പൗരസ്ത്യ സുറിയാനി ആരാധനാവത്സരത്തിന്റെ ക്രമമനുസരിച്ച് ഏലിയാ-സ്ലീവാ-മൂശെ എന്നിവ മൂന്ന് കാലങ്ങളാണെങ്കിലും ഇവ തമ്മിൽ പ്രത്യേക ബന്ധമുണ്ട്.
ഈശോയുടെ രൂപാന്തരികരണസമയത്ത് താബോർ മലയിൽ ഏലിയായുടെയും മൂശെയുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നുള്ള യാഥാർത്ഥ്യത്തെ അനുസ്മരിച്ചുകൊണ്ടാണ് ഈ കാലങ്ങൾക്ക് പേരുകൾ നല്കിയിരിക്കുന്നത്. ക്രൂശിതനും
ഉത്ഥിതനുമായ ഈശോമിശിഹായുടെ പ്രതീകമായ വിശുദ്ധ സ്ലീവായുടെ പേരിലാണ് ഏലിയാക്കാലത്തിനും മൂശെക്കാലത്തിനുമിടയിലുള്ള കാലം രൂപീകൃതമായിരിക്കുന്നത്. കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിൽ അവന്റെ അടയാളമായി പ്രത്യക്ഷപ്പെടുന്നതും സ്ലീവായാണെന്നാണ് സഭയുടെ വിശ്വാസം. അന്ത്യവിധിയുടെ സമയത്ത് വിധിയാളനായ ഈശോമിശിഹായ്‌ക്കൊപ്പം ഏലിയായും മൂശെയും സന്നിഹിതരാകും എന്നുള്ളതും സഭയുടെ വിശ്വാസമാണ്. അന്ത്യവിധിയുടെ സമയം ദൈവജനത്തെ ഏൽപ്പിച്ചിരുന്ന പ്രവാചകദൗത്യത്തിന്റെ പൂർത്തീകരണത്തെ പറ്റി ഏലിയായും മൂശെയിലൂടെ നല്കപ്പെട്ട നിയമത്തിന്റെ അനുസരണത്തെ പറ്റി മൂശെയും പരിശോധിക്കും എന്നതാണ്
സഭയുടെ വിശ്വാസം.
തുടർന്ന് വിധികർത്താവായ മിശിഹാ മനുഷ്യവർഗ്ഗത്തിന്റെ അന്ത്യവിധി പ്രഖ്യാപിക്കുകയും ചെയ്യും.
ഏലിയാക്കാലത്തിന്റെ ആരംഭം ഉയിർപ്പുതിരുനാളിന്റെ തീയതിയെ ആശ്രയിച്ചാണിരിക്കുന്നത്. സെപ്റ്റംബർ 14-ാം തീയതി ആഘോഷിക്കുന്ന സ്ലീവായുടെ തിരുനാളിനു മുമ്പ് ഈ കാലം തുടങ്ങിയിരിക്കണം എന്നതാണ് വ്യവസ്ഥ. ചില വർഷങ്ങളിൽ ഈ തിരുനാൾ സാധാരണ ക്രമമനുസരിച്ച് ഏലിയാ ഒന്നാം ഞായറിനുമുമ്പ് വരാൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ ഇതിനു മുമ്പുള്ള കൈത്താക്കാലത്തിലെ ആറും ഏഴും ആഴ്ചകൾ ഒന്നിച്ച് ആചരിച്ച് സ്ലീവായുടെ തിരുനാളിനു മുമ്പ് ഏലിയാക്കാലത്തിലെ ഒന്നാം ആഴ്ച ക്രമീകരിക്കേണ്ടതാണ്. പൗരസ്ത്യ സുറിയാനി ആരാധനക്രമത്തിന്റെ പൊതു മാനദണ്ഡം അനുസരിച്ച് ഏഴ് ഞായറാഴ്ചകളാണ് ഒരു കാലത്തിലുള്ളത്. ഈ പൊതു ക്രമം അനുസരിക്കുമ്പോൾ, സെപ്റ്റംബർ 14-നു ശേഷം വരുന്ന ഞായറാഴ്ച ഏലിയ നാലാം ഞായർ ആയിരിക്കണം. ഈ ദിവസത്തെ തന്നെയാണ് സ്ലീവാ ഒന്നാം ഞായറായും പരിഗണിക്കുന്നത്. സ്ലീവാക്കാലം അഞ്ചാം ഞായർ മൂശെയുടെ ഒന്നാം ഞായറും, മൂശെക്കാലം 4-ാം ഞായർ പള്ളിക്കൂദാശക്കാലത്തിന്റെ ഒന്നാം ഞായറുമാണ്.
