സന്ന്യാസ – ദയറാ ജീവിതശൈലി എന്താണ്?

പൗരസ്ത്യ സഭകളുടെ പ്രത്യേകതകളിൽ ശ്രദ്ധേയമായ ഒന്നാണ് വ്യത്യസ്ഥമായ സമർപ്പിത ജീവിതശൈലികൾ അവയിൽ ഉണ്ടെന്നുള്ളത്. സന്ന്യാസ ആദ്ധ്യാത്മികത ആദ്യമായി പൗരസ്ത്യസഭകളിലാണ് പുഷ്ടിപ്പെട്ടിരുന്നതെന്നും ക്രമേണ അത് പാശ്ചാത്യ നാടുകളിലേയ്ക്കും വ്യാപിച്ചുവെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കി (UR. 15). സഭാനിയമത്തിൽ വ്യത്യസ്ഥമായ സമർപ്പിത ജീവിതശൈലികളെ സംബന്ധിച്ചുള്ള നിയമങ്ങൾ നല്കിയിരിക്കുന്നു. ആശ്രമങ്ങൾ, ഓർഡറുകൾ, കോൺഗ്രിഗേഷനുകൾ, സന്ന്യസ്തരുടെ മാതൃകയിൽ സമൂഹജീവിതം നയിക്കുന്ന സംഘങ്ങൾ, സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടുകൾ, സമർപ്പിത ജീവിതത്തിന്റെ മറ്റു രൂപങ്ങൾ, അപ്പസ്‌തോലിക ജീവിതസംഘം എന്നിങ്ങനെയാണ് സമർപ്പിതജീവിത ശൈലിയെ വിഭജിച്ചിരിക്കുന്നത്. ഒരു സന്ന്യാസി അഥവാ സമർപ്പിതൻ, സന്ന്യാസ സഭയുടെ നിയമപ്രകാരം വ്രതവാഗദാനം നടത്തി സമൂഹത്തിലെ അംഗത്വം സ്വീകരിച്ച്, അതിന്റെ അരൂപിക്കനുസരിച്ച് ജീവിക്കുകയും, സഭ ഔദ്യോഗികമായി അംഗീകരിച്ചുകൊടുത്തിരിക്കുന്ന നിയമാവലിക്കനുസരിച്ചുള്ള ജീവിതക്രമം പാലിച്ച്, നിയമാനുസൃത അധികാരിക്കു കീഴ്‌വഴങ്ങിയുള്ള ജീവിതം നയിക്കുകയും ചെയ്യുന്നതാണ് സന്ന്യാസജീവിതം. മേൽ പറഞ്ഞ ജീവിതശൈലി ഒരു പ്രത്യേക ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് നടത്തുന്നതാകയാൽ, പ്രത്യേകമായ വിളിയും, വിളിക്കനുസൃതമായ ജീവിതവും നയിക്കാൻ പ്രാപ്തിയുള്ളവർക്കു മാത്രമേ സമർപ്പിത ജീവിതം ഫലപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കൂ. ഏതുതരത്തിലുള്ള സന്ന്യാസാവസ്ഥ ആയിരുന്നാലും, സന്ന്യാസജീവിതത്തിന് ഒരു ഉദ്ദേശ്യ ലക്ഷ്യമുണ്ട്;
സ്വയം വിശുദ്ധീകരണവും സഭാസേവനവും.
സന്ന്യാസജീവിതം വരാനിരിക്കുന്ന സ്വർഗ്ഗീയ മഹത്ത്വത്തിന്റെ മുന്നാസ്വാദനമാണ്.
ഈശോയെ പൂർണ്ണമായി അടുത്തനുകരിക്കാൻ ശ്രമിച്ചുകൊണ്ട് തങ്ങളെത്തന്നെ
പൂർണ്ണമായി സമർപ്പിക്കാനുള്ള വിളിയാണ് സന്ന്യാസജീവിതാവസ്ഥ നല്കുന്നത്. സുവിശേഷാനുസൃതമായ – അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നിവ, സ്വജീവിതത്തിൽ ജീവിച്ച ഈശോയെ അനുകരിച്ചാണ് ഓരോ സമർപ്പിതനും മേൽ പറഞ്ഞ വ്രതങ്ങൾ പാലിച്ചുകൊള്ളാമെന്ന് സഭയിൽ പ്രതിജ്ഞചെയ്യുന്നത്. ഈ മൂന്നു വ്രതങ്ങളും പാലിച്ച് വിശ്വാസസമൂഹത്തിന് ഉജ്ജ്വല മാതൃക കാണിച്ചുതന്ന ഏകാന്തവാസികൾ, സമൂഹമായി ജീവിക്കുന്ന സന്ന്യാസികൾ, ആശ്രമപ്രസ്ഥാനക്കാർ, ഭിക്ഷാംദേഹികളായവർ – തുടങ്ങി അനേകം സമർപ്പിതരുടെ പ്രോജ്ജ്വല മാതൃക നമുക്കു മുമ്പിലുണ്ട്. സമർപ്പിതൻ, ലോകത്തിന്റെ ആകുലതകളിലും അംഗീകാരങ്ങളിലും പെട്ട് യാത്ര ചെയ്യേണ്ടവനല്ല. ദൈവത്തോടു തിരിഞ്ഞു
നിന്ന് ഈശോയെ അനുയാത്ര ചെയ്യേണ്ടവനാണ്. പൗരസ്ത്യ അകത്തോലിക്കാ സഭകളിൽ സമൂഹജീവിതം നയിക്കുന്നവരും ഏകാന്തവാസികളുമായ സന്ന്യസ്തരുണ്ട്. ഉദാഹരണമായി യാക്കോബായ സഭയിൽ നിലവിലുള്ള ‘ദയറാ’ വിഭാഗം ഇത്തരത്തിലുള്ളതാണ്. ഈശോയെ ലക്ഷ്യമാക്കി, ലോകവ്യാപാരങ്ങളിൽ നിന്ന് അകന്ന് പരിപൂർണ്ണതയിൽ എത്തുവാനാണ് ‘ദയറാ’ ജീവിതം ആവശ്യപ്പെടുന്നത്. അച്ചടക്കത്തോടുകൂടിയുള്ള ജീവിതക്രമം പാലിച്ച്, പ്രാർത്ഥനയിൽ ഈശോയുമായി ഐക്യപ്പെട്ട്, ഉപവിപ്രവർത്തനങ്ങളിൽ സഹോദരസ്‌നേഹം പകർന്നുനല്കുന്ന ഈ ജീവിതശൈലി സുവിശേഷത്തിലെ ഈശോയുടെ ജീവിതം തന്നെ ഏറ്റെടുക്കലാണ്.