ഈശോയുടെ മഹത്ത്വീകരണത്തിനൊരുക്കം (യോഹ 12,1-50)
ഈശോയുടെ മഹത്ത്വീകരണത്തെ, അതായത്, മരണത്തെയും ഉത്ഥാനത്തെയും മുൻകൂട്ടി സൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് ഈ അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറിയത്തിന്റെ തൈലാഭിഷേകം (12,1-11) ഈശോയുടെ മൃതസംസ്‌ക്കാരത്തിലേക്ക് വിരൽചൂïുന്നു. ജറുസലേമിലേക്കുള്ള ഈശോയുടെ രാജകീയപ്രവേശനവും, ലാസറിന്റെ ഉയിർപ്പിനു സാക്ഷ്യംവഹിച്ച ജനം അവിടുത്തേക്കു നല്കിയ രാജകീയസ്വീകരണവും (12,10-19) ഈശോയുടെ വധത്തിനു പ്രേരകമാകുന്നു. ഗ്രീക്കുകാരുടെ വരവ് (12,20-26) ഈശോയുടെ മഹത്ത്വീകരണ മണിക്കൂറിന്റെ ആഗമനത്തെക്കുറിക്കുന്നു. ഈശോയുടെ പ്രാർത്ഥന (12,27-36) മരണത്തെ മുന്നിൽ കï ഈശോയുടെ ഗത്‌സെമനിയിലെ പ്രാർത്ഥനയുടെ മറ്റൊരു രൂപമാണ്. പരസ്യജീവിതത്തിന്റെ വിലയിരുത്തലും (12,37-43) വിശ്വസിക്കുവാനുള്ള ആഹ്വാനവും (12,44-50) അവിടുത്തെ ജീവിതാന്ത്യത്തെ പ്രതിഫലിപ്പിക്കുന്നു.
മറിയത്തിന്റെ തൈലാഭിഷേകം (12,1-11)
ലാസറിനെ ഉയിർപ്പിച്ചതിനുശേഷം സഹോദരിയായ മറിയത്തിന്റെ ഭാഗത്തുനിന്നുïായ സ്‌നേഹത്തിന്റെയും നന്ദിയുടെയും പ്രകാശനമായാണ് ഈ തൈലാഭിഷേകത്തെ യോഹന്നാൻശ്ലീഹാ അവതരിപ്പിക്കുന്നത്. സ്‌നേഹത്തിന്റെ ഈ പ്രത്യുത്തരവും യഹൂദരുടെ ഭാഗത്തുനിന്നുïായ വിദ്വേഷത്തിന്റെ പ്രത്യുത്തരവും കലാശിക്കുന്നത് ഈശോയുടെ മരണത്തിലാണ്. മറ്റു സുവിശേഷകന്മാരിൽ ഈശോയുടെ ശിരസ്സാണ് അഭിഷേകം ചെയ്യപ്പെടുന്നതെങ്കിൽ യോഹന്നാൻ സുവിശേഷകനിൽ ഈശോയുടെ പാദങ്ങളാണ് പൂശപ്പെടുന്നത്.
ഇത് മരണത്തെക്കുറിച്ചുള്ള ഒരു പ്രവചനമാണെന്നാണ് സൂചന. അടക്കം ചെയ്യുന്നതിനു മുമ്പ് മൃതശരീരം സുഗന്ധദ്രവ്യത്താൽ പൂശുന്ന പതിവ് യഹൂദർക്കിടയിലുïായിരുന്നു. യൂദാസ് സ്‌ക്കറിയോത്താ അവളെ വിമർശിച്ചപ്പോൾ ഈശോ അപ്രകാരം അവളുടെ പ്രവൃത്തിയെ വ്യാഖ്യാനിക്കുന്നുമുï് (12,7). മറിയത്തിന്റെ ഈ പ്രവൃത്തി, ഈശോയുടെ മരണത്തെക്കുറിച്ചുള്ള, ബോധപൂർവകമല്ലാത്ത, ഒരു പ്രവചനമാണ്.