ആരാധന പ്രമേയങ്ങൾ
1. ലോകാവസാനം, അന്ത്യവിധി
ലോകാവസാനം, വിധി, ഈശോയുടെ ന്യായാസനം തുടങ്ങിയ ചിന്തകളാണ് ഈ കാലഘട്ടത്തിലെ പ്രാർത്ഥനകളിൽ കാണുന്നത്. ലോകാവസാനത്തോടനുബന്ധിച്ച് നാശത്തിന്റെ പുത്രന്റെ വരവും അവന്റെ താല്കാലികവിജയവും സംഭവിക്കുമെന്ന് സഭ കരുതുന്നു. അന്ത്യസമയത്ത് നാശത്തിന്റെ പുത്രൻ പ്രത്യക്ഷപ്പെടുകയും മനുഷ്യവംശത്തെ വഴിതെറ്റിക്കുകയും ചെയ്യും. അവൻ വിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് ബലിപീഠവും വി. സ്ലീവായും നശിപ്പിക്കുകയും ചെയ്യും. പൗലോസ് ശ്ലീഹാ തന്റെ
ലേഖനത്തിൽ ഈ നാശത്തിന്റെ പുത്രനെക്കുറിച്ച് പറയുന്നുണ്ട്. നാശപുത്രൻ ദൈവത്തിന്റെ ആലയത്തിൽ ഇരിക്കുമെന്നും ഈശോമിശിഹാ തന്റെ വായുടെ ശ്വാസം കൊണ്ട് അവനെ നശിപ്പിക്കുമെന്നും ശ്ലീഹാ പറഞ്ഞിട്ടുണ്ട് (2 തെസ. 2, 4-10). നാശത്തിന്റെ പുത്രന്റെ മേൽ വിജയം വരിച്ച ഈശോമിശിഹാ തന്റെ ദൗത്യം, അതായത് ദുഷ്ടന്മാരെ നല്ലവരിൽ നിന്ന് വേർതിരിച്ച് തക്കതായ പ്രതിഫലം നല്കുന്ന കാര്യം, നിർവഹിക്കും.
2. സ്ലീവായുടെ മഹത്ത്വം
അന്ത്യവിധിയുടെ ദിവസം നമ്മുടെ കർത്താവ് വാനമേഘങ്ങളിൽ പ്രത്യക്ഷനാകുന്നതിനു മുമ്പ് വി. സ്ലീവായുടെ അടയാളം ആകാശത്ത് പ്രത്യക്ഷമാകും. വി. സ്ലീവാ നമ്മുടെ കർത്താവിന്റെ പ്രതീകമാണ്; തന്റെ കുരിശുമരണത്തിലൂടെയും മഹത്ത്വപൂർണ്ണമായ ഉത്ഥാനത്തിലൂടെയും മനുഷ്യവംശത്തിനു രക്ഷ നൽകിയ ഈശോയുടെ പ്രതീകം. സഭയുടെ ആദിമകാലം മുതൽ തന്നെ ദൈവജനം സ്ലീവായെ
കർത്താവിന്റെ പ്രതീകമായി കണ്ട് വണങ്ങിയിരുന്നു. പിശാചിന്റെ തന്ത്രങ്ങളിൽ നിന്നും രക്ഷ നേടുവാനായി സ്ലീവായുടെ അടയാളം കൊണ്ട് നെറ്റിയിലും നെഞ്ചിലും ദൈവജനം മുദ്ര വച്ചിരുന്നു. തങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും സ്ലീവായുടെ സാന്നിദ്ധ്യം അവർ ഏറ്റുപറഞ്ഞിട്ടുണ്ട്.
സ്ലീവാക്കാലത്തിന്റെ പ്രാർത്ഥനകളിൽ സ്ലീവായുടെ ശക്തിയും നേട്ടങ്ങളും വ്യക്തമായി പ്രതിപാദിക്കുന്നു. സ്ലീവായിലൂടെയാണ് മനുഷ്യരായ നമ്മുടെ സ്വഭാവത്തിന് ഉയിർപ്പ് കിട്ടിയതും മനുഷ്യവംശം ഉന്നതി പ്രാപിച്ച് സഹനത്തിന് അതീതരായി തീർന്നതും. ഈ രക്ഷയുടെ അനുഭവത്തിന് കാരണം കർത്താവിന്റെ മരണവും ഉയിർപ്പുമാണ്. സ്ലീവായിൽ അന്തർഭവിച്ചിരിക്കുന്ന ശക്തിയെ പ്രകീർത്തിക്കുന്ന ഗീതങ്ങൾ ആരാധനക്രമങ്ങളിൽ ധാരാളം ഉണ്ട.് സ്ലീവായിൽ കർത്താവിന്റെ വലിയ ശക്തി ഒളിഞ്ഞിരിക്കുന്നതായും സ്ലീവാവഴി കർത്താവ് കൊലയാളിയായ മരണത്തെ സംഹരിച്ചതായും അതുവഴി മനുഷ്യവംശത്തിന് പ്രതീക്ഷ ലഭിച്ചതായും ഈ കാലഘട്ടങ്ങളിലെ ഗീതങ്ങളിലൂടെ സഭ അനുസ്മരിക്കുന്നു.
3 അനുസ്മരണത്തിരുനാളുകൾ
ഏലിയാക്കാലത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച പാത്രിയാർക്കീസുമാരെയും അവസാന വെള്ളിയാഴ്ച ഏലിയാ പ്രവാചകനെയും അനുസ്മരിക്കുന്നു. വ്യക്തി
സഭകളുടെ തലവന്മാരെന്ന നിലയിൽ പാത്രിയാർക്കീസുമാർ തങ്ങളുടെ ജീവിതസാക്ഷ്യത്തിലൂടെ സഭയുടെ വളർച്ചക്കുവേണ്ടി അത്മാർത്ഥമായി പ്രവർത്തിച്ചവരാണ്. തങ്ങളുടെ ആഴമേറിയ വിശ്വാസജീവിതത്തിലൂടെ ഈശോയെ ലോകത്തിനു പ്രത്യക്ഷമാക്കി നല്കിയവരാണ് ഇവർ. അവരെ അനുകരിച്ചുകൊണ്ട് വിശുദ്ധിയുടെ പൂർണ്ണതയിലൂടെ ജീവിച്ച് കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിൽ അവിടുത്തെ യോഗ്യതയോടെ സ്വീകരിക്കുവാൻ ഈ അനുസ്മരണം ദൈവജനത്തെ സഹായിക്കും. ഏലിയാക്കാലത്തിലെ അവസാനവെള്ളി ഏലിയാപ്രവാചകനെയാണ് അനുസ്മരിക്കുന്നത്. ഈ ലോകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടവനായ ഏലിയാ പ്രവാചകൻ രൂപാന്തരീകരണ സമയത്ത് ഈശോയോടൊപ്പം പ്രത്യക്ഷപ്പെട്ടതുപോലെ കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിലും പ്രത്യക്ഷമാകും എന്നൊരു ചിന്ത സഭയ്ക്കുണ്ട്. ദൈവിക സന്ദേശങ്ങൾ കലർപ്പുകൂടാതെ ഏലിയാ പ്രാവാചകൻ നല്കിയതുപോലെ ക്രൈസ്തവർ തങ്ങളുടെ പ്രവാചക ദൗത്യം ലോകത്തിൽ നിർവഹിക്കുവാൻ ഈ അനുസ്മരണ ദിനം പ്രചോദനം നൽകുന്നു. പ്രവാചകനെ അനുകരിച്ച് മനുഷ്യവർഗ്ഗം മുഴുവൻ ദൈവഹിതം ഭൂമിയിൽ നിറവേറ്റാൻ പരിശ്രമിക്കുകയും അന്ത്യവിധി ദിവസത്തിൽ ന്യായമായ പ്രതിഫലം സ്വീകരിക്കുകയും ചെയ്യും.