ അശുദ്ധമാക്കുന്നവരെ ഭൂമി തള്ളിക്കളയുമെന്നും ബൈബിൾ പഠിപ്പിക്കുന്നു: ”നിങ്ങൾക്കുമുമ്പുണ്ടായിരുന്ന വിജാതീയരെ ഭൂമി പുറംതള്ളിക്കളഞ്ഞതുപോലെ നിങ്ങളെപുറംതള്ളിക്കളയാതിരിക്കാൻ അതു നിങ്ങൾ
അശുദ്ധമാക്കാതിരിക്കുക. ഈ പാപങ്ങളിൽ ഏതെങ്കിലും ചെയ്യുന്നവൻ തന്റെ ജനത്തിൽ നിന്നു നശിക്കും” (ലേവ്യ. 18, 28-29).
വധശിക്ഷ നല്‌കേണ്ട തെറ്റായിട്ടും സ്വവർഗ്ഗഭോഗത്തെ ബൈബിൾ അവതരിപ്പിക്കുന്നു. ”ഒരു പുരുഷൻ സ്ത്രീയോടൊപ്പമെന്നതുപോലെ മറ്റൊരു പുരുഷനോടുകൂടി ശയിച്ചാൽ അവർ ഇരുവരും മ്ലേച്ഛത പ്രവർത്തിച്ചു. അവർ വധിക്കപ്പെടണം. അവരുടെ രക്തം അവരുടെമേൽ” (ലേവ്യ. 20, 13). വ്യഭിചാരവും വധശിക്ഷ അർഹിക്കുന്ന തെറ്റാണു പഴയനിയമത്തിൽ.
എന്നാൽ, വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടു കാരുണ്യം കാണിക്കുന്ന കർത്താവിനെയാണു പുതിയനിയമത്തിൽ നാം കാണുന്നത്. നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ എന്നാണു വ്യഭിചാരിണിയെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാൻ തുനിഞ്ഞവരോട് ഈശോ പറഞ്ഞത്. ഞാനും നിന്നെ വിധിക്കുന്നില്ല എന്നുപറഞ്ഞ് ഈശോ അവളെ വിമോചിപ്പിച്ചു. ഈശോ അവളെ ശിക്ഷിക്കാതിരുന്നത് വ്യഭിചാരം തെറ്റല്ല എന്നു വരുത്താനല്ല. അവളോടു കരുണ കാണിക്കുന്ന കർത്താവ്, നീ മേലിൽ പാപം ചെയ്യരുത് എന്ന താക്കീതു നല്കിയാണ് അയയ്ക്കുന്നത്. വ്യഭിചാരം പാപമാണെന്നുതന്നെ ഈശോ വ്യക്തമാക്കുകയാണ്. പാപികളോടു കരുണ കാണിക്കുന്ന കർത്താവ് അവരുടെ മാനസാന്തരം ആഗ്രഹിക്കുന്നു. അവരിൽ പാപബോധം സൃഷ്ടിച്ച് അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കുന്നു.
കിണറ്റിൻകരയിലെ സമറിയാക്കാരി സ്ത്രീയുടെ കാര്യത്തിലും അതാണു സംഭവിക്കുന്നത്. കർത്താവിന്റെ കരുണയും സ്‌നേഹവും അവളെ മാനസാന്തരപ്പെടുത്തി. പാപജീവിതം ഉപേക്ഷിച്ച് അവൾ
പ്രേഷിതയായി. ആകയാൽ പഴയനിയമത്തെ നീക്കിക്കളയാനല്ല, പൂർത്തീകരിക്കാനാണ് ഈശോ വന്നത്. പാപജീവിതത്തെ സാധൂകരിക്കുകയോ നീതീകരിക്കുകയോ അല്ല. പാപബോധം ഉളവാക്കി അതിൽനിന്നു
പിന്തിരിപ്പിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വേണം സ്വവർഗ്ഗഭോഗത്തെയും സ്വവർഗ്ഗഭോഗികളെയും നാം മനസ്സിലാക്കാൻ. സ്വവർഗ്ഗഭോഗികളോടു കരുണയും സഹതാപവും പുലർത്തുമ്പോഴും സ്വവർഗ്ഗഭോഗത്തെ അംഗീകരിക്കുകയോ തെറ്റല്ലെന്ന രീതിയിൽ നിയമാനുസൃതമാക്കുകയോ ചെയ്യുന്നത് അധാർമ്മികമാണ്.
സ്വവർഗ്ഗഭോഗം ലൈംഗികതയുടെ ഗൗരവമേറിയ ദുരുപയോഗമാണെന്നും പ്രകൃതിവിരുദ്ധമാണെന്നും അധാർമ്മികമാണെന്നും ബോധ്യപ്പെടുത്തി പിന്തിരിപ്പിച്ച് അങ്ങനെയുള്ള വ്യക്തികളെ രക്ഷിക്കാനാണു ശ്രമിക്കേണ്ടത്.
ദൈവരാജ്യം അവകാശപ്പെടുത്തുന്നതിനു തടസ്സമായ ദുഷ്പ്രവൃത്തികളിൽ ഒന്നായിട്ടും ലജ്ജാകര കൃത്യമായിട്ടുമാണ് സ്വവർഗ്ഗഭോഗത്തെ പൗലോസ് ശ്ലീഹായും പരാമർശിക്കുന്നത് (1 കോറി. 6,9-10; റോമാ. 1,26-27). ഇവയുടെയൊക്കെ അടിസ്ഥാനത്തിൽ സ്വവർഗ്ഗഭോഗം ഗൗരവമായ തിന്മയാണെന്നാണു സഭ പഠിപ്പിക്കുന്നത്. ജൂതമതം, ഇസ്ലാംമതം, ഹിന്ദുമതം മുതലായ ഇതര മതങ്ങൾക്കും ഈ കാഴ്ചപ്പാടാണുള്ളത്. സൃഷ്ടിയുടെയും ലൈംഗികതയുടെയും അർത്ഥവും ലക്ഷ്യവും മറന്നു ജീവിതത്തിന്റെതന്നെ താളംതെറ്റിക്കുന്ന പ്രകൃതിവിരുദ്ധതയാണ് സ്വവർഗ്ഗഭോഗം. ഇതിന്റെ ദൂരവ്യാപകമായ ദോഷഫലങ്ങളൊന്നും കണക്കിലെടുക്കാതെ, താത്കാലികവും സ്വാർത്ഥപരവുമായ താത്പര്യങ്ങളും പരിഗണനകളുമാകാം സ്വവർഗ്ഗവിവാഹത്തെ അംഗീകരിക്കുന്നതിനു ചില രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. സ്വവർഗ്ഗവിവാഹത്തെ അംഗീകരിക്കുന്നതു കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിത്തറയിളക്കുന്ന നടപടിയാണ്. ജീവന്റെ ഉത്പാദനവും മനുഷ്യസമൂഹത്തിന്റെ നിലനില്പുമാണു വിവാഹത്തിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം. ഇവയ്ക്കു രണ്ടിനും സ്വവർഗ്ഗവിവാഹത്തിൽ സ്ഥാനമില്ല.
വാസ്തവത്തിൽ അതു വിവാഹമേയല്ല. കാരണം, നിയമാനുസൃതമായ സ്ത്രീ-
പുരുഷ ബന്ധമാണു വിവാഹം. ജീവന്റെ ഉത്പാദനം ലക്ഷ്യം വയ്ക്കാത്ത പ്രകൃതിവിരുദ്ധ സ്വവർഗ്ഗഭോഗവും സ്വവർഗ്ഗവിവാഹവും വിവാഹമേ അല്ല. അതുവഴി ഒരു കുടുംബം രൂപംകൊള്ളുന്നുമില്ല. അപ്പോൾ സമൂഹത്തെ അതെങ്ങനെ സംരക്ഷിക്കും, പടുത്തുയർത്തും? സമൂഹത്തിന്റെ വളർച്ചയ്ക്കും നല്ല താത്പര്യത്തിനും വിരുദ്ധവും പ്രതിബന്ധവുമാണത്. സ്വവർഗ്ഗസ്വഭാവം പലവിധത്തിലാകാം. പലരിലും അതൊരു താത്കാലിക പ്രവണതയായിരിക്കും. ചിലരിലാകട്ടെ സ്വഭാവത്തിന്റെ സ്ഥായീഭാവമാകാം. ജീവിതസാഹചര്യങ്ങളും ചെറുപ്പകാലത്തെ ചില അനുഭവങ്ങളും സ്വവർഗ്ഗസ്വഭാവം ഒരാളിൽ രൂപപ്പെടുത്തിയെന്നുവരാം. സ്ഥിരപരിശ്രമവും ആത്മനിയന്ത്രണവും വഴി ഈ വികലസ്വഭാവത്തിൽനിന്നു മോചനം പ്രാപിക്കാൻ മിക്കവർക്കും സാധിക്കും. ഇതൊരു ലൈംഗിക വൈകൃതമാണെന്നും തിരുത്തപ്പെടേണ്ടതാണെന്നുമൊക്കെ ബോധ്യമുള്ളവർ ഈ വൈകൃതം ഒഴിവാക്കാൻ കഴിവതും പരിശ്രമിക്കും.
ദൈവവിശ്വാസികളാണെങ്കിൽ പ്രാർത്ഥനയിലൂടെ അതിനുള്ള ശക്തി നേടാനും
ശ്രമിക്കും. എന്നാൽ, സ്വവർഗ്ഗഭോഗം നിയമാനുസൃതം അംഗീകരിക്കപ്പെടുകയും അനുവദിക്കപ്പെടുകയും ചെയ്യുന്നപക്ഷം, അത് അധാർമ്മികമോ പ്രകൃതിവിരുദ്ധമോ അല്ലെന്നുള്ള ചിന്താഗതി രൂപപ്പെട്ട് ഈ ലൈംഗികവൈകൃതം കൂടുതൽ ശക്തിപ്രാപിക്കുകയും വ്യാപകമാകുകയും ചെയ്യും. സമൂഹത്തിന്റെ മുഴുവൻ ധാർമ്മികനിലവാരം അധഃപതിക്കുകയും മനുഷ്യബന്ധങ്ങളിൽ തകർച്ച സംഭവിക്കുകയും ചെയ്യും. കുറ്റബോധവും പാപബോധവും നഷ്ടപ്പെടുന്ന ഒരു സമൂഹത്തിന്റെ അവസ്ഥ എന്തായിരിക്കും?
സ്വവർഗ്ഗഭോഗം സ്ത്രീത്വത്തിന്റെയും പുരുഷത്വത്തിന്റെയും മഹത്ത്വം നഷ്ടപ്പെടുത്തുകയും ലക്ഷ്യത്തിൽനിന്ന് വ്യതിചലിപ്പിക്കുകയും അവയുടെ സൃഷ്ടിപരമായ കഴിവുകൾ നിർജ്ജീവമാക്കുകയും ചെയ്യുന്നു. ജന്തുക്കളിൽ കാണുന്ന ലൈംഗികബന്ധം പ്രകൃതിനിയമമനുസരിച്ചു തന്നെയാണ്. ആകയാൽ പ്രകൃതിവിരുദ്ധമായ സ്വവർഗ്ഗഭോഗം മനുഷ്യനെ മൃഗങ്ങളെക്കാൾ അധഃപതിപ്പിക്കുന്നു. മനുഷ്യനു ദൈവം നല്കിയിരിക്കുന്ന വലിയൊരു സിദ്ധിയായ ലൈംഗികതയെ അവഹേളിക്കുംവിധം സ്വവർഗ്ഗഭോഗത്തെ സർക്കാരും ഇപ്പോൾ രാജ്യത്തെ പരമോന്നത കോടതി പോലും അനുകൂലിക്കുന്നതു തികച്ചും ഖേദകരമാണ്.
ആർഷഭാരതത്തിന്റെ പ്രശസ്തമായ ആത്മീയ, ധാർമ്മിക, സാംസ്‌കാരിക അടിത്തറയെ തകർക്കുന്നതായിരിക്കും സ്വവർഗ്ഗഭോഗത്തെയും സ്വവർഗ്ഗവിവാഹത്തെയും അംഗീകരിച്ച് അനുവദിക്കുന്ന നടപടി. ഭാരതം
കാത്തുസൂക്ഷിച്ച വിലപ്പെട്ട ഒരു ധാർമ്മികമൂല്യം ഇതിലൂടെ തച്ചുടയ്ക്കപ്പെടുകയാണ്. ലൈംഗികതയുടെ പരിശുദ്ധിയെയും അതിന്റെ ശ്രേഷ്ഠമായ ദൈവനിയോഗത്തെയും ഈ നടപടി വെല്ലുവിളിച്ചിരിക്കുന്നു. പവിത്രമായ ദാമ്പത്യബന്ധത്തെ കളങ്കപ്പെടുത്തുകയും കുടുംബജീവിതത്തെ തകർക്കുകയും ചെയ്യുന്ന സ്വവർഗ്ഗഭോഗത്തെ ഒരു കാരണവശാലും പിന്തുണയ്ക്കാനാവില്ല.
ആണും പെണ്ണുമായി മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതുതന്നെ സ്വവർഗ്ഗഭോഗം പ്രകൃതിവിരുദ്ധമാണ് എന്നതിന്റെ തെളിവാണ്. മാതൃത്വത്തെയും പിതൃത്വത്തെയും നിഷേധിക്കുകയും അവഹേളിക്കുകയും
ചെയ്യുന്ന ഈ ലൈംഗിക വൈകൃതത്തിനു നിയമപരമായ അംഗീകാരം നല്കുന്നതു മനുഷ്യന്റെ ധാർമ്മിക മനഃസാക്ഷിക്കു കനത്ത പ്രഹരംതന്നെയായിരിക്കും. സോദോം, ഗൊമോറ നഗരങ്ങളുടെമേലുണ്ടായ ശിക്ഷാവിധി നമ്മുടെമേൽ പതിക്കാതിരിക്കാൻ നാം ജാഗ്രത പാലിച്ചേ മതിയാവൂ.