രാജ്യത്ത് നിയമം നിർമ്മിക്കാനും അതു നടപ്പിലാക്കാനും പരിശോധിക്കാനും ഭരണഘടനയനുസരിച്ച് ചുമതലയുള്ളത് നിയമ നിർമ്മാണസഭയ്ക്കും (Legislature) സർക്കാരിനും (Executive) കോടതികൾ (Judiciary) ക്കുമാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വവും അവരുടെ സുസ്ഥിതിയും നാടിന്റെ വികസനവുമാണ് ഈ മൂന്നു സ്ഥാപനങ്ങളുടെയും പരമമായ ചുമതല. കാലാകാലങ്ങളിൽ നാടിനാവശ്യമായ നിയമങ്ങൾ നിർമ്മിച്ച് ഏറ്റവും ചെറിയ ന്യൂനപക്ഷത്തിന്റെ പോലും സുസ്ഥിതി നടപ്പിലാക്കാൻ ബാധ്യതയുള്ളവരാണ് ഇവർ. നിയമം നിർമ്മിക്കുമ്പോഴും നടപ്പിലാക്കുമ്പോഴും വിധി പ്രസ്താവിക്കുമ്പോഴും എത്രത്തോളം നിഷ്പക്ഷമായും സത്യസന്ധമായും മനുഷ്യന്റെ ശരിയായ അന്തസ് പരിഗണിച്ചും അതു നിർവ്വഹിക്കാൻ സാധിക്കുന്നുണ്ടെന്ന് വിശകലന വിധേയമാക്കേണ്ടതാണ്.
പാശ്ചാത്യലോകത്തെ സാംസ്‌കാരിക മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വലിയ കോർപ്പറേറ്റ് കമ്പനികളുടെയും യുക്തിവാദികളുടെയും തീവ്ര നിലപാടുകൾ സ്വീകരിക്കുന്ന ചില രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന LGBT പോലെയുള്ള സംഘടനകളുടെ സമ്മർദ്ദത്താലും കുടുംബം പോലെയുള്ള പരമ്പരാഗത സ്ഥാപനങ്ങളെയും വിശ്വാസ ധാർമ്മിക മൂല്യങ്ങളുടെ ഉറവിടങ്ങളായ മതവിശ്വാസത്തെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന കപട ബുദ്ധിജീവികളുടെയും പ്രേരണയാലും പുറപ്പെടുവിക്കുന്ന വിധിന്യായങ്ങളിൽ എത്രത്തോളം നിഷ്പക്ഷതയും ആത്മാർത്ഥതയും മനുഷ്യസ്‌നേഹവും അന്തസും അടങ്ങിയിട്ടുണ്ടെന്നത് സംശയാസ്പദമാണ്. ഈ പശ്ചാത്തലമാണ് IPC 377 ഭാഗികമായി അസാധുവാക്കിയ 5 അംഗ ഭരണഘടനാബഞ്ചിന്റെ 4 വിധികളിലുമുള്ളത്. പ്രത്യേകമായി തയ്യാറാക്കിയ 4 വിധികളും മനുഷ്യബന്ധങ്ങളെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും പലതരത്തിലുള്ള സംശയങ്ങളും ആശങ്കകളുമാണ് ഉണർത്തുന്നത്.
1. കോടതിവിധിയിൽ പറയുന്നു: ലൈംഗികതാത്പര്യം വ്യക്തി കേന്ദ്രീകൃതമാണ്, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ഭാഗമാണ്, സ്വകാര്യമാണ്. മറ്റാരും
അതിൽ തലയിടേണ്ടതില്ല പോലും. എല്ലാ തരത്തിലുമുള്ള ലൈംഗിക ചായ്‌വുകളും കോടതി അംഗീകരിക്കുമോ?
ലൈംഗിക ആകർഷണം പലതരത്തിലുണ്ട്. എല്ലാവർക്കും അറിയാവുന്നതും എല്ലാവരും അംഗീകരിക്കുന്നതും സ്വാഭാവികമായതും സ്ത്രീ-പുരുഷന്മാർ പരസ്പരമുള്ള ലൈംഗിക ആകർഷണമാണ്. മറ്റു ലൈംഗിക ചായ്‌വുകൾ; സ്വവർഗ്ഗ ആകർഷണം (Gay & Lesbians), മൃഗങ്ങളോടുള്ള ആകർഷണം (zoophila), കുട്ടികളോടുള്ളത് (pedophilia), രക്തബന്ധത്തിലുള്ളവർ തമ്മിലുള്ള ആകർഷണം (incest) തുടങ്ങിയവയാണ്. കോടതിവിധിയനുസരിച്ച് എല്ലാ ലൈംഗികാകർഷണങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. IPC 377-ൽ തന്നെ മൃഗങ്ങളുമായും സമ്മതമില്ലാതെയുമുള്ള ലൈംഗികബന്ധം റദ്ദാക്കാതെ കുറ്റകരമായി തുടരുകയാണ്. എല്ലാ ലൈംഗികതാത്പര്യവും വ്യക്തി കേന്ദ്രീകൃതവും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ഭാഗമാണെങ്കിൽ മൃഗങ്ങളുമായും കുട്ടികളുമായും രക്തബന്ധത്തിലുള്ളവരുമായും ലൈംഗിക ബന്ധ
ത്തിന് അനുവദിക്കേണ്ടതല്ലേ? അതൊക്കെ കുറ്റകരമായി തുടരുമ്പോൾ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും അന്തസിനെയും സ്വകാര്യതയെയും നിഷേധിക്കുകയല്ലേ ചെയ്യുന്നത് എന്ന ചോദ്യത്തിന് ആര് മറുപടി പറയും?
2. സ്വവർഗ്ഗബന്ധം ഉൾപ്പെടെ, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗികബന്ധവും സാധ്യമാണെന്നതാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന കണ്ടെത്തൽ.
പ്രായപൂർത്തിയും പരസ്പരസമ്മതവും ഉണ്ടെങ്കിൽ ആർക്കും ആരുമായും ലൈംഗിക
ബന്ധത്തിലേർപ്പെടാം എന്നൊരു അർത്ഥവും സാധ്യതയും ഈ വിധിയിൽ ഉണ്ടെന്നു സ്വാഭാവികമായും സംശയം ഉണ്ടാവും. പ്രായപൂർത്തിയായ അമ്മയും മകനും, അപ്പനുംമകളും, സഹോദരിയും സഹോദരനും തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെയും കോടതി ന്യായീകരിക്കുമോ? സ്വന്തം ഭാര്യയോ ഭർത്താവോ പരസ്പരസമ്മതത്തോടെ മറ്റൊരാളുമായി വിവാഹ
ത്തിനു പുറത്ത് ലൈംഗികബന്ധത്തിലേർപ്പെടാൻ പോയാൽ കുടുംബങ്ങളുടെ സ്ഥിതിയെന്താകും; കുട്ടികളുടെ അവസ്ഥയെന്താകും. വിവാഹത്തിന്റെ പവിത്രതയും കുടുംബത്തിന്റെ നിലനില്പും അതു വഴി സമൂഹത്തിന്റെ സുസ്ഥിതിയും പ്രശ്‌നമാകില്ലേ?
3. അഞ്ചംഗ ബഞ്ചിലെ ഒരാളായ ആർ. എഫ്. നരിമാന്റെ വിധിന്യായത്തിൽ മതവിശ്വാസത്തിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ, സാംസ്‌കാരിക, സാമൂഹ്യ, ധാർമ്മിക മൂല്യങ്ങളുടെയോ അടിസ്ഥാനത്തിൽ മാനസികരോഗത്തെ നിർണ്ണയിക്കരുതെന്ന് വാദിക്കുന്നുണ്ട്.
സ്വവർഗ്ഗഭോഗത്തെ മാനസിക രോഗമായി കണക്കാക്കരുതെന്ന ഇന്ത്യൻ സൈക്യാട്രിക് അസോസിയേഷന്റെയും, സ്വവർഗ്ഗഭോഗം മാനസികരോഗമായി കണക്കാക്കരുതെന്ന 2017 ലെ പാർലമെന്ററി സ്റ്റാറ്റിയൂട്ട്സിലെ നിർവ്വചനവും ഉദ്ധരിച്ചുകൊണ്ടാണ് നരിമാന്റെ വിധി. സ്വവർഗ്ഗഭോഗം മാനസികരോഗം അല്ലാതായതിന്റെ ചരിത്രം പരിശോധിച്ചാൽ ഈ വിധിയിലെ വൈരുദ്ധ്യം വെളിവായി കിട്ടും. അതുവരെ മാനസികരോഗത്തിന്റെ പട്ടികയിൽ പെടുത്തിയിരുന്ന സ്വവർഗ്ഗഭോഗത്തെ 1973 ലാണ് ആദ്യമായി അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ആ പട്ടികയിൽ നിന്നു മാറ്റിയത്.
പിന്നീട് 1994-ൽ സ്വവർഗ്ഗഭോഗം ഒരു വ്യക്തിയുടെ മാനസിക പ്രശ്‌നമായി കാണാനേ പാടില്ലായെന്ന് സ്ഥിരമായി സമർത്ഥിച്ചു. ലോകംമുഴുവൻ മാനസികരോഗനിർണ്ണയത്തിനും ചികിത്സക്കുമായി ആശ്രയിക്കുന്ന DSM (Diagnostic and Statistical Manual of Mental Disorders) ന്റെ വിവിധ പതിപ്പുകളിൽ ഈ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും വിചിത്രമായ വസ്തുത ഏതെങ്കിലും ശാസ്ത്രീയ പഠനങ്ങളുടെയോ ഗവേഷണങ്ങളുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് ശക്തമായ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയും കോർപ്പറേറ്റ് ഭീമന്മാരുടെയും മറ്റു ശക്തികളുടെയും സ്വാധീനത്തിന്റെയും ഫലമായിട്ടാണ് സ്വവർഗ്ഗഭോഗം മാനസിക
പ്രശ്‌നം അല്ലാതാക്കിയതെന്ന് ധാരാളം മനഃശാസ്ത്രജ്ഞന്മാർ ഉൾപ്പെടെയുള്ളവർ 1973 മുതല്‌ക്കേ ആരോപിച്ചിരുന്നു. അങ്ങനെയെങ്കിൽ മാനസികരോഗം ആണെന്നും അല്ലെന്നും നിർണ്ണയിക്കാൻ ശാസ്ത്രീയഗവേഷണപഠനമല്ലാതെ മറ്റൊരു സമ്മർദ്ദവും പാടില്ലെന്ന് നരിമാന്റെ വിധി തിരുത്തിയെഴുതേണ്ടി വരും.
ഇതിന്റെ പിന്നിലെ സത്യം എന്താണ്….
അത് അടുത്തലക്കത്തിൽ