രാജകീയപ്രവേശനം (12,12-19)
ജറുസലേമിലേക്കുള്ള ഈശോയുടെ രാജകീയ പ്രവേശനത്തിന് ഒരു ഭൗതിക
പരിവേഷമാണുള്ളത്. ഒരു പുതിയ രാജാവ് ഭരണമേല്ക്കുമ്പോൾ ഔദ്യോഗികമായ നഗരപ്രവേശനം നടത്തുക പതിവുïായിരുന്നു. അപ്പോൾ രാജാവ് തങ്ങളുടെ രക്ഷകനാണെന്നേറ്റു പറയുന്ന ഓശാനഗീതികൾ
ആലപിച്ച് ജനങ്ങൾ അദ്ദേഹത്തെ എതിരേല്ക്കുമായിരുന്നു. നാലു സുവിശേഷങ്ങളും ജറുസലേമിലേക്കുള്ള ഈശോയുടെ രാജകീയപ്രവേശനം അവതരിപ്പിച്ചിട്ടുï്. യോഹന്നാന്റെ പ്രത്യേകത ഈ രാജകീയ പ്രവേശനത്തെ ലാസറിനെ ഉയിർപ്പിച്ച സംഭവവുമായി ബന്ധപ്പെടുത്തുന്നു എന്നതാണ് (12,17-18). മറ്റൊരു പ്രത്യേകത, സമാന്തരസുവിശേഷങ്ങളിൽ, ഈശോയുടെ നിർദ്ദേശമനുസരിച്ച് ശിഷ്യന്മാരാണ് കഴുതയെ കïെത്തുന്നതെങ്കിൽ, ഇവിടെ ഈശോ തന്നെയാണ് തനിക്കിരിക്കാനുള്ള കഴുതയെ കïെത്തുന്നത് (12,14). കുതിര രാജാക്കന്മാരുടെ വാഹനമാണെങ്കിൽ, കഴുത സാധാരണക്കാരുടെ വാഹനമാണ്; കഴുതക്കുട്ടിയുടെ പുറത്തുസഞ്ചരിച്ചുകൊï് താൻ സമാധാനത്തിന്റെ രാജാവാണെന്ന് ഈശോ ജനങ്ങൾക്കു വെളിപ്പെടുത്തിക്കൊടുത്തു.
മഹത്ത്വീകരണത്തിന്റെ സമയം (12,20-26)
തിരുനാളിൽ ആരാധിക്കാൻ വന്ന ഏതാനും ഗ്രീക്കുകാർ തന്നെ അന്വേഷിക്കുന്നതായി അറിഞ്ഞപ്പോൾ ഈശോ പറയുന്നു: ”മനുഷ്യപുത്രൻ മഹത്ത്വപ്പെടാനുള്ള സമയമായിരിക്കുന്നു” (12,23). സ്വജാതീയരായ യഹൂദരുടെ തിരസ്‌കരണം നിർണായകമായ സന്ദർഭത്തിലാണ് വിജാതീയർ
ഈശോയെ സ്വീകരിക്കാനായി വന്നത്. ”അവൻ സ്വജനത്തിന്റെ അടുത്തേക്കു വന്നു.
എന്നാൽ അവർ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം … ദൈവമക്കളാകാൻ അവൻ കഴിവു നല്കി” (യോഹ 1,11-12) എന്ന വാക്കുകൾ ഇവിടെ നിറവേറുകയാണ്. നിലത്തുവീണഴിയുന്ന ഗോതമ്പുമണിയോട് ഉപമിച്ചുകൊï് (12,24) മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും താൻ മഹത്ത്വീകരിക്കപ്പെടാൻ പോവുകയാണെന്ന്
അവിടുന്നു വ്യക്തമായി പറയുന്നു.
ഈശോയുടെ പ്രാർത്ഥന (12,27-36)
സമാന്തരസുവിശേഷങ്ങളിൽ ഈശോയുടെ ഗത്‌സെമനിയിലെ പ്രാർത്ഥനയ്ക്ക് സമാന്തരമായുള്ള യോഹന്നാൻ സുവിശേഷകന്റെ അവതരണമാണിത്. തന്റെ മഹത്ത്വീകരണത്തിന്റെ സമയമായി എന്നു മനസ്സിലാക്കിയ ഈശോയെ മാനസികവേദന ഗ്രസിച്ചു. ആ മണിക്കൂറിൽനിന്നും തന്നെ രക്ഷിക്കണമേ എന്നു പ്രാർത്ഥിക്കുവാൻ മാനുഷികത ഈശോയെ നിർബന്ധിക്കുന്നു.
”പിതാവേ, അങ്ങയുടെ നാമത്തെ മഹത്ത്വപ്പെടുത്തണമേ” (12,28) എന്നത് ”എങ്കിലും എന്റെ ഹിതം പോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ” (മത്താ 26,39) എന്ന പ്രാർത്ഥനയ്ക്കു പകരമായി നില്ക്കുന്നു. അങ്ങനെ പ്രാർത്ഥിച്ചപ്പോൾ ദൈവം ആ
പ്രാർത്ഥന കേൾക്കുകയും ആ മണിക്കൂറിനെ നേരിടാൻ ഈശോയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രാർത്ഥന ഒരു വെളിപ്പെടുത്തൽ കൂടിയാണ്. ഈശോ മഹത്ത്വീകരിക്കപ്പെടുന്നതിലൂടെ പിതാവിന്റെ നാമമാണ് മഹത്ത്വപ്പെടുന്നത്. ഈശോയുടെ മരണവും ഉത്ഥാനവും ത്രിയേക ദൈവത്തിന്റെ സ്‌നേഹമാണ് ലോകത്തിനു വെളിപ്പെടുത്തിയത്. ഈ സ്‌നേഹമാണ് എല്ലാ മനുഷ്യരെയും ആകർഷിക്കുന്നത്. ഈശോയുടെ കുരിശുമരണത്തിൽ ലോകത്തിനു വെളിപ്പെടുത്തപ്പെട്ട ഈ ദൈവസ്‌നേഹമാണ് മനുഷ്യകുലത്തെ ആകർഷിക്കുന്നതും ഈശോയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിത്തീർക്കുന്നതും (12,32). പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഈശോയിലുള്ള വിശ്വാസത്തിന്റെ പ്രകാശത്തിൽ സഞ്ചരിക്കാൻ ഈശോ എല്ലാവരെയും ക്ഷണിക്കുകയാണ് (12,35-36).
പരസ്യജീവിതത്തിന്റെ വിലയിരുത്തൽ (12,37-43)
ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തിൽ സുവിശേഷകൻ അവിടുത്തെ പ്രേഷിതപ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ നടത്തുകയാണ്. വിലയിരുത്തൽ പൊതുവെ നിഷേധാത്മകമാണ്: ”അവൻ വളരെ അടയാളങ്ങൾ അവരുടെ മുമ്പാകെ പ്രവർത്തിച്ചെങ്കിലും അവർ അവനിൽ വിശ്വസിച്ചില്ല” (12,37). ഈ നിഷേധാത്മകമായ പ്രത്യുത്തരത്തെ ഉദാഹരിക്കാൻ സുവിശേഷകൻ ഉപയോഗിക്കുന്ന വാക്കുകൾ, വിപ്രവാസകാലത്ത് പ്രവാചകനിൽ വിശ്വസിക്കാത്ത ജനത്തെക്കുറിച്ചുള്ള ഏശയ്യാപ്രവാചകന്റെ വാക്കുകളാണ് (ഏശ 6,10; 53,1). യഹൂദരുടെ ഭാഗത്തുനിന്നും ഈശോയ്ക്കു തിരസ്‌കരണം ലഭിച്ചെങ്കിലും ഈശോയിൽ വെളിപ്പെട്ടതും നല്കപ്പെട്ടതുമായ ദൈവത്തിന്റെ സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും കുറവൊന്നുമുïായില്ല. യഹൂദനേതൃത്വം പൊതുവെ ഈശോയെ അവിശ്വസിച്ചെങ്കിലും, യഹൂദരിൽ പലരും, നേതാക്കളുൾപ്പെടെ, ഈശോയിൽ വിശ്വസിച്ചതായും സുവിശേഷകൻ എടുത്തുപറയുന്നു (12,42-43).
വിശ്വസിക്കാനുള്ള ആഹ്വാനം (12,44-50)
അടയാളങ്ങളുടെ പുസ്തകം അവസാനിപ്പിക്കുന്ന സന്ദർഭത്തിൽ ഈശോ ഒരിക്കൽക്കൂടി എല്ലാവരെയും വിശ്വസിക്കുവാൻ ആഹ്വാനം ചെയ്യുന്നു. ഈശോ വന്നത് സ്വയം വെളിപ്പെടുത്താനല്ല, പിതാവിനെ വെളിപ്പെടുത്താനാണ്. ഈശോ
പറഞ്ഞ വാക്കുകളും ചെയ്ത പ്രവൃത്തികളും പിതാവുമൊന്നിച്ചുള്ള അവിടുത്തെ ജീവിതത്തിന്റെ പങ്കുവയ്ക്കലുകളായിരുന്നു. അത് നിത്യജീവൻ എല്ലാവർക്കും നല്കുന്നവയുമായിരുന്നു. ഈ ജീവൻ ആരെങ്കിലും തിരസ്‌കരിച്ചാൽ അത് അവരുടെതന്നെ കൃത്യവിലോപമാണ്. അത് അവർക്ക് ശിക്ഷാവിധിക്ക് കാരണമാവുകയും ചെയ്യും